38685.94 കോടിയുമായി മുങ്ങിയ 'ക്രിപ്‌റ്റോ രാജ്ഞി'യ്ക്ക് 1 ലക്ഷം ഡോളർ വിലയിട്ട് എഫ്ബിഐ

ruja
Photo: Youtube Video
SHARE

‘ക്രിപ്‌റ്റോ രാജ്ഞി’ എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവയെ പിടികൂടാൻ വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 100,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ വലിയ ഒരു തട്ടിപ്പ് ഓപ്പറേഷന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരാളാണെന്ന് ആരോപിച്ചാണ് എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഇഗ്നാറ്റോവയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇഗ്നാറ്റോവയും അവരുടെ ബിസിനസ്സ് പങ്കാളിയും ചേർന്ന് 2014 ൽ ബൾഗേറിയ കേന്ദ്രമായി വൺകോയിൻ എന്ന സ്റ്റാർറ്റപ്പ് സ്ഥാപിച്ചിരുന്നു. ‘ബിറ്റ്കോയിൻ കില്ലർ’ എന്നാണ് വൺകോയിനെ വിളിക്കപ്പെട്ടിരുന്നത്.

∙ 38685.94 കോടിയുമായി ‘ക്രിപ്‌റ്റോ രാജ്ഞി’ മുങ്ങി, പ്രതിയെ തേടി 175 രാജ്യങ്ങളിലെ നിക്ഷേപകർ

ഒന്നും രണ്ടുമല്ല 175 രാജ്യങ്ങളിലെ നിക്ഷേപകരെ പറ്റിച്ചു മുങ്ങിയിരിക്കുകയാണ് ക്രിപ്‌റ്റോക്വീന്‍ (Cryptoqueen) എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവ. ക്രിപ്‌റ്റോ കറന്‍സിയിലൂടെ 490 കോടി ഡോളര്‍ (ഏകദേശം 38685.94 കോടി രൂപ) നിക്ഷേപം സമാഹരിച്ച ശേഷമാണ് അവര്‍ അപ്രത്യക്ഷയായിരിക്കുന്നത് എന്നതാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്നത്. അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍. പുതിയ തരം പണമെന്ന പേരില്‍ ബിറ്റ്‌കോയിന്‍ തരംഗത്തിനിടയില്‍ കൊട്ടിഘോഷിച്ചെത്തിയ ഈ തട്ടിപ്പില്‍ കുറച്ചു പേരൊന്നുമല്ല പെട്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് തന്റെ ക്രിപ്‌റ്റോകറന്‍സിയായ വണ്‍കോയിന്‍ (OneCoin) രുജാ അവതരിപ്പിച്ചത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്നാറ്റോവ തുടങ്ങിയ പേരുകളിലാണ് ഇവര്‍ തന്റെ ആരാധകര്‍ക്കു മുന്നില്‍ താര പരിവേഷത്തോടെ അവതരിക്കുക. വണ്‍കോയിന്‍ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നു പറഞ്ഞും, 'തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന' മറ്റു ക്രിപ്‌റ്റോകറന്‍സികളെ കണക്കിനു കളിയാക്കിയുമൊക്കെയാണ് അവര്‍ കാണികളെ കയ്യിലെടുക്കുന്നത്. 

2016ല്‍ വെംബ്ലിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത പലരും അവരുടെ വലയില്‍ വീഴുക തന്നെ ചെയ്തു. ഗ്ലാസ്‌കോയില്‍ നിന്നുള്ള ബെന്‍ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബള്‍ഗേറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ല്‍ രുജ അപ്രത്യക്ഷയായി. പിന്നീടവരെ ഇന്നുവരെ കണ്ടിട്ടില്ല.

ഇന്റര്‍നെറ്റ് വ്യാപിക്കുന്നതിനനുസരിച്ച് തട്ടിപ്പുകളും പെരുകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഓരോ ആഴ്ചയും രുജയുടേതടക്കം പുതിയ വമ്പന്‍ തട്ടിപ്പുകളുടെ കഥകളാണ് പുറത്തുവന്നത്. തന്റെ കമ്പനിക്കായി 2016 ല്‍ ആറുമാസം കൊണ്ടു നടത്തിയ ലോക ടൂറിലാണ് അവര്‍ കൂടുതല്‍ നിക്ഷേപവും സമാഹരിച്ചിരിക്കുന്നതെന്നു കാണാം. ആ കാലയളവില്‍ മാത്രം ബ്രിട്ടനില്‍ നിന്നു മാത്രമുള്ള നിക്ഷേപം 26 ദശലക്ഷം പൗണ്ടാണ്. ബ്രിട്ടനില്‍ നിന്ന് മൊത്തം പോയിരിക്കുന്നത് 96 ദശലക്ഷം പൗണ്ടാണെന്നും കണക്കുകള്‍ പറയുന്നു. ചൈനയില്‍ പോലും ക്രിപ്‌റ്റോ രാജ്ഞിയുടെ വിളയാട്ടം വിജയകരമായി എന്നാണ് കാണുന്നത്. അവിടെ നിന്ന് 427 മില്ല്യന്‍ യൂറോയാണ് 2016ല്‍ തട്ടിയെടുത്തത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം അവര്‍ക്കു ലഭിച്ചു. എന്തിനേറെ പറയണം വിയറ്റ്‌നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു പോലുമുള്ള ആളുകള്‍ അവരുടെ തട്ടിപ്പില്‍ പെട്ടുവെന്നാണ് കാണാനാകുന്നത്. വന്‍ തുകയാണ് പല രാജ്യങ്ങളില്‍ നിന്നും അവരെ വിശ്വസിച്ചു നല്‍കിയിരിക്കുന്നത്.

ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ആരിലും അദ്ഭുതമുണ്ടാക്കുന്ന ഒന്നല്ല ഇതും. കാരണം അവ അത്രമേല്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്നു. ഹൈ-ടെക് മുഖംമൂടിയണിഞ്ഞു നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ എല്ലാത്തരം ആളുകളും വീണുപോകുകയും ചെയ്യുന്നു. 2016ല്‍ ബിറ്റ്‌കോയിന്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരുന്നു. പഴഞ്ചന്‍ പണം കൈമാറ്റ രീതികളെ തള്ളിക്കളഞ്ഞ് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ അരങ്ങുവാഴാന്‍ പോകുന്നു എന്നവിധമായിരുന്നു പ്രചാരണം. കമ്പനികളുടെ പബ്ലിക് ഓഫറിങ് മോഡലില്‍ ഇനിഷ്യല്‍ കോയിന്‍ ഓഫറിങ് (Initial Coin Offering) എന്ന പേരിലാണ് വന്‍ പണ സമാഹരണം നടന്നത്. വന്‍ വാഗ്ദാനങ്ങള്‍ നടത്തിയും വീരവാദങ്ങള്‍ മുഴക്കിയുമാണ് ഇത്തരം ഇടപാടുകള്‍ എത്തുന്നത്. ക്രിപ്‌റ്റോ എന്നത് അന്തിമ വാക്കാകാന്‍ പോകുന്നു തുടങ്ങിയ പ്രചാരണങ്ങളില്‍ വീഴാതെ രക്ഷപ്പെട്ടവര്‍ ഭാഗ്യമുളളവരാണ്.

English Summary: FBI Offers $100K Bounty On ‘Crypto Queen’ Ignatova In Fraud Case, Bitcoin Rises

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS