ADVERTISEMENT

കണ്‍സ്യൂമര്‍ ടെക്‌നോളജി പ്രേമികള്‍ക്കു മറക്കാനാകാത്ത ദിനമാണ് 2007 ജനുവരി 9. അന്നാണ് ആപ്പിള്‍ കമ്പനിയുടെ അന്നത്തെ അമരക്കാരന്‍ സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ഐഫോണിന്റെ സാങ്കേതികവിദ്യ മാത്രമല്ല അദ്ദേഹത്തിന്റെ അന്നത്തെ അവതരണ രീതി പോലും പില്‍ക്കാലത്ത് അനുകരിക്കപ്പെട്ടുവന്ന് ചരിത്രം പറയുന്നു. എന്നാല്‍, 2007 ജൂണ്‍ 29 ന് പറയാനുള്ളത് മറ്റൊരു കഥയാണ്- ഐഫോണ്‍ ആപ്പിള്‍ ആരാധകരുടെ കയ്യില്‍ ആദ്യമായി എത്തിയ ദിനമാണ് അത്. റോബ് മോറി എന്ന യൂസര്‍ അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ ഐഫോണ്‍ വാങ്ങാന്‍ ഒരു ആപ്പിള്‍ സ്റ്റോറിനു മുന്നില്‍ തടിച്ചു കൂടിയ ജനാവലിയെ കാണാം:

തങ്ങള്‍ തലേദിവസം മുതല്‍ ഐഫോണ്‍ വാങ്ങാനായി സ്‌റ്റോറിനു മുന്നില്‍ നില്‍ക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്നവരെ വിഡിയോയില്‍ കാണാം. ക്യൂവില്‍നിന്ന് ഊഴമിട്ട് ഉറങ്ങാന്‍ പോയും മറ്റുമാണ് അവര്‍ രാത്രി കഴിച്ചുകൂട്ടിയതും ഐഫോണില്‍ ആദ്യ ദിവസം തന്നെ കൈവച്ചതും. അവതരണം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം വില്‍പനയ്ക്ക് എത്തിയതാണ് ഇത്തരമൊരു തിരക്കിനു കാരണം എന്നും അവർ പറയുന്നു. രാത്രി ക്യൂ നില്‍ക്കാറില്ലെങ്കിലും ഈ ‘ചടങ്ങ്’ ഐഫോണ്‍ ആരാധകര്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

ഇനി ഇത് ഒരു സ്ഥലത്തു മാത്രം സംഭവിച്ചതാണെന്നു കരുതുന്നുണ്ടെങ്കില്‍ ന്യൂയോർക്കിലെ തിരക്കിനെക്കുറിച്ച് സിനെറ്റ് പുറത്തിറക്കിയ വിഡിയോയും കാണാം.

iphone

ഇതില്‍ ഒരു വിരുതന്‍ പറയുന്നത്, താന്‍ രണ്ട് ഐഫോണ്‍ വാങ്ങുമെന്നും ഒരെണ്ണം ഉപയോഗിക്കുമെന്നും, രണ്ടാമത്തേത് ഇബേയില്‍ വില്‍ക്കാന്‍ വച്ച് അല്‍പം കാശുണ്ടാക്കുമെന്നുമാണ്! വിറ്റുപോയില്ലെങ്കില്‍ അത് അമ്മയ്ക്കു കൊടുക്കുമെന്നും അയാള്‍ പറയുന്നു. അതെത്ര നല്ല കാര്യമാണെന്ന് അവതാരകനും പറയുന്നു. ആള്‍ക്കാര്‍ക്കിടയ്ക്ക് ചായ വില്‍ക്കാന്‍ വരുന്നവരെ പോലും വിഡിയോയില്‍ കാണാം. വേറൊരാള്‍ അവകാശപ്പെടുന്നത്, താന്‍ 22 മണിക്കൂറായി സ്റ്റോറിനു മുന്നില്‍ ക്യൂ നിൽക്കുകയാണെന്നാണ്.

ആപ്പിള്‍ വേള്‍ഡ് ടുഡേ ആണ് ഇത്തരം മറ്റൊരു വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത് കൊളറാഡോയില്‍ നിന്നുള്ളതാണ്. 

