ADVERTISEMENT

ആപ്പിൾ ഐഫോണ്‍ ഉപയോഗിക്കുന്ന, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇതേക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് 9ടു5മാക്. ഫ്രീഡം മൊബൈല്‍സ് കമ്പനി നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് പുതിയ റിപ്പോര്‍ട്ട്. ഏകദേശം 130 ലേറെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടത് ഇവയാണ്.

 

∙ ഐഫോണ്‍ ഡിസേബിൾ ചെയ്യപ്പെട്ടിരിക്കുന്നു, ഐട്യൂണ്‍സുമായി കണക്ടു ചെയ്യുക

 

'ഐഫോണ്‍ ഈസ് ഡിസേബിൾഡ്, കണക്ടു ഐട്യൂണ്‍സ്' എന്ന പ്രശ്‌നമാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഇപ്പോള്‍ മുന്നിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിമാസം ഏകദേശം 42,000 പേരാണ് ഈ വിഷയത്തില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? തെറ്റായ പാസ്‌കോഡ് 10 തവണ അനുമാനിച്ച് നല്‍കുമ്പോഴാണ് ആപ്പിള്‍ ഐഫോണ്‍ ഡിസേബിൾ ചെയ്യുന്നത്.

 

∙ ഫോര്‍ഗോട്ട് ഐഫോണ്‍ പാസ്‌കോഡ്

 

ഐഫോണ്‍ കേന്ദ്രീകൃത പ്രശ്‌നങ്ങളില്‍ രണ്ടാമതുള്ളത് പാസ്‌കോഡ് മറന്നു എന്നുള്ളതാണ്. ഏകദേശം 38,000 പേരാണ് പ്രതിമാസം ഈ പ്രശ്‌നത്തെക്കുറിച്ച് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്നത്.

 

∙ ഫെയ്‌സ്‌ഐഡി നോട്ട് വര്‍ക്കിങ്

 

ഐഫോണ്‍ 10 മുതല്‍ പ്രീമിയം മോഡലുകളില്‍ അവ അണ്‍ലോക് ചെയ്യാനായി ഉപയോഗിക്കുന്ന സിസ്റ്റമാണ് ഫെയ്‌സ്‌ഐഡി. ഫെയ്‌സ്‌ഐഡി പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളതാണ് ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന മൂന്നാമത്തെ പ്രശ്‌നം. പ്രതിമാസം 32,000 പേരാണ് ഈ വിഷയം സേര്‍ച്ച് ചെയ്യുന്നത്.

 

∙ മറ്റ് സര്‍വസാധാരണമായ ചില പ്രശ്‌നങ്ങള്‍

 

അമേരിക്കയിലും യുകെയിലും നിന്നുള്ള ഉപയോക്താക്കള്‍ ഏറ്റവുമധികം പരാതിപ്പെടുന്നതും സര്‍വസാധാരണവുമായ ഒരു പ്രശ്‌നം ഐഫോണ്‍ നോട്ട് ചാര്‍ജിങ്, അല്ലെങ്കില്‍ ഐഫോണുകളിലേക്ക് ചാര്‍ജ് കയറുന്നില്ല എന്നുളളതാണ്. 'ഐഫോണ്‍ സ്റ്റക് ഓണ്‍ ആപ്പിള്‍ ലോഗോ' ആണ് മറ്റൊന്ന്. അതായത്, ഐഫോണ്‍ ഓണായി വരുമ്പോള്‍ കാണിക്കുന്ന ആപ്പിളിന്റെ ലോഗോയില്‍ എത്തിനില്‍ക്കുന്നു. ഫോണിന്റെ ഹോം സ്‌ക്രീനിലേക്ക് എത്തുന്നില്ല.

