ഒരു സുഹൃത്തിന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ പെട്ടെന്നാണ് ഓണ്‍ലൈന്‍ ഗെയിമില്‍ ആകൃഷ്ടനായത്. ആദ്യം അച്ഛന്റെ ലാപ്‌ടോപ്പിലായിരുന്നു കളി. ഏഴാം ക്ലാസിലായപ്പോള്‍ ഒരു ഡെസ്‌ക്ടോപ് വേണമെന്നു പറഞ്ഞ് കുട്ടിയെത്തി. കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് തനിക്കു വേണ്ട സ്‌പെസിഫിക്കേഷന്‍ എഴുതിയ കടലാസുമായാണ് അവന്‍ എത്തിയത്. അച്ഛന്‍ അന്വേഷിച്ചപ്പോള്‍ മകന്റെ കുറിപ്പു പ്രകാരം കംപ്യൂട്ടര്‍ വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയിലേറെ വേണ്ടിവരും. കൊറോണാ കാലം ആയതുകൊണ്ടും പുറത്തിറങ്ങാതെ പല വീടുകളിലും കുട്ടികള്‍ ഡിപ്രഷനിലേക്കുപോയ കാര്യം അറിയാവുന്നതു കൊണ്ടും കാശുണ്ടായിരുന്നതു കൊണ്ടും അച്ഛന്‍ പിസി വാങ്ങി നല്‍കി.
ഫ്‌ളാറ്റില്‍ ജീവിക്കുന്ന കുടുംബത്തിലെ കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ പാതിരാത്രി കഴിയുവോളം വരെ ഓണ്‍ലൈന്‍ ഗെയിമിങ് ജ്വരവുമായി കഴിഞ്ഞത് രണ്ടു വര്‍ഷത്തോളം. നിര്‍ബന്ധിച്ചാല്‍ അല്‍പനേരം പഠനം. പിന്നെ പെട്ടെന്നൊരുനാള്‍ അച്ഛനമ്മമാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ഗെയിം കളിക്കാതെയായി. സദാ പിസിക്കു മുന്നിലിരുന്ന മകന്‍ സോഫായിലും മറ്റും ഇരിക്കുന്നതും ജനലിലൂടെ ഫ്ലാറ്റിനു പുറത്തെ ലോകത്തേക്കു നോക്കുന്നതും ഒക്കെ കണ്ടു. എന്താണു സംഭവിച്ചതെന്ന് മാതാപിതാക്കള്‍ക്കു മനസ്സിലായില്ല. മാസങ്ങള്‍ക്കു ശേഷം അവനോടു സംസാരിച്ചതില്‍നിന്ന് അച്ഛനു മനസ്സിലായത് അവൻ സൈബര്‍ബുള്ളിയിങ്ങിന്റെ ഇരയായിരുന്നു എന്നാണ്.
∙ എന്താണ് സൈബർ ബുള്ളിയിങ്?
ഇന്റര്‍നെറ്റ് വഴി വരുന്ന ഭീഷണിയെയാണ് സൈബർ ബുള്ളിയിങ് എന്നു വിളിക്കുന്നത്. എസ്എംഎസ് വഴി വരുന്ന ഭീഷണികളെയും ഇങ്ങനെ പറയാറുണ്ട്. ആപ്പുകള്‍, സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ഗെയിമിങ് തുടങ്ങിയ മേഖലകളിലൊക്കെ ബുളളിയിങ് സംഭവിക്കാം. സമൂഹമാധ്യമങ്ങളോ ചില ആപ്പുകളോ ഉപയോഗിക്കുന്നവർക്കെതിരെയും ഓൺലൈൻ ഗെയിമിങ് ശീലമാക്കിയവർക്കെതിരെയുമൊക്കെ ഒരാളോ ഒരു സംഘമോ നടത്തുന്ന അതിരുവിട്ട പരിഹാസമോ ഭീഷണിയോ അസഭ്യം പറച്ചിലോ ഒക്കെ സൈബർ ബുള്ളിയിങ് എന്ന സൈബർ ആക്രമണത്തിൽപെടുന്നു. പലരുടെയും സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് അവരുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്തും മറ്റും പ്രചരിപ്പിച്ച് പരിഹസിക്കുകയും അപവാദം പരത്തുകയും ചെയ്യുന്നുമുണ്ട്.