ഐഫോണില്‍ ‘മുത്തമിടാന്‍’ സ്‌റ്റോറിനു പുറത്തു കസേരയിട്ടു കാത്തിരിക്കുന്നവരെയും കാണാം. ഒരു പതിറ്റാണ്ടിനു ശേഷം, ഇപ്പോൾ ഓണ്‍ലൈനിൽ വാങ്ങാമെങ്കിലും ചില ‘ആപ്പിള്‍ വിശ്വാസി’കള്‍ക്ക് ക്യൂ നിന്ന് ഐഫോണ്‍ വാങ്ങുന്ന ശീലം ഉപേക്ഷിക്കാനായിട്ടില്ല.

ആദ്യ ഐഫോണിന്റെ ചില വിശേഷങ്ങള്‍

അമേരിക്കയില്‍ ജൂണ്‍ 29 നാണ് ഐഫോണ്‍ ആളുകള്‍ക്കു ലഭിച്ചതെങ്കില്‍ യൂറോപ്പിലേക്ക് എത്താന്‍ പിന്നെയും കാലതാമസം എടുത്തു. ഏഷ്യയില്‍ എത്തിയത് 2008 ലാണ്. ആദ്യ മോഡലിന് രണ്ടു വേരിയന്റുകളായിരുന്നു ഉണ്ടായിരുന്നത്- 4 ജിബി, 8 ജിബി. ഇവയ്ക്ക് യഥാക്രമം 499 ഡോളര്‍, 599 ഡോളര്‍ എന്നിങ്ങനെയായിരുന്നു വില.

499 ഡോളറിന് ഒരു ഫോണ്‍ അവതരിപ്പിക്കുന്നത് ആപ്പിള്‍ കാണിക്കുന്ന മണ്ടത്തരമാണെന്ന് വിമര്‍ശനമുയര്‍ന്നു. കൂടാതെ, മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിനു പകരം സ്വന്തം ഒഎസ് ഉപയോഗിക്കുന്നതും വിമര്‍ശിക്കപ്പെട്ടു.  

ചരിത്ര മണ്ടത്തരവുമായി മൈക്രോസോഫ്റ്റ് മേധാവി

steve Ballmer

കൊട്ടും കുരവയുമായി ആപ്പിള്‍ ആരാധകര്‍ തിക്കിത്തിരക്കി ഐഫോണ്‍ സ്വന്തമാക്കിയെങ്കിലും അക്കാലത്ത് ചിലര്‍ക്കെങ്കിലും അത്തരം ഒരു ഉപകരണത്തിനു ഭാവിയുണ്ടെന്ന് വിശ്വസിക്കാന്‍ സാധ്യമല്ലായിരുന്നു. അത്തരക്കാരില്‍ മുമ്പനാണ് അക്കാലത്തെ മൈക്രോസോഫ്റ്റ് മേധാവി സ്റ്റീവ് ബാമര്‍. ഐഫോണിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്, അതിനിട്ടിരിക്കുന്ന വില എത്ര കൂടുതലാണ് എന്നാണ്: ‘‘500 ഡോളറോ? സബ്‌സിഡിയുമുണ്ടോ? മൊബൈല്‍ പ്ലാനും ഉണ്ടോ? ഞാന്‍ പറയുന്നു അത് ലോകത്തെ ഏറ്റവും വിലയേറിയ ഫോണാണെന്ന്. കീപാഡ് ഇല്ലാത്തതിനാല്‍ ആ ഫോണ്‍ ബിസിനസ് ഉപയോക്താക്കളില്‍ ഒരു താത്പര്യവും ഉണ്ടാക്കില്ല. അത് ഇമെയില്‍ ഉപയോഗിക്കാന്‍ നല്ല ഒരു ഉപകരണമല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ തന്ത്രങ്ങളുണ്ട്. ഇന്നു വില്‍ക്കുന്ന വിന്‍ഡോസ് ഫോണ്‍ ഉപകരണങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. നിങ്ങള്‍ക്ക് മോട്ടറോള ക്യൂ സീരിസ് ഫോണ്‍ 99 ഡോളറിനു വാങ്ങാം. അതൊരു വളരെ ശേഷിയുള്ള ഫോണാണ്. അതില്‍ സംഗീതം കേള്‍ക്കാം. ഇന്റര്‍നെറ്റ് ഉപയോഗിക്കാം തുടങ്ങിയ ഗുണങ്ങളും ഉണ്ട്’’ – ബാമര്‍ പറഞ്ഞു.

