സൈന്യവും മറ്റു സംവിധാനങ്ങളും ശത്രുവിനോടു പോരടിക്കുമ്പോള്‍ തങ്ങളാലാകുന്നതു ചെയ്ത് സ്വന്തം രാജ്യത്തിന്റെ ചെറുത്തുനില്‍പിനു പിന്‍ബലമേകുകയാണ് യുക്രെയ്‌നിലെ ഒരുകൂട്ടം ഹാക്കര്‍മാര്‍. അതിനു നേതൃത്വം നല്‍കുന്നതു നികിറ്റാ ന്യഷ് (Nikita Knysh) എന്ന 31കാരനും. രാജ്യത്തെ ഹാക്കര്‍മാർക്കിടയില്‍ വളരെ പരിചിതമായ പേരാണ് യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസിലെ മുന്‍ ജീവനക്കാരനായ നികിറ്റയുടേത്.
∙ റഷ്യയ്‌ക്കെതിരെ നികിറ്റാ ആയുധധാരിയായി - കംപ്യൂട്ടര്‍ എന്ന ആയുധം
ഡിജിറ്റല്‍ സാക്ഷരത നല്‍കാനായി 2017 ൽ നികിറ്റാ തുടങ്ങിയ യുട്യൂബ് ചാനലിന്റെ പേരാണ് ഹാക്ക്കൺട്രോള്‍ (HackControl). യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാഴ്ചക്കാരനായിരിക്കാന്‍ തനിക്കു സാധ്യമല്ലെന്നു പറഞ്ഞ് നികിറ്റാ റഷ്യയെക്കെതിരെ ആയുധമെടുത്തു. ആയുധം തന്റെ കംപ്യൂട്ടര്‍ തന്നെയായിരുന്നു. നികിറ്റാ ഒറ്റയ്ക്കായിരുന്നില്ല സൈബർ യുദ്ധത്തിനിറങ്ങിയത്. ഹാക്കിങ് അറിയാവുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം കൂടി. യുക്രെയ്‌നിയന്‍ നഗരങ്ങള്‍ നശിപ്പിച്ചും രാജ്യത്തെ പൗരന്മാരെ കൊന്നും റഷ്യന്‍ സൈനികര്‍ മുന്നേറിയപ്പോള്‍ റഷ്യയ്‌ക്കെതിരെ ഹാക്കിങ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് നികിറ്റായും കൂട്ടരും ചെയ്തത്.
∙ സൈബര്‍ സേനയില്ലാതെ യുക്രെയ്ന്‍

രാജ്യത്തിന് ഒരു സൈബര്‍ സേനയില്ലെന്നു മനസ്സിലാക്കിയതാണ് നികിറ്റായെ പോരിനിറക്കിയത്. യുക്രെയ്ന്‍കാരെ ഡിജിറ്റല്‍ ഒളിയുദ്ധം പഠിപ്പിക്കാനായി നികിറ്റാ തുടങ്ങിയ വെബ്‌സൈറ്റാണ് ഹാക്‌യുവര്‍മോം അക്കാഡമി (HackYourMom Academy). ഈ വെബ്‌സൈറ്റ് ഫ്രീയാണ്. യുക്രെയ്‌നിയന്‍, റഷ്യന്‍, ഇംഗ്ലിഷ് ഭാഷകളിലുള്ള ഇതിൽ പഠിപ്പിക്കുന്ന പാഠങ്ങള്‍ വളരെ ലളിതമാണ്.
ഒരു ആന്റിവൈറസ് പ്രോഗ്രാം ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് എങ്ങനെ, ഒരു വിപിഎന്‍ സേവനവുമായി കണക്ടു ചെയ്യുന്നത് എങ്ങനെ, കംപ്യൂട്ടറില്‍ നിന്ന് ഒരു വെര്‍ച്വല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് തുടക്കക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം, യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ ആധുനികമായ കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കുന്നു. ഉദാഹരണത്തിന് ഒരു ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍-ഓഫ്-സര്‍വീസ് (ഡിഡിഒഎസ്) ആക്രമണങ്ങളും റഷ്യക്കാരുടെ ക്യാമറകളും വൈ-ഫൈ റൂട്ടറുകളും ഭേദിക്കേണ്ടത് എങ്ങനെയാണെന്നും ഒക്കെ പഠിപ്പിച്ചുകൊടുക്കുന്നു.