∙ ശരാശരിയിലേറെ ആക്രമണങ്ങള്‍
ഇന്ത്യന്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് പ്രമുഖ ഓണ്‍ലൈന്‍ സുരക്ഷാ കമ്പനിയായ മാക്കഫിയുടെ പുതിയ റിപ്പോർട്ട് പുറത്തിറങ്ങിയത്. അതില്‍ പറഞ്ഞിരിക്കുന്നത്, ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ബുള്ളിയിങ് ആഗോള ശരാശരിക്കും മുകളിലാണ് എന്നാണ്. രാജ്യത്തിന്റെ സൈബര്‍സുരക്ഷാ നെറ്റ്‌വര്‍ക്ക് എന്തുകൊണ്ട് ശക്തിപ്പെടുത്തണം എന്നതിനെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ‘മാതാപിതാക്കളുടെയും ടീനേജര്‍മാരുടെയും 9-12 വയസ്സുവരെ പ്രായമുള്ളവരുടെയും, സ്‌ക്രീനുകള്‍ക്കു പിന്നിലെ ജീവിതം’ എന്ന പേരിലാണ് റിപ്പോര്‍ട്ട്. കമ്പനി ആഗോള തലത്തില്‍ കുടംബങ്ങള്‍ക്കിടയില്‍ ഇത്തരത്തിൽ നടത്തിയ ആദ്യ പഠനമാണിത്.

∙ മാതാപിതാക്കളുടെ തീരുമാനം
ആപ്പിള്‍ കമ്പനി സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമൊക്കെ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും ടാബും അടക്കമുള്ള ഉപകരണങ്ങൾ നല്‍കിയത് കുറച്ചു പ്രായമായതിനു ശേഷമായിരുന്നു. മിക്ക വികസിത രാജ്യങ്ങളിലും കുട്ടികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ ഏറെ നിയന്ത്രണത്തോടെ മാത്രമാണ് നല്‍കുന്നത്. അതേസമയം, മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ 10-14 പ്രായപരിധിയിലുള്ള കുട്ടികള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നു എന്ന് പഠനം പറയുന്നു. (കൂടുതല്‍ സൂക്ഷ്മായ പഠനം നടത്തിയാല്‍, വളരെ ചെറുപ്പത്തിൽത്തന്നെ ഇന്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും മറ്റും വിശ്വസിച്ചു നല്‍കുന്നതും കാണാം). ഇതിന്, കുട്ടികള്‍ വളരെ വേഗം ‘മൊബൈല്‍ പക്വത’ നേടുന്നു എന്ന ഗുണമുണ്ടായിരിക്കെത്തന്നെ, കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന ദോഷവുമുണ്ട്.
∙ ഭീഷണിയെക്കുറിച്ച് ബോധമില്ല
ഇന്ത്യയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സൈബര്‍ ആക്രമണങ്ങളെക്കുറിച്ച വലിയ ധാരണ ഇല്ലാത്തതു തന്നെയാണ് കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ സൈബര്‍ ലോകത്ത് എത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തില്‍ 57 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായേക്കാമെന്നു ഭയക്കുന്നു. ഇന്ത്യയില്‍ ഇത് 47 ശതമാനമാണ് എന്നു പഠനം പറയുന്നു. ആഗോള ശരാശരി വച്ച് ഏകദേശം 17 ശതമാനം കുട്ടികളാണ് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നത്. ഇന്ത്യയില്‍ 22 ശതമാനം കുട്ടികള്‍ അതിനിരയാകുന്നു. ഇന്ത്യയില്‍ 10-14 പ്രായ ഗ്രൂപ്പിലുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളിൽ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നൽകുന്നു.
