ADVERTISEMENT

ഏറ്റവും മികച്ച 5 ജി നെറ്റ്‌വർക്ക് ഒരുക്കി ‍ഡിജിറ്റൽ കണക്ടിവിറ്റിയുടെ കാര്യത്തിൽ ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാനാണ് റിലയൻസ്‍ ജിയോ ഒരുങ്ങുന്നതെന്ന് റിലയന്‍സ് ഇന്‍ഫോകോം. തിങ്കളാഴ്ച സമാപിച്ച 5ജി ലേലത്തില്‍ 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 1800 മെഗാഹെട്‌സ്, 3300 മെഗാഹെട്‌സ്, 26 ഗിഗാഹെട്‌സ് ബാന്‍ഡ് എന്നീ സ്‌പെക്ട്രങ്ങളാണ് ജിയോ വാങ്ങിയത്. 

‌‌‌∙ ഇന്ത്യ: ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണി

5ജി ലേലത്തില്‍ 1100 കോടി ഡോളറാണ് ജിയോ ഇറക്കിയിരിക്കുന്നത്. ഇതുവഴി, ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയായ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി തുടരാന്‍ ജിയോയ്ക്ക് സാധിക്കും. ലേലത്തില്‍ മൊത്തം 1900 കോടി ഡോളറാണ് സർക്കാരിനു ലഭിച്ചിരിക്കുന്നത്. 5ജി വരുന്നതോടെ, നിലവിലുളള 4ജി വേഗത്തിന്റെ 10 ഇരട്ടി വേഗം വരെ പ്രതീക്ഷിക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഒക്ടോബറില്‍ത്തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നും പറയുന്നു. (ഇനി 4 ജി ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങരുത് എന്ന മുന്നറിയിപ്പിന്റെ പ്രധാന കാരണം ഇതാണ്).

∙ വയര്‍ലെസ് മേഖലയില്‍ ഇന്ത്യ ഒന്നാമത് എത്തുമോ?

ഇന്ത്യയെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വിതരണത്തില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളായിരിക്കും തങ്ങള്‍ നടത്തുക എന്ന് റിലയന്‍സ് ഇന്‍ഫോകോം പറഞ്ഞു. കുറഞ്ഞ സമയത്തിനിടയില്‍ ഏറ്റവും വിപുലമായ 4ജി ശൃംഖല പടുത്തുയർത്തിയത് അടക്കം ആറു വര്‍ഷം കൊണ്ട് നിരവധി റെക്കോർഡുകളാണ് ലോക ടെലികോം മേഖലയില്‍ ജിയോ തകര്‍ത്തത്. മികച്ച ഗുണനിലവാരമുള്ള 4ജി/ഡിജിറ്റല്‍ സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ മാസവരിക്ക് 40 കോടി പേര്‍ക്കു നല്‍കുന്നു എന്നും കമ്പനി പറയുന്നു. ഈ നേട്ടം 5 ജിയിലും ആവർത്തിച്ച് ലോകത്തെ തന്നെ ഏറ്റവും മികവുറ്റ സേവനദാതാവാകാനാണ് ജിയോ ശ്രമിക്കുന്നത്.

∙ 5 ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിനും താങ്ങ്  

ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രമങ്ങളിലൊന്ന് 5 ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനാണ്. അതിനുള്ള കുതിപ്പിനു പിന്‍ബലമേകാനും സാധിക്കുമെന്ന് റിലയന്‍സ് ഇന്‍ഫോകോം കരുതുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാകും ഇന്ത്യയെന്നു തങ്ങൾ വിശ്വസിക്കുന്നുവെന്ന് റിലയന്‍സ് ഇന്‍ഫോകോം മേധാവി ആകാശ് അംബാനി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ജിയോ സ്ഥാപിച്ചത്. ജിയോയുടെ സ്പീഡും വ്യാപനവും അത് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന മാറ്റവും ലോകത്ത് ഒരിടത്തും കാണാനാവില്ലെന്നും തങ്ങളുടെ അടുത്ത ലക്ഷ്യം ഇന്ത്യയെ 5ജി യുഗത്തിലേക്കു നയിക്കുക എന്നതാണെന്നും ആകാശ് പറഞ്ഞു. 

∙ അമൃത് മഹോത്സവ്

ഇന്ത്യയൊട്ടാകെ 5ജി എത്തിച്ച് ‘സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം’ കൊണ്ടാടാനാണ് ശ്രമിക്കുന്നതെന്ന് ആകാശ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ചതും വില കുറഞ്ഞതും കാര്യക്ഷമവുമായ 5ജി സേവനം ലഭ്യമാക്കാനാണ് ജിയോ ഒരുങ്ങുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിനു ശക്തമായ പിന്തുണ നൽകും. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, കൃഷി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും തങ്ങളുടെ സേവനങ്ങള്‍ കരുത്തു പകരുമെന്ന് റിലയന്‍സ് അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ ഒട്ടും മടിക്കാതെ സ്വീകരിക്കുന്നത് ഇന്ത്യയുടെ ഭാവിയെ ശോഭനമാക്കും.

∙ 5ജിയിലും നിരക്ക് കുറവ്?

