ADVERTISEMENT

ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിലെ (ഡബ്ല്യുഡബ്ല്യുഡിസി) ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ക്കായി ആഴ്ചകളോളം കാത്തിരുന്നതു വെറുതെയായോ? ഈ സമ്മേളനത്തില്‍ പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കുകയോ അണിയറയില്‍ ഒരുങ്ങുന്ന പുത്തന്‍ ഉപകരണങ്ങളെക്കുറിച്ചുള്ള ആവേശം പകരുന്ന വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. അതൊന്നും ഉണ്ടായില്ല. പുതുക്കിയ രൂപകല്‍പനയുമായി ഇറക്കിയ മാക്ബുക്ക് എയര്‍ മാത്രമാണ് അവര്‍ക്ക് ചെറിയൊരു ആശ്വാസമായത്.

∙ ഹെഡ്‌സെറ്റ് നിര്‍മാണം

കംപ്യൂട്ടിങ്ങിനെ അടുത്ത തലത്തിലേക്ക് എത്തിക്കുമെന്നു കരുതുന്ന, ആപ്പിള്‍ നിര്‍മിക്കുന്നുവെന്നു വര്‍ഷങ്ങളായി പറഞ്ഞു കേൾക്കുന്ന ആപ്പിള്‍ ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള സൂചനകളെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇത് ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍റിയാലിറ്റി ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് കേട്ടുകേള്‍വി. മെറ്റാ കമ്പനിയുടെ ഒക്യുലസ്, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ് തുടങ്ങിയ ഉപകരണങ്ങളോട് മാറ്റുരയ്ക്കാനായി ഇറക്കുന്നതാണ് വില കൂടിയ (ഏകദേശം 2000-3000 ഡോളര്‍ വില വന്നേക്കും) ഈ ഹെഡ്‌സെറ്റ്.

∙ ആപ്പിള്‍, എവിടെ ആ കണ്ണട?

ഇതിനു പുറമെയാണ് യഥാര്‍ഥ ദൃശ്യങ്ങളിൽ വെര്‍ച്വൽ ദൃശ്യങ്ങൾ ചേർക്കാനുള്ള കഴിവടക്കം പല ഫീച്ചറുകളുമുണ്ടെന്നു കരുതുന്ന പുതിയ ആപ്പിള്‍ കണ്ണട. ഏകദേശം 500 ഡോളറാണ് ഇതിനു പ്രതീക്ഷിക്കുന്ന വില. ഡബ്ല്യുഡബ്ല്യുഡിസിയില്‍ ഈ ഉപകരണത്തിന്റെ പ്രിവ്യൂ എങ്കിലും നടത്തിയേക്കുമെന്ന വാദം ശക്തമായിരുന്നു. ഇതു പ്രതീക്ഷിച്ചിരുന്നവരാണ് കടുത്ത നിരാശയില്‍ വീണത്. മാക്ബുക്ക് എയര്‍ പുറത്തെടുത്ത ഏതാനും മിനിറ്റുകളൊഴിച്ചാല്‍ ആപ്പിളിന്റെ ഡവലപ്പര്‍ സമ്മേളനം വിരസമായ, ‘ഉറക്ക ഉത്സവ’മായിരുന്നു (snoozefest) എന്നാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്.

∙ റിയാലിറ്റി ഒഎസിനെ കുറിച്ചെങ്കിലും ഒന്നു മിണ്ടിക്കൂടായിരുന്നോ?