∙ ട്വിറ്ററില്‍നിന്ന് രണ്ടു പ്രമുഖരെ പുറത്താക്കി അഗ്രവാള്‍
കണ്‍സ്യൂമര്‍ വിഭാഗത്തിലെയും റവന്യു വിഭാഗത്തിലെയും രണ്ടു പ്രമുഖരെ ട്വിറ്റര്‍ പുറത്താക്കിയെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മറ്റു ജോലിക്കാര്‍ക്ക് ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാള്‍ അയച്ച ഇമെയില്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.
കമ്പനിയുടെ കണ്‍സ്യൂമര്‍ വിഭാഗത്തിലെ കായ്‌വോണ്‍ ബെയ്ക്‌പോര്‍ (Kayvon Beykpour) പ്രതികരിച്ചത്, തന്നോടു രാജിവച്ചു പോകാന്‍ അഗ്രവാള്‍ ആവശ്യപ്പെട്ടു എന്നാണ്. രാജിവച്ച മറ്റൊരാള്‍ ബ്രൂസ് ഫ്‌ളാക്കാണ്. കൂടുതല്‍ ജോലിക്കാരെ എടുക്കുന്നതും തൽക്കാലം അഗ്രവാള്‍ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, മസ്‌കിന് ട്വിറ്ററിനു മേല്‍ അധികാരം കൈവന്നാല്‍ പുറത്താക്കപ്പെടുന്ന ഒരാള്‍ അഗ്രവാള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
∙ തനിക്ക് ഇലോങ് മസ്‌കിനെ പരിചയപ്പെടണമെന്ന് ഇലോണ്‍ മസ്‌ക്
ഇന്റര്‍നെറ്റിലെ തന്റെ ഇരട്ടയായ ഇലോങ് മസ്‌കിനെ പരിചയപ്പെടണമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞതായി റിപ്പോര്‍ട്ട്. ചൈനക്കാരനാണ് ഇരട്ട. ആളുടെ ശരിക്കുള്ള പേര് യിലോങ് മാ (Yilong Ma) എന്നാണ്. മസ്‌കിനോടുളള രൂപ സാദൃശ്യമാണ് യിലോങ്ങിനെ പ്രശസ്തനാക്കിയത്. യിലോങ്ഡോയിന്‍ (ടിക്‌ടോക്) പ്ലാറ്റ്‌ഫോമിലും ടിക്‌ടോക്കിലും അദ്ദേഹം ഉണ്ട്. ടിക്‌ടോക്കില്‍ അദ്ദേഹത്തിന്റെ പേര് ഇലോങ് മസ്‌ക് ('Elong Musk') എന്നാണ്. 230,000 ഫോളോവേഴ്സ് ഉള്ള ഇലോങ്, താന്‍ ചൈനയുടെ ഇലോണ്‍ മസ്‌ക് ആണെന്നും അവകാശപ്പെടുന്നു.

യിലോങ് മാ ഒരു കാറിനടുത്ത് നില്‍ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട മസ്‌ക് താനും ഭാഗികമായി ചൈനക്കാരനായിരിക്കാമെന്നും പറഞ്ഞു. അടുത്തിടെ യിലോങ് മായുടെ മറ്റൊരു ചിത്രവും വേറൊരു യൂസര്‍ പുറത്തുവിട്ടിരുന്നു. അതു കണ്ടപ്പോള്‍, ഇയാള്‍ യഥാർഥത്തില്‍ ഉള്ളതാണെങ്കില്‍ തനിക്ക് ഇയാളെ കാണാന്‍ ആഗ്രഹമുണ്ടെന്നാണ് മസ്‌ക് കുറിച്ചത്. ഡീപ് ഫെയ്ക്കുകളുടെ കാലത്ത് ശരിക്കുള്ള ആളാണോ എന്നു പറയുക എളുപ്പമല്ലെന്നും മസ്‌ക് കുറിച്ചു.
English Summary: McAfee’s Connected Family Study Reveals Parents Struggle to Deliver in Online Protection