ADVERTISEMENT

പ്രതിദിനം 2.5 ജിബി ഡേറ്റ നല്‍കുന്ന പ്ലാന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഈ ഓഫര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 'ഫ്രീഡം റീചാര്‍ജ് പ്ലാന്‍' എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചത്. ഫ്രീഡം പ്ലാന്‍ 365 ദിവസത്തേക്കാണ്. മൊത്തം 912.5 ജിബി ഡേറ്റയാണ് ലഭിക്കുക. പക്ഷേ പ്രതിദിനം 2.5 ജിബി മാത്രമായിരിക്കും അതിവേഗ ഡേറ്റ ലഭിക്കുക. അതു തീര്‍ന്നാല്‍ തുടര്‍ന്നും 64 കെബിപിഎസ് സ്പീഡില്‍ നെറ്റ് പ്രവര്‍ത്തിക്കും. 2999 രൂപയാണ് പ്ലാൻ നിരക്ക്.

 

∙ 75 ജിബി അധിക ഡേറ്റ അടക്കം 3,000 രൂപയുടെ ബെനഫിറ്റ്‌സ്

 

ജിയോയുടെ കണക്കു പ്രകാരം ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി 3,000 രൂപയുടെ അധിക ബെനഫിറ്റ്‌സും നല്‍കുന്നു. ഇതില്‍ 75 ജിബി അധിക ഡേറ്റയും ഉള്‍പ്പെടും. ഇതിന് 750 രൂപയായിരിക്കും വില എന്നു കമ്പനി പറയുന്നു. കൂടാതെ, ഒരു വര്‍ഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഇതിന് 499 രൂപയാണ് പ്രതിവര്‍ഷം ഈടാക്കുന്നത്. പുറമെ എജിയോയില്‍ (Ajio) 750 രൂപ കിഴിവ് നല്‍കും. നെറ്റ്‌മെഡ്‌സില്‍ (Netmeds) 750 രൂപ, ഇക്‌സിഗോയില്‍ (Ixigo) 750 രൂപ എന്നിങ്ങനെയും കിഴിവുകള്‍ ഫ്രീഡം പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കും. ഇവ കൂടാതെ, മിക്ക ജിയോ പ്ലാനുകള്‍ക്കും ഒപ്പം ലഭിക്കുന്ന എല്ലാ ബെനഫിറ്റ്‌സും ലഭിക്കും. ജിയോടിവി, ജിയോസെക്യുരിറ്റി, ജിയോസിനിമ, ഫ്രീ കോള്‍സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മൈജിയോ ആപ് തുറന്നാല്‍ പുതിയ ഓഫര്‍ അവിടെ കാണാന്‍ സാധിക്കും.

 

∙ 12,000 രൂപയ്ക്കു താഴെയുള്ള ഫോണുകള്‍ നിരോധിക്കാന്‍ തത്കാലം പദ്ധതിയില്ലെന്ന് സർക്കാർ

 

സ്മാര്‍ട് ഫോണ്‍ വില്‍പനക്കാരെയും വാങ്ങലുകാരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനുള്ള അവകാശം ഇന്ത്യയിലെ കമ്പനികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ പോകുകയാണ് എന്നത്. എന്നാല്‍, 12,000 രൂപയില്‍ താഴെ വിലവരുന്ന ചൈനീസ് നിര്‍മിത ഫോണുകള്‍ നിരോധിക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് സർക്കാർ പറഞ്ഞുവെന്ന് സിഎന്‍ബിസി ടിവി18ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഷഓമി, വിവോ, ഒപ്പോ, വാവെയ് തുടങ്ങിയ പല ചൈനീസ് ഫോണ്‍ നിര്‍മാണ കമ്പനികളിലും സർക്കാർ ഏജന്‍സികളുടെ റെയ്ഡ് തുടരുകയുമാണ്.

