ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇനി മുതൽ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിൽ നിർണായക തീരുമാനം അഡ്മിനിന്റേതായിരിക്കും.
‘പുതിയ അംഗങ്ങളെ അംഗീകരിക്കുക' എന്ന പുതിയ ഓപ്ഷൻ വഴി ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാമെന്ന് നിർണയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും. ഗ്രൂപ്പ് അഡ്മിൻമാർക്ക് സ്വകാര്യത ഉറപ്പാക്കാനും സ്പാം സന്ദേശങ്ങൾ കുറയ്ക്കാനും ഇത് എളുപ്പമാക്കും. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റാ v2.22.18.9 വാട്സാപ് പതിപ്പിൽ പുതിയ ഫീച്ചർ കണ്ടെത്തിയിട്ടുണ്ട്.
പുതിയ വാട്സാപ് ഫീച്ചറുകൾ ആദ്യം പുറത്തുവിടുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാമെന്ന് തീരുമാനിക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ട് എന്നാണ്. വാട്സാപ് ഗ്രൂപ്പ് സെറ്റിങ്സിൽ ‘പുതിയ അംഗങ്ങളെ അംഗീകരിക്കുക’ എന്ന ഓപ്ഷൻ ഉണ്ടായിരിക്കും. അവിടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഒരു പ്രത്യേക ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നുള്ള ഇൻകമിങ് റിക്വസ്റ്റുകൾ അംഗീകരിക്കാനോ നിരസിക്കാനോ കഴിയും.
മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മെസേജിങ് പ്ലാറ്റ്‌ഫോം പുതിയ സ്വകാര്യത ഫീച്ചർ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്. അഡ്‌മിനുകൾ ഒഴികെ ആരെരേയും അറിയിക്കാതെ തന്നെ സ്വകാര്യമായി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ വാട്സാപ് ഇക്കാര്യം മറ്റു അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ ഈ മാസം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.
English Summary: WhatsApp Group Admins Can Soon Approve or Reject New Participants on Android: Report