റഷ്യ ആക്രമിച്ചു കയറി ദിവസങ്ങള്‍ക്കുളളില്‍ തന്നെ നികിറ്റായും സഹ സൈബര്‍ യോദ്ധാക്കളും ടെലഗ്രാമിലൂടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ സൈബര്‍ മേഖലയെ ധാര്‍മികത കൈവിടാതെ എങ്ങനെ ആക്രമിക്കാമെന്നായിരുന്നു അവര്‍ ചര്‍ച്ച ചെയ്തത്. റഷ്യക്കാരോട് യുക്രെയ്ന്‍ യുദ്ധത്തിന്റെ സത്യാവസ്ഥ പറഞ്ഞു കൊടുക്കുക, റഷ്യന്‍ സേനയ്ക്കും മറ്റും കാര്യങ്ങള്‍ പരമാവധി ദുഷ്‌കരമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് സൈബര്‍ സേന രംഗത്തിറങ്ങുന്നത്. ഏറ്റവും പ്രശസ്തമായ ഹാക്ടിവിസ്റ്റ് (ഹാക്കിങ്ങും ആക്ടിവിസവും ഒരുമിച്ചുകൊണ്ടുപോകുന്നവര്‍) ഗ്രൂപ്പിന്റെ പേരാണ് ഐടി ആര്‍മി. (IT Army) ഇതിന് ടെലഗ്രാമില്‍ ഏകദേശം 250,000 ഫോളോവേഴ്സാണ് ഉള്ളത്.
∙ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള പ്ലാറ്റ്‌ഫോം

ഹാക്ക്‌യുവര്‍മോം ഉപയോഗിക്കാന്‍ എത്തുന്നവരില്‍ ഏറ്റവും ഉത്സാഹികള്‍ വിദ്യാര്‍ഥികളാണ്. തിയറികൾ പഠിപ്പിച്ചു വിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെയല്ലാതെ, പ്രായോഗികതയില്‍ ഊന്നിയുള്ള സമീപനമാണ് ഹാക്‌യുവര്‍മോമിന്റേത് എന്നതാണ് ഇത് വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. പഠിച്ചത് പരീക്ഷിച്ചു നോക്കാനുള്ള അവസരവും ഇതു നല്‍കുന്നു. അതേസമയം എത്ര പേര്‍ തന്റെ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നു വെളിപ്പെടുത്താന്‍ നികിറ്റാ തയാറല്ല. എന്നാല്‍, ഹാക്‌യുവര്‍മോം ടെലഗ്രാം ചാനലില്‍ ഏകദേശം 10,000 അംഗങ്ങളാണ് ഉള്ളത്. അപ്പോള്‍ അതാകാം യുക്രെയന്റെ അനൗദ്യോഗിക സൈബര്‍ യോദ്ധാക്കളുടെ എണ്ണമെന്ന് കരുതുകയേ വഴിയുള്ളു.
സൈബര്‍ സുരക്ഷയും വിദ്യാഭ്യാസവും തമ്മില്‍ ഒരുമിപ്പിക്കാനുള്ള ശ്രമവും നികിറ്റാ നടത്തുന്നു. ഇത്തരം ഒരു നീക്കം നടത്തുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. യുക്രെയ്‌നിലെ 250 ഓളം യൂണിവേഴ്‌സിറ്റികളില്‍ 19 എണ്ണത്തില്‍ മാത്രമാണ് സൈബര്‍ സുരക്ഷ ഒരു വിഷയമായി പഠിക്കാന്‍ പോലും സാധിക്കുക. ഇത്തരം ഇടങ്ങളിലുള്ളവര്‍ പോലും തങ്ങളുടെ കഴിവുകള്‍ വിദേശ കമ്പനികള്‍ക്ക് വിറ്റു കാശുണ്ടാക്കാന്‍ നോക്കുന്നു. ആഗോള തലത്തില്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കുള്ള ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം മാത്രം 40 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഹാക്‌യുവര്‍മോം പഠനവും പ്രാക്ടിക്കലും ഒപ്പം നടത്താന്‍ അനുവദിക്കുന്നു എന്നത് വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള കാര്യമാണ്.
