ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാട്ടുകളായ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് കമ്പനി മേധാവി മുകേഷ് അംബാനിയും 5ജി ഗോദായില്‍ നേര്‍ക്കുനേര്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അങ്ങനെയെയെങ്കില്‍ അംബാനി പയറ്റിയ പിന്‍വാതില്‍ പ്രവേശനമെന്ന തന്ത്രം തന്നെ ഉപയോഗിച്ചായിരിക്കും അദാനി 5ജി വിതരണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുക എന്നും ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനി-അദാനി പോരിനെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതോടെ, ജിയോയും മറ്റും രാജ്യമൊട്ടാകെ ഇപ്പോള്‍ നല്‍കിവരുന്ന തരം സേവനം നല്‍കാനല്ല തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവന ഇറക്കിയിരുന്നു. പക്ഷേ, അതാവണമെന്നില്ല സത്യം എന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ള സൂചന.

∙ 4ജിയിലേക്ക് അംബാനി എത്തിയ വഴി

 

2016 ല്‍ അംബാനി 4ജി മേഖലയിലേക്കു വന്നപ്പോള്‍ പന്ത്രണ്ടോളം മൊബൈല്‍ സേവനദാതാക്കള്‍ ഉണ്ടായിരുന്നു ഇന്ത്യയില്‍. ഉഗ്രന്‍ തന്ത്രങ്ങളുടെ ബലത്തില്‍ എതിരാളികളെ തകർത്താണ് അംബാനിയുടെ ജിയോ ആധിപത്യം നേടിയത്. കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെ രാജ്യത്തെ മൊബൈല്‍ സേവനമേഖല മൂന്നു സേവനദാതാക്കളിലേക്ക് ചുരുങ്ങാനും ജിയോയുടെ വരവ് കാരണമായി. ഇതിലൊന്നായ വോഡഫോണാകട്ടെ ഇപ്പോള്‍ പ്രതിസന്ധിയിലുമാണ്. ഡേറ്റാ വിലയിടല്‍ തന്ത്രമാണ് അംബാനിയെ വിജയത്തിലേക്കു നയിച്ചത്. ഇനിയൊരു മത്സരമില്ലാതെ, സ്ഥിരതയുള്ള ഒരു വിപണിയായിരിക്കുമെന്നു കരുതിയിരിക്കുന്ന സമയത്താണ് അദാനിയുടെ വരവിനെപ്പറ്റി  ഊഹാപോഹങ്ങള്‍ പരക്കുന്നത്.

 

Gautam Adani Photo by SAM PANTHAKY AFP

∙ വിണ്ടും നിരക്കു യുദ്ധം പൊട്ടിപ്പുറപ്പെടുമോ?

Akash Ambani with his dad Mukesh Ambani. Photo: PTI
Akash Ambani with his dad Mukesh Ambani. Photo: PTI

 

തുറമുഖ, വിമാനത്താവള മേഖലകളിൽ ശ്രദ്ധയൂന്നിയിരുന്ന അദാനി ടെലികോം മേഖലയില്‍ കണ്ണുവച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ഈ രംഗത്തുള്ളവരില്‍ വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ടെലികോം മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത അദാനി ഗ്രൂപ്പ് ഈ മാസം നടക്കാനിരിക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആറു വര്‍ഷം മുൻപ് ടെലികോം മേഖലയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആളായിരുന്നു അംബാനിയും. ഡേറ്റ വില കുറച്ചു നല്‍കുകയും കോളുകള്‍ ഫ്രീയാക്കുകയും ചെയ്ത് ടെലികോം മേഖലയെ മുഴുവന്‍ ഉഴുതുമറിച്ച അംബാനിയുടെ ജിയോയ്ക്ക് ഇപ്പോള്‍ 41 കോടി വരിക്കാർ ഉണ്ട്.

 

അംബാനിക്ക് ഇപ്പോള്‍ അധികം ലാഭമൊന്നും ലഭിക്കുന്നുണ്ടാവില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-ഹെല്‍ത്, മൊബൈല്‍ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചേക്കാം. അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് മെറ്റാ പ്ലാറ്റ്‌ഫോംസ് (ഫെയ്‌സ്ബുക്), ഗൂഗിള്‍ തുടങ്ങിയ കമ്പനികളടക്കം നിക്ഷേപം നടത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനിടയില്‍ ഈ ബിസിനസ് വ്യാപിച്ച് 9500 കോടി ഡോളര്‍ മൂല്യമുള്ളതായി. അച്ഛന്‍ ധീരുഭായ് അംബാനിയില്‍നിന്ന് പിന്തുടര്‍ച്ചാ അവകാശം വഴി നേടിയെടുത്ത ഹൈഡ്രോകാര്‍ബണ്‍ ബിസിനസിനെക്കാള്‍ 17 ശതമാനം അധികം മൂല്യമാണ് ജിയോയ്ക്ക് ഇപ്പോള്‍ത്തന്നെ ഉള്ളത് എന്നാണ് ജെഫറീസിസിന്റെ കണക്കുകള്‍ പറയുന്നത്.

