ADVERTISEMENT

വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കുന്നത് പതിവാണ്. അമേരിക്കയില്‍, 2019 ൽ മാത്രം 17,000 ലേറെ പക്ഷി ഇടിക്കലുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഈ കണക്കിൽ പെടാത്തവ വേറെയും ഉണ്ടാകും. ലോകമെമ്പാടുമുള്ള കണക്കടുത്താൽ ലക്ഷക്കണക്കിനു വരും ഇത്തരം കൂട്ടിയിടികൾ. 1905 ല്‍ വിമാനം പറപ്പിക്കാൻ തുടങ്ങിയ കാലത്തു തന്നെ, പക്ഷികളുമായുള്ള കൂട്ടിയിടി നടന്നതായി ആദ്യകാല പൈലറ്റുകളില്‍ ഒരാളായ ഓര്‍വില്‍ റൈറ്റ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പക്ഷിയിടിക്കല്‍ ഒഴിവാക്കാനായി പല സുരക്ഷാ നടപടികളും ഇന്ന് സ്വീകരിക്കുന്നുണ്ട്. അവ കൂടാതെയാണ് വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ നടത്തുന്ന ടെസ്റ്റുകള്‍. ഇതിനായി ഉപയോഗിക്കുന്ന തോക്കുകളെ വിളിക്കുന്നത് ചിക്കന്‍ പീരങ്കികള്‍ എന്നാണ്.

∙ കൂടുതല്‍ പ്രശ്‌നം ലാന്‍ഡിങ്, ടേക്ക് ഓഫ് സമയത്ത് 

സാധാരണയായി പക്ഷികള്‍ വിമാനങ്ങളുമായി ഇടിക്കുന്നത് ഭൂമിയില്‍നിന്ന് 3000 അടി വരെ ഉയരത്തിലാണ്. വിമാനങ്ങള്‍ പറന്നുയരുമ്പോഴോ താഴ്ന്നിറങ്ങുമ്പോഴോ ആണ് ഇതിൽ പലതും സംഭവിക്കുന്നത്. അതിലുമുയരത്തിലുള്ള പറക്കലിനിടയില്‍ ഏകദേശം മൂന്നു ശതമാനം അപകടങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. 20,000 - 31,000 അടി ഉയരത്തിലും പക്ഷിയിടിക്കല്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഇവ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ 30 ല്‍ താഴെ പ്രാവശ്യം മാത്രമാണെന്ന് സിഎന്‍എന്‍ പറയുന്നു.

∙ എയര്‍പോര്‍ട്ടുകള്‍ പക്ഷികളെ ആകര്‍ഷിക്കുന്നു

എയര്‍പോര്‍ട്ടുകളുടെ വിശാലമായ ആകാശവും ഭൂമേഖലയും ചെറുതും വലുതുമായ പക്ഷികളെ ആകര്‍ഷിക്കുന്നത് പതിവാണ്. എയര്‍പോര്‍ട്ടുകളിലേക്ക് എത്തുകയോ തിരിച്ചു പോകുകയോ ചെയ്യുമ്പോഴാണ് വിമാനങ്ങള്‍ക്ക് പക്ഷികളുമായി ഇടിക്കേണ്ടി വരുന്നത്. അതുകൊണ്ട് മിക്ക വിമാനത്താവളങ്ങളിലും വന്യജീവികളെയും പക്ഷികളെയും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. പടക്കംപൊട്ടിക്കുക, ശക്തിയേറിയ പ്രകാശം തെളിക്കുക, ലേസറുകള്‍ ഉപയോഗിക്കുക, വേട്ടയാടാൻ പരിശീലനം നൽകിയ പട്ടികളെയും പക്ഷികളെയും ഉപയോഗിക്കുക തുടങ്ങിയവയാണ് അവ. പരുന്ത്, കഴുകന്‍ തുടങ്ങിയ പക്ഷികളെയാണ് ഇതിനായി പരിശീലിപ്പിക്കുന്നത്. ഇതൊക്കെ ഒരു പരിധിവരെ സഹായകമാണെങ്കിലും വിമാനങ്ങളില്‍ ചെറുതും വലുതുമായ പക്ഷികള്‍ ഇടിക്കുന്നതു തുടരുന്നു.

∙ ഹഡ്‌സണിലെ അദ്ഭുതം

2009 ജനുവരിയില്‍ അമേരിക്കയിലുണ്ടായ പക്ഷിയിടിക്കല്‍ അപകടം വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. യുഎസ് എയര്‍വെയ്‌സ് എയര്‍ബസ് എ320 എയര്‍ലൈനര്‍ ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍നിന്ന് ഒരു പറ്റം കനേഡിയന്‍ വാത്തകള്‍ക്കിടയിലുടെ (goose) പറന്നപ്പോഴാണ് ഇത് സംഭവിച്ചത്. വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കും ഈ വലിയ പക്ഷികള്‍ കയറി തകരാറിലാക്കിയെങ്കിലും ക്യാപ്റ്റന്‍ ചെസ്ലി സളന്‍ബര്‍ഗും സഹപ്രവർത്തകൻ ജെഫ് സ്‌കൈല്‍സും വിമാനം ഹഡ്‌സണ്‍ പുഴയില്‍ ലാന്‍ഡ് ചെയ്ത് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. എന്നാല്‍, ഈ യാത്രക്കാരെപ്പോലെ ഭാഗ്യമുള്ളവരായിരുന്നില്ല, 1960 ഒക്ടോബറില്‍ ഒരു ലോക്ഹീഡ് ഇലക്ട്രാ ടര്‍ബോപ്രോപില്‍ പറന്നവര്‍. ഒരു സ്റ്റാര്‍ലിങ് പക്ഷിക്കൂട്ടത്തിനിടയിലേക്ക് പറന്നുകയറിയ വിമാനം തകര്‍ന്ന് 62 പേര്‍ മരിച്ചു. പിന്നീട് 1962ല്‍ ഒരു വികേഴ്‌സ് വിസ്‌കൗണ്ട് വിമാനത്തിന്റെ ടെയിലില്‍ രണ്ടു പക്ഷികള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഈ അപകടങ്ങളാണ് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ കൂടുതല്‍ സുരക്ഷയെക്കുറിച്ച് ചിന്തിപ്പിച്ചതെന്ന് പറയുന്നു.

