ADVERTISEMENT

ജപ്പാനില്‍ ഐഫോണ്‍ 13 മോഡലിന്റെ വില 117,800 യെന്‍ (870 ഡോളർ) ആയി വര്‍ധിപ്പിച്ചു. പഴയ വില 99,800 യെന്‍ ആയിരുന്നു. ഡോളറിന്റെ മൂല്യം യെന്നിനെ അപേക്ഷിച്ച് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം. രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നതിനാല്‍ ഇന്ത്യയിലും വില വര്‍ധന വന്നേക്കാമെന്നു സൂചനയുണ്ട്.

ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് 100 ഡോളര്‍ വര്‍ധിപ്പിച്ചേക്കാമെന്ന് നേരത്തേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഏകദേശം 10,000 രൂപയായിരിക്കും ഇന്ത്യയില്‍ വര്‍ധിക്കുക. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വീണ്ടും വില കൂടിയേക്കാം. അതേസമയം, ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയെങ്കിലും ആനുപാതികമായ കിഴിവൊന്നും ആപ്പിള്‍ ഇതുവരെ രാജ്യത്തെ ഉപഭോക്താക്കൾക്ക് നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

∙ നാണ്യപ്പെരുപ്പം വില വര്‍ധനയ്ക്ക് കാരണമാകാം

അമേരിക്കയില്‍ ഇപ്പോള്‍ 8.6 ശതമാനം നാണ്യപ്പെരുപ്പം അനുഭവപ്പെടുകയാണ്. ഇത് 1981ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തോതാണ്. എല്ലാത്തരം കമ്പനികളെയും ഇത് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ ലോക്ഡൗണുകള്‍ മൂലം 800 കോടി ഡോളറിന്റെ നഷ്ടം വരുമെന്ന് ആപ്പിള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി. ഇതുമൂലം ഐഫോണുകളുടെ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍, പണക്കാരായ ഉപഭോക്താക്കളുടെ ബലത്തില്‍ ആപ്പിള്‍ നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഇത്തവണ മറികടന്നേക്കുമെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ഐഫോണ്‍ 14ന്റെ ഓര്‍ഡര്‍ 10 ശതമാനം കുറച്ചു

ആദ്യവില്‍പനയ്ക്ക് എത്തിക്കാനിരുന്ന ഐഫോണ്‍ 14 സീരീസിന്റെ ഓര്‍ഡര്‍ ആപ്പിള്‍ 10 ശതമാനം കുറച്ചെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വേണ്ടത്ര ഘടകഭാഗങ്ങള്‍ കിട്ടുന്നതിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണിത്.‌

∙ എയര്‍പോഡ്‌സ് പ്രോയിലേക്ക് അള്‍ട്രാസോണിക് ടെക്‌നോളജി

ആപ്പിളിന്റെ പ്രീമിയം വയര്‍ലെസ് ഇയര്‍ബഡ്‌സായ എയര്‍പോഡ്‌സ് പ്രോയിലേക്കും വില കൂടിയ ഹെഡ്‌സെറ്റായ എയര്‍പോഡ്‌സ് മാക്‌സിലേക്കും അള്‍ട്രാസോണിക് സാങ്കേതികവിദ്യ കൊണ്ടുവന്നേക്കുമെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസില്‍ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷയാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍. അള്‍ട്രാസോണിക് ടച്ച് സെന്‍സറായിരിക്കും പ്രീമിയം ഓഡിയോ ഉപകരണങ്ങളില്‍ പ്രയോജനപ്പെടുത്തുക. ഗ്ലൗ ഇട്ട കൈ ഉപയോഗിച്ച് നടത്തുന്ന ടച്ചിങ്ങുകളും തിരിച്ചറിയാനുള്ള ശേഷിയായിരിക്കും പുതിയ സാങ്കേതികവിദ്യ കൊണ്ടുവരിക.

∙ ആഗോള സ്മാര്‍ട് ഫോണ്‍ വില്‍പന ഇടിഞ്ഞു

ആഗോള തലത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പന 10 കോടി യൂണിറ്റില്‍ താഴെ വന്നു. ഇക്കഴിഞ്ഞ മേയിലാണ് 9.6 കോടി യൂണിറ്റ് ഫോണുകള്‍ വിറ്റതെന്ന് കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് ഇത് സംഭവിക്കുന്നത്. കോവിഡിന്റെ മൂര്‍ധന്യത്തിലായിരുന്നു നേരത്തേ വില്‍പന കുറഞ്ഞത്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും നാണ്യപ്പെരുപ്പവും ആയിരിക്കാം ഇപ്പോള്‍ വില്‍പന ഇടിയാന്‍ പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

∙ ഗൂഗിള്‍ വര്‍ക്‌സ്‌പെയ്‌സ് മേധാവി ഹാവിയെ സോള്‍ടെറോ കമ്പനി വിട്ടു

ഗൂഗിള്‍ വര്‍ക്‌സ്‌പെയ്‌സിന്റെ മേധാവി ഹാവിയെ സോള്‍ടെറോ കമ്പനിയോട് വിടപറയുന്നു. മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഹാവിയെ രാജിവച്ചിരിക്കുന്നത്.

∙ 19 ലക്ഷം വാട്‌സാപ് അക്കൗണ്ടുകള്‍ നിരോധിച്ചു

മേയില്‍ ഇന്ത്യയില്‍ 19 ലക്ഷം വാട്സാപ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് മെറ്റാ അറിയിച്ചു. ഏപ്രിലില്‍ 16.6 ലക്ഷം അക്കൗണ്ടുകളായിരുന്നു നിരോധിച്ചത്.

