ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ ഐഫോണ്‍ എസ്ഇ 5ജി അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറക്കിയ പ്രീമിയം ഐഫോണ്‍ ശ്രേണിയിലുമുണ്ടൊരു കുഞ്ഞ് ഐഫോണ്‍-ഐഫോണ്‍ 13 മിനി. ഇവ രണ്ടും ആപ്പിളിന്റെ എ15 ബയോണിക് പ്രോസസര്‍ ഉപയോഗിച്ച് ഐഒഎസ് 15നില്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഇവയുടെ വില തമ്മില്‍ വലിയ അന്തരവും ഉണ്ട്. തുടക്ക എസ്ഇ മോഡലിന് 43,900 രൂപയാണ് വിലയിട്ടിരിക്കുന്നതെങ്കില്‍ തുടക്ക ഐഫോണ്‍ മിനി മോഡലിന് 69,900 രൂപയാണ് വില. ഈ വില വ്യത്യാസത്തിനു പിന്നില്‍ എന്താണെന്നറിയണോ? വരൂ, പരിശോധിക്കാം:

 

∙ പ്രീമിയം ഡിസൈന്‍

 

പ്രധാന വ്യത്യാസങ്ങളിലൊന്ന് ഡിസൈനിലാണ്. ഐഫോണ്‍ 13 മിനി, ആപ്പിളിന്റെ പ്രീമിയം ഫോണുകളുടെ ശ്രേണിയിലെ അവസാനത്തേതാണ്. അതേസമയം, എസ്ഇ പ്രീമിയം മോഡലുകളുടെ പട്ടികയില്‍ വരില്ല. താരതമ്യേന ആധുനിക ഡിസൈനാണ് ഐഫോണ്‍ 13 മിനി മോഡലിന്. എസ്ഇ മോഡലിന് 4.7-ഇഞ്ച് വലുപ്പമുളള റെറ്റിന എച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന് ഐഫോണ്‍ 8 മോഡലും ഇതുവരെ വിറ്റുവന്ന ഐഫോണ്‍ എസ്ഇ 2020യുമായും സാമ്യമുണ്ട്. അതേസമയം, മിനി മോഡലിന്റേത് 5.4-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ റെറ്റിനാ എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ്. നന്നേ നേര്‍ത്ത ബെസലാണ് ഐഫോണ്‍ 13 മിനിക്ക് ഉള്ളതെങ്കില്‍ താരതമ്യേന കൂടുതല്‍ ബെസല്‍ എസ്ഇ മോഡലിനുണ്ട്. സ്റ്റോറേജ് ശേഷിയിലും ഉണ്ട് വ്യത്യാസം - എസ്ഇ മോഡലിന്റെ തുടക്ക വേരിയന്റ് സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കുക 64 ജിബി വേര്‍ഷനാണെങ്കില്‍ മിനി മോഡലിന്റെ സ്റ്റോറേജ് ശേഷി തുടങ്ങുന്നത് 128 ജിബി മുതലാണ്. എസ്ഇ മൂന്നു നിറങ്ങളിലാണ് ലഭിക്കുന്നതെങ്കില്‍ മിനി മോഡല്‍ തിരഞ്ഞെടുക്കാന്‍ ആറു നിറങ്ങളുണ്ട്.

iPhone-SE-5G

 

∙ ഫെയ്‌സ്‌ഐഡി

iphone-13-tim-cook

 

ഫെയ്‌സ്‌ഐഡിയാണ് ഐഫോണ്‍ 13 മിനി മോഡലിനെ എടുത്തു കാണിക്കുന്ന മറ്റൊരു ഫീച്ചര്‍. അതേസമയം, എസ്ഇ മോഡലിന് ടച്ച്‌ഐഡിയാണ് ഉള്ളത്. ടച്ച്‌ഐഡിക്ക് ഇരിപ്പിടമൊരുക്കാനായി ധാരാളം സ്ഥലം എടുത്തിട്ടുണ്ട്. ഐഫോണ്‍ 13 മിനിക്ക് ആകട്ടെ, ടച്ച്‌ഐഡി അല്ലെങ്കില്‍ ഹോം ബട്ടണ്‍ ഇല്ലാത്തതിനാല്‍ സ്ഥലം ലാഭിക്കാനായി എന്നതും ഡിസൈന്‍ മികവില്‍ ദൃശ്യമാണ്.

