ADVERTISEMENT

സിലിക്കന്‍ വാലിയിലെ ടെക്‌നോളജി കമ്പനികള്‍ വാരിക്കൂട്ടുന്ന പണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തായി. ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ആപ്പിളാണ്– ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍. തൊട്ടുപിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ആണ് ഇരു കമ്പനികളും ഉണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ടിപള്‍ടി (Tipalti) പറയുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഓരോ ആഴ്ചയും ഉണ്ടാക്കുന്ന പണത്തിലേറെയാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

∙ ലാഭം കൊയ്യുന്നത് ഐഫോണ്‍

ആപ്പിളിനു ലാഭം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ മുൻപില്‍ ഐഫോണ്‍ തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ്. മാക് വില്‍പന വഴി 8.7 ശതമാനവും ഐപാഡുകളും വെയറബിള്‍സും വില്‍ക്കുക വഴി 18.8 ശതമാനവും ലാഭം ആപ്പിളിനു ലഭിക്കുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. ആപ്പിളിന് 151 ദശലക്ഷം ഡോളറിലേറെയാണ് പ്രതിദിന ലാഭമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന് കുറച്ചു കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.

∙ ഗൂഗിള്‍ പണമുണ്ടാക്കുന്നത് ഡേറ്റ വാരിക്കൂട്ടി

ആപ്പിള്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത് വിവിധ ഉല്‍പന്നങ്ങള്‍ വിറ്റാണെങ്കില്‍ ഗൂഗിളിന്റെ പണംവാരല്‍ വിവിധ തരം ഡേറ്റ ശേഖരിച്ചാണ്. ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ വരുന്നത് ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ്. അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം നല്‍കിയത്. മൊത്തം ടെക്‌നോളജി മേഖല 2020ല്‍ ഓരോ മിനിറ്റിലും 10,931 ഡോളറാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എച്പി, എന്‍വിഡിയ, നെറ്റ്ഫ്‌ളിക്‌സ്, ഇബേ, ടെസ്‌ല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക് ഉത്പാദകരും മികച്ച ലാഭം ഉണ്ടാക്കുന്നവരാണ് എന്നും ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു.

∙ ആപ്പിളിന്റെ അടുത്ത ഹോംപോഡ് 2023ല്‍ ഇറങ്ങിയേക്കും

ആപ്പിളിന്റെ വയര്‍ലെസ് സ്പീക്കര്‍ ആയ ഹോംപോഡിന്റെ അടുത്ത പതിപ്പ് 2023ല്‍ ഇറങ്ങിയേക്കും. ആദ്യ ഹോംപോഡ് ഇറക്കിയത് 2018 ല്‍ ആയിരുന്നു. ഇതിന്റെ നിര്‍മാണം 2021ല്‍ നിർത്തി. ഐഫോണ്‍ 6എസില്‍ ഉപയോഗിച്ച പ്രോസസറുമായിട്ടായിരുന്നു ഇത് നിര്‍മിച്ചതെങ്കില്‍ അടുത്ത വര്‍ഷം ഇറക്കാന്‍ പോകുന്ന രണ്ടാം പതിപ്പില്‍ എസ്8 എന്ന പേരിലുള്ള, കൂടുതല്‍ നൂതനമായ പ്രോസസറായിരിക്കും ഉപയോഗിക്കുക. ഹോംപോഡ് മിനി ഇപ്പോഴും വല്‍പനയിലുണ്ട്.

∙ ഈ വര്‍ഷത്തെ തുടക്ക മാക്ബുക്ക് പ്രോ മോഡലില്‍ സ്പീഡ് കുറഞ്ഞ എസ്എസ്ഡി ?

പുതിയ പ്രോസസറായ എം2 ഉപയോഗിച്ചു നിര്‍മിച്ച പുതിയ മാക്ബുക്ക് പ്രോ മോഡലുകളില്‍ കഴിഞ്ഞ വര്‍ഷം എം1 ചിപ്പ് ഉപയോഗിച്ചു പുറത്തിറക്കിയ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ വേഗം കുറഞ്ഞ എസ്എസ്ഡി ഉപയോഗിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ എസ്എസ്ഡിയുടെ റീഡ് വേഗം 50 ശതമാനത്തോളം കുറവാണെന്നു പറയുന്നു. റൈറ്റ് സ്പീഡ് 30 ശതമനവും കുറവാണ്. അതേസമയം, എം2 പ്രോസസര്‍ എം1 പ്രോസസറിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുള്ളതാണ്.

∙ വിആര്‍ ഹെഡ്‌സെറ്റുകളില്‍ മികച്ച ശബ്ദാനുഭവം നല്‍കാന്‍ മെറ്റാ

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ ഉപയോഗിച്ച് ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച ശബ്ദം നല്‍കാന്‍ മെറ്റാ കമ്പനിക്ക് സാധിച്ചെന്ന് റിപ്പോര്‍ട്ട്. വിഷ്വല്‍ അകോസ്റ്റിക് മാചിങ്, വിഷ്വലി-ഇന്‍ഫോംഡ് ഡെറെവെര്‍ബെറേഷന്‍ (Dereverberation), വിഷ്വല്‍വോയിസ് എന്നീ മൂന്ന് എഐ മോഡലുകളാണ് മെറ്റാ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ മികവാർന്ന അനുഭവം പ്രദാനം ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രോസസിങ്ങിനു സാധിക്കുമെന്നു പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഗവേഷകരുമായി സഹകരിച്ചാണ് പുതിയ നേട്ടങ്ങള്‍ കൈവരിച്ചതെന്നും കമ്പനി പറയുന്നു.

