യുക്രെയ്ൻ - ലോകം കീഴടക്കിയവരുടെ നാടാണെന്ന് ഓർക്കണം.... വാട്സാപ് മുതൽ ഗ്രാമർലി വരെ...
Mail This Article
യൂറോപ്പിന്റെ അന്നദാദാവായാണ് യുക്രെയ്ന് അറിയപ്പെടന്നത്. റഷ്യ കഴിഞ്ഞാല്‍ യൂറോപ്യന്‍ മേഖലയിലെ ഏറ്റവും വലിയ രാജ്യവുമാണ് യുക്രെയ്ന്. റഷ്യ ആക്രമണം തുടങ്ങിയ ശേഷം ലോകത്തിന്റെ ശ്രദ്ധ യുക്രെയ്നില്‍ മറ്റൊരിക്കലും ഇല്ലാതിരുന്ന രീതിയില്‍ പതിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ പല നേട്ടങ്ങളിലേക്കും സൂം ചെയ്യാന്‍ ശ്രമിക്കുകയാണ് പുറംലോകം. ഇക്കൂട്ടത്തില്‍ ടെക്നോളജി മേഖലയ്ക്ക് യുക്രെയ്ന് നല്കിയ സംഭാവനകളും ഉള്‍പ്പെടും. അവയില്‍ വാട്സാപ് മുതല്‍ പേപാല്‍ വരെയുള്ള സേവനങ്ങളുണ്ടെന്ന വാസ്തവം കണ്ട് ആശ്ചര്യപ്പെടുകയാണ് ലോകം.
∙ വാട്സാപ്
ടെക്നോളജി മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ് ഇന്ന് ഫെയ്സ്ബുക്കിനു കീഴിലാണ്. ഈ ആപ് ഏകദേശം 1,43,100 കോടി രൂപ നല്‍കിയാണ് 2014ല്‍ ഫെയസ്ബുക് ഏറ്റെടുത്തത്. പക്ഷേ, യുക്രെയ്ന്‍കാരനായ ജാന്‍ കൗം (Jan Koum) ആണ് വാട്സാപ്പിന്റെ സ്ഥാപകനെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. 1976ല്‍ കീവില്‍ ജനിച്ച അദ്ദേഹം ഫാസ്റ്റിവിലാണ് വളര്‍ന്നത്. എന്നാല്‍ 16-ാം വയസില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. ജാന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 10.7 ബില്ല്യന്‍ ഡോളറാണ്. അതായത് ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയില്‍ ജാനും ഉള്‍പ്പെടും. അമ്മയും മുത്തശ്ശിയുമൊത്താണ് അദ്ദേഹം അമേരിക്കയിലെ കലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലേക്ക് കുടിയേറിയത്. ഒരു സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് അവര്‍ അമേരിക്കയിലെത്തിയത്. പിതാവും പിന്നാലെ അമേരിക്കയിലെത്തുമെന്ന് പറഞ്ഞിരുന്നു എങ്കിലും 1997ല്‍ മരിച്ചു. അമ്മ കുട്ടികളെ നോക്കാന്‍ പോയിരുന്നു, കൂടാതെ പലചരക്കു കട വൃത്തിയാക്കാനും പോയിരുന്നു. ഇങ്ങനെയാണ് കുടുംബം അമേരിക്കയില്‍ തുടക്ക കാലത്ത് ജീവിച്ചിരുന്നത്.