 

∙ ക്യാമറകള്‍

 

മറ്റൊരു സുപ്രധാന മാറ്റം ക്യാമറകളുടെ കാര്യത്തിലാണ്. എസ്ഇ മോഡലിന് പിന്നില്‍ ഒരു ക്യാമറയേ ഉള്ളു. അതേസമയം, മിനി മോഡലിന് ഇരട്ട ക്യാമറകള്‍ ഉണ്ട്. വൈഡും അള്‍ട്രാ വൈഡും. മുന്‍ ക്യാമറകളിലുമുണ്ട് വ്യത്യാസം. എസ്ഇയുടെ സെല്‍ഫി ക്യാമറയ്ക്ക് 7എംപി റെസലൂഷനാണ് ഉള്ളത്. അതേസമയം, മിനി മോഡലിന് 12 എംപി ക്യാമറ തന്നെ നല്‍കിയിരിക്കുന്നു. ബാറ്ററിയുടെ കാര്യത്തിലും ഉണ്ട് വ്യത്യാസം. എസ്ഇ മോഡലിന് 15 മണിക്കൂര്‍ വരെ വിഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു. പക്ഷേ, മിനി മോഡലിന് 17 മണിക്കൂര്‍ വരെ വിഡിയോ പ്ലേബാക്ക് സാധ്യമാണ്. അതേസമയം, ഫോണുകളുടെ വേഗത്തിലും മറ്റും വലിയ വ്യത്യാസം കാണാന്‍ വഴിയില്ല. ഇരു മോഡലുകളും പ്രവര്‍ത്തിക്കുന്നത് ഒരേ പ്രോസസറും ഒഎസും ഉപയോഗിച്ചാണ്. അല്‍പം പഴയ ഡിസൈന്‍ പ്രശ്‌നമല്ലെന്നുള്ളവര്‍ക്ക് ഐഫോണ്‍ എസ്ഇ വേണമെങ്കില്‍ പരിഗണിക്കാം. 

 

∙ സാംസങ് എസ്22 മോഡലുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നുവെന്ന് ആരോപണം

 

സാംസങ്ങിന്റെ പ്രീമിയം സ്മാര്‍ട് ഫോണ്‍ സീരീസായ എസ് 22 ഉപഭോക്താക്കൾ കമ്പനിക്കെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുന്നു. ഗെയിം ഒപ്ടിമൈസിങ് സര്‍വീസ് എന്ന സേവനം ഉപയോഗിച്ച് പല ആപ്പുകളുടെയും പ്രകടനം മന്ദീഭവിപ്പിക്കുന്നു എന്ന് കണ്ടെത്തിയതാണ് കേസിന് പോകാൻ ഉപയോക്താക്കള്‍ തീരുമാനിച്ചത്. ലോകമെമ്പാടുമുള്ള എസ്22 ഉപയോക്താക്കളെ ഒരുമിച്ചു കൊണ്ടുവരാനും ഓരോരുത്തര്‍ക്കും 242.40 ഡോളര്‍ വീതം നഷ്ടപരിഹാരം ആവശ്യപ്പെടാനുമാണ് ശ്രമിക്കുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, തങ്ങള്‍ ഉടനടി ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ഈ പ്രശ്‌നം പരിഹരിക്കുമെന്നു പറഞ്ഞ് സാംസങ് രംഗത്തെത്തിയെന്നും പറയുന്നു.

flipkart

 

∙ വില കുറഞ്ഞ ഫോണുകള്‍ക്കൊപ്പവും സാംസങ് ചാര്‍ജറുകള്‍ നല്‍കിയേക്കില്ലെന്ന്

 

ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ നല്‍കേണ്ട എന്ന് ആപ്പിള്‍ തീരുമാനിച്ചതോടെ, സാംസങ് പ്രീമിയം സീരീസ് ഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഫ്രീയായി നല്‍കുന്നതു നിർത്തിയിരുന്നു. എന്നാലിപ്പോള്‍ വില കുറഞ്ഞ ഫോണുകള്‍ക്കൊപ്പവും ചാര്‍ജറുകള്‍ ഫ്രീയായി നല്‍കുന്നത് സാംസങ് നിർത്തിയേക്കുമെന്നു പറയുന്നു. അടുത്തിടെ ഇറങ്ങിയ ഗ്യാലക്‌സി എ23, എ13 സീരീസുകളുടെ ബോക്‌സില്‍ ചാര്‍ജറുകള്‍ ഇല്ലെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോണുകള്‍ക്കൊപ്പം 25w സൂപ്പര്‍ ചാര്‍ജര്‍ ഉപയോഗിക്കാമെന്നും അത് വില കൊടുത്തു വാങ്ങണമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നുണ്ട്. 

