ADVERTISEMENT

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5ജി സേവനങ്ങൾ ഈ വർഷം തന്നെ നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

5ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 2022ൽ തന്നെ സ്പെക്‌ട്രം ലേലം നടത്തും സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

 

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എയർടെൽ, റിലയൻസ് ജിയോ, വി എന്നിവയുൾപ്പെടെ എല്ലാ മുൻനിര ടെലികോം കമ്പനികളും അവരുടെ 5 ജി നെറ്റ്‌വർക്കുകൾ വ്യത്യസ്ത പരീക്ഷണങ്ങൾക്ക് വിധേയമായി പരീക്ഷിക്കുന്നുണ്ട്. ടെലികോം കമ്പനികളുമായും മറ്റ് പങ്കാളികളുമായും 5ജി വിന്യസിക്കുന്നതിന്റെ അവസാന ഘട്ടം നിശ്ചയിക്കുന്ന സ്പെക്‌ട്രം ലേലത്തെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നുണ്ട്.

 

∙ 5ജി ലേലം എന്ന്?

 

5ജി സ്പെക്ട്രം ലേലം 2022 ഏപ്രിൽ–മേയ് മാസങ്ങളിൽ നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ലേലം സംബന്ധിച്ച് വിവിധ കൂടിയാലോചനകൾ നടത്തുകയാണ്. ട്രായ് ഫെബ്രുവരി–മാർച്ച് മാസത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിനു ശേഷം ലേല നടപടികളിലേക്കു കടക്കും. ജനുവരി–മാർച്ച് കാലയളവിൽ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രായിയുടെ സങ്കീർണമായ നടപടിക്രമങ്ങൾ നീണ്ടു. ടെലികോം കമ്പനികൾക്ക് 5ജി ട്രയൽ നടത്താനുള്ള സമയം 6 മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. 5ജി സാങ്കേതികവിദ്യ പൂർണതോതിൽ സജ്ജമാക്കാൻ കൂടുതൽ സമയം വേണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തെ തുടർന്നാണ് മേയ് വരെ നീട്ടിയത്.

 

ലേലത്തിനു മുന്നോടിയായി ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഐഎസ്ആർഒ എന്നിവയിലെ പ്രതിനിധികളുമായി ടെലികോം വകുപ്പ് ഉടൻ ചർച്ച നടത്തും. ഈ മന്ത്രാലയങ്ങൾ നിലവിൽ ഉപയോഗിക്കുന്ന എയർ വേവ് ബാൻഡുകളുടെ വിവരവും ശേഖരിക്കും.

 

∙ തദ്ദേശീയ 5ജി ടെസ്റ്റ് ബെഡ്?

 

5ജിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച 5ജി ടെസ്റ്റ് ബെഡ് ഉടൻ സജ്ജമാകും. ടെലികോം വകുപ്പാണ് ഫണ്ടിങ് നടത്തുന്നത്. ബോംബെ, ഡൽഹി, ഹൈദരാബാദ്, കാൻപുർ, ബെംഗളൂരു എന്നിവിടങ്ങളിലെ ഐഐടികൾ അടക്കം പങ്കെടുക്കുന്നതാണ് ഈ പദ്ധതി. 36 മാസമായി ഇതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. 224 കോടി രൂപയാണ് പദ്ധതിയുടെ മൂലധനചെലവ്. 5ജി സാങ്കേതികവിദ്യക്കുള്ള നെറ്റ്‍വർക്ക് ഉപകരണങ്ങൾ, യൂസർ ഉപകരണങ്ങൾ എന്നിവയുടെയെല്ലാം പരിശോധന ഇവിടെയായിരിക്കും. 

 

∙ 5ജി പരീക്ഷണം?

 

നോക്കിയയുമായി ചേർന്ന് വോഡഫോൺ–ഐഡിയ (വിഐ) ഗ്രാമീണ മേഖലയിൽ 5ജി പരീക്ഷണം നടത്തിയിരുന്നു. സർക്കാർ അനുവദിച്ച പ്രത്യേക സ്പെക്ട്രം ഉപയോഗിച്ച് ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു ട്രയൽ. 17.1 കിലോമീറ്റർ ചുറ്റളവിൽ 100 എംബിപിഎസ് സ്പീഡ് ലഭ്യമായതായി വിഐ അറിയിച്ചു. രാജ്യത്താദ്യമായി ഗ്രാമീണ മേഖലയിൽ 5ജി ഇന്റർനെറ്റ് പരീക്ഷണം നടത്തിയത് എയർടെൽ ആണ്. 10 കിലോമീറ്റർ ചുറ്റളവിൽ സെക്കൻഡിൽ 200 എംബി വേഗമാണ് രേഖപ്പെടുത്തിയതെന്ന് എയർടെൽ അറിയിച്ചു. ഡൽഹി ഭായിപ്പൂരിലെ ഗ്രാമത്തിലായിരുന്നു പരീക്ഷണം. എറിക്സൺ കമ്പനിയുമായി ചേർന്നായിരുന്നു പരീക്ഷണം. 5ജി പരീക്ഷണത്തിന്റെ ഭാഗമായി ഗുരുഗ്രാമിൽ പ്രമുഖ ഗെയിമർമാരെ ഒരു വേദിയിൽ കൊണ്ടുവന്ന് ക്ലൗഡ് ഗെയിമിങ്ങും എയർടെൽ നടത്തിയിരുന്നു. സെക്കൻഡിൽ ഒരു ജിബി ഡൗൺലോഡിങ് സ്പീഡ് ആണ് ലഭിച്ചത്. ഗെയിം ഡൗൺലോഡ് ചെയ്ത് ഫോണിലോ ലാപ്ടോപ്പിലോ ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റ് സഹായത്തോടെ കളിക്കുന്നതിനെയാണ് ക്ലൗഡ് ഗെയിമിങ് എന്നു വിളിക്കുന്നത്. ഒന്നിലേറെ പേർക്ക് പല സ്ഥലത്തിരുന്ന് ഒരുമിച്ചും കളിക്കാം. ഉയർന്ന ഗ്രാഫിക് കണ്ടന്റുള്ള ഗെയിമുകൾ ഹൈ–സ്പീഡ് കണക്ഷനുകളിൽ മാത്രമേ തടസ്സമില്ലാതെ പ്രവർത്തിക്കൂ. അതുകൊണ്ടു തന്നെ 5ജിയുടെ സ്പീഡ് അളക്കാനുള്ള മികച്ച മാർഗവുമാണിത്. 5ജി വരുമ്പോഴുള്ള ഗുണങ്ങളിൽ ഒന്ന് തടസ്സരഹിതമായ ക്ലൗഡ് ഗെയിമിങ് ആണ്. ജിയോ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിച്ചാണ് ട്രയൽ നടത്തുന്നത്.