∙ ചിക്കന്‍ ക്യാനന്‍ അഥവാ ചിക്കന്‍ പീരങ്കി പിറക്കുന്നു

മുകളില്‍ വിവരിച്ച, 1960 കളില്‍ നടന്ന രണ്ട് അപകടങ്ങളെ തുടര്‍ന്ന് വിദഗ്ധര്‍ പക്ഷികള്‍ ഇടിക്കുന്നതിനെതിരെ വിമാനങ്ങളെ സജ്ജമാക്കുന്നതിനുള്ള പ്രതിവിധികള്‍ അന്വേഷിച്ചു തുടങ്ങി. കൃത്രിമമായി പക്ഷികള്‍ ഇടിക്കുന്ന സാഹചര്യം സൃഷ്ടിച്ച് വിമാനത്തിന്റെ യന്ത്രങ്ങളുടെയും ടെയിലിന്റെയും മറ്റും ശേഷി പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. സൈനിക വിദഗ്ധർ, വിമാന നിര്‍മാതാക്കള്‍, പൈലറ്റുമാർ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. അവര്‍ ബ്രിട്ടനിലെ റോയല്‍ എയ്റോനോട്ടിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ കണ്ട ഒരു പീരങ്കിയാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വായു കംപ്രസ് ചെയ്ത പീരങ്കിയാണിത്. ഇതിലെ വെടിയുണ്ടയും രസകരമാണ്. ഏകദേശം മൂന്ന് ഔണ്‍സ് മുതല്‍ 8 പൗണ്ട് വരെ ഭാരമുള്ള ചത്ത പക്ഷികളെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ തോക്കിന് 10-ഇഞ്ച് വ്യാസമുള്ള ബാരലായിരുന്നു ഉണ്ടായിരുന്നത്. ഇത് 1968 മുതല്‍ 2009 വരെ ഉപയോഗിച്ചു. പിന്നീട് 3.5, 5, 6-ഇഞ്ച് വ്യാസമുള്ള പീരങ്കികള്‍ ഉപയോഗിച്ചു തുടങ്ങി. ഒപ്പം 17.25-ഇഞ്ച് വ്യാസമുള്ള ഒരു സൂപ്പര്‍ പീരങ്കിയും ഉണ്ടായിരുന്നു.

∙ വിവിധ പരീക്ഷണങ്ങള്‍

ഇവയില്‍നിന്ന് പക്ഷികളെ വിമാനങ്ങളുടെ എൻജിനുകളിലേക്ക് വിവിധ വേഗത്തില്‍ തൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷി ഇടിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവിധ വേഗത്തില്‍ തൊടുത്താണ് ടെസ്റ്റുകള്‍ നടത്തുന്നത്. എൻജിന്‍ കൂടാതെ, വിന്‍ഡ്ഷീല്‍ഡ്, വിങ്, ടെയില്‍ തുടങ്ങിയവയുടെ നേര്‍ക്കും 'ചത്ത പക്ഷികളെ' തൊടുക്കും. ഇവയ്ക്ക് തൂവലുകളും തലയും കാലുകളും അടക്കമുള്ള എല്ലാ ഭാഗങ്ങളും ഉണ്ടായിരിക്കുമെന്നു മാത്രം. ഏതു വേഗത്തിലാണ് തൊടുക്കേണ്ടത് എന്നതാണ് ആദ്യം കണ്ടെത്തേണ്ടത്. ടേക്ക് ഓഫിന്റെ സമയത്ത്, പറന്നുയരുമ്പോഴും പറക്കലിനിടയിലും ലാൻഡിങ് സമയത്തും പക്ഷികള്‍ ഇടിക്കുമ്പോള്‍ ഉരുത്തിരിയുന്ന സാഹചര്യങ്ങളാണ് കൃത്രിമമായി സൃഷ്ടിക്കുക. ഇതിനു വേണ്ട ചിക്കന്‍ ചില പ്രത്യേക ഫാമുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇങ്ങനെ പക്ഷികളെ തൊടുക്കുന്നതില്‍ തമാശ കണ്ടെത്തുന്നവരും ഉണ്ട്.

SWITZERLAND-TRANSPORT-AVIATION-AIRBUS-ECONOMY

∙ ഇനി ഡ്രോണുകളും ഭീഷണിയാകാം

ഇതുവരെ പക്ഷികള്‍ മാത്രമായിരുന്നു ഭീഷണിയെങ്കില്‍ പുതിയ പേടിസ്വപ്‌നമായി ഡ്രോണുകളും എത്തിത്തുടങ്ങി. അപകടങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും ഇവ പറത്തുന്നതിനും കൃത്യമായ നിയമങ്ങള്‍ വയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്കും മറ്റും അടുത്ത് പരിശീലനമില്ലാത്ത ആളുകള്‍ ഇവ പറപ്പിക്കുന്നത് ഭീഷണിയാകാമെന്നും പറയുന്നു. ഇത്തരം ഡ്രോണുകളും ഇപ്പോള്‍ വിമാനങ്ങളില്‍ ഇടിപ്പിച്ച് ടെസ്റ്റു ചെയ്യുന്നുണ്ട്.

English Summary: The cannons keeping airplanes safe, one chicken at a time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com