ADVERTISEMENT

കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമൻ ആപ്പിൾ സെൽഫ് സർവീസ് റിപ്പയറിങ് പദ്ധതിയുമായി രംഗത്ത്. എന്നാൽ ഈ സേവനം ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക. കേടായ ഐഫോൺ അവരുടെ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നന്നാക്കാനാണ് ഇത് സഹായിക്കുക. പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ സ്റ്റോർ വഴി റിപ്പയർ മാനുവലുകളും പാര്‍ട്സും ഉപകരണങ്ങളും നൽകുന്നുണ്ട്. ഈ സേവനം, നിലവിൽ ഐഫോണുകൾക്ക് മാത്രമാണ് ലഭ്യമാകുക.

 

ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ യുഎസിൽ മാത്രമാണ് ലഭ്യമാകുക. എന്നിരുന്നാലും, ഈ വർഷം അവസാനത്തോടെ യൂറോപ്പിലും തുടങ്ങിയേക്കാം. കൂടുതൽ രാജ്യങ്ങളിലേക്ക് പ്രോഗ്രാം വ്യാപിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു പ്രധാന വിപണിയായതിനാൽ ഈ സേവനം രാജ്യത്ത് ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്.

 

ഐഫോൺ 12, ഐഫോൺ 13 ലൈനപ്പുകൾ, ഐഫോൺ എസ്ഇ (മൂന്നാം തലമുറ) എന്നിവയുടെ സ്‌ക്രീൻ, ബാറ്ററി, ക്യാമറ എന്നിവ നന്നാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് പുതിയ ഓൺലൈൻ ആപ്പിൾ സ്റ്റോർ 200-ലധികം പാർട്സും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ആപ്പിൾ മാക് കംപ്യൂട്ടറുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള മാനുവലുകൾ, പാർട്സുകൾ, ടൂളുകൾ എന്നിവ ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

ഉപഭോക്താക്കൾ ആദ്യം റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉൽപന്നത്തിന്റെ റിപ്പയർ മാനുവൽ support.apple.com/self-service-repair-ൽ വായിച്ചു പഠിക്കണം. ഇതിനുശേഷം ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ സ്റ്റോർ സന്ദർശിച്ച് ആവശ്യമായ ഭാഗങ്ങളും ഉപകരണങ്ങളും ഓർഡർ ചെയ്യേണ്ടതുണ്ട്. ടോർക്ക് ഡ്രൈവറുകൾ, റിപ്പയർ ട്രേകൾ, ഡിസ്പ്ലേ, ബാറ്ററി പ്രസ്സുകൾ എന്നിവയും മറ്റും ടൂൾ കിറ്റിൽ ഉൾപ്പെടുന്നു. ഈ ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾ, ഒരാഴ്ചത്തേക്ക് $49, അതായത് ഏകദേശം 3700 രൂപ വാടകയ്‌ക്കെടുക്കേണ്ടി വരും.

 

English Summry: iPhone users can now repair their phone’s broken screen, damaged battery at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com