ADVERTISEMENT

ടെസ്‌ല അവതരിപ്പിക്കാൻ പോകുന്നുവെന്ന അവകാശവാദവുമായി ഒരു സ്മാര്‍ട് ഫോണിനെപ്പറ്റി ധാരാളം 'വിവരങ്ങള്‍' ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പൈ എന്നാണ് പേര് (Pi 'പി' എന്നു വായിക്കുന്നവരും ഉണ്ട്). ടെസ്‌ല പൈ ഫോണിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരില്ല, ഫോണ്‍ എവിടെയിരിക്കുന്നോ ആ സ്ഥലത്തിന് അനുയോജ്യമായ നിറം സ്വയം സ്വീകരിക്കും. കൂരിരുട്ടില്‍ പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗച്ച് പ്രകാശം സൃഷ്ടിച്ച് മനോഹരമായ ഫോട്ടോകള്‍ എടുക്കും. പിന്നില്‍ നാല് ക്യാമറകള്‍. മുന്നില്‍ ഒരു ക്യാമറ. എല്ലാ ക്യമറകള്‍ക്കും ഒരേസമയം വിഡിയോയും ഫോട്ടോയും പകര്‍ത്താന്‍ സാധിക്കും. 

 

∙ സ്റ്റാര്‍ലിങ്കുമായി നേരിട്ടു കണക്ട് ചെയ്യും

 

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുമായി നേരിട്ട് കണക്ട് ചെയ്ത് അതിവേഗ ഇന്റര്‍നെറ്റ് സ്വീകരിക്കും. ടെസ്‌ല കാറുകളും പൈ ഫോണും തമ്മില്‍ ബന്ധിപ്പിക്കും. രണ്ടിലേക്കും സ്റ്റാര്‍ലിങ്കില്‍ നിന്ന് ഇന്റര്‍നെറ്റ് പ്രവഹിക്കും. കാറിന്റെ റിമോട്ടായി ഉപയോഗിക്കാനും പൈ ഫോണ്‍ ഉപകരിക്കും. ടെസ്‌ല കമ്പനി ഉടമയുടെ മറ്റൊരു സംരംഭമായ ന്യൂറാലിങ്കുമായി ബന്ധിപ്പിക്കാനാകും. ചിന്തയിലൂടെ ഫോണിനെ നിയന്ത്രിക്കാം. അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. ക്രിപ്‌റ്റോനാണയങ്ങള്‍ ഖനനം ചെയ്യാനും ഫോണിനു സാധിക്കും. ഖനനം ചെയ്യാമെങ്കില്‍ ക്രിപ്‌റ്റോവാലറ്റും ആക്കാമെന്ന കാര്യം എടുത്തു പറയേണ്ട കാര്യമില്ല. ഇതുവഴി പരമ്പരാഗത ബാങ്കിങ് സംവിധാനത്തെ മുഴുവന്‍ ഒഴിവാക്കി പൈ ഫോണ്‍ ഉടമകള്‍ക്ക് ലോകത്തെവിടെയും ജീവിക്കാം. മാത്രമോ, മനുഷ്യരാശി ചൊവ്വയില്‍ താമസം തുടങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ പോകുന്ന മാര്‍സിയന്‍ കോയിന്‍ (സങ്കല്‍പം മാത്രം) പോലും ഖനനം ചെയ്യാം. ഫോണ്‍ സൗരോര്‍ജം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. ഫോണിനു ചാര്‍ജു തീരുന്ന കാര്യമൊന്നും ചിന്തിക്കുക പോലും വേണ്ട. ബ്ലോക്‌ചെയിന്‍ സംവിധാനത്തെ മെരുക്കിയെടുത്തു സൃഷ്ടിച്ച ഓപ്പറേറ്റിങ് സിസ്റ്റം പരിപൂര്‍ണമായും സ്വകാര്യമായിരിക്കും. താഴെ വീണാല്‍ തകരില്ല. ഇതെല്ലാമുള്ള ഫോണ്‍ ഇറങ്ങി, മത്സരബുദ്ധിയോടെ വിലയും ഇട്ടുകഴിഞ്ഞാല്‍ ആപ്പിള്‍ കമ്പനിയൊക്കെ പൂട്ടേണ്ടിവരും.

