ADVERTISEMENT

ഗൂഗിളിനെ പോലും മറികടന്ന് ലോകത്ത് ഏറ്റവും സന്ദര്‍ശകരുള്ള വെബ് സേവനമായ, ചൈനീസ് കമ്പനിയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ടിക്‌ടോക് റഷ്യക്കാരെ പുറംലോകം കാണിക്കാതെ തളച്ചിട്ടെന്ന് ആരോപണം. ഫെബ്രുവരി 24ന് റഷ്യന്‍ പടയാളികള്‍ യുക്രെയ്‌നിലേക്ക് അതിക്രമിച്ചു കടന്നതോടെ പല സമൂഹ മാധ്യമങ്ങളും റഷ്യക്കാര്‍ തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിരുന്നു. ഈ സമയം മുതല്‍ റഷ്യയില്‍ നിന്നുള്ള പുതിയ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് ടിക്‌ടോക്കും നിരോധിച്ചിരുന്നു. ലൈവ് സ്ട്രീമുകളും നിരോധിച്ചിരുന്നു. റഷ്യന്‍ സേനയെ വിമര്‍ശിക്കുന്നത് നിരോധിച്ചുകൊണ്ട് റഷ്യ ഇറക്കിയ പുതിയ നിയമം ലംഘിച്ച് ആരും ജയിലില്‍ പോകേണ്ട എന്ന കാരണം പറഞ്ഞാണ് ടിക്‌ടോക് പുതിയ കണ്ടെന്റ് വേണ്ടെന്നു വച്ചത് എന്നാണ് കമ്പനി അറിയിച്ചത്.

പകരം പ്രപഞ്ചം സൃഷ്ടിച്ചു നല്‍കി

പുതിയ കണ്ടെന്റ് റഷ്യയില്‍നിന്നു വേണ്ട എന്ന തീരുമാനം  ന്യായീകരിക്കാമെന്നു വച്ചാല്‍ പോലും ടിക്‌ടോക്കിന്റെ ബാക്കി തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശനം. ടിക്‌ടോക്കിന്റെ മറ്റ് തീരുമാനങ്ങള്‍ റഷ്യക്കാര്‍ അറിഞ്ഞതുപോലുമില്ല. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കമ്പനിയായ ട്രാക്കിങ് എക്‌സ്‌പോസ്ഡ് ആണ് ടിക്‌ടോക്കിന്റെ നടപടി തുറന്നുകാട്ടിയിരിക്കുന്നത്. അവര്‍ പറയുന്നത് റഷ്യയില്‍ നിന്നുള്ള കണ്ടെന്റ് അല്ലാതെ ആഗോള തലത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനായി കമ്പനി ഒരു ‘പകരം പ്രപഞ്ചം’ (alternate universe) തന്നെ സൃഷ്ടിച്ച് റഷ്യക്കാരെ വഞ്ചിച്ചു എന്നാണ്. അതായത് റഷ്യന്‍ സർക്കാറിന്റെ പ്രചാരവേലകള്‍ മാത്രമാണ് ടിക്‌ടോക്ക് വഴി പുതിയതായി രാജ്യത്ത് പ്രചരിച്ചിരുന്നത്.