 

∙ നതിങ് ഫോണ്‍ (1) തുടക്കത്തിലേ വിവാദത്തില്‍

 

ഈ വര്‍ഷം ഇതുവരെ പുറത്തിറക്കിയ സ്മാര്‍ട് ഫോണുകളില്‍ ലോകമെമ്പാടും ഏറ്റവുമിധകം ശ്രദ്ധയാകര്‍ഷിച്ചത് നതിങ് ഫോണ്‍ (1) ആണെന്നു പറയാം. ഫോണിന്റെ വേറിട്ട നിര്‍മാണ രീതിയും വിലയും എല്ലാം ചര്‍ച്ചാവിഷയമായിരുന്നു. എന്നാലിപ്പോള്‍ ഹാന്‍ഡ്‌സെറ്റിന്റെ മികവുകളില്‍ ഒന്നായി ഉയര്‍ത്തിക്കാട്ടിയ ഒരു ഫീച്ചറിന്റെ കാര്യത്തില്‍ തിരുത്തു നല്‍കിയിരിക്കുകയാണ് നതിങ്. തങ്ങളുടെ ഹാന്‍ഡ്‌സെറ്റിന് എച്ഡിആര്‍ കണ്ടെന്റ് കാണുമ്പോള്‍ 1200 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസ് ലഭിക്കുമെന്നായിരുന്നു കമ്പനി ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ചത്.

 

അവരുടെ വെബ്‌സൈറ്റിലും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്. എന്നാപ്പോള്‍ അതിന് തിരുത്തു വരുത്തിയിരിക്കുകയാണ്. ഫോണിന് പരമാവധി ലഭിക്കുന്നത് 500 നിറ്റ്‌സ് മാത്രമാണെന്ന് കമ്പനി തങ്ങളുടെ പ്രോഡക്ട് പേജില്‍ മാറ്റം വരുത്തി അറിയിച്ചുവെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. എച്ഡിആര്‍ കണ്ടെന്റ് കാണുമ്പോള്‍ ഇത് 700 നിറ്റ്‌സ് ആയി വര്‍ധിക്കും. അതേസമയം, 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് അടക്കമുള്ള മറ്റു ഫീച്ചറുകള്‍ക്കൊന്നും മാറ്റമില്ലെന്നുള്ളത് അല്‍പം ആശ്വാസം പകരുന്നു.

 

∙ വണ്‍പ്ലസ് 10ടിയുടെ 16 ജിബി വേര്‍ഷന്‍ അടുത്തയാഴ്ച വില്‍പനയ്ക്ക്

 

വണ്‍പ്ലസ് 10ടി സ്മാര്‍ട് ഫോണിന് 8 ജിബി, 12 ജിബി റാമുള്ള വേര്‍ഷനുകളാണ് വില്‍പനയ്‌ക്കെത്തുക എന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാലിപ്പോള്‍ കമ്പനി പറയുന്നത് 16 ജിബി റാമുള്ള വേര്‍ഷനും അടുത്തയാഴ്ച വില്‍പനയ്ക്ക് എത്തുമെന്നാണ്. ഈ സീരീസിലെ ഏറ്റവും വില കൂടിയ ഫോണായിരിക്കും ഇത്. ഈ 16 ജിബി/256 ജിബി വേര്‍ഷന് 55,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഫോണിന്റെ 12 ജിബി വേര്‍ഷന് വില 54,999 രൂപയാണ്. എന്നാല്‍, 9ജിബി വേര്‍ഷന് വിലയിട്ടിരിക്കുന്നത് 49,999 രൂപയാണ്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 5000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു. വണ്‍പ്ലസിന്റെ വെബ്‌സൈറ്റ് വഴിയും ആമസോണ്‍ വഴിയും ഇത് ലഭ്യമാകും. സ്‌നാപ്ഡ്രഗണ്‍ 8 പ്ലസ് ജെന്‍ 1 ആണ് വണ്‍പ്ലസ് 10ടി സീരീസിലെ ഫോണുകളുടെ പ്രോസസര്‍.