 

∙ പൈ ഫോണിനെക്കുറിച്ചുള്ള സത്യമെന്ത്? 

 

ആന്റോണിയോ ഡി റോസ് (Antonio De Rosa) എന്ന ഇറ്റാലിയന്‍ ഡിസൈനർ 2021 ന്റെ തുടക്കത്തിലാണ് ഇത്തരം ഒരു ഫോണിന്റെ ഡിസൈന്‍ പുറത്തുവിട്ടത്. അദ്ദേഹം ഇത്തരം സാങ്കല്‍പിക ഫോണുകളെയും ഉപകരണങ്ങളെയും കുറിച്ച് തന്റെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഡിസൈനുകളും മറ്റും പുറത്തുവിടാറുണ്ട്. ആപ്പിള്‍ ഇറക്കാത്ത ഐഫോണ്‍ സങ്കല്‍പങ്ങളെക്കുറിച്ചും ഇങ്ങനെ ഡിസൈനുകള്‍ നിര്‍മിച്ചു വിടുന്ന വ്യക്തിയാണ് ആന്റോണിയോ. തന്റെ ഭാവനയ്ക്ക് അനുസരിച്ച് ഇങ്ങനെ പലതും അദ്ദേഹം ചെയ്യുന്നു. വെറുതെ തമാശയ്ക്കും അല്ലെങ്കില്‍ അതുവഴി കമ്പനികള്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയും മാത്രമാണ് അദ്ദേഹം വിഡിയോകള്‍ പുറത്തിറക്കുന്നത്. അതേസമയം, എന്തും വാര്‍ത്തയാക്കാന്‍ വ്യഗ്രതയുള്ള വെബ്‌സൈറ്റുകള്‍ കേട്ടപാതി കേള്‍ക്കാത്തപാതി അത് പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹം പുറത്തുവിട്ട ഡിസൈനില്‍ നിന്ന് ആകെ മനസിലാക്കേണ്ടത് ഒരു ടെസ്‌ല ഫോണ്‍ എങ്ങനെയിരിക്കും എന്നതു മാത്രമാണ്. 

 

∙ പല ഫീച്ചറുകളും കൊണ്ടുവരിക എളുപ്പമല്ല, എന്തുകൊണ്ട്?

 

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ചില ഫീച്ചറുകള്‍ നോക്കാം. പൈ ഫോണ്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് സ്വീകരിക്കും. അങ്ങനെ ഇന്റര്‍നെറ്റ് സ്വീകരിക്കണമെങ്കില്‍ സാമാന്യം വലുപ്പമുള്ള ഒരു സാറ്റലൈറ്റ് ഡിഷ് ഫോണില്‍ ഘടിപ്പിക്കുകയോ കൂടെ കൊണ്ടുനടക്കുകയോ വേണം! കൂടാതെ സ്റ്റാര്‍ലിങ്കിന്റെ റിസീവറുകള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ 60 വാട്‌സ് മുതല്‍ 110 വാട്‌സ് വരെ വൈദ്യുതി വേണം. അത് ഫോണില്‍ ഉള്‍പ്പെടുത്തുന്നത് ആലോചിച്ചു നോക്കൂ! 