 

5ജി ടെലികോം സേവനത്തിന്റെ പരീക്ഷണ പ്രവർത്തനം നടത്താൻ ടെലികോം കമ്പനികൾക്ക് മേയിലാണ് കേന്ദ്രം അനുമതി നൽകിയത്. ചൈനീസ് കമ്പനികളുടെ സാങ്കേതികവിദ്യ ഇതിന് ഉപയോഗിക്കാനാകില്ല. നഗരങ്ങളിൽ മാത്രമല്ല, ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പരീക്ഷണ പ്രവർത്തനം നടത്തണമെന്നു വ്യവസ്ഥയുണ്ട്.

 

∙ 5ജി ശൃംഖലയ്ക്കായി സ്മോൾ സെൽ

 

5ജി ശൃംഖലയ്ക്കായി റോഡരികിലെ വൈദ്യുത പോസ്റ്റുകളും മിനി ടവറുകളായി മാറും. രാജ്യത്ത് ശക്തമായ 5ജി ശൃംഖല സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നഗരങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്നതിനായുള്ള (സ്മോൾ സെൽ) നടപടികളും പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറ്റി (ട്രായ്) ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (സിഒഎഐ) ചർച്ച നടത്തിയിരുന്നു. 

 

പരമ്പരാഗത ടെലികോം ടവറുകൾക്ക് പകരം ഏകദേശം 250 മീറ്റർ നെറ്റ്‍വർക്ക് പരിധിയുള്ള മിനി ടവറുകളാണ് 'സ്മോൾ സെല്ലുകൾ'. പ്രവർത്തിക്കാൻ കുറച്ച് വൈദ്യുതി മാത്രം മതിയാകും. നഗരത്തിൽ അടുപ്പിച്ചുള്ള പോസ്റ്റുകളിൽ സ്ഥാപിക്കുന്ന സ്മോൾ സെല്ലുകൾ വഴി വളരെ ശക്തമായ ശൃംഖല രൂപീകരിക്കാം. ഇവ ഒരു വല പോലെ പ്രവർത്തിക്കും. ദൂരപരിധി കുറവായതിനാലും അടുത്തടുത്ത് ടവറുകളുള്ളതിനാലും എല്ലായിടത്തും സിഗ്നൽ ശക്തി ഏകദേശം ഒരുപോലെയായിരിക്കും. ഇവ വലിയ ടവറുകളുമായി (മാക്രോ ബേസ് സ്റ്റേഷൻ) ബന്ധിപ്പിച്ചിരിക്കും.

 

മികച്ച ഇന്റർനെറ്റ് വേഗവും ഉറപ്പാക്കാം. ലോകമാകെ 5ജി വ്യാപനത്തിൽ നിർണായകമാണ് സ്മോൾ സെൽ നെറ്റ്‍വർക്കുകൾ. ഇന്റർനെറ്റിൽ ഒരു ഡേറ്റയ്ക്കു വേണ്ടി നിർദേശം നൽകിയാൽ അതു ലഭിക്കുന്നത് വരെയുള്ള ലേറ്റൻസി സമയം 5ജിയിൽ സാധ്യമാകാൻ ഇത്തരം ശൃംഖല ആവശ്യമാണ്. വലിയ ടവറുകളെ അപേക്ഷിച്ച് നിർമാണ–പരിപാലന ചെലവുകൾ കുറവാണ്. നിലവിലുള്ള പോസ്റ്റുകളിൽ ഇവ ഘടിപ്പിക്കാനാകും.

 

ഇന്ത്യയിൽ 5ജി കൊണ്ടുവരുന്നതിന് സ്മോൾ സെൽ ശൃംഖല അനിവാര്യമാണെന്ന് 2019ൽ ട്രായ് പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു. ടെലികോം കമ്പനികൾ അതിവേഗം സ്മോൾ സെൽ ശൃംഖലകൾ രാജ്യത്ത് വികസിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ പ്രാദേശിക ഭരണകൂടങ്ങളിൽ നിന്ന് അനുമതി നൽകുന്നത് വെല്ലുവിളിയാകുമെന്നും ട്രായ് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ രാജ്യമാകെ സമവായം ആവശ്യമുണ്ടെന്നും ശുപാർശയുണ്ട്.

 

English Summary: Budget 2022: 5G Mobile Services Rollout Within 2022-23, Says Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com