 

∙ ട്വിറ്റര്‍ വാങ്ങല്‍ നടക്കുന്നില്ലെങ്കില്‍ താന്‍ വിറ്റ ടെസ്‌ലയുടെ ഓഹരി തിരിച്ചു വാങ്ങാമെന്ന് മസ്‌ക്

 

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ കുറച്ച് ഓഹരി വിറ്റിരുന്നു. പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാനായിരുന്നു 690 കോടി ഡോളര്‍ വില വരുന്ന ഓഹരി വിറ്റത്. ഇപ്പോള്‍ ട്വിറ്റര്‍ വാങ്ങല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനിയിലാണ്. ട്വിറ്റര്‍ വാങ്ങല്‍ നടക്കുന്നില്ലെങ്കില്‍ താന്‍ വിറ്റ ഓഹരി തിരിച്ചു വാങ്ങാമെന്നാണ് മസ്‌ക് ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ടെസ്‌ലയുടെ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

 

∙ വികസ്വര രാജ്യങ്ങളില്‍ ക്രിപ്‌റ്റോകറന്‍സി നിയന്ത്രിക്കണമെന്ന് യുഎന്‍ ഏജന്‍സി

 

വികസ്വര രാജ്യങ്ങളില്‍ ക്രിപ്‌റ്റോ നാണയ ഇടപാടുകള്‍ കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ഡവലപ്‌മെന്റ് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ നാണയ വ്യവസ്ഥയ്ക്ക് ചില ഗുണങ്ങളൊക്കെയുണ്ടെങ്കിലും അവയുടെ വിലയിലെ അസ്ഥിരത വികസ്വര രാജ്യങ്ങള്‍ക്ക് വിനയാകാമെന്നാണ് ഏജന്‍സി പറഞ്ഞിരിക്കുന്നത്.

 

∙ ക്രിപ്‌റ്റോ ഇടപാടു സ്ഥാപനങ്ങള്‍ 1000 കോടി കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിരിക്കാം– ഇഡി അന്വേഷണം

 

തുടക്കം മുതല്‍ ക്രിപ്‌റ്റോ നാണയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച രാജ്യങ്ങളിലൊന്നായ ഇന്ത്യ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍. രാജ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോള്‍ പത്തോളം ക്രിപ്‌റ്റോ ഇടപാടു സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുകയാണ്. ഇവ ഏകദേശം 1000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്പനികളില്‍ പലതിനും ചൈനാ ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വാസിര്‍സ് (WazirX) കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

 

∙ സ്വന്തമായി കൂടുതല്‍ പോഡ്കാസ്റ്റുകള്‍ സ്ട്രീം ചെയ്യാന്‍ ആപ്പിള്‍

 

മറ്റെങ്ങും ലഭ്യമല്ലാത്ത പോഡ്കാസ്റ്റുകള്‍ തങ്ങളുടെ ആപ്പിള്‍ ടിവി പ്ലസ് പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ആപ്പിള്‍ കമ്പനി എന്ന് ബ്ലൂംബര്‍ഗ്. പുലിറ്റ്‌സര്‍ പ്രൈസ് സമ്മാന ജേതാവായ കമ്പനിയായ ഫ്യൂച്‌റോ സ്റ്റുഡിയോസുമായി (Futuro Studios) ആപ്പിള്‍ ഒരു കരാറിലേര്‍പ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപോലെ കൂടുതല്‍ കമ്പനികളുമായി യോജിച്ചായിരിക്കും പുതിയ പോഡ്കാസ്റ്റുകള്‍ കസ്റ്റമര്‍മാര്‍ക്ക് നല്‍കുക. ഏകദേശം 10 ദശലക്ഷം ഡോളറിനുള്ള കരാറുകള്‍ ഒപ്പിടാനുള്ള നീക്കമാണ് ആപ്പിള്‍ ഇപ്പോള്‍ നടത്തുന്നത്. 

 

∙ പണപ്പെരുപ്പം പ്രതീക്ഷിച്ച ആഘാതമുണ്ടാക്കിയില്ലെന്ന ആശ്വാസത്തില്‍ നിക്ഷേപകര്‍

 

അമേരിക്കയിലെ പ്രമുഖ ടെക്‌നോളജി കമ്പനികളിലടക്കം നിക്ഷേപിച്ചിരിക്കുന്നവര്‍ ആശ്വാസത്തിലാണെന്ന് റോയിട്ടേഴ്‌സ്. അമേരിക്കയിലെ പണപ്പെരുപ്പനിരക്ക് മയമുള്ളതാണെന്നാണ് (soft) പുതിയ വിലയിരുത്തല്‍. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.3 ശതമാനമാണ് എന്നാണ് അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചത്. ഇത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

English Summary: Reliance Jio Prepaid Plan, Independence Day Offer: Free perks worth Rs 3000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com