ADVERTISEMENT

കൃഷി മുതൽ കല്യാണ വിഡിയോ വരെ ഡ്രോണിന്റെ സാധ്യത നേരത്തെ പരീക്ഷിച്ച കേരളം കേന്ദ്ര സർക്കാരിന്റെ ഡ്രോൺ ശക്തിക്കു മുൻപേ തന്നെ ഡ്രോൺ സൗഹൃദ സംസ്ഥാനമാണ്. 

‘നോക്കിക്കോ ആറു മാസം കഴിഞ്ഞാൽ ഈ മാനം നിറയെ ഡ്രോണുകളായിരിക്കും’ – ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഇനി ട്രോളരുത്. ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് വഴി മാനം നിറയെ ഡ്രോണുകൾ പറന്നേക്കും. ക്രമസമാധാനപാലനം, ടൂറിസം, വിനോദം, നഗരപരിപാലനം, ക്വാറികൾ–ഖനികൾ, കൃഷി, ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം, സർവേ, ടൂറിസം തുടങ്ങി ഡ്രോണുകൾ കൊണ്ട് ആവശ്യങ്ങൾ നിരവധിയാണ്. നേരത്തെ ഡ്രോൺ ഉപയോഗത്തിന് ഏറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കേന്ദ്രസർക്കാർ തന്നെയാണ് അവയുടെ സാധ്യത തിരിച്ചറിഞ്ഞ് ബജറ്റിൽ ഡ്രോൺ ശക്തി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിനു മുന്നോടിയായി കൃഷിയിൽ  വിളവിന്റെ കണക്കെടുക്കുന്നതിനു ഡ്രോണുകൾ ഉപയോഗിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.  കർഷക ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ ഭാഗമായി വിളവിന്റെ അളവും വിളനാശവും സംബന്ധിച്ച കണക്കുകൾ പരിശോധിക്കാനായിരുന്നു അനുമതി. ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തെളിക്കുന്നതിന് കർഷകസഹകരണസംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ സഹായവും പ്രഖ്യാപിച്ചിരുന്നു. കേന്ദ്രബജറ്റ് പ്രഖ്യാപനം കൂടി വന്നതോടെ വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ ഉണ്ടാകുക. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസരംഗത്തും കോഴ്സായി ഡ്രോൺ വരും. സബ്സിഡി ഉൾപ്പെടെ ഈ മേഖലയിൽ സഹായം ഒഴുകും. 

 

പ്രതീകാത്മക ചിത്രം – Dmitry Kalinovsky/Shutterstock
പ്രതീകാത്മക ചിത്രം – Dmitry Kalinovsky/Shutterstock

കാർഷികമേഖലയിൽ ഡ്രോൺ സാധ്യത ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ആന്ധ്രയാണ്. ആന്ധ്ര സർക്കാർ 2018ൽ ഡ്രോൺ കോർപറേഷൻ രൂപീകരിച്ചിരുന്നു. ഡ്രോൺ ഉപയോഗത്തെ ആശങ്കയോടെ കണ്ടിരുന്ന കാലത്തും അവിടുത്തെ കൃഷിയിടങ്ങളിൽ ഡ്രോണുകൾ പറന്നു. അണ്ണാ സർവകലാശാല ആസ്ഥാനമാക്കി ഡ്രോൺ കോ‍ർപറേഷൻ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണു തമിഴ്നാട് സർക്കാർ. വിവിധ സർക്കാർ ഏജൻസികൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ ഡ്രോണുകൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