എന്റെ പിഴയെന്ന് പിന്നീട് ബാമര്‍

ഒന്‍പതു വര്‍ഷത്തിനു ശേഷം ബാമര്‍ ബ്ലൂംബര്‍ഗിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ തന്റെ തെറ്റ് ഏറ്റുപറഞ്ഞു. ടെലകോം ഓപ്പറേറ്റര്‍മാര്‍ വഴി ഫോണ്‍ സബ്‌സിഡിയോടെ വില്‍ക്കുന്ന തന്ത്രം തന്റെ തലയില്‍ തോന്നിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം പറഞ്ഞു. ‘‘ഐഫോണ്‍ വിറ്റുപോകില്ലെന്ന് ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ഒരു ഫോണിന് 600, 700 ഡോളര്‍ എന്നൊക്കെ പറഞ്ഞാല്‍ വലിയൊരു തുകയായിരുന്നു. പക്ഷേ തവണ വ്യവസ്ഥയില്‍ ഒരു മാസത്തെ ഫോണ്‍ ബില്ലിനൊപ്പം ഫോണിന്റെ വിലയും നല്‍കി വാങ്ങാമെന്നത് ആപ്പിള്‍ അവതരിപ്പിച്ച പുതിയ ബിസിനസ് മോഡല്‍ ആയിരുന്നു’’ എന്ന് ബാമര്‍ പറഞ്ഞു. ഐഫോണിന്റെ വിജയം കണ്ട ശേഷവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ ശ്രദ്ധിക്കാതിരുന്നത് മൈക്രോസോഫ്റ്റിനു പറ്റിയ അബദ്ധമാണെന്നും ബാമര്‍ സമ്മതിച്ചു.

ബ്ലാക്‌ബെറി മേധാവി

അക്കിടി പറ്റിയത് ബാമര്‍ക്കു മാത്രമല്ല. ബ്ലാക്‌ബെറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച റിസേര്‍ച് ഇന്‍ മോഷന്‍ കമ്പനിയുടെ മേധാവി ജിം ബാൽസിലി (Jim Balsillie) പറഞ്ഞത്, ഐഫോണ്‍ ബ്ലാക്‌ബെറി പേള്‍ മോഡലിന് ഒരു ഭീഷണിയേ അല്ലെന്നാണ്. ബ്ലാക്‌ബെറിക്കെതിരെ മത്സരിക്കാന്‍ മറ്റൊരു കമ്പനികൂടി എത്തുന്നു എന്നു മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

നോക്കിയ മേധാവി

നോക്കിയ മേധാവി അന്‍സി വാൻജോകിയും (Anssi Vanjoki) ഐഫോണിനെ ഒരു ഭീഷണിയായി കണ്ടില്ല. കംപ്യൂട്ടറുകളുടെ നിര്‍മാണം പോലെ തന്നെ ആയിരിക്കും ഫോണുകളുടെ കാര്യവുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, ആപ്പിള്‍ കംപ്യൂട്ടറുകള്‍ക്ക് വിന്‍ഡോസ് കംപ്യൂട്ടറുകളേക്കാള്‍ വിലയുള്ളതിനാല്‍ അത് കുറച്ചു പേരേ വാങ്ങുന്നുള്ളു. അങ്ങനെ കുറച്ചു പേര്‍ മാത്രം വാങ്ങുന്ന ഫോണായിരിക്കും ഐഫോണ്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

പാം മേധാവി എഡ്

പാം കമ്പനിയുടെ മേധാവി എഡ് കൊളിഗനും ഐഫോണ്‍ വിപ്ലവം മുന്‍കൂട്ടിക്കാണാന്‍ സാധിച്ചില്ല. അക്കാലത്തെ നിലവാരം വച്ച് മികച്ച ഉപകരണങ്ങള്‍ നിര്‍മിച്ചുവന്ന കമ്പനിയായിരുന്നു പാം. ‘‘ഏതാനും വര്‍ഷം വിഷമിച്ച ശേഷമാണ് ഒരു നല്ല ഫോണ്‍ ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങള്‍ പഠിച്ചെടുത്തത്. കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിക്ക് ഫോണ്‍ നിര്‍മാണം എങ്ങനെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കില്ല’’ എന്നാണ് എഡ് പ്രതികരിച്ചത്. ആപ്പിളിനെ അക്കാലത്ത് ഒരു കംപ്യൂട്ടര്‍ നിര്‍മാതാവായാണ് കണ്ടിരുന്നത് എന്ന് ഓര്‍ക്കണം.

English Summary: It was 15 years ago today that Apple released for sale the most successful product in the history of technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com