തന്റെ 18-ാമത്തെ വയസ്സിലാണ് ജാന്‍ പ്രോഗ്രാമിങ് പഠിക്കാന്‍ തീരുമാനിക്കുന്നത്. അതിനായി സാന്‍ ജോസ് സ്റ്റേറ്റ് യുണിവേഴ്സിറ്റിയില്‍ ചേരുകയും ഒപ്പം എണസ്റ്റ് ആന്‍ഡ് യങില്‍ തൊഴിലെടുക്കുകയും ചെയ്തു. ഏണസ്റ്റ് ആന്‍ഡ് യങില്‍ വച്ചാണ് അദ്ദേഹം തന്റെ തലവര മാറ്റുന്ന സൗഹൃദത്തിലേര്‍പ്പെടുന്നത് - ബ്രയന്‍ ആക്ടനെ അദ്ദേഹം അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും ചേര്‍ന്നാണ് പിന്നീട് വാട്സാപ് തുടങ്ങുന്നത്. അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും ജാനിന്റെ ജീവിതത്തിലുണ്ടായി. അദ്ദേഹം ബ്രയാനൊപ്പം യാഹുവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എൻജിനീയറായി ജോലക്കു കയറി. തുടര്‍ന്ന് 2007ല്‍ ഇരുവരും ജോലി ഉപേക്ഷിച്ച് ഫെയ്സ്ബുക്കില്‍ ജോലിക്ക് അപേക്ഷിച്ചു. ഇരുവരുടെയും അപേക്ഷ ഫെയ്സ്ബുക് തള്ളി! ഇരുവരും ചേര്‍ന്ന് 2009ല്‍ സൃഷ്ടിച്ച വാട്സാപ് പിന്നീട് തങ്ങള്‍ക്കു വെല്ലുവിളിയായേക്കുമെന്നു തോന്നിയതോടെ ഫെയ്സ്ബുക് 19 ബില്ല്യന്‍ ഡോളറിനു വാങ്ങേണ്ടിവന്നു എന്ന് ചരിത്രം പറയുന്നു! ഇപ്പോള്‍ വാട്സാപ് മെറ്റാ പ്ലാറ്റ്ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
∙ പേപാല്‍
കീവില്‍ ജനിച്ച മറ്റൊരു ടെക്നോളജി പ്രേമിയായ മാക്സ് ലെവ്ചിന്‍ തുടക്കമിട്ട സ്ഥാപനമാണ് പേപാല്‍. അദ്ദേഹം 1991ലാണ് അമേരിക്കയിലേക്കു കുടിയേറുകയും ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന യുവാവായിരുന്നു അദ്ദേഹം. കംപ്യൂട്ടര്‍ സയന്‍സില്‍ 1997ല്‍ ഡിഗ്രി എടുത്ത ശേഷമാണ് പേപാല്‍ സ്ഥാപിക്കുന്നത്. എന്നാല്‍, 1995ല്‍ അദ്ദേഹവും സഹപാഠകളും ചേര്‍ന്ന് സ്പോര്‍ട്സ്നെറ്റ് ന്യൂ മീഡിയ എന്ന സ്ഥാപനം തുടങ്ങിയിരുന്നു. പീറ്റര്‍ തിയല്, ലൂക് നോസെക് എന്നിവര്‍ക്കൊപ്പമാണ് മാക്സ് 1998ല്‍ കണ്‍ഫിനിറ്റി എന്ന പേരില്‍ പണക്കൈമാറ്റത്തിനായി സോഫ്റ്റ്വെയര് വികസിപ്പിക്കുന്നത്. എന്നാല്‍, അതു വിജിയിച്ചില്ല എന്നു കണ്ടതോടെ കമ്പനി പേപാല്‍ എന്ന പേരില്‍ 1999ല്‍ പുതുക്കി അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പേപാല്‍, എക്സ്.കോം എന്നൊരു കമ്പനിയുമായി ലയിപ്പിക്കുകയായിരുന്നു.
അപ്പോഴാണ് എക്സ്.കോമിന്റെ സ്ഥാപകനായ, ടെക് സാമ്രാട്ട് ഇലോണ്‍ മസ്ക്, മാക്സിനു കൂട്ടര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനെത്തുന്നത്. മസ്ക് 2000ത്തില്‍ ആണ് എക്സ്.കോമിനു പകരം പേപാലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുന്നത്. അതേമാസം, തന്നെ മസ്കിനു പകരം പീറ്റര്തിയല് എക്സ്.കോമിന്റെ മേധാവിയാകുകയും ചെയ്തു. തുടര്‍ന്ന് 2002ല്‍ പേപാല്‍ 1.5 ബില്ല്യന്‍ ഡോളറിന് ഇബേ ഏറ്റെടുത്തു. യെല്പ് എന്ന സേവനത്തിലും മാക്സ് നിക്ഷേപമിറക്കിയിട്ടുണ്ട്. സ്ലൈഡ്.കോം, എച്വിഎഫ് ലാബ്സ്, അഫേം ഹോള്‍ഡിങ്സ് തുടങ്ങിയവയുടെ സ്ഥാപകനോ, സഹസ്ഥാപകനോകൂടെയാണ് അദ്ദേഹം. പേപാലില്‍ തട്ടിപ്പു നടക്കാതിരിക്കാനായി, ക്യാപ്ചയുടെ (CAPTCHA) തുടക്കമെന്നു കരുതപ്പെടുന്ന സങ്കേതമായ ഗൗസ്ബെക് - ലെവ്ചിന്‍ (Gausebeck-Levchin) ടെസ്റ്റ് ആരംഭിക്കുന്നതിലും മാക്സിന്റെ മികവ് കാണാം.
∙ സ്നാപ്
സുപ്രശസ്തമായ ഫോട്ടോ ഷെയറിങ് ആപ്പായ സ്നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്നാപ് ഏറ്റെടുത്ത, ഫൊട്ടോഗ്രഫി കമ്പനിയായ ലുക്സെറി സ്ഥാപിച്ചത് യുക്രെയ്ന്‍കാരനായ യൂറി മൊണാസ്റ്റിര്‍ഷിന്‍ (Yurii Monastyrshin) ആണ്. ഈ കമ്പനി 2015ല്‍ ഏകദേശം 1,130 കോടി രൂപയ്ക്കാണ് സ്നാപ്ചാറ്റ് ഏറ്റെടുത്തത്. സ്നാപ്ചാറ്റിലെ പ്രശസ്തമായ മാസ്കിങ് ഫീച്ചറായ ലെന്‍സസ് എത്തുന്നത് ഇതോടു കൂടിയാണ്.
∙ മാക്പോ
ആഗോള തലത്തില്‍ ഏകദേശം 30 ദശലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്നു പറയുന്ന ആപ്പായ മാക്പോയ്ക്ക് (MacPaw) തുടക്കമിട്ടതും ഒരു യുക്രെയ്ന്‍കാരന്‍ ആണ്. ക്ലീന്മൈമാക് എക്സ് എന്ന മാക്ഒഎസ് യൂട്ടിലിറ്റിയാണ് മാക്പോ നല്‍കുന്നത്. റഷ്യയുടെ ആക്രമണത്തിനു ശേഷവും തങ്ങളുടെ സേവനങ്ങള്‍ നിലയ്ക്കില്ലെന്ന് കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ ഒലക്സാണ്ഡര് കൊസൊവന്‍ (Oleksandr Kosovan) പറഞ്ഞത്. ഈ കമ്പനി തന്നെ കീവ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
∙ ഗ്രാമര്‍ലി
ടൈപ്പിങ് സഹായിയായ ഗ്രാമര്ലിയാണ് യുക്രെയ്നില്‍ നിന്നു ആരംഭിച്ച വലിയ ടെക് സംരംഭങ്ങളിലൊന്ന്. യുക്രെയ്നില്‍ ജനിച്ച മാക്സ് ലിറ്റ്വിന്, അലക്സ് ഷെവ്ചെങ്കോ, ഡ്മിട്രോ ലൈഡര്‍ എന്നിവര്‍ ചേര്‍ന്നാണ് 2009ല്‍ ഇതു സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ആശ്രയിക്കുന്ന ആപ്പാണ് ഗ്രാമര്‍ലി. കലിഫോര്‍ണിയയിലെ സാന്ഫ്രാന്സികോയിലാണ് ഗ്രാമര്‍ലിയുടെ ആസ്ഥാന മന്ദിരമെങ്കിലും, അതിന്റെ പ്രധാനപ്പെട്ട ഡവലപ്പര്‍ ഓഫിസ് കീവിലാണ്.
∙ റെവോള്‍ട്ട്
റെവോള്‍ട്ട് (Revolut) എന്ന സാമ്പത്തിക-ടെക്നോളജി കമ്പനിയുടെ സ്ഥാപകനും മുഖ്യ ടെക്നോളജി ഓഫിസറുമായ വാള്‍ഡ് യാറ്റ്സെങ്കോ (Vlad Yatsenko) യുക്രെയിനില്‍ ജനിച്ച് പിന്നീട് ബ്രിട്ടിഷ് പൗരത്വം നേടിയ വ്യക്തിയാണ്.
റീഡിൽ, സ്പാര്ക്മെയില് തുടങ്ങിയ സേവനങ്ങള്‍ക്കും യുക്രെയ്ന് ബന്ധമുണ്ട്. ഗൂഗിള്‍, ഫെയ്സ്ബു്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്കൊക്കെ യുക്രെയ്നില്‍ ഓഫിസുകളുണ്ടെന്നതു കൂടാതെ അവരൊക്കെ ധാരാളം യുക്രെയ്ന്‍കാരെ ജോലിക്കെടുത്തിട്ടുമുണ്ട്. വെബ് ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനദാതാവായ ക്ലൗഡ്ഫെയറിനും യുക്രെയ്നില്‍ ഡേറ്റാ സെന്റര്‍ ഉണ്ട്.
English Summary: PayPal to WhatsApp Ukraine-Born Founders pf Tech startups