എന്നാൽ, കേരളം കല്യാണം മുതൽ കൃഷിവരെ ഡ്രോണിന്റെ സാധ്യത നേരത്തെ തിരിച്ചറിഞ്ഞതാണ്. ഡ്രോൺ ചിത്രങ്ങളില്ലാത്ത സിനിമകൾ കുറവാണ് മലയാളത്തിൽ. പാലക്കാട് ആലത്തൂരിലെയും തൃശൂരിലെ പഴയന്നൂരിലെയും സാധാരണകർഷകർ പോലും ഡ്രോണിന്റെ മഹത്വമറിയാം. കാരണം, അവരുടെ പാടശേഖരങ്ങളിൽ മരുന്ന് തെളിക്കാനും മറ്റും ഈ പറക്കുംതളിക ‘പറപറന്നിരിക്കുന്നു’. സംസ്ഥാനത്തെ വില്ലേജുകളുടെ റീസർവേ നടപടികൾ ഡ്രോൺ സഹായത്തോടെ നടന്നുവരുകയാണ്.  വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും വനംകൊള്ളക്കാരെ വലയിലാക്കുന്നതിനും വനംവകുപ്പ് ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. പ്രളയക്കെടുതി മൂലമുള്ള വിളനാശം കണ്ടെത്താൻ പല ജില്ലകളിലും ഡ്രോണിന്റെ സഹായം തേടിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡ്രോൺ സർവേ ഉപയോഗിക്കാനുള്ള നടപടികളുടെ ഭാഗമായി 6 വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ നടന്നുവരുന്നു. ഡ്രോണിന്റെ കാര്യത്തിൽ കേരളം മുൻപേ പറക്കുന്ന പക്ഷിയാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

∙ പതിനായിരം ഏക്കറിൽ ഡ്രോൺ പറത്തി കേരളം 

 

ഹെലികോപ്ടർ വഴി റബറിന് മരുന്നടിക്കുന്നതു കണ്ടു വളർന്ന മലയാളികൾക്ക് ഇത്തിരിക്കുഞ്ഞൻ ഡ്രോണുകൾ കാണുമ്പോൾ വലിയ അമ്പരപ്പില്ല. കേരളത്തിൽ പതിനായിരത്തോളം ഏക്കർ സ്ഥലത്ത് കാർഷികാവശ്യങ്ങൾക്കായി ഡ്രോണിനെ ഉപയോഗിച്ചു കഴിഞ്ഞുവെന്നതു വലിയ മികവു തന്നെയാണ്. കൃഷിവകുപ്പ്, കാർഷിക സർവകലാശാല എന്നിവരുടെ നേതൃത്വത്തിലാണ്  കൃഷിയിൽ ‍ഡ്രോൺ സജീവമായി ഉപയോഗിച്ചത്. നെൽവയലുകളിൽ വളപ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും പോഷകം നൽകുന്നതിനും ജോലിക്കാരെ ലഭിക്കുന്നില്ലെന്ന പരാതികളുയർന്നതോടെയാണ് ഡ്രോണുകളുടെ സാധ്യത പരീക്ഷിച്ചത്. കോട്ടയം മെത്രാൻ കായലിലാണ് കൃഷിവകുപ്പ് 3 വർഷം മുൻപ് ആദ്യമായി ഡ്രോൺ പരീക്ഷിച്ചത്. നെൽക്കൃഷിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കാനാണ് അന്ന് ഉപയോഗിച്ചത്. കുട്ടനാട്ടിൽ മുഞ്ഞബാധിച്ച സമയത്ത് സർവേയ്ക്കു വേണ്ടിയും ഉപയോഗിച്ചു. ഡ്രോൺ ഉപയോഗിച്ച് മരുന്നു തെളിക്കാൻ മാത്രമല്ല വിത്തുവിതയ്ക്കൽ, രോഗങ്ങൾ കണ്ടുപിടിക്കൽ എന്നിവയെല്ലാം നടക്കും ഇത്തിരികുഞ്ഞൻ മുതൽ യമണ്ടൻ ഡ്രോണുകൾ വരെയുണ്ട്.  ഒരു ഡ്രോൺ കൊണ്ട് ഒരേക്കർ സ്ഥലത്ത് 8–10 മിനിറ്റ് കൊണ്ട് കീടനാശിനി അടിക്കാൻ കഴിയും. സാധാരണ വളപ്രയോഗത്തിനെക്കാൾ കുറച്ചു മതി. വളമോ മരുന്നോ ടാങ്കിൽ നിറച്ചു പറക്കുന്ന ഡ്രോണുകൾ ജിപിഎസ് നിയന്ത്രിതമാണ്. ഏതെങ്കിലും ചെടിക്ക് രോഗമോ മറ്റെന്തെങ്കിലും കുറവോ ഉണ്ടോയെന്ന് സർവേ ഡ്രോൺ ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തും. ആവശ്യമുള്ളിടത്ത് കൃത്യം അളവിൽ മരുന്നും വളവും സ്പ്രേയിങ് ഡ്രോൺ നൽകും. കർഷകകൂട്ടായ്മകളുടെ സഹകരണത്തോടെ പ്രവർത്തിപ്പിച്ചാൽ വലിയ സാമ്പത്തികബാധ്യതയില്ലാതെ മരുന്നുപ്രയോഗം നടത്താം. കേന്ദ്രബജറ്റിലെ പ്രോത്സാഹനം കൂടി ലഭിക്കുന്നതോടെ ഡ്രോൺ മേഖലയിൽ വലിയ വിപ്ലവം സംഭവിക്കുമെന്ന് കൃഷി ആവശ്യങ്ങൾക്കു ഡ്രോണുകൾ കേരളത്തിൽ കൂടുതൽ പരിചയപ്പെടുത്തിയ ചേർത്തല സ്വദേശി ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനും പറയുന്നു. കളമശ്ശേരയിലെ ഇലക്ട്രോണിക് ഇൻക്യൂബറ്ററിൽ പ്രവർത്തിക്കുന്ന ഫ്യൂസലേജ് ഇന്നോവേഷൻസ് അഗ്രിടെക് സ്റ്റാർട്ടപ്പ് ഇതിനോടകം തന്നെ വിവിധ പദ്ധതികളിലൂടെ ഗ്രാന്റ് ലഭിച്ചു. കുട്ടനാട്ടിലെ നെൽ കർഷകർ കീടങ്ങളുടെ അക്രമണ ഭീതിയിൽ മുന്നോട്ട് പോയപ്പോൾ ഇവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കാർഷിക മേഖലയിൽ ഡ്രോണുകളെ ജനകീയവൽകരിച്ചതിൽ ഇവരുടെ പങ്ക് വളരെയേറെയുണ്ട്. 