4ജിയുടെ കാലത്ത് ഏറ്റവും താഴ്ന്ന നിരക്കുകളാണ് തങ്ങൾ അവതരിപ്പിച്ചതെന്നും അത് 5ജിയിലും തുടരുമെന്നും ജിയോ പറയുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും പരിവര്‍ത്തനത്തിന് ഇണങ്ങുന്ന തരം സാങ്കേതികവിദ്യകള്‍ നല്‍കാനായിരിക്കും കമ്പനി ശ്രമിക്കുക. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ക്കും ഇതുവഴി നേട്ടമുണ്ടാകുകയും ഇന്ത്യയുടെ കരുത്ത് പ്രദര്‍ശിപ്പിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യാം. 

∙ അതിനൂതന സാങ്കേതികവിദ്യ ഞൊടിയിടയില്‍ നല്‍കാമെന്ന് ജിയോ?

കമ്പനി നല്‍കാന്‍ പോകുന്ന 5ജി പൂര്‍ണമായും ഇന്ത്യയില്‍ സൃഷ്ടിച്ചെടുത്തതാണെന്ന് ജിയോ പറയുന്നു. അത് വികസിപ്പിച്ചിരിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും മനസ്സില്‍ കണ്ടാണ്. ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ 5ജി നല്‍കാന്‍ ജിയോ സജ്ജമാണ്. രാജ്യത്തുടനീളം ഫൈബര്‍ വിന്യസിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് അത് എളുപ്പത്തില്‍ സാധിക്കും. (ജിയോയുടെ എതിരാളികള്‍ 4ജി യുദ്ധത്തില്‍ പിന്നിലാകാനുള്ള കാരണങ്ങളിലൊന്ന് അവര്‍ നിലവിലുണ്ടായിരുന്ന 2 ജി, 3ജി നെറ്റ്‌വര്‍ക്കുകളെ 4ജി ആക്കി മാറ്റാന്‍ ശ്രമിച്ചതാണ്. ജിയോയ്ക്ക് അത്തരം ബാധ്യതകള്‍ ഒന്നും ഉണ്ടായിരുന്നില്ല).

അതുപോലെ പൂര്‍ണമായും പുതിയ സാങ്കേതികവിദ്യയായിരിക്കും 5ജിയിലും കൊണ്ടുവരിക. ഓള്‍-ഐപി (all-IP  (പാക്കറ്റ് സ്വിച്ഡ് നെറ്റ്‌വര്‍ക്ക് ടോപോളജി (topology) നെറ്റ്‌വര്‍ക്കുകള്‍, 4ജി അടിസ്ഥാന സൗകര്യങ്ങളെപ്പോലും പൊളിച്ചുകളഞ്ഞ് സമ്പൂര്‍ണ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കല്‍, ഇന്ത്യയില്‍ തന്നെ പരിപൂര്‍ണമായി വികസിപ്പിച്ച 5ജി സ്റ്റാക്ക് വിന്യസിക്കല്‍, വേണ്ടപ്പോള്‍ ഏതു വിദേശ കമ്പനിയുടെ സഹായവും സ്വീകരിക്കാമെന്ന തീരുമാനം തുടങ്ങിയവയാണ് 5ജിയുമായി ബന്ധപ്പെട്ട് ജിയോ നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍.

∙ സ്‌പെക്ട്രത്തിനായി മുടക്കുന്നത് 88,078 കോടി

അടുത്ത 20 വര്‍ഷത്തേക്ക് 5ജി സ്‌പെക്ട്രം ഉപയോഗിക്കാനായി കമ്പനി ചെലവിടുന്നത് 88,078 കോടി രൂപയാണ്. ഇത് 20 ഗഡുക്കളായി നല്‍കണമെന്നാണ് സർക്കാർ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇതിന്റെ പലിശ പ്രതിവര്‍ഷം 7.2 ശതമാനം ആയിരിക്കുമെന്നും പറയുന്നു. ഏവര്‍ക്കും (ബിസിനസ് സ്ഥാപനങ്ങള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും) 5ജി നല്‍കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് കമ്പനി പറയുന്നു. 

Photo: Jio
Photo: Jio

ലോ-ബാന്‍ഡ്, മിഡ്-ബാന്‍ഡ്, എംഎംവേവ് സ്‌പെക്ട്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആഴത്തില്‍ വിന്യസിച്ചിരിക്കുന്ന ഫൈബര്‍ നെറ്റ്‌വര്‍ക്കുമായി ഇതിനെ ഇണക്കുകയും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച 5ജി ഇതുമായി കോര്‍ത്തിണക്കുകയു ചെയ്യുമ്പോള്‍ രാജ്യത്തെവിടെയും 5ജി എത്തിക്കാന്‍ സജ്ജമാണെന്നും ജിയോ പറഞ്ഞു. പുതിയതായി വാങ്ങിയ സ്‌പെക്ട്രം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ജിയോയുടെ പരിധി 26,772 മെഗാഹെട്‌സ് (അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക്) ആയി വര്‍ധിച്ചുവെന്നും പറയുന്നു. ഇത് രാജ്യത്ത് മറ്റൊരു കമ്പനിക്കും ഇല്ല. ആധുനിക സാങ്കേതികവിദ്യയിലാണ് ഇന്ത്യയുടെ ഭാവി എന്നു ഉറപ്പിച്ചു പറയുന്ന ജിയോ പുതിയൊരു സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത് ഇന്ത്യയെ മുന്നിലെത്തിക്കുമോ എന്നതു കാത്തിരുന്നു കാണാം.

English Summary: Jio buys spectrum for Rs 88,078 crore, geared up for 5G rollout in shortest time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com