∙ ഇന്റല്‍ 12-ാം തലമുറിയിലെ പ്രോസസറുമായി എയ്‌സര്‍ അസ്പയര്‍ 7 ലാപ്‌ടോപ്പ്

ഇന്റല്‍ കമ്പനിയുടെ 12-ാം തലമുറയിലെ കോര്‍ പ്രോസസറുമായി എയ്‌സര്‍ അസ്പയര്‍ 7 ലാപ്‌ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് ഗ്രാഫിക്‌സ് കാര്‍ഡും ഉണ്ട്. ചൂടാകുന്നതു കുറയ്ക്കാനുള്ള ക്രമീകരണങ്ങളും ലാപ്‌ടോപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങള്‍ക്കായി കരുത്തുറ്റ ലാപ്‌ടോപ് അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ശ്രേണി.

കണ്ടെന്റ് ക്രിയേഷന്‍, ഡിസൈന്‍ മേഖലകളിലുള്ളവര്‍ക്കും ഈ ശ്രേണി പരിഗണിക്കാം. ഭാരക്കുറവും ഒരു സവിശേഷതയാണ്. തുടക്ക വേരിയന്റിന് 89,999 രൂപയാണ് എംആര്‍പി. പക്ഷേ, ഇപ്പോൾ ഫ്‌ളിപ്കാര്‍ട്ടില്‍ 62,990 രൂപയ്ക്കാണ് വിൽപന. മറ്റ് ഓഫറുകളും ഉണ്ട്. ഐ5 പ്രോസസര്‍, 8ജിബി റാം, 512 ജിബി എസ്എസ്ഡി വേരിയന്റിനാണ് ഇത്. അതേസമയം, ഈ സീരീസിന് 32 ജിബി വരെ റാമും 2 ടിബി എസ്എസ്ഡി രണ്ടെണ്ണം വരെയും സ്വീകരിക്കാന്‍ സാധിക്കും.

∙ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട് വാച്ച് താമസിയാതെ പുറത്തിറക്കിയേക്കും

വണ്‍പ്ലസിന്റെ വില കുറഞ്ഞ സ്മാര്‍ട് വാച്ച് ശ്രേണി താമസിയാതെ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡര്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപകരണങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിടുന്ന, മുകുല്‍ ശര്‍മ എന്ന പേരില്‍ അറിയപ്പെടുന്ന ട്വിറ്റര്‍ ഉപയോക്താവാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. നോര്‍ഡ് വാച്ചിന് 8000 രൂപയില്‍ തഴെയായിരിക്കും വില എന്നും കരുതപ്പെടുന്നു.

oneplus-10t

∙ ഫോസില്‍ ജെന്‍ 6 ഹൈബ്രിഡ് സ്മാര്‍ട് വാച്ച് അവതരിപ്പിച്ചു

വാച്ച് നിര്‍മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്ന ഫോസില്‍ തങ്ങളുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോസില്‍ ജെന്‍ 6 ഹൈബ്രിഡ് സ്മാര്‍ട് വാച്ചാണ് ജൂണ്‍ 27 മുതല്‍ വില്‍പന തുടങ്ങിയിരിക്കുന്നത്. സിലിക്കണ്‍ സ്ട്രാപ് ഉള്ള മോഡലിന് 17,633 രൂപയാണ് വില. അതേസമയം, ബ്രെയ്‌സ്‌ലെറ്റ് സ്റ്റൈലിലുള്ള സ്ട്രാപ് വേണമെങ്കല്‍ 19,173 രൂപ വില നല്‍കണം. ആമസോണ്‍ അലക്‌സയുടെ സപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വാച്ചിന് എസ്പിഒ2 സപ്പോര്‍ട്ടും ഉണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കാനാണിത്. ഫോസില്‍.കോം വഴി വാച്ച് വാങ്ങാം.

∙ ആപ്പിള്‍ ടിവിയിലെ ഫെയ്‌സ്ബുക് വാച്ച് ആപ് പിന്‍വലിച്ചു

ആപ്പിള്‍ ടിവി വഴി ഫെയ്‌സ്ബുക് വാര്‍ത്തകള്‍ നല്‍കിവന്ന ഫെയസ്ബുക് വാച്ച് ആപ് പിന്‍വലിച്ചു എന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇനി ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട വിഡിയോ കാണേണ്ടവര്‍ www.facebook.com/watch വെബ്‌സൈറ്റില്‍ നേരിട്ടെത്തണമെന്നും പറയുന്നു.

English Summary: Apple makes $1,700 in profit per SECOND, followed closely by Google and Microsoft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com