ആപ്പിളിന്റെ ഗ്ലാസസ് (ഹെഡ്‌സെറ്റും?) പ്രവര്‍ത്തിപ്പിക്കാനായി ഒരുക്കുന്നത് റിയാലിറ്റിഒഎസ് (realityOS) എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണെന്നാണ് കേള്‍വി. അതേക്കുറിച്ചു പോലും നാലുവാക്ക് ഉരിയാടാതെ പോയതാണ് ആപ്പിള്‍ ആരാധകരുടെ ആവേശം പാടെ കെടുത്തിയത്. നിരാശ മറച്ചുവയ്ക്കാന്‍ പറ്റാത്ത പലരും പ്രതികരിക്കാന്‍ തിരഞ്ഞെടുത്തത് ട്വിറ്ററിനെ തന്നെയാണ്. ‘‘ഒരു അത്യുഗ്രന്‍ ഐഫോണെങ്കിലും ഈ വര്‍ഷം പുറത്തിറക്കണം, ആപ്പിള്‍. ഇത്തരം സമ്മേളനങ്ങളെല്ലാം അതിവിരസമായിത്തുടങ്ങി’’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ഹെഡ്‌സെറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നതു കൂടാതെ ആപ്പിളില്‍നിന്നു പ്രതീക്ഷിക്കുന്ന, ആവേശം പകരുന്ന മറ്റ് ഉപകരണങ്ങളെക്കുറിച്ചും കമ്പനി ഡബ്ല്യുഡബ്ല്യുഡിസിയില്‍ ഒന്നും മിണ്ടിയില്ല എന്നതും ആരാധകരുടെ ആവേശം കെടുത്തി.

∙ എന്താണ് ആപ്പിള്‍ എആര്‍ ഗ്ലാസസ്?

ആരാധകരെ നിരാശരാക്കിയ ഹെഡ്‌സെറ്റ് കൂടാതെ, ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) കണ്ണടയെക്കുറിച്ചും കേട്ടുകേള്‍വികള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് ജോണ്‍ പ്രൊസര്‍ എന്ന വിശകലന വിദഗ്ധനാണ്. ആപ്പിളിന്റെ കമ്പനി വളപ്പിനുള്ളില്‍വച്ച് ഇത്തരത്തിലുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് ഉപകരണങ്ങള്‍ കണ്ടു എന്നാണ് ജോണ്‍ പറഞ്ഞത്. ഇരു മോഡലുകളും അത്യാകര്‍കഷമായി നിര്‍മിച്ചിരിക്കുന്നു എന്നും ഇതിനെ ആപ്പിള്‍ ഗ്ലാസസ് എന്നായിരിക്കും വിളിക്കുക എന്നും പറഞ്ഞിരുന്നു. ഇത് സണ്‍ഗ്ലാസസ് ആയിരിക്കില്ല. കാഴ്ചപ്രശ്‌നങ്ങള്‍ക്കായി കണ്ണട ഉപയോഗിക്കുന്നവര്‍ക്കു പോലും ഉപയോഗിക്കാവുന്ന ഒന്നായിരിക്കും ഇതെന്നായിരുന്നു വിവരം.

∙ നോട്ടത്തിലൂടെ ആപ്പുകള്‍ തിരഞ്ഞെടുക്കാം

ആപ്പിള്‍ ഗ്ലാസസ് വച്ചു നടക്കുന്ന ആളുകള്‍ക്ക് കണ്ണടച്ചില്ലിലുള്ള സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആപ്പുകളില്‍ ഇഷ്ടമുള്ളവ നോട്ടംകൊണ്ട് തിരഞ്ഞെടുക്കാനാകുമെന്നും പറയപ്പെടുന്നുണ്ട്. സ്മാര്‍ട് ഫോണിന്റെ ഹോം പേജ് പോലെയിരിക്കും ഇതിന്റെ സ്‌ക്രീന്‍ എന്നും പറഞ്ഞുകേട്ടിരുന്നു. നടക്കുമ്പോള്‍ ചുറ്റുപാടുകള്‍ വ്യക്തമായി കാണാമെന്നതു കൂടാതെ, ഗ്ലാസില്‍ ആപ്പുകളും കാണാം. ഗ്ലാസ് ധാരിക്കൊഴിച്ച് മറ്റാര്‍ക്കും അയാള്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പുറമേ നിന്നു നോക്കി അറിയാനുമാവില്ല. യഥാര്‍ഥ ലോകത്തിനുമേല്‍ ഡിജിറ്റല്‍ ഇമേജുകള്‍ പതിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നു പറഞ്ഞു കേള്‍ക്കുന്നു.

