ADVERTISEMENT

ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്കു പോയേക്കാമെന്ന് മാസങ്ങളായി നിലനില്‍ക്കുന്ന സൂചന ജൂലൈ 22ന് കൂടുതല്‍ ബലപ്പെട്ടു. ജനപ്രിയ സമൂഹമാധ്യമമായ സ്‌നാപ്ചാറ്റിന്റെ കഴിഞ്ഞ പാദത്തിലെ നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകയും അസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള ഭീതി കമ്പനി മേധാവി മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ, സിലിക്കന്‍ വാലി കമ്പനികള്‍ക്ക് മൊത്തത്തില്‍ ഇന്നലെ മാത്രം 8000 കോടി ഡോളറിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ലക്ഷ്യം കാണാനാകാതെ സ്‌നാപ്ചാറ്റ്

ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സാമ്പത്തിക ലക്ഷ്യം നേടാനാകാതിരുന്നത് എന്തുകൊണ്ടാണ് എന്നതിന് സ്‌നാപ് നല്‍കിയ വിശദീകരണമാണ് ടെക്‌നോളജി കമ്പനികള്‍ക്ക് ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്കു കാരണമായത്. അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ മാന്ദ്യവും ടിക്‌ടോക്കില്‍ നിന്നു നേരിടുന്ന കടുത്ത മത്സരവും ഐഫോണുകളില്‍ സ്വകാര്യതയ്ക്കായി വരുത്തിയ മാറ്റവും വിനയായി എന്ന് സ്‌നാപ് പറഞ്ഞു. മുന്നോട്ടുളള യാത്ര അവിശ്വസനീയമായ രീതിയില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ സ്‌നാപിന്റെ ഓഹരി 26 ശതമാനം ഇടിഞ്ഞു. കമ്പനിക്ക് 2022ല്‍ മൊത്തം ഉണ്ടായിരിക്കുന്നത് 70 ശതമാനം ഇടിവാണ്.

∙ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും അടക്കം നഷ്ടം

സ്‌നാപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത് പരസ്യങ്ങള്‍ വഴി വരുമാനം കൊയ്യുന്ന ടെക്‌നോളജി കമ്പനികള്‍ക്ക് മൊത്തത്തില്‍ ആഘാതമുണ്ടാക്കി. മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിയുടെ വിപണി മൂല്യം 5 ശതമാനം ഇടിഞ്ഞു. ഇത് 2500 കോടി ഡോളറാണ്. താരതമ്യേന വലിയ കമ്പനിയായ ഗൂഗിളിന് (ആല്‍ഫബെറ്റ്) ഇടിഞ്ഞത് 3 ശതമാനമാണ്. ഇത് 4000 കോടി ഡോളര്‍ വരും. ഈ ഭീമന്മാരെക്കാള്‍ ചെറിയ കമ്പനിയായ സ്‌നാപ്പിന്റെ നഷ്ടം 700 കോടി ഡോളറാണ്. സ്‌പോട്ടിഫൈ ടെക്‌നോളജി, റോബൊലൊക്‌സ്, ഷോപിഫൈ തുടങ്ങിയ കമ്പനികള്‍ക്കും ഏകദേശം 3 ശതമാനം നഷ്ടം നേരിട്ടു. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കുമായി അങ്കംവെട്ടുന്ന ട്വിറ്ററിന് 2 ശതമാനം ഓഹരിത്തകര്‍ച്ചയാണ് ഉണ്ടായത്.

∙ സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന് വാള്‍ സ്ട്രീറ്റ് ജേണലും

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണല്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ടെക്‌നോളജി ഭീമന്മാരായ ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ അടക്കം വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇരു കമ്പനികളും പുതിയ ജോലിക്കാരെ എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങള്‍ വഴി ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് 8000 കോടി ഡോളര്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ വില്‍പന വഴി ലാഭം കൊയ്യുന്ന ആപ്പിളിനെ ഇത് ബാധിച്ചിട്ടില്ലെന്നും കാണാം.

∙ ഡിസ്‌കൗണ്ടുകളുമായി ഓണ്‍ലൈന്‍ വ്യാപാര മേള ആരംഭിച്ചു

ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര മേള ആരംഭിച്ചു. ഷോപ്പിങ് ഭീമന്മാരായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫറുകളോടെ വില്‍പന തുടങ്ങി. ഒരു കാര്യം ശ്രദ്ധിക്കണം. ഉല്‍പന്നങ്ങളുടെ വിലകളില്‍ ഏതു സമയത്തും ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം. ക്യാമറകളിലും ലെന്‍സുകളിലും ഉള്ള ചില ഓഫറുകള്‍ ഇതാ:

സോണി എ7 മാര്‍ക് 2- 83,999 രൂപയ്ക്ക്: ഓഫറിനെക്കുറിച്ച് വായിക്കുന്നതിനു മുൻപ് ഇത് ഒരു പഴയ മോഡലാണെന്ന് അറിഞ്ഞിരിക്കണം. പുതിയ ക്യാമറകളുടെ ഓട്ടോഫോക്കസ് അടക്കമുള്ള ശേഷിയൊന്നും ഇതില്‍നിന്നു പ്രതീക്ഷിക്കേണ്ട. അതേസമയം, ഒരു ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ലെന്‍സോടു കൂടി ഇത്ര വിലക്കുറവില്‍ ഇന്ത്യയില്‍ വിറ്റിരിക്കാന്‍ ഇടയില്ല. ഈ 24.3-എംപി ക്യാമറയ്‌ക്കൊപ്പം സോണി 28-70 എംഎം എഫ്3.5-5.6 ലെന്‍സും ലഭ്യമാണ്. ഇതെഴുതുന്ന സമയത്ത് ഫ്‌ളിപ്കാര്‍ട്ടിലെ വിലയാണിത്. ബാങ്ക് ഓഫറുകളും മറ്റും ലഭിച്ചാല്‍ വില വീണ്ടും താഴും.

