ADVERTISEMENT

ഉദ്യോഗസ്ഥരെയും മറ്റും വിളിച്ച ശേഷം ആ കോള്‍ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് പലര്‍ക്കും ഇക്കാലത്ത് ഒരു ഹരമാണ്. ഐഒഎസില്‍ കോള്‍ റെക്കോർഡിങ് നടത്തുക അത്ര എളുപ്പമല്ലെന്നിരിക്കെ, പലരും അതിനായി ആശ്രയിച്ചിരുന്നത് ആന്‍ഡ്രോയിഡ് ഫോണുകളെയാണ്. അതും ഇനി നടന്നേക്കില്ല. മേയ് 11 മുതല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ തേഡ്പാര്‍ട്ടി കോള്‍ റെക്കോർഡിങ് ആപ്പുകളൊന്നും പ്രവര്‍ത്തിക്കില്ലെന്ന് ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു എന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തേഡ്പാര്‍ട്ടി ആപ്പുകളല്ലേ നിരോധിച്ചുള്ളൂ? 

തേഡ്പാര്‍ട്ടി ആപ്പുകള്‍, അതായത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ആപ്പുകള്‍ ആണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. മിക്കവാറും ആന്‍ഡ്രോയിഡ് ഫോണുകളിലെല്ലാം കോള്‍ റെക്കോർഡിങ് സാധ്യമാണല്ലോ. ഷഓമി, സാംസങ്, ഒപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങി ഗൂഗിള്‍ പോലും ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡറുമായി ആണ് ഫോണ്‍ ഇറക്കുന്നത്. ഇതിന് പ്ലേ സ്റ്റോര്‍ നയവുമായി ബന്ധമില്ല. ഈ കമ്പനികളുടെ ഫോണുകളുടെ ഡയലര്‍ ആപ്പുകള്‍ വഴിയാണ് കോള്‍ റെക്കോർഡിങ് നടത്തുന്നത്. ഈ സേവനത്തിന് വിലക്കില്ല.

Mobile-usage
Representative Image - Shutterstock

ഡയലര്‍ വഴിയുള്ള കോള്‍ റെക്കോര്‍ഡര്‍ നിലനിര്‍ത്തും; പക്ഷേ....

ഡയലര്‍ വഴിയുള്ള കോള്‍ റെക്കോര്‍ഡര്‍ നിലനിര്‍ത്തുമെങ്കിലും ഒരു കുഴപ്പമുണ്ട്. റെക്കോർഡിങ് തുടങ്ങിയാല്‍ അപ്പോള്‍ത്തന്നെ ആപ്പ് വളരെ ഉറക്കെ ഇരുതലയ്ക്കലുമുള്ള ആളുകള്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ പാകത്തിന് ‘ഈ കോള്‍ റെക്കോർഡ് ചെയ്യുകയാണ്’ (This call is now being recorded) എന്ന് അറിയിപ്പ് നൽകുമെന്നാണ് ഒരു റിപ്പോര്‍ട്ട്. പല കമ്പനികളും ഇപ്പോള്‍ത്തന്നെ ഇങ്ങനെയാണ് ഡയലര്‍ ആപ്പുകള്‍ ഇറക്കുന്നത്. ഇനി എല്ലാ കമ്പനികളും ഈ പാത പിന്തുടര്‍ന്നേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ പൂര്‍ണമായി വ്യക്തത വരണമെങ്കില്‍ മേയ് 11 വരെ കാത്തിരിക്കേണ്ടിവന്നേക്കും.

A Google logo is seen outside of the Google Store, where visitors can try phones and other products from the company, in New York City, New York, U.S., February 10, 2022. Photo: Paresh Dave/Reuters
A Google logo is seen outside of the Google Store, where visitors can try phones and other products from the company, in New York City, New York, U.S., February 10, 2022. Photo: Paresh Dave/Reuters

ഗൂഗിളിന് പെട്ടെന്ന് എന്താണ് മനംമാറ്റം?

പെട്ടെന്നുള്ള മനംമാറ്റമല്ല ഇത്. വര്‍ഷങ്ങളായി ആന്‍ഡ്രോയിഡില്‍ ഔദ്യോഗികമായി കോള്‍ റെക്കോർഡിങ് അനുവദനീയമല്ല. എന്നാല്‍, ഇനിയും കോള്‍ റെക്കോർഡിങ് അനുവദിച്ചാല്‍ കമ്പനിയെ അത് കുഴിയില്‍ ചാടിക്കുമെന്ന തിരിച്ചറിവാണ് തങ്ങളുടെ നയം നടപ്പാക്കാന്‍ കമ്പനി തീരുമാനിക്കാൻ കാരണം. പല രാജ്യങ്ങളിലും തങ്ങളുടെ പൗരന്മാര്‍ക്ക് സ്വകാര്യതയ്ക്കുള്ള അവകാശം നല്‍കുന്നു. ഒരാള്‍ പറയുന്ന കാര്യം അയാളുടെ അറിവോടെയല്ലാതെ റെക്കോർഡ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ആന്‍ഡ്രോയിഡിലെ തേഡ് പാര്‍ട്ടി ആപ്പുകള്‍ ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സ് (എപിഐ) ഹാക്ക് ചെയ്താണ് ഇതു ചെയ്തുവന്നതെന്നാണ് സൂചന. എപിഐ ഇനി തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ലഭ്യമാക്കില്ല.

അപ്പോള്‍ പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലോ?