 

∙ സ്ത്രീ ജോലിക്കാര്‍ മാത്രമുള്ള ആദ്യ ഷോറും ഇന്ത്യയില്‍ തുറന്ന് സംസങ്

 

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ ജോലിക്കാര്‍ മാത്രമുള്ള ഷോറൂം തുറന്നിരിക്കുകയാണ് സാംസങ്. സ്മാര്‍ട്കഫേ എന്നു പേരിട്ടിരിക്കുന്ന ഷോറൂം അഹമ്മദാബാദിലെ നവരംഗപുരയിലുള്ള വിജയ് ക്രോസ് റോഡിലാണ്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗ്യാലക്‌സി എസ്22 സീരീസടക്കം ഇവിടെ വാങ്ങാന്‍ ലഭിക്കും. ഇവയുടെ സവിശേഷതകളൊക്കെ വിവരിക്കാനും പ്രവര്‍ത്തിപ്പിച്ചു കാണിക്കാനും സ്ത്രീ ജോലിക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

 

∙ നീതി ആയോഗുമായി ചേര്‍ന്ന് അധ്യാപകര്‍ക്ക് എആര്‍ പരിശീലനം നല്‍കാന്‍ സ്‌നാപ്ചാറ്റ്

 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ സ്‌നാപ്ചാറ്റിന്റെ ഉടമ സ്‌നാപ് ഇന്ത്യയില്‍ അടല്‍ ഇനവേഷന്‍ മിഷന്‍, നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് 12000 അധ്യാപകര്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ ഓഗ്‌മെന്റഡ് റിയാലിറ്റിയില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. ഇന്ത്യയെ അതിവേഗം ഡിജിറ്റൈസു ചെയ്യുന്നതിന് ഏറ്റവും ഗുണകരമായ ഒന്ന് ഓഗ്‌മെന്റഡ് റിയാലിറ്റിയാണ്. ഇതിനായി സ്‌നാപ്പുമായി സഹകരിക്കാന്‍ സന്തോഷമാണെന്ന് അടല്‍ ഇനവേഷന്‍ മിഷന്റെ ഡയറക്ടര്‍ ഡോ. ചിന്തന്‍ വൈഷ്ണവ് പറഞ്ഞു. സ്‌നാപ് ലെന്‍സ് നെറ്റ്‌വര്‍ക്ക് ഓഫ് ക്രിയേറ്റേഴ്‌സിന് 2020 മുതല്‍ 200 ശതമാനം വളര്‍ച്ചയാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നു പറയുന്നു. 

 

∙ ക്ലൗഡ് മേഖലയില്‍ ഗൂഗിളുമായി സഹകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

 

ഭാവിയിൽ ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് തീരുമാനിച്ചു. ഫ്‌ളിപ്കാര്‍ട്ടിന്റെ ക്ലൗഡ് കേന്ദ്രീകൃതമായ വളര്‍ച്ചയ്ക്ക് ഗൂഗിളിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ അടുത്ത 200 ദശലക്ഷം ഉപയോക്താക്കളെയും ലക്ഷക്കണക്കിനു സെല്ലര്‍മാരെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായിരിക്കും ഗൂഗിള്‍ ക്ലൗഡ് പ്രയോജനപ്പെടുത്തുക. ഗൂഗിള്‍ ക്ലൗഡിന്റെ അത്യാധുനിക ഡേറ്റാ വിശകലന ശേഷിയും മെഷീന്‍ ലേണിങ് മികവും ഫ്‌ളിപ്കാര്‍ട്ട് പ്രയോജനപ്പെടുത്തും. ഇതില്‍നിന്ന് ഫ്‌ളിപ്കാര്‍ട്ടിന് ഉപയോക്താക്കളുടെ വാങ്ങല്‍ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം ലഭിച്ചുകൊണ്ടിരിക്കും. 

 

∙ ഗാര്‍മിന്‍ ഇന്‍സ്റ്റിക്റ്റ് 2 സ്മാര്‍ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു

 

പ്രമുഖ പ്രീമിയം സ്മാര്‍ട് വാച്ച് നിര്‍മാതാവായ ഗാര്‍മിന്‍ ഇന്‍സ്റ്റിക്റ്റ് 2 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. തുടക്ക വേരിയന്റിന് 33,990 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 

English Summary: Apple iPhone SE (2022) vs iPhone 13 mini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com