∙ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് നിലച്ചു

'സ്‌ട്രേഞ്ചര്‍ തിങ്‌സ്' സീരിയലിന്റെ പുതിയ എപ്പിസോഡ് സ്ട്രീം ചെയ്യുന്നതിനിടയില്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് മിക്ക ഉപയോക്താക്കള്‍ക്കും ലഭിക്കാതെ വന്നെന്ന് ഡൗണ്‍ഡിറ്റെക്ടര്‍. ട്വിറ്ററിലും പലരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരണം നടത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ സ്വന്തം സീരിയലാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. അതേസമയം, പ്രവര്‍ത്തനം നിലച്ചത് മൊബൈല്‍ ഫോണുകളില്‍ മാത്രമായിരിക്കാമെന്നും വാര്‍ത്തകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും 12.50നും ഇടയ്ക്കാണ് സ്ട്രീമിങ് തടസപ്പെട്ടത്.

∙ ടാറ്റാ ക്ലിക്, ടാറ്റ ന്യൂവിൽ ലയിപ്പിക്കും

ടാറ്റായുടെ ഓണ്‍ലൈന്‍ വില്‍പനശാലയായ ക്ലിക്കിന്റെ (Cliq) പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ഇടി റിപ്പോര്‍ട്ടു ചെയ്യുന്നു. ടാറ്റയുടെ ബൃഹത്തായ സംരംഭമായ ന്യൂവില്‍ ഇതിന്റെ സേവനങ്ങളും ലയിപ്പിക്കാനായിരിക്കും പദ്ധതി.

∙ ഇന്ത്യയില്‍ നിന്നുള്ള 15 ‘അപകടകാരികളായ’ ഡൊമെയ്‌നുകള്‍ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു

ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ് ലോകമെമ്പാടും നിന്നുള്ള മാൽവെയര്‍ ആക്രമണമുള്ള ചില ഡൊമെയ്‌നുകള്‍ ബ്ലോക്ക് ചെയ്തു. ഇക്കാര്യം തങ്ങളുടെ ബ്ലോഗ് പോസ്റ്റ് വഴിയാണ് കമ്പനി അറിയിച്ചത്. ഉപയോക്താക്കള്‍ ലോഗ്-ഇന്‍ നെയിമും പാസ്‌വേഡും മറ്റും ടൈപ്പു ചെയ്യുമ്പോള്‍ അവ കോപ്പിചെയ്തിരുന്ന ഹാക്കര്‍മാരുടെ ഡൊമെയ്‌നുകളാണ് ബ്ലോക്കു ചെയ്തത്.

സർക്കാർ സ്ഥാപനങ്ങളുടേതു മുതല്‍ ജിമെയിലിന്റെയും ആമസോണ്‍ ക്ലൗഡിന്റെയും വരെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഭേദിച്ചു വരികയായിരുന്നു ഹാക്കര്‍മാര്‍. ഇന്ത്യ, റഷ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇത്തരത്തിലുള്ള ഹാക്കിങ് നടത്തിവന്നത്. കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് നിരീക്ഷണ ടൂളുകള്‍ നിക്ഷേപിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇത്തരം 15 ഡൊമെയ്‌നുകള്‍ ബ്ലോക്ക് ചെയ്തതായി ഗൂഗിളിന്റെ ബ്ലോഗില്‍ പറയുന്നു.

∙ സിംഗപ്പൂരിന്റെ മൂന്നു സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്റോ

സിംഗപ്പൂരിന്റെ മൂന്നു സാറ്റലൈറ്റുകളെ ഇസ്റോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യന്‍ റോക്കറ്റായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വാഹനമായ സി53 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

∙ വണ്‍പ്ലസ് 7, 7ടി മോഡലുകള്‍ക്ക് ആന്‍ഡ്രോയിഡ് 12 അപ്‌ഡേറ്റ്

വണ്‍പ്ലസ് 7, 7ടി മോഡലുകള്‍ക്ക് ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃതമായ ഓക്‌സിജന്‍ ഒഎസ് 12 ലഭിക്കുമെന്ന് കമ്പനി പറഞ്ഞതായി ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ബീറ്റാ വേര്‍ഷന്‍ വേണ്ടവര്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

oneplus-7

∙ സ്പീഡ്‌പ്രോ കോഡ്‌ലെസ് വാക്വം ക്ലീനറുകള്‍ അവതരിപ്പിച്ച് ഫിലിപ്‌സ്

സ്പീഡ്‌പ്രോ കോഡ്‌ലെസ് വാക്വം ക്ലീനറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫിലിപ്‌സ്. ഇന്ത്യന്‍ വീടുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി രൂപകല്‍പന ചെയ്തവയാണ് ഇവയെന്ന് കമ്പനി അവകാശപ്പെടുന്നു. വെറ്റ്, ഡ്രൈ ഫങ്ഷനുകള്‍ ഇവയ്ക്കുണ്ട്. നോര്‍മല്‍ മോഡില്‍ തുടര്‍ച്ചയായി 50 മിനിറ്റ് ഇവ പ്രവര്‍ത്തിപ്പിക്കാം. ശ്രേണിയുടെ വില തുടങ്ങുന്നത് 29,995 രൂപ മുതലാണ്.

English Summary: Apple increases iPhone's price in this country by almost a fifth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com