ADVERTISEMENT

ജനിച്ചത് ആയുര്‍വേദ വൈദ്യന്മാരുടെ കുടുംബത്തിലാണെങ്കിലും കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച് സോഫ്റ്റ്‌വെയര്‍ എൻജിനീയറായാണ് വിബിന്‍ അമേരിക്കയിലേക്ക് പറന്നത്. എന്നാലോ അവിടെ പരിചയപ്പെട്ട പലരും ഏറ്റവും ആവേശത്തോടെ സംസാരിച്ചതും ആവേശത്തോടെ അന്വേഷിച്ചതും ആയുര്‍വേദത്തെക്കുറിച്ചായിരുന്നു. ഇതോടെയാണ് വിബിന്റെ ഉള്ളില്‍ ലോകത്ത് എവിടെയിരുന്നുകൊണ്ടും ആയുര്‍വേദ ചികിത്സ സാധ്യമാക്കുന്ന ഒരു വെബ് സൈറ്റ് എന്ന ആശയം പിറക്കുന്നത്. അങ്ങനെയാണ് അമേരിക്കന്‍ മലയാളി സോഫ്റ്റ്‌വെയര്‍ എൻജിനീയറുടെ ആയുര്‍വേദത്തിനുള്ള സംഭാവനയായി ദ വൈദ്യര്‍ ഡോട്ട് കോം എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം പിറവിയെടുക്കുന്നത്.

 

∙ വൈദ്യരുടെ വഴി തുറന്ന കോവിഡ്

 

vaidyar

ഇങ്ങനെയൊരു ആശയവുമായി കോവിഡിന് മുൻപ് 2017ല്‍ സമീപിച്ചപ്പോള്‍ ഡോക്ടര്‍മാരില്‍ നിന്നടക്കമുള്ള പ്രതികരണങ്ങള്‍ അത്ര ആശാവഹമല്ലായിരുന്നു. ആയുര്‍വേദത്തില്‍ രോഗിയെ നേരില്‍ കാണാതെയുള്ള ഓണ്‍ലൈന്‍ പരിശോധന സാധ്യമല്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇത് സ്വാഭാവികമായും വിപിനെ നിരുത്സാഹപ്പെടുത്തി. കോവിഡിന്റെ വരവോടെ തകര്‍ന്നടിഞ്ഞ പലതിനുമൊപ്പം ആയുര്‍വേദ ഡോക്ടര്‍മാരുടെ ഈ സാമ്പ്രദായിക പിടിവാശിയും തകര്‍ന്നു. നേരത്തേ സംസാരിച്ച ഒരു ആയുര്‍വേദ ഡോക്ടര്‍ തന്നെ തിരിച്ചുവിളിച്ച് ഓണ്‍ലൈന്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന്‍ സാധ്യതയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ഇതിനകം തന്നെ പല രോഗികളും വിഡിയോ കോള്‍ വഴി ഡോക്ടറെ കാണുന്നതിനെക്കുറിച്ച് ആരാഞ്ഞതാണ് ഡോക്ടറെ അങ്ങനെയൊരു കോളിന് പ്രേരിപ്പിച്ചത്. അങ്ങനെയാണ് ആയുര്‍വേദത്തിലും പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ആകാമെന്ന് വലിയൊരു വിഭാഗം സമ്മതിച്ചത്.

 

പിന്നീട് 2020 അവസാനമായപ്പോഴേക്കും കോവിഡ് സമയത്തു തന്നെ ദ വൈദ്യര്‍ വഴി മുതിര്‍ന്ന പല ആയുര്‍വേദ ഡോക്ടര്‍മാരും രോഗികളുമായി സംസാരിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള രോഗികള്‍ക്ക് ഇവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ആവശ്യമുണ്ടെങ്കില്‍ മാത്രം നേരിട്ട് കാണണമെന്ന് പറഞ്ഞു. പ്രത്യേകതരം രോഗങ്ങള്‍ക്ക് വിദഗ്ധരായ മറ്റു ആയുര്‍വേദ ഡോക്ടര്‍മാരെ നിര്‍ദേശിക്കുകയും ചെയ്തു.

 

∙ വിരല്‍ തുമ്പിലെ വൈദ്യര്‍

 

ഏതൊരാള്‍ക്കും എളുപ്പത്തില്‍ ദ വൈദ്യര്‍ ഡോട്ട് കോമിലൂടെ ആയുര്‍വേദ ഡോക്ടറെ കാണാനാകും. പേരും കോണ്‍ടാക്ട് നമ്പറും ഇ മെയില്‍ വിലാസവും രോഗത്തെക്കുറിച്ചുള്ള ചെറു വിവരണം കൂടി നല്‍കിയാല്‍ ഡോക്ടറെ എപ്പോള്‍ കാണാമെന്ന് അറിയാനാകും. അപ്പോയിന്‍മെന്റിനൊപ്പം നേരത്തെ ഡോക്ടറെ കാണിച്ചതിന്റെ വിവരങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമെല്ലാം കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇത് രോഗികളെ പരിചരിക്കാന്‍ വരുന്ന ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. ഡോക്ടറെ കണ്ടുകഴിയുമ്പോള്‍ ആവശ്യമെങ്കില്‍ രോഗികള്‍ക്ക് മരുന്നിന്റെ പ്രിസ്‌ക്രിബ്ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

 

vaidyar-1

ഇപ്പോള്‍ മികച്ച പ്രതികരണമാണ് ദ വൈദ്യര്‍ ആപ്ലിക്കേഷന് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 800ലേറെ അപ്പോയിന്‍മെന്റുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ സാധിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും ഒരുപാട് അപ്പോയിന്‍മെന്റുകള്‍ ലഭിക്കുന്നുണ്ട്. അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം ദ വൈദ്യര്‍ വഴി ആയുര്‍വേദ ഡോക്ടര്‍മാരെ പലരും കാണുന്നു.