 

∙ ഭൂമി പറന്നളക്കാൻ ഡ്രോണുകൾ

 

റോഡ് സർവേ മുതൽ പുരാവസ്തുപര്യവേഷണത്തിനു വരെ ഡ്രോണുകളുടെ സാധ്യതകൾ കേരളം പരീക്ഷിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് സർവേ ചെയ്യുന്നതിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിഭാവനം ചെയ്തിട്ടുള്ള സ്വാമിത്വ പദ്ധതി വഴിയുള്ള സർവേ പ്രവർത്തനം കേരളത്തിൽ നടന്നുവരുകയാണ്. ഭൂരേഖയില്ലാത്ത ലക്ഷക്കണക്കിനാളുകളുടെ ഭൂമി കണ്ടെത്തി രേഖ സമർപ്പിക്കാനാണു കേന്ദ്രസർക്കാർ പദ്ധതി വിഭാവനം ചെയ്തതെങ്കിലും കേരളത്തിന്റെ റീസർവേ നടപടികൾക്കായി ഡ്രോൺ  സാധ്യത ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 9 സംസ്ഥാനങ്ങളിലാണ് ഡ്രോൺ സർവേ നടത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടുന്നത്. രേഖയിലുള്ള ഭൂമിയും യഥാർഥഭൂമിയും ഒത്തുപോകാത്ത സാഹചര്യത്തിൽ കൃത്യമായ ഭൂമി അളവ് രേഖപ്പെടുത്താനാണു ഡ്രോൺ സർവേ നടത്തുന്നത്. റവന്യു, സർവേ, റജിസ്ട്രേഷൻ വകുപ്പുകളുടെ ഏകീകരണത്തോടെ റീസർവേ നടത്തുന്നതോടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃത്യമാകും. ഭൂരേഖകൾ ഓൺലൈനായി ലഭിക്കുന്നത് എളുപ്പമാകും. വസ്തുക്കളുടെ പോക്കുവരവ് നടപടികൾ സുഗമമാകും. റവന്യൂ, റജിസ്‌ട്രേഷൻ, സർവേ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സേവനങ്ങൾക്കു കാലതാമസം കുറയും. ജിയോ കോർഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്തോടെ ദുരന്തനിവാരണപ്രവർത്തനങ്ങൾ എളുപ്പത്തിലാകും.ആകാശക്കാഴ്ചയിലൂടെ അതിരുകൾ നിർണയിക്കുന്നതോടെയാണ് സർവേ എളുപ്പമാകുന്നത്.

 

English Summary: Drone technology uses and applications for commercial, industrial and military drones and the future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com