നിക്കോണ്‍ സെഡ് എഫ്‌സി കിറ്റ്-89,000 രൂപയ്ക്ക്: നിക്കോൺ കമ്പനിയുടെ 20.9 എംപി റെസലൂഷനുള്ള ക്രോപ് സെന്‍സര്‍ ക്യാമറയായ സെഡ്എഫ്‌സി ക്യാമറ കിറ്റ് ലെന്‍സിന് ഒപ്പം വാങ്ങുമ്പോള്‍ എംആര്‍പി 97,995.00 രൂപയാണ്. ഇതിപ്പോള്‍ ആമസോണില്‍ 89,000 രൂപയ്ക്കു ലഭിക്കും. ഇതിനു പുറമെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 1000 രൂപ കുറവ്, എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ കിഴിവ് തുടങ്ങി മറ്റ് ഓഫറുകളും ഉണ്ട്.

നിക്കോണ്‍ സെഡ് 85എംഎം 1.8 എസ് ലെന്‍സിന് 51,999 രൂപ: നിക്കോണ്‍ മിറര്‍ലെസ് ക്യാമറകള്‍ക്ക് അനുയോജ്യമായ പോര്‍ട്രെയ്റ്റ് ലെന്‍സായ സെഡ് 85എംഎം 1.8 എസ് ലെന്‍സ് 51,999 രൂപയ്ക്കാണ് ആമസോണില്‍ വില്‍ക്കുന്നത്. ലെന്‍സിന് 64,950 രൂപയാണ് എംആര്‍പി. മറ്റ് മൂന്ന് ഓഫറുകളും ഈ ഡിലീല്‍ ഉണ്ട്.

നിക്കോണ്‍ സെഡ് 50 ബോഡിക്കു മാത്രം 64,990 രൂപ: ലെന്‍സ് ഇല്ലാതെ ക്യാമറാ ബോഡി മാത്രം വാങ്ങുകയാണെങ്കില്‍ നിക്കോണ്‍ സെഡ് 50 ഇതെഴുതുന്ന സമയത്ത് 64,990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് ഓഫറുകളും ഉണ്ട്.

ക്യാനന്‍ ഇഒഎസ് ആര്‍പി 81,274 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍: ക്യാനന്‍ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയായ ആര്‍പി 81,274 രൂപയ്ക്ക് ഇപ്പോൾ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നു. ഈ 26.2 എംപി ക്യാമറയ്ക്ക് ഇതുവരെ വന്നിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലകളില്‍ ഒന്നാണിത്. ശ്രദ്ധിക്കുക, ലെന്‍സ് ഇല്ലാതെയാണ് ഇത്. മറ്റ് ബാങ്ക് ഓഫറുകളും മറ്റും പ്രയോജനപ്പെടുത്താനായാല്‍ വില വീണ്ടും കുറയും.

amazon-flipkart

∙ വണ്‍പ്ലസിന്റെ മറ്റൊരു 'ശക്തമായ' ഫോണ്‍ വരുന്നു - എയ്‌സ് പ്രോ

വണ്‍പ്ലസ് കമ്പനി പുതിയൊരു സീരീസ് ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന് വാര്‍ത്തകള്‍. പ്രീമിയം ഫോണുകള്‍ ആയിരിക്കും ഇവ. എയ്‌സ് സീരീസിലാണ് ഇവ പുറത്തിറങ്ങുക. സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 പ്രോസസറായിരിക്കും ഫോണിന് എന്നു പറയുന്നു. അതേസമയം, എയ്‌സ് എന്ന പേര് ചൈനയില്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. മറ്റു രാജ്യങ്ങളില്‍ ഇതിന് വണ്‍പ്ലസ് 10ടി എന്ന പേരായിരിക്കുമെന്നു വാദിക്കുന്നവരും ഉണ്ട്.

ഈ മോഡലിന് 16 ജിബി വരെ റാം ഉള്ള വേരിയന്റുകള്‍ ഉണ്ടായേക്കും. മറ്റൊരു സുപ്രധാന ഫീച്ചര്‍ 150w ചാര്‍ജിങ് സ്പീഡാണ്. ഓഗസ്റ്റ് 3നാണ് പുതിയ മോഡല്‍ ഇറക്കുക. എയ്‌സ് മോഡലിന് 50എംപി ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്.

∙ സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ വില്‍പന വിജയം തന്നെ - 1 കോടി ഫോണുകള്‍ വിറ്റു

ഇതുവരെ 1 കോടി ഫോള്‍ഡിങ് ഫോണുകള്‍ വിറ്റുവെന്ന് സാംസങ് ഇലക്ട്രോണിക്‌സ് വൈസ് പ്രസിഡന്റ് ടി.എം. റോ (T M Roh) പറഞ്ഞു. ഈ വര്‍ഷം 300 മടങ്ങ് വളര്‍ച്ചയാണ് ഈ വിഭാഗത്തിലുള്ള ഫോണുകളുടെ വില്‍പനയില്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വാവെയ്, ഷഓമി, ഒപ്പോ എന്നീ കമ്പനികളാണ് ഫോള്‍ഡിങ് ഫോണുകള്‍ വില്‍ക്കുന്ന മറ്റു പ്രമുഖ കമ്പനികള്‍.

English Summary: Snap Reports Dismal Ad Sales! Facebook’s Meta and Google Shares Fell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com