 

നിലവില്‍ ഇരുപതോളം ആയുര്‍വേദ ഡോക്ടര്‍മാരാണ് ദ വൈദ്യര്‍ ആപ്ലിക്കേഷനുമായി സഹകരിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യവും വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യോഗ്യതയുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അവരുടെ വിശദാംശങ്ങള്‍ സബ്മിറ്റ് ചെയ്യാം. അപ്പോള്‍ ദ വൈദ്യര്‍ ആപ്ലിക്കേഷന്റെ എക്‌സിക്യൂട്ടീവ് ഡോക്ടര്‍മാരുമായി ബന്ധപ്പെടുകയും വിശദാംശങ്ങള്‍ പറയുകയും ചെയ്യും. കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമാക്കാനുള്ള പദ്ധതിയിലാണ് ദ വൈദ്യരെന്നും വിബിന്‍ പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല കമ്പനിയുടെ സഹസ്ഥാപകന്‍ പ്രതീഷിനാണ്. 

 

∙ രോഗം കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും 

 

കേരളത്തിലെ വിശ്വസ്തതയുള്ള ആയുര്‍വേദ ഉത്പന്നങ്ങളുടെ ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കൂടുതല്‍ ആയുര്‍വേദ ഉത്പന്ന നിര്‍മാതാക്കളെ ഇതില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ലോകത്തെവിടേക്കും കേരളത്തിന്റെ സ്വന്തം ആയുര്‍വേദ മരുന്നുകള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏറെ താമസിയാതെ ഈ സ്വപ്‌നവും യാഥാര്‍ഥ്യമാവും.

 

കേരളത്തിലെ ആയുര്‍വേദത്തിനായി ഒരു പ്ലാറ്റ്‌ഫോം എന്നതാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ഏറ്റവും വലിയലക്ഷ്യം. ആയുര്‍വേദത്തിലെ മരുന്നുകളും അവയുടെ ലഭ്യതയും വിദഗ്ധരായ ഡോക്ടര്‍മാരും ചികിത്സാ സൗകര്യങ്ങളും ചികിത്സാ രീതികളുമെല്ലാം ഈ ആപ്ലിക്കേഷന് കീഴില്‍ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. അവയവങ്ങളുടെ പ്രത്യേകതകളും ശരീരത്തിലെ മാറ്റങ്ങളുമൊക്കെ തിരിച്ചറിഞ്ഞാണ് പല രോഗങ്ങളും ആയുര്‍വേദം കണ്ടെത്തുന്നത്. പ്രശ്‌നമുള്ള ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയാല്‍ രോഗം ഇമേജ് റെക്കഗ്നിഷന്‍ വഴി കണ്ടെത്താനാവുമോ എന്ന സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തിലായിരിക്കും ഇത് സാധ്യമാവുക. ഇതേക്കുറിച്ചുള്ള പഠനവും നടക്കുന്നുണ്ട്. 

 

വിദേശത്തു നിന്നും കണ്‍സള്‍ട്ടേഷന്‍ നടത്തുന്നവര്‍ക്ക് രണ്ട് രീതിയിലാണ് ദ വൈദ്യര്‍ വഴി മരുന്നുകള്‍ ലഭിക്കുന്നത്. ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ പലയിടത്തും ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാണ്. അല്ലാത്തിടങ്ങളിലേക്ക് ഡിസ്റ്റകാര്‍ട്ട് പോലുള്ളവയുടെ സേവനവും ഉപയോഗിക്കുന്നു. 

 

∙ വൈദ്യരുടെ സ്റ്റാര്‍ട്ടപ്പ് പ്രതീക്ഷ

 

ദ വൈദ്യര്‍ സംരംഭത്തിന് സ്റ്റാര്‍ട്ടപ്പ് കേരളയുടേയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഓഫിസ് സ്‌പേസ് വാടകയ്ക്ക് നല്‍കാമെന്ന് സ്റ്റാര്‍ട്ടപ്പ് കേരള വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യത്തെ ആറ് മാസമോ അല്ലെങ്കില്‍ ഒരു വര്‍ഷമോ കുറച്ചുകൂടി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും വിബിന്‍ മുന്നോട്ടുവെക്കുന്നു. മികച്ച നിക്ഷേപങ്ങള്‍ ലഭിക്കും വരെ പിടിച്ചു നില്‍ക്കാന്‍ ഇത് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും.

 

പാരമ്പര്യ വൈദ്യന്മാരുടെ കുടുംബമാണ് വിബിന്റേതും ഭാര്യ ശ്രീക്കുട്ടിയുടേതും. പഴയ ലിപിയിലും ഓലയിലും എഴുതിയ ആയുര്‍വേദ മരുന്നിന്റേയും ചികിത്സയുടേയും വിവരങ്ങള്‍ ഇവരുടെ വീടുകളിലും പല ബന്ധുക്കളുടെ കൈവശവുമൊക്കെയുണ്ട്. ഇത്തരം വിവരങ്ങള്‍ കൂടി ഡിജിറ്റലായി സൂക്ഷിച്ചുകൊണ്ട് വരും തലമുറക്ക് കൂടുതല്‍ ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റാനുള്ള പരിശ്രമങ്ങളും ദ വൈദ്യരുടെ ഭാഗമായി നടക്കുന്നു.

 

English Summary: The Vaidyar - Kerala Ayurveda, Online Consultation and Health Advice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com