ADVERTISEMENT

ഇന്ത്യയിലും അത്യാധുനിക ഇ-പാസ്‌പോർട്ടുകൾ വരുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത് 2022-23-ൽ തന്നെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പൗരന്മാരുടെ വിദേശ യാത്ര എളുപ്പമാക്കുന്നതാണ് പുതിയ നീക്കം.

 

∙ ഇനി ചിപ്പുവച്ച ഇ-പാസ്‌പോര്‍ട്ട്, ഗുണങ്ങള്‍ എന്തെല്ലാം?

 

രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാജ്യത്തിന്റെ വിദേശകാര്യ വകുപ്പും നേരത്തേ നടത്തിയിരുന്നു. വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റില്‍ പല പുതിയ ഫീച്ചറുകളെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഉടമയുടെ ബയോമെട്രിക് ഡേറ്റ അടക്കംചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ-പാസ്‌പോര്‍ട്ടിന്റെ കേന്ദ്ര സ്ഥാനത്ത്. ഇതാകട്ടെ, വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും ഇറക്കുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്‌പോര്‍ട്ട് നിർമിക്കുക എന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

 

∙ സാധാരണ പാസ്‌പോര്‍ട്ടും ഇ-പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

 

പരമ്പരാഗത പാസ്‌പോര്‍ട്ടുമായി സമാനതകള്‍ ഉള്ളതാണ് ഇ-പാസ്‌പോര്‍ട്ടും. എന്നാല്‍, ഇ-പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ ഉടമയെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിച്ചിരിക്കും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എയര്‍പോര്‍ട്ടില്‍ വേരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ല എന്നത് എയര്‍പോര്‍ട്ട് സ്റ്റാഫിനും പാസ്‌പോര്‍ട്ട് ഉടമയ്ക്കും ഗുണം ചെയ്‌തേക്കും. നിലവിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്തതാണ്.

 

∙ ആര്‍എഫ്‌ഐഡി

 

ചിപ്പിന്റെ സവിശേഷതകളില്‍ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) മൈക്രോചിപ്പ് തന്നെയാണ്. ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതെല്ലാം രാജ്യാന്തര തലത്തില്‍ യാത്രകള്‍ നടത്തുന്നവര്‍ക്ക് വളരെ ഗുണപ്രദമായിരിക്കും എന്നാണ് സർക്കാർ പറയുന്നത്. ജനങ്ങള്‍ക്ക് ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങുന്നിതന്റെ പ്രാരംഭ നടപടി എന്ന രീതിയില്‍ സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഈ പരീക്ഷണം വിജയിച്ചു എന്നു കണ്ടെത്തിയാല്‍ പിന്നെ അധികം താമസിയാതെ ജനങ്ങള്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങും.

 

English Summary: The issuance of e-Passports using embedded chips and futuristic technology will be rolled out in 2022-23 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com