∙ ഹാക്ടിവിസ്റ്റുകള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ ധാര്‍മികമോ?
പല പഠനങ്ങളും പറയുന്നത് ഐടി ആര്‍മിയും മറ്റും നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നു എന്നു തന്നെയാണ്. അതേസമയം, തങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് യുക്രെയ്ന്‍ സർക്കാരും നികിറ്റായും പറയുന്നു. തങ്ങള്‍ ആളുകളെ സൈബര്‍ ആക്രമണം നടത്തുന്ന കാര്യത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. തങ്ങള്‍ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുക മാത്രമാണെന്നും ആക്രമിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നത് വ്യക്തികള്‍ തന്നെയാണെന്നും നികിറ്റാ വാദിക്കുന്നു.
∙ തങ്ങള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ അര്‍ഹതയുണ്ടെന്ന് നികിറ്റാ
അതേസമയം, യുക്രെയ്‌ന് റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താനുള്ള അര്‍ഹതയുണ്ടെന്നും നികിറ്റാ പറയുന്നു. കാരണം റഷ്യന്‍ സൈനികാക്രമണങ്ങള്‍ അത്ര വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിനു വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ശത്രുവിനെ സൈബറിടത്തില്‍ ആക്രമിക്കാതിരിക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, റഷ്യക്കാര്‍ തിരിച്ചും സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. നികിറ്റായുടെ വെബ്‌സൈറ്റിനു നേരെ തന്നെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഉദാഹരണത്തിന് ജൂലൈ 5നു മാത്രം ഉണ്ടായ ഡിഡിഒഎസ് ആക്രമണത്തില്‍ 24 മണിക്കൂറിനുള്ളില്‍ 6.9 കോടി റിക്വസ്റ്റുകളാണ് സൈറ്റിനു നേരെ റഷ്യക്കാര്‍ നടത്തിയത്.
∙ സൈബര്‍ ആക്രമണം പഠിപ്പിക്കാന്‍ പ്രത്യേക വിഭാഗം

ഹാക്‌യുവര്‍മോമില്‍ ഒരു വിഭാഗം മുഴുവന്‍ സൈബര്‍ ആക്രമണം നടത്തുന്നത് എങ്ങനെയെന്നു പഠിപ്പിക്കാന്‍ മാത്രമായി മാറ്റിവച്ചിരിക്കുകയാണ്. ഓപ്പണ്‍-സോഴ്‌സ് ഇന്റലിജന്‍സിന്റെ സഹായത്തോടെ, എങ്ങനെയാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയ സൈനികനെ കണ്ടെത്തുന്നത്, ഡിഡിഒഎസ് ആക്രമണം നടത്താനുള്ള സോഫ്റ്റ്‌വെയര്‍ എങ്ങനെയാണ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
∙ റഷ്യയെ ആക്രമിച്ച് ആനന്ദം കണ്ടെത്താം
നേരത്തേ റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് തങ്ങള്‍ പഠിച്ച പാഠങ്ങള്‍ പരീക്ഷിച്ചു നോക്കാനുള്ള സ്ഥലമായിരുന്നു യുക്രെയ്ന്‍ എന്ന് നികിറ്റാ പറയുന്നു. എന്നാലിപ്പോള്‍ യുക്രെയ്‌നെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാരുടെ കളിസ്ഥലമായി മാറിയിരിക്കുകയാണ് റഷ്യയെന്നും എല്ലാവര്‍ക്കും റഷ്യയെ ആക്രമിച്ച് ആനന്ദം കണ്ടെത്താമെന്നും അദ്ദേഹം പറയുന്നു. ഇതു കൂടാതെ, ഇങ്ങനെ സൈബര്‍ ആക്രമണം നടത്താന്‍ പഠിക്കുന്നതു കൊണ്ട് വേറൊരു ഗുണം കൂടെയുണ്ട്. എപ്പോഴെങ്കിലും യുക്രെയ്‌നു നേരെ സൈബര്‍ ആക്രമണം ഉണ്ടാകുമ്പോള്‍ ഈ സൈബര്‍ സൈനികര്‍ക്ക് അതിനെ പ്രതിരോധിക്കാനും കഴിയും.
English Summary: How one Ukrainian ethical hacker is training 'cyber warriors' in the fight against Russia