ആന്‍ഡ്രോയിഡ് 6 മുതലുള്ള വേര്‍ഷനുകളില്‍ തേഡ് പാര്‍ട്ടി കോള്‍ റെക്കോർഡിങ് ആപ്പുകളുടെ പ്രവര്‍ത്തനം നിർത്തലാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഔദ്യോഗികമായി കോള്‍ റെക്കോർഡിങ് പാടില്ലെന്ന് ഗൂഗിള്‍ പറയുന്നത്. എന്നാല്‍, ആപ്പുകള്‍ വളഞ്ഞവഴിയില്‍ ഇത് മറികടക്കുകയായിരുന്നു. എക്‌സ്ഡിഎ റിപ്പോര്‍ട്ടേഴ്‌സ് നേരത്തേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇനി എപിഐ തേഡ്പാര്‍ട്ടി ആപ്പുകള്‍ക്ക് ലഭ്യമാക്കില്ല. ഡയലറിലുള്ള കോള്‍ റെക്കോഡിങ് പ്രവര്‍ത്തിക്കുക അതതു രാജ്യത്തെ കോള്‍ റെക്കോർഡിങ് നിയമത്തിന് അനുസരിച്ചായിരിക്കാമെന്നും പറയുന്നു. ഇന്ത്യയില്‍ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

കോള്‍ റെക്കോർഡിങ് ഇനി സാധ്യമല്ലേ?

ഔദ്യോഗിക സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സാധ്യമായേക്കില്ല. ജെയില്‍ ബ്രേക്ക് ചെയ്താല്‍, അനൗദ്യോഗിക സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്താല്‍, ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് തുടര്‍ന്നും സാധ്യമായേക്കും. സാധാരണക്കാരാരും ആ വഴി സ്വീകരിച്ചേക്കില്ല എന്നതിനാല്‍, ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെങ്കില്‍ കോള്‍ റെക്കോർഡിങ് പരമാവധി ഒഴിവായേക്കും. അതേസമയം, ഇരുതലയ്ക്കലും ഉള്ള ആളുകള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച ശേഷം ആന്‍ഡ്രോയിഡില്‍ കോള്‍ റെക്കോർഡിങ് നടത്താനും സാധിക്കും. ഇത് റിപ്പോര്‍ട്ടര്‍മാര്‍ക്കും മറ്റും ഗുണകരമായിരിക്കും. 

ഗൂഗിള്‍ ക്രോമിലും വരുന്നു മാറ്റം

കുക്കികള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്ന കാര്യത്തിലും മാറ്റംകൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. പുതിയ മാറ്റം തുടക്കത്തില്‍ യൂറോപ്പിലും ബ്രിട്ടനിലും മാത്രമായിരിക്കും. ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി കുക്കികള്‍ എല്ലാം വേണ്ടെന്നുവയ്ക്കാം (Reject all). വേണ്ടവര്‍ക്ക് എല്ലാം സ്വീകരിക്കുകയും ചെയ്യാം. ഗൂഗിളിന്റെ കുക്കി ട്രാക്കിങ് നയത്തിനെതിരെ ഫ്രാന്‍സ് ഈ വര്‍ഷം 170 ദശലക്ഷം ഡോളര്‍ പിഴയിട്ടിരുന്നു.

ഈ രണ്ടു നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് എസ്ബിഐ

sbi-Logo2

ഇന്ത്യയിലെ സുപ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയൊരു മുന്നറിയിപ്പ് ഇറക്കി. -+918294710946, +917362951973 എന്നീ രണ്ടു നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ എടുക്കരുതെന്നാണ് ബാങ്ക് പറഞ്ഞിരിക്കുന്നത്. ഇതു രണ്ടും ഫിഷിങ് (phishing) ഉദ്ദേശ്യമുള്ളവര്‍ ഉപയോഗിക്കുന്ന നമ്പറുകളാണെന്ന് ബാങ്ക് പറഞ്ഞു എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കെവൈസി പുതുക്കുന്നതടക്കമുള്ള കാര്യമായിരിക്കും ഈ നമ്പറുകളില്‍നിന്നു വിളിക്കുന്നവര്‍ പറയുക.

സക്കര്‍ബര്‍ഗ് ഇനി റഷ്യയില്‍ കയറരുത്

putin-zuckerberg

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക് സ്വീകരിച്ച നയം ഇഷ്ടപ്പെടാത്ത റഷ്യ, കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തങ്ങളുടെ രാജ്യത്ത് കയറുന്നത് നിരോധിച്ചു. ടെക്ക്രഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ലിങ്ക്ഡ്ഇന്‍ മേധാവിയും റഷ്യയിലേക്കു പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ പല കമ്പനികളും റഷ്യയില്‍ തങ്ങളുടെ പല സേവനങ്ങളും ഭാഗികമായോ പൂര്‍ണമായോ അവസാനിപ്പിക്കുകയാണ്.

സമൂഹ മാധ്യമങ്ങള്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നു എന്ന് ഒബാമ

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാന്‍ പാകത്തിന് രൂപകല്‍പന ചെയ്തവയാണെന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത് എന്ന് ടെക്ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളുടെ നയങ്ങള്‍ക്കെതിരെ നീങ്ങാനുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനി ആമസോണ്‍ ഏറ്റെടുത്തു

സ്ത്രീ കേന്ദ്രീകൃതമായ സോഷ്യൽ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ് കമ്പനിയായ ഗ്ലോറോഡ് (GlowRoad) ആമസോണ്‍ ഏറ്റെടുത്തു. വില പുറത്തുവിട്ടിട്ടില്ലെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com