 

എയര്‍പോഡ്‌സ് നോട്ട് കണക്ടിങ് ടു ഐഫോണ്‍ ആണ് മറ്റൊരു പ്രശ്‌നം. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ്‌സ് ഐഫോണുമായി കണക്ടു ചെയ്യുന്നില്ല എന്നുള്ളതാണ് ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. മറ്റൊന്ന് ഐഫോണ്‍ വോണ്ട് ടേണ്‍ ഓണ്‍ (ഐഫോണ്‍ ഓണാകാന്‍ വിസമ്മതിക്കുന്നു). ലിക്വിഡ് ഡിറ്റക്ടഡ് ഇന്‍ ലൈറ്റ്‌നിങ് കണക്ടര്‍ (ആപ്പിളിന്റെ ഡേറ്റ, ചാര്‍ജിങ് കേബിളായ ലൈറ്റ്‌നിങ് കണക്ടറില്‍ ദ്രാവകം കണ്ടെത്തിയെന്നുള്ള മുന്നറിയിപ്പ്). കാര്‍പ്ലെ നോട്ട് വര്‍ക്കിങ് (കാര്‍പ്ലെ പ്രവര്‍ത്തിക്കുന്നില്ല). ഇവയാണ് ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഈ പ്രശ്നങ്ങളില്‍ ഏതെങ്കിലുമൊക്കെ എല്ലാ ഐഫോണ്‍ ഉപയോക്താക്കളും നേരിട്ടിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട് അനുമാനിക്കുന്നു. 

 

Photo: Google Event
Photo: Google Event

∙ വിഎല്‍സി നിരോധനം സത്യമോ?

 

ഏറ്റവും പ്രശസ്തമായ ഫ്രീ, ഓപ്പണ്‍ സോഴ്‌സ് മീഡിയ പ്ലെയറുകളില്‍ ഒന്നായ വിഎല്‍സി സർക്കാർ നിരോധിച്ചു എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. മീഡിയനാമ (MediaNama) എന്ന വെബ്‌സൈറ്റാണ് സർക്കാർ നിരോധിച്ചിരിക്കാമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇതിനു കാരണമായി പറഞ്ഞതാകട്ടെ വിന്‍ഡോസ് കംപ്യൂട്ടറില്‍ വിഎല്‍സിയുടെ ഡൗണ്‍ലോഡ് പേജില്‍ ചെല്ലാന്‍ സാധ്യമല്ല എന്നതുമാണ്. ഫെബ്രുവരി 2022 മുതല്‍ ഇത് സാധ്യമായിരുന്നില്ലെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളും പറയുന്നു.

 

ഫെബ്രുവരിയില്‍ 54 ചൈനീസ് ആപ്പുകളെ നിരോധിച്ച കൂട്ടത്തില്‍ വിഎല്‍സിയും നിരോധിക്കപ്പെട്ടിട്ടുണ്ടാകാം. അതേസമയം, സർക്കാർ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. വിഎല്‍സി ഒരു ചൈനീസ് ആപ്പുമല്ല. ഫ്രഞ്ച് കമ്പനിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, വിഎല്‍സിയില്‍ ചൈനീസ് ഹാക്കര്‍ ഗ്രൂപ്പായ സികാഡ കടന്നുകൂടിയതായിരിക്കാം സർക്കാർ നിരോധിക്കാന്‍ കരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയവരുടെ അനുമാനം.

 

ഗഗന്‍ദീപ് സപ്ര നടത്തിയ ട്വീറ്റില്‍ സർക്കാർ വിഎല്‍സിയുടെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് നിരോധിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്. എന്തുകൊണ്ടാണ് അതെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം: https://bit.ly/3dsUkho

 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഐടി ആക്ട് 2000 പ്രകാരം ഈ വെബ്‌സൈറ്റ് ബ്ലോക് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്ന എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ ട്വീറ്റുകളില്‍ പല ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ കണക്ഷനിലും പല രീതിയിലാണ് ഇതെന്നും ഗഗന്‍ദീപ് ചൂണ്ടിക്കാണിക്കുന്നു. എയര്‍ടെല്‍, എസിടി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനദാതാക്കളുടെ കണക്ഷന്‍ വഴി വിഎല്‍സിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും എത്താമെന്നും അതേസമയം, ടാറ്റാ സ്‌പെക്ട്രാനെറ്റ് തുടങ്ങിയവരുടെ സേവനമാണ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നതെങ്കില്‍ 'നിരോധിച്ചിരിക്കുന്നു' എന്ന സന്ദേശമാണ് കാണാന്‍ സാധിക്കുന്നതെന്നും ഗഗന്‍ദീപ് പറയുന്നു. അതേസമയം, സികാഡയുടെ ഭീഷണി നീക്കംചെയ്യാന്‍ വിഎല്‍സിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിരോധിക്കേണ്ട കാര്യമില