ഇതേക്കുറിച്ചൊക്കെ 'എത്ര നല്ല നടക്കാത്ത സ്വപ്‌നം' എന്ന് മാത്രമാണ് ഇക്കാലത്തെ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാവന്നവര്‍ പറയുക. ന്യൂറാലിങ്കുമായി കണക്ട് ചെയ്യുമെന്നതാണ് മറ്റൊരു അവകാശവാദം. ന്യൂറാലിങ്ക് ഇപ്പോഴും യാഥാര്‍ഥ്യമാകാത്ത, അധികാരികളുടെ അംഗീകാരം നേടാത്ത ഒരു പ്രോജക്ട് ആണ്. അത് പരാജയപ്പെടും എന്നല്ല, മറിച്ച് അത് പ്രവര്‍ത്തന സജ്ജമായ ഒന്നല്ല. അതേസമയം, നാലു ലെന്‍സുളള പിന്‍ക്യാമറാ സിസ്റ്റം ഇപ്പോള്‍ സാധ്യതയുള്ള ഒന്നാണ്.

 

∙ സോളാര്‍ ചാര്‍ജിങ്

reliance-jio

 

സോളാര്‍ ചാര്‍ജിങ്ങിന്റെ കാര്യം പരിശോധിച്ചാലോ? നിലവിലുള്ള സോളാര്‍ പാനല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതാനും ഇഞ്ച് വലുപ്പമുള്ള ഫോണിന്റെ പിന്‍ പ്രതലത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതികൊണ്ട് അധികനേരമൊന്നും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. കൂടാതെ ഫോണിന് കെയ്‌സ്ഇടാന്‍ കഴിയില്ല. ഇതൊക്കെ പോരാത്തതിന് ഫോണിലേക്ക് വളരെ നേരത്തേക്ക് നേരിട്ടു സൂര്യപ്രകാശം അടിപ്പിക്കുക എന്നതിനേക്കാള്‍ അധികം വലിയ മണ്ടത്തരങ്ങള്‍ ചെയ്യാന്‍ കഴിയില്ല. കൂടാതെ ഫോണ്‍ ബാറ്ററികള്‍ക്ക് ഇപ്പോൾ ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സംവിധാനമില്ല. ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെയിലത്ത് വച്ചാല്‍ കുറച്ചുകാലത്തിനുള്ളില്‍ തന്നെ ബാറ്ററി നശിക്കും. കൂടാതെ, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഭൂമിയില്‍ ഏതെങ്കിലും രാജ്യം അനുവദിക്കാന്‍ സാധ്യതയില്ല. ചൊവ്വയില്‍ മസ്‌ക് തുടങ്ങാന്‍ ആഗ്രഹിക്കുന്ന അത്യാധുനിക രാജ്യത്ത് താമസിക്കാന്‍ പോകുന്നവര്‍ക്ക് അത് അനുവദിച്ചു നല്‍കിയേക്കാം!

 

∙ അപ്പോള്‍ ടെസ്‌ല ഫോണ്‍ വരില്ലെ?

 

ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്‌കിന്റെ ഒരു പ്രത്യേകത അദ്ദേഹം അധികം രഹസ്യാത്മകത ഒന്നും സൂക്ഷിച്ചു നടക്കില്ല എന്നതാണ്. അതുതന്നെയാണ് ഇത്തരം ഒരു ഫോണ്‍ ഇപ്പോള്‍ നിര്‍മിക്കുന്നില്ല എന്ന വാദം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഒരു ഫോണിനെക്കുറിച്ച് അദ്ദേഹത്തിന്റെ കമ്പനികളൊന്നും 'ഒരു വാക്കു പോലും' പറഞ്ഞിട്ടില്ല. പൈ ഫോണിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്ന ചില വിഡിയോകള്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്നും ഒരു കഴമ്പുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊള്ളാവുന്ന ഒരു ടെക്‌നോളജി വെബ്‌സൈറ്റ് പോലും ഇതേപ്പറ്റി ഗൗരവമുള്ള വാര്‍ത്തകളും കൊടുത്തിട്ടില്ല. എന്നാല്‍, ആന്റോണിയോ ഡി റോസിന്റെ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫോണ്‍ നിര്‍മിക്കാന്‍ മസ്‌ക് ശ്രമിച്ചിരുന്നെങ്കില്‍ എന്ന് നമുക്ക് ആഗ്രഹിച്ചുകൂടായ്ക ഇല്ലെന്നു പറയുന്നവരും ഉണ്ട്. 

