ADVERTISEMENT

പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം 'അശ്ലീല' വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം?

 

∙ അസമില്‍ സംഭവിച്ചത്

 

ഐഒസി പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിക്ക് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചു തുടങ്ങിയത്. ഇതറിഞ്ഞ സംഘാടകര്‍ വൈകാതെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റിയെങ്കിലും ഇതിനകം തന്നെ സദസിലെ ചിലര്‍ സംഭവം മൊബൈലില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.

 

സൂം മീറ്റ് വഴിയും ഇതേ ചടങ്ങ് ഓണ്‍ലൈനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സൂം മീറ്റിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്ററിലൂടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ഇതാകാം പുറത്തു നിന്നുള്ള ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് സൂചന. ട്വിറ്ററില്‍ നിന്നും ഐഡിയും പാസ്‌വേഡും മനസിലാക്കിയ ആരോ അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതാകാമെന്നാണ് റിപ്പോർട്ട്. ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്വകാര്യ ഗ്രൂപ്പ് ചര്‍ച്ചകളുടെ ലിങ്കുകൾ പോലും ചില സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

 

ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ അല്ലാതെ സമൂഹ മാധ്യമങ്ങളിലെ പൊതു വേദികളില്‍ ഇത്തരം ലൈവ് സ്ട്രീമുകളുടെ പാസ്‌വേഡും യൂസര്‍നെയിമും അടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. ഇത് ഹാക്കര്‍മാര്‍ക്കും മറ്റു ഓണ്‍ലൈന്‍ കുറ്റവാളികള്‍ക്കുമുള്ള വഴിതെളിക്കലായി മാറിയേക്കാം. 

 

∙ ഓണ്‍ലൈന്‍ ക്ലാസിലെ നുഴഞ്ഞുകയറ്റം

 

കോവിഡിന് ശേഷം ഓണ്‍ലൈന്‍ പഠനമെന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞു കയറുനനതും അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുന്നതും പലയിടത്തും തലവേദനയായിട്ടുണ്ട്. ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ 2020 മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ അസംഗ്രഹിലെ ഒരു സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികളെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. 

 

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലിഷ് ഓണ്‍ലൈന്‍ ക്ലാസായിരുന്നു വേദി. വാട്‌സാപ് വഴിയാണ് അധ്യാപിക ക്ലാസെടുത്തിരുന്നത്. ഇതിനിടെ രണ്ട് പെണ്‍കുട്ടികള്‍ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ റിക്വസ്റ്റ് നല്‍കുകയും അധ്യാപിക അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അശ്ലീല സന്ദേശങ്ങളും വിഡിയോകളും ഈ പെണ്‍കുട്ടികളുടെ ഐഡികളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവഹിച്ചു. ഇതോടെ ക്ലാസ് അവസാനിപ്പിച്ച അധ്യാപിക സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

 

ഈ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ സ്ഥലത്തില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നും മറുപടി ലഭിച്ചു. ഇതോടെ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നുഴഞ്ഞു കയറ്റ ഐഡികളുടെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികളിലേക്കെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസില്‍ വരാത്ത കുട്ടികളുടെ വിവരങ്ങള്‍ അറിഞ്ഞതു വച്ച് ഇവര്‍ ഒപ്പിച്ച പണിയായിരുന്നു അത്. കുട്ടിക്കളി കാര്യമായതോടെ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികളേയും അറസ്റ്റു ചെയ്ത് ജുവൈനല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യേണ്ടി വന്നു.

 

ഏതൊരു ഓണ്‍ലൈന്‍ ക്ലാസിലും പുതുതായി ചേരാനുള്ള റിക്വസ്റ്റുകള്‍ ലഭിക്കുമ്പോള്‍ ഒരിക്കല്‍ കൂടി തട്ടിപ്പുകാരല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം മുന്‍കരുതലുകള്‍ അനാവശ്യ പ്രശ്‌നങ്ങളെ പുറത്തു നിര്‍ത്താന്‍ സഹായിക്കും. 

 

∙ സൂം ബോംബിങ്

 

സൂം മീറ്റിങ്ങുകള്‍ വ്യാപകമായതോടെ ഇത്തരം മീറ്റിങ്ങുകളില്‍ ഇടിച്ചുകയറി അശ്ലീല ദൃശ്യങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അപ്രതീക്ഷിത അശ്ലീല പൊട്ടിത്തെറികളെയാണ് സൂം ബോംബിങ് എന്ന് വിളിക്കുന്നത്. താരതമ്യേന എളുപ്പമാണ് ഹാക്കര്‍മാര്‍ക്ക് സൂം മീറ്റിങ്ങുകളില്‍ നുഴഞ്ഞു കയറാനെന്നതാണ് വാസ്തവം. സുരക്ഷാ സെറ്റിങ്ങുകള്‍ ഓണാക്കിയില്ലെങ്കില്‍ അത് കൂടുതല്‍ എളുപ്പമാവും. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്ന ഇന്‍വിറ്റേഷനുകളും ഐഡി- പാസ്‌വേഡുകളും കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കും. സൂമിന്റെ ഡിഫോള്‍ട്ട് സെറ്റിങ്ങാണ് കൂടുതല്‍ സുരക്ഷിതമെന്ന് വാദിക്കുന്ന സാങ്കേതികവിദഗ്ധരുമുണ്ട്.