സൈന്യത്തിന് അനുകൂല പ്ലാറ്റ്‌ഫോമായി ടിക്‌ടോക്

സാധാരണ ഉപയോക്താക്കളുടെ കണ്ടെന്റ് സ്വീകരിക്കാതിരിക്കുക വഴിയും മറ്റു രാജ്യക്കാര്‍ എന്തു പറയുന്നു എന്നുള്ളത് അറിയുന്നതു തടയുക വഴിയും ടിക്‌ടോക്കിന് സർക്കാറിനും പട്ടാളത്തിനും അനുകൂലമായ ഒരു പ്ലാറ്റ്‌ഫോമായി ഞൊടിയിടയില്‍ വേഷംമാറി എത്താനായി എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ദശലക്ഷക്കണക്കിന് റഷ്യന്‍ ഉപയോക്താക്കള്‍ക്കായി പുട്ടിന്‍ അനുകൂല വിഡിയോകള്‍ മാത്രം പ്രചരിപ്പിക്കാന്‍ പ്ലാറ്റ്‌ഫോമിന് സാധിച്ചു എന്നാണ് കണ്ടെത്തല്‍. അതേമയം, തങ്ങളുടെ ജോലിക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്കു വേണ്ട നടപടികള്‍ മാത്രമാണ് കൈക്കൊണ്ടത് എന്നും റഷ്യയുടെ പുതിയ ‘വ്യാജ വാര്‍ത്ത’ നിയമം പ്രാബല്യത്തില്‍ വന്നതോടെ തങ്ങള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും ടിക്‌ടോക് പ്രതികരിച്ചു. കൂടാതെ, തങ്ങളിപ്പോള്‍ റഷ്യന്‍ അധികാരികള്‍ അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റുകളില്‍, ആരാണ് അപ്‌ലോഡ് ചെയ്തത് എന്നതിനെക്കുറിച്ചു പറയുന്ന വിവരണങ്ങള്‍ നല്‍കി തുടങ്ങിയെന്നും കമ്പനി പറയുന്നു.

Image Credit: IANS
Image Credit: IANS

യുദ്ധാനുകൂല വാര്‍ത്തകള്‍ മാത്രമുള്ള പ്ലാറ്റ്‌ഫോമായി ടിക്‌ടോക് മാറി

റഷ്യക്കാര്‍ക്കു വേണ്ടി യുദ്ധത്തെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ മാത്രം കാണിക്കുന്ന പ്ലാറ്റ്‌ഫോമായി മാറാന്‍ ടിക്‌ടോക്കിന് വളരെ എളുപ്പത്തില്‍ സാധിച്ചു എന്നതാണ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയം. നിഷ്പക്ഷത പുലര്‍ത്തുമെന്നു കരുതപ്പെട്ടിരുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് വളരെ എളുപ്പം പ്രചാരവേലകള്‍ മാത്രം ചെയ്യുന്നവരാകാം എന്നതാണ് ഇതു തെളിയിക്കുന്നത്. അതേസമയം, റഷ്യയില്‍നിന്ന് അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റ് സർക്കാരിനെ വിമര്‍ശിക്കുന്നതായാല്‍ അതിടുന്ന ആളിനെ 15 വര്‍ഷം വരെ ജയിലിലടയ്ക്കാന്‍ പാകത്തിനുള്ളതാണ് പുതിയ വ്യാജ വാര്‍ത്താ നിയമം. തങ്ങളുടെ ഉപയോക്താക്കള്‍ ജയിലില്‍ പോകാതിരിക്കാനാണ് പുതിയ കണ്ടെന്റ് റഷ്യയില്‍നിന്ന് ഇപ്പോള്‍ വേണ്ടെന്ന തീരുമാനം എടുത്തതെന്നാണ് ടിക്‌ടോക്കിന്റെ നിലപാട്. എന്നാല്‍ പുട്ടിന്‍-പട്ടാള അനുകൂല കണ്ടെന്റ് അപ്​ലോഡ് ചെയ്യാമെന്നു തീരുമാനിച്ചതോടെ, യുദ്ധം നല്ലതിനാണെന്ന തോന്നല്‍ റഷ്യക്കാര്‍ക്കിടയില്‍ പരത്താനും ആപ്പിനു കഴിഞ്ഞു.

നമ്പര്‍ ബ്ലോക്ക് ചെയ്തു; വൊഡാഫോണിന് 50,000 രൂപ പിഴ

ഒരു ഉപയോക്താവ്, അനുമതി വാങ്ങാതെ തങ്ങള്‍ നല്‍കിയ നമ്പര്‍ ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിങ് നടത്തിയെന്ന് ആരോപിച്ച് അയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്ത് വൊഡാഫോണ്‍-ഐഡിയ. എന്നാല്‍, ഇതിനെതിരെ കേസു നല്‍കിയ ഉപയോക്താവായ നിര്‍മല്‍കുമാര്‍ മിസ്ത്രിക് അനുകൂലമായ വിധിയാണ് ഗുജറാത്തിലെ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രെസല്‍ കമ്മിഷന്‍ നല്‍കിയത്.

സൂററ്റില്‍ നിന്നുള്ള മിസ്ത്രി, കമ്മിഷനു നല്‍കിയ പരാതിയില്‍ പറഞ്ഞത് താന്‍ ടെലിമാര്‍ക്കറ്റിങ് നടത്തുന്ന ആളല്ല എന്നും ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആണ് എന്നുമാണ്. നമ്പര്‍ ബ്ലോക്കു ചെയ്തതിനാല്‍ തനിക്ക് 3.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറഞ്ഞു. കൂടാതെ, മിസ്ത്രിയുടെ നമ്പറില്‍ നിന്ന് ടെലിമാര്‍ക്കറ്റിങ് സന്ദേശം ലഭിച്ചു എന്നു പരാതിപ്പെട്ട ആള്‍ നല്‍കിയ പരാതിയിൽ ട്രായി ആവശ്യപ്പെട്ട രീതിയിൽ അയാള്‍ ഡു നോട്ട് ഡിസ്‌റ്റേര്‍ബ് ആക്ടിവേറ്റ് ചെയ്തിട്ടില്ലായിരുന്നു. ഇതും മിസ്ത്രി കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതെല്ലാം വിശ്വസനീയമാണെന്നു കണ്ടെത്തിയ കമ്മിഷന്‍ 'വി' കമ്പനിക്കു പിഴയിടുകയായിരുന്നു.

സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസര്‍ എത്തുന്നു

ക്വാല്‍കം കമ്പനി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകളുടെ പേരുകള്‍ മാറ്റുകയാണ്. കമ്പനിയുടെ ഇടത്തരം പ്രൊസസർ എന്നു കരുതുന്ന സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 കമ്പനി ഉടനെ പുറത്തിറക്കിയേക്കും. ഇത് ഉൾപ്പെട്ട ആദ്യ ഫോണ്‍ പുറത്തിറക്കുന്നത് ഒപ്പോ ആയിരിക്കും എന്നും പറയുന്നു. ഒപ്പോ റെനോ 8 ആയിരിക്കും ഈ ഫോണ്‍ എന്ന് ഗിസ്‌മോചൈന റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ആണ് കമ്പനിയുടെ ഏറ്റവും മികച്ച പ്രൊസസര്‍ നിര. അതിനു താഴെയായിരിക്കും പുതിയ പ്രൊസസര്‍ നിര. 

കുട്ടികള്‍ക്കുള്ള മൊബൈല്‍ ഗെയിം പുറത്തിറക്കി ആമസോണ്‍

ടെക്‌നോളജി ഭീമന്‍ ആമസോണിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കിഡ്‌സ്പ്ലസ് (Amazon Kids+) രണ്ടു പുതിയ ഗെയിമുകള്‍ പുറത്തിറക്കി. സൂപ്പര്‍ സ്‌പൈ റയാന്‍, ഡു, റേ ആന്‍ഡ് മി, എന്നിവയാണ് ഗെയിമുകള്‍. കൂടുതല്‍ ഗെയിമുകള്‍ പിന്നാലെ വരുന്നുണ്ട് എന്നും കമ്പനി അറിയിക്കുന്നു. ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളില്‍ ഇവ എത്തും. ആദ്യമെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. 

പുതിയ 9 മാക് കംപ്യൂട്ടറുകള്‍ ആപ്പിള്‍ ടെസ്റ്റ് ചെയ്യുന്നു

തങ്ങളുടെ അടുത്ത കംപ്യൂട്ടര്‍ പ്രൊസസര്‍ ആയ എം2 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 9 പുതിയ മാക്കുകള്‍ ആപ്പിള്‍ കമ്പനി ടെസ്റ്റു ചെയ്തു തുടങ്ങിയെന്ന് ബ്ലൂംബര്‍ഗ് അറിയിക്കുന്നു.  

വിന്‍ഡോസ് 11 ൽ തേഡ്പാര്‍ട്ടി വിഡ്ജറ്റ്‌സ്

മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 11 ല്‍ താമസിയാതെ മൈകമ്പനിയുടേതല്ലാത്ത വിഡ്ജറ്റുകളും ലഭ്യമാക്കിയേക്കും എന്ന് വിന്‍ഡോസ് ലേറ്റസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

English Summary: TikTok created an alternate universe just for Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com