 

∙ രാജ്യത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്ന ഏതു വെബ്‌സൈറ്റും യൂട്യൂബ് ചാനലും നിരോധിക്കുമെന്ന് മന്ത്രി

 

രണ്ടു വെബ്‌സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും രാജ്യത്ത് നിരോധിച്ച് ഏതാനും ദിവസത്തിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് ധാക്കൂര്‍ പുതിയ മുന്നറിയിപ്പു നല്‍കിയരിക്കുകയാണ്. രാജ്യത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തുകയോ വ്യാജ വാര്‍ത്തകള്‍ നല്‍കുകയോ ചെയ്തുവെന്നു കണ്ടെത്തിയാല്‍ ഏതു വെബ്‌സൈറ്റും യൂട്യൂബ് ചാനലും നിരോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ ജിയോയും ഔലു യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് 6ജി വികസിപ്പിക്കുന്നു

 

റിലയന്‍സ് ജിയോയുടെ എസ്‌റ്റോണിയ വിഭാഗവും (ജിയോ എസ്‌റ്റോണിയ ഓയു), ഫിന്‍ലാന്‍ഡിലെ ഔലു (Oulu) യൂണിവേഴ്‌സിറ്റിയും സഹകരിച്ച് 6ജി ടെക്‌നോളജി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റെഡിഫ്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ 2026ല്‍ ലോകത്തെ 5-ാമത്തെ വലിയ മെറ്റാവേഴ്‌സ് വിപണിയാകാന്‍ ദക്ഷിണ കൊറിയ

 

ടെക്‌നോളജി ഭീമന്‍ സാംസങ്ങിന്റെ നാടായ ദക്ഷിണ കൊറിയ, ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമെന്നു കരുതപ്പെടുന്ന മെറ്റാവേഴ്‌സിന്റെ ലോകത്തെ അഞ്ചാമത്തെ വലിയ വിപണിയാകാനുള്ള ശ്രമത്തിലാണ്. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ 220 മെറ്റാവേഴ്‌സ് കമ്പനികളെങ്കിലും രാജ്യത്തുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനായി 4.2 ദശലക്ഷം ഡോളര്‍ മുടക്കി ഒരു മെറ്റാവേഴ്‌സ് അക്കാഡമി തുടങ്ങുകയാണ് അവര്‍. ഈ മേഖലയില്‍ 2026ല്‍ ഏകദേശം 40,000 വിദഗ്ധരെങ്കിലും രാജ്യത്തുണ്ടാകണം എന്നതാണ് കൊറിയയുടെ ലക്ഷ്യം.

 

∙ സര്‍ഫസ് പ്രോ 8 ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു

 

മൈക്രോസോഫ്റ്റ് കമ്പനിയുടെ പ്രീമിയം കംപ്യൂട്ടറയ സര്‍ഫസ് പ്രോ 8 ടാബ് ഇന്ത്യയില്‍ ഫെബ്രുവരി 15 മുതല്‍ വില്‍പന തുടങ്ങും. തുടക്ക വേരിയന്റിന് 1,04,499 രൂപയായിരിക്കും എംആര്‍പി. ഡിറ്റാച്ചബിൾ കീബോഡിന് 16,999 രൂപയാണ് വില.

 

∙ പാനസോണിക് ലൂമിക്‌സ് ബിഎസ്1എച് വില്‍പനയ്ക്ക്

 

മിറര്‍ലെസ് ക്യാമറയായ പാനസോണിക് ലൂമിക്‌സ് ബിഎസ്1എച് ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു. വിഡിയോ ഷൂട്ടര്‍മാര്‍ക്ക് പ്രിയങ്കരമാണ് പാനസോണിക് മോഡലുകള്‍. 3,39,990 രൂപയാണ് എംആര്‍പി.

 

English Summry: We Should Assume That The Tesla Phone Is A Myth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com