മുകേഷ് അംബാനി (ചിത്രം: REUTERS/Amit Dave)
മുകേഷ് അംബാനി (ചിത്രം: REUTERS/Amit Dave)

 

∙ അംബാനി അദാനിയെ ഭയക്കണോ?

ചുരുക്കം ചില ചെറിയ മേഖലകളിലൊഴികെ നേര്‍ക്കുനേര്‍ വരാത്ത എതിരാളികളാണ് അംബാനിയും അദാനിയും. വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഇരുവരും ചലിക്കുന്നു. പെട്രോകെമിക്കല്‍സ് ബിസിനസിലുള്ള അമിതാശ്രയം കുറയ്ക്കാനാണ് റീട്ടെയില്‍ മേഖലയിലും ടെലികോം മേഖലയിലും അംബാനി പയറ്റാനെത്തിയത്. കല്‍ക്കരി, വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പയറ്റിത്തെളിഞ്ഞ ആളാണ് അദാനി. ഇരുവരും ഇപ്പോള്‍ പുനഃചക്രംമണം ചെയ്യാവുന്ന ഊര്‍ജസ്രോതസുകള്‍, മാധ്യമങ്ങള്‍ എന്നീ രംഗങ്ങളില്‍ ഏറ്റുമുട്ടുന്നുമുണ്ട്. എന്നാല്‍ അടുത്തിടെ അദാനി ഗ്രൂപ്പിന് നേരിട്ടു ജനങ്ങളോട് ഇടപെടുന്നതരം ബിസിനസിലുള്ള താത്പര്യം കൂടി വരുന്നതായി മുംബൈയിലെ വിശകലന കമ്പനിയായ മോട്ടിലാല്‍ ഓസ്‌വാളിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ വിൽപന കമ്പനി എന്നതിനപ്പുറം, ജനങ്ങളോട് അടുത്തു പെരുമാറാനായിരിക്കും അദാനി ഗ്രൂപ്പ് ശ്രമിക്കുക.

 

∙ അത്തരം പദ്ധതിയില്ലെന്ന് അദാനി ഗ്രൂപ്പ്

തങ്ങള്‍ക്ക് ടെലികോം മേഖലയില്‍ അംബാനിയുമായി ഏറ്റുമുട്ടാനുള്ള ഉദ്ദേശ്യമൊന്നുമില്ലെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു കഴിഞ്ഞു. പല വിശകലന വിദഗ്ധരും അതിനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്യുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തൽ പ്രകാരം ഇപ്പോള്‍ 4ജി മേഖലയില്‍ ഇല്ലാത്ത ആര്‍ക്കെങ്കിലും കടന്നു വരാവുന്ന ഒരു സാഹചര്യമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. തീരെ കുറഞ്ഞ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ പണമാണ് ലഭിക്കുക (പ്രതിമാസം 2 ഡോളര്‍). വേണ്ടത്ര സ്‌പെക്ട്രം ഇല്ല. അങ്ങനെയെല്ലാം നോക്കിയാല്‍ നിക്ഷേപത്തില്‍നിന്ന് കാര്യമായി ഒന്നും തിരിച്ചു കിട്ടാനില്ല. ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ജിയോയും രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലും തരക്കേടില്ലാത്ത നിലയിലാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ തകര്‍ച്ചയുടെ വക്കില്‍നിന്ന് കഷ്ടി രക്ഷപ്പെട്ടു നില്‍ക്കുന്നത് സർക്കാരിന്റെ ഇടപെടല്‍ മൂലമാണ്.

∙ പ്രതിമാസം വെറും 160 രൂപ ഒരു വരിക്കാരനില്‍നിന്നു നേടാന്‍ കോടികള്‍ എറിയണോ?