 

സാധാരണ സൈബര്‍ ആക്രമണങ്ങളില്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടാറാണ് പതിവെങ്കില്‍ സൂം ബോംബിങ്ങില്‍ ഞെട്ടിക്കുകയും പരിപാടി അലങ്കോലപ്പെടുത്തുകയുമാണ് ലക്ഷ്യമായി കണ്ടുവരാറ്. തങ്ങളുടെ മീറ്റിങ്ങുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ട മുന്‍കരുതലുകളെക്കുറിച്ച് സൂം തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഓരോ സൂം മീറ്റിങ്ങുകളേയും കൂടുതല്‍ സുരക്ഷിതമാക്കും. സൂം ബോംബിങ് ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം. 

 

∙ മീറ്റിങ്ങുകളും ക്ലാസ് റൂമുകളും പ്രൈവറ്റായി വയ്ക്കുക. വെയ്റ്റിങ് റൂം ഫീച്ചര്‍ ഓണ്‍ ചെയ്യുക. ഇതുവെച്ച് ആരാണ് പുതുതായി എത്തുന്നതെന്ന് കണ്ടെത്താനും നിയന്ത്രിക്കാനുമാവും. 

∙ സമൂഹമാധ്യമങ്ങൾ വഴി സൂം മീറ്റിങ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. ഐഡി നല്‍കിയാല്‍ പോലും പാസ്‌വേഡ് പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് മാത്രം അയച്ചുകൊടുക്കുക. 

∙ ഒരേ മീറ്റിങ് ഐഡികള്‍ ഉപയോഗിക്കാതിരിക്കുക.

∙ സ്‌ക്രീന്‍ ഷെയറിങ് സെറ്റിങ് ഓണ്‍ലി ഹോസ്റ്റ് ആയി ക്രമീകരിക്കുക. 

∙ സൂം സെഷന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പുതിയ ആര്‍ക്കും ജോയിന്‍ ചെയ്യാനാവാത്തവിധം ലോക്ക് ചെയ്യുക. സൂം വിന്‍ഡോയില്‍ താഴെ പാര്‍ട്ടിസിപ്പെന്റ്‌സില്‍ ക്ലിക്ക് ചെയ്ത് ലോക്ക് മീറ്റിങ് ഓണാക്കാം. 

∙ ക്ഷണിക്കപ്പെടാത്ത അതിഥികളെ ഉടന്‍ പുറത്താക്കുക. സൂമിന്റെ നയം അനുസരിച്ച് ഇത്തരത്തില്‍ ഒരിക്കല്‍ പുറത്താക്കിയവര്‍ക്ക് പിന്നീട് ഇതേ മീറ്റിങ്ങില്‍ ചേരാനാവില്ല. 

∙ ഏറ്റവും പുതിയ സൂം വെര്‍ഷന്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. 

 

∙ എന്റെ പിഴ

 

ഓണ്‍ലൈന്‍ വഴി ലൈവ് സ്ട്രീമിങ്ങുകള്‍ നടത്തുന്നവരും തങ്ങള്‍ക്ക് കൈപ്പിഴ വരില്ലെന്ന് ഉറപ്പിക്കേണ്ടതുണ്ട്. തൊട്ടടുത്ത ടാബുകളില്‍ അശ്ലീല ദൃശ്യങ്ങളോ വിഡിയോകളോ തുറന്നിട്ടുണ്ടെങ്കില്‍ ലൈവ് സ്ട്രീമിന് മുൻപ് തന്നെ ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓട്ടോ പ്ലേ നിങ്ങളെ ചതിച്ചേക്കാം. അതുപോലെ ലൈവ് സ്ട്രീമിന് വേണ്ടി തയാറാക്കുന്ന സ്ലൈഡുകളുടേയും മറ്റും ഫോള്‍ഡറുകളിലും സമീപത്തുമെല്ലാം അശ്ലീല ദൃശ്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

 

ഓണ്‍ലൈന്‍ ക്ലാസുകളോ മീറ്റിങ്ങുകളോ പൊതുപരിപാടികളോ ആവട്ടെ. തയാറെടുപ്പുകളുടെ കൂട്ടത്തില്‍ സുരക്ഷിതമായി ലൈവ് സ്ട്രീം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തിരിച്ചറിയുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. അപൂര്‍വമായെങ്കിലും ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം തിരിച്ചറിയാതെ ഇത്തരം ലൈവ് സ്ട്രീമുകളില്‍ അശ്ലീലം കലര്‍ത്തുന്നവരുണ്ട്. നിയമനടപടികളും ഇരുമ്പഴികളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

 

English Summary: How to Prevent 'Zoombombing'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com