∙ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു

ആപ്പിള്‍ ഫാന്‍സ് ആവേശംകൊണ്ടെങ്കിലും കമ്പനിയെക്കുറിച്ചുള്ള താരതമ്യേന വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട് വിശ്വാസ്യത നേടിയ ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മനും വിശകലന വിദഗ്ധന്‍ മിങ്-ചി കുവോയും എആര്‍ ഹെഡ്‌സെന്റിന്റെ പ്രദര്‍ശനം ഡബ്ല്യുഡബ്ല്യുഡിസിയില്‍ പ്രതീക്ഷിക്കേണ്ടന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. കാരണം അതിന് അരങ്ങേറ്റം കുറിക്കാനുള്ള അവസ്ഥയിലെത്തിയിട്ടില്ല എന്നാണ് അവര്‍ പറയുന്നത്.

∙ ഒടുവില്‍ സന്തോഷവാര്‍ത്ത

ഡബ്ല്യുഡബ്ല്യുഡിസി കീനോട്ട് അഡ്രസില്‍ ആപ്പിള്‍ ഹെഡ്‌സെറ്റിനെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നത് എന്താണെന്നതിനെക്കുറിച്ച് ചെറിയൊരു വിശദീകരണം നല്‍കിയിരിക്കുകയാണ് കുവോ. അദ്ദേഹം പറയുന്നത് ചൈനയിലെ ലോക്ഡൗണാണ് പണിപറ്റിച്ചതെന്നാണ്. ഷാങ്ഹായിലെ നിയന്ത്രണങ്ങളാണ് നിര്‍മാണ പുരോഗതി മന്ദീഭവിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, അദ്ദേഹം ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയും നല്‍കുന്നു. എആര്‍-വിആര്‍ ഹെഡ്‌സെറ്റിനെക്കുറിച്ച് 2023 ജനുവരിയില്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു. ഡവലപ്പര്‍മാര്‍ക്കുള്ള ഇതിന്റെ കിറ്റ് അതിനു ശേഷം ആഴ്ചകള്‍ക്കുള്ളില്‍ നല്‍കിയേക്കും. കൂടാതെ, 2023 രണ്ടാം പാദത്തില്‍ ഇത് പ്രീ ഓര്‍ഡര്‍ ചെയ്യാനായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

∙ കുവോയുടെ പ്രവചനങ്ങള്‍ ഇങ്ങനെയാണ്:–

1. ഹെഡ്‌സെറ്റിന്റെ എൻജിനീയറിങ് വേരിഫിക്കേഷന്‍ ആന്‍ഡ് ടെസ്റ്റിങ് (ഇവിറ്റി) 2022 മൂന്നാം പാദത്തില്‍ തുടങ്ങും.
2. 2023 ജനുവരിയിലെ സമ്മേളനത്തില്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം.
3. ഡവലപ്പര്‍ ടൂള്‍ കിറ്റ് രണ്ടാഴ്ച കഴിഞ്ഞ് ഫെബ്രുവരിയില്‍ ലഭ്യമാക്കിയേക്കും.
4. 2023 രണ്ടാം പാദത്തില്‍ ഇത് വേണ്ടവര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.
5. 2023ലെ ഡബ്ല്യുഡബ്ല്യുഡിസിക്കു മുൻപ് വില്‍പനയ്‌ക്കെത്തിയേക്കും.

ഹെഡ്‌സെറ്റിന് 5ജി കണക്ടിവിറ്റി ഉണ്ടായിരിക്കുമെന്നും കരുതുന്നു. ഈ വിലയേറിയ ഹെഡ്‌സെറ്റായിരിക്കും മെറ്റാവേഴ്‌സിലേക്ക് ആപ്പിള്‍ ഒരുക്കുന്ന കവാടം. ഇതെല്ലാം ഊഹാപോഹങ്ങളാണ്. ഉപകരണങ്ങളും അവയുടെ ഫീച്ചറുകളും പേരുമൊക്കെ ആപ്പിള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് വ്യക്തമായി അറിയാന്‍ സാധിക്കുക.

English Summary: 'WWDC was a boring snoozefest!' Apple fans vent on Twitter as the tech giant fails to unveil eagerly-anticipated Apple Glasses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com