അതേസമയം, വോഡഫോണിന് മികച്ച നിലയിലെത്തണമെങ്കില്‍ ഇനിയും കോടികള്‍ എറിയണം. പക്ഷേ, എന്തിനു വേണ്ടി? ഏകദേശം 160 രൂപ ഒരു വരിക്കാരനില്‍നിന്നു പ്രതിമാസം കിട്ടാന്‍. അതാണ് ജിയോയ്ക്ക് ഇപ്പോള്‍ കിട്ടുന്ന തുക. അതുകൊണ്ടുതന്നെ അദാനി ഗ്രൂപ്പിന് ഈ മേഖല ആകര്‍ഷകമായേക്കില്ല എന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിശകലന വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, അതായിരിക്കില്ല വ്യവസായ സ്ഥാപനങ്ങള്‍ക്ക് 5ജി എത്തിച്ചു കൊടുക്കുന്ന ബിസിനസിലെ സാധ്യത. അതിനാണ് തങ്ങള്‍ ഇറങ്ങുന്നതെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. പല വിശകലന വിദഗ്ധരും അതാണ് സത്യമെന്നും കരുതുന്നു.

∙ 5ജി ലൈസന്‍സിന് വേറെയും ഗുണങ്ങള്‍

അദാനിയുടെ പുനഃചംക്രമണം ചെയ്യാവുന്ന ഊര്‍ജ മേഖലയ്ക്കും 5ജി ലൈസന്‍സ് ഗുണം ചെയ്യും. മലിനീകരണമില്ലാത്ത ഊര്‍ജോത്പാദനത്തിനും ഡേറ്റാ സെന്റര്‍ ബിസിനസിനുമായി അദാനി ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത് 7000 കോടി ഡോളറാണ്. ഏറ്റവുമധികം വൈദ്യുതി വേണ്ട ബിസിനസുകളിലൊന്നാണ് ഡേറ്റാ സെന്ററുകള്‍. അതേസമയം, ഈ ഡേറ്റാ സെന്ററുകളുമായി അതിവേഗ 5ജി ഡേറ്റാ ബന്ധം സ്ഥാപിക്കുന്നതു ഗുണകരമായിരിക്കുമെന്നും എടുത്തു പറയേണ്ട കാര്യമില്ല. അദാനി ഗ്രൂപ്പ് ഇറക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ആപ്പിന്റെ കാര്യത്തിലും 5ജി ലൈസന്‍സ് ഗുണം ചെയ്‌തേക്കും. തങ്ങള്‍ 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത് എയര്‍പോര്‍ട്ടുകളിലെയും പോര്‍ട്ടുകളിലെയും ലോജിസ്റ്റിക്‌സ് മേഖലയിലെയും വൈദ്യുതി ഉത്പാദന-വിതരണ രംഗത്തെയും മറ്റു നിര്‍മാണ മേഖലകളിലെയും സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി മാത്രമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഇതെല്ലാമാണ് ഇപ്പോഴത്തെ അവരുടെ പ്രധാന ബിസിനസ് മേഖലകള്‍.

തങ്ങള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചു കിട്ടിയാല്‍ അത് വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലും പ്രയോജനപ്പെടുത്തുമെന്നും കമ്പനി പറയുന്നു. അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയും കുടുംബവും 60,000 കോടി രൂപ (770 കോടി ഡോളര്‍) അദാനി ഫൗണ്ടേഷനിലേക്കു വകമാറ്റുമെന്നും കമ്പനി പറഞ്ഞു. ഈ തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടും.

∙ അദാനിയുടെ ലക്ഷ്യങ്ങള്‍ അത്ര നിഷ്‌കളങ്കമോ?

ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കുകൊള്ളാന്‍ അദാന ഗ്രൂപ്പ് എത്തുന്നത് അത്ര നിഷ്‌കളങ്ക ലക്ഷ്യങ്ങളുമായാണോ എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 5ജി എത്തിച്ചു നല്‍കുന്ന ക്യാപ്റ്റീവ് നോണ്‍-പബ്ലിക് നെറ്റ്‌വര്‍ക്കുകള്‍ക്ക് എന്‍ട്രി ഫീ ഇല്ലാതെ സർക്കാർ 10 വര്‍ഷത്തേക്ക്  ലൈസന്‍സ് അനുവദിച്ചു നല്‍കുമെന്നിരിക്കെ എന്തിനാണ് അദാനി ഗ്രൂപ്പ് ലേലത്തിനെത്തുന്നത് എന്നാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യം. ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കുക എന്നുള്ളത് പണം മുടക്കുള്ള കാര്യമാണ്. കാരണം അത്തരം സ്‌പെക്ട്രം ഉപയോഗിച്ചാണ് കണ്‍സ്യൂമര്‍ മേഖലയിലും മറ്റും 5ജി ബിസിനസ് നടത്തേണ്ടത്. അദാനി ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നതു കൊണ്ടാണ് ചില വിശകലന വിദഗ്ധര്‍ ചോദിക്കുന്നത്. ഇത് കണ്‍സ്യൂമര്‍ വയര്‍ലെസ് മേഖലയിലേക്ക് അദാനി ഒരു പിന്‍വാതില്‍ പ്രവേശനം നടത്തുന്നതു പോലെയല്ലേ എന്ന്.

∙ അംബാനിയുടെ അടവ് പ്രയോഗിക്കാന്‍ അദാനിയും?

എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് 2010 ല്‍ ഒരു കൊച്ചു കമ്പനിയില്‍ അംബാനി നിക്ഷേപം ഇറക്കി. ഈ കമ്പനി ഇന്ത്യയിലെമ്പാടും ഇന്റര്‍നെറ്റ് എത്തിച്ചു നല്‍കാനുള്ള ലൈസന്‍സ് സമ്പാദിക്കുന്നു. (ഫോണ്‍ കോളുകള്‍ക്കല്ല.) എന്നാല്‍, 2013ല്‍ സർക്കാർ ഇങ്ങനെ ലൈസന്‍സ് സമ്പാദിച്ചവര്‍ക്ക് വോയിസ് സര്‍വീസസും അനുവദിച്ചു. പൊടുന്നനെ, എവിടെനിന്ന് എന്നറിയാതെ അംബാനി ടെലികോം മേഖലയിലേക്ക് രംഗപ്രവേശനം ചെയ്ത് അദ്ഭുതപ്പെടുത്തി. അദാനിയുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിച്ചേക്കാം എന്നാണ് ഒരു കൂട്ടം വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നത്.

∙ ഊഹാപോഹങ്ങള്‍ കെട്ടടങ്ങില്ല

കാര്യമായി സ്‌പെക്ട്രം ലഭിച്ചില്ലെങ്കിലും അദാനിക്ക് ടെലകോം മേഖലയിലുള്ള താത്പര്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പെട്ടെന്നെങ്ങും കെട്ടടങ്ങില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എത്തിച്ചുകൊടുക്കാനുള്ള ഉദ്ദേശ്യം മാത്രമേയുള്ളു എങ്കില്‍, അദ്ദേഹം 400 കോടി ഡോളറോ അതിലേറെയോ മുടക്കി 100 മെഗാഹെട്‌സ് സ്‌പെക്ട്രം ഇന്ത്യയൊട്ടാകെ വാങ്ങിയിടേണ്ട കാര്യമില്ലെന്ന് ഒരു കൂട്ടം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, അദ്ദേഹത്തിന് കണ്‍സ്യൂമര്‍ മേഖലയില്‍ കണ്ണുണ്ടെങ്കില്‍ അതിപ്പോള്‍ത്തന്നെ വിളിച്ചു പറയുന്നത് അനാവശ്യ ശ്രദ്ധ ക്ഷണിച്ചുവരുത്തുകയും ചെയ്യും.

∙ അംബാനി തെളിച്ച പാത

അംബാനി 2010ല്‍ സ്‌പെക്ട്രം വാങ്ങിയെങ്കിലും ആറു വര്‍ഷത്തിനു ശേഷം 2016ലാണ് രാജകീയമായി രംഗപ്രവേശനം ചെയ്തത്. അംബാനി-അദാനി പോര് നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയും ആകാംക്ഷയും സജീവമായി നിലനിര്‍ത്തുക വഴി വിപണിയുടെ മൂല്യം വര്‍ധിപ്പിക്കാം. പ്രതിമാസം 160 രൂപ എന്ന ദയനീയ സ്ഥിതിയില്‍ വോഡഫോണ്‍-ഐഡിയയ്ക്ക് അധികം കാലം പിടിച്ചു നില്‍ക്കാനായേക്കില്ല. അത്തരം ഒരു ഘട്ടമെത്തിയാല്‍ വോഡഫോണ്‍-ഐഡിയയെ തഞ്ചത്തില്‍ റാഞ്ചിയും അദാനി ഗോദായിലേക്ക് ഇറങ്ങിയേക്കാം. ചുരുക്കിപ്പറഞ്ഞാല്‍ അംബാനിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊണ്ട് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്ന ശാന്തത ഇന്ത്യന്‍ ടെലികോം മേഖലയില്‍ അധിക കാലം നീണ്ടേക്കില്ല.

English Summary: Is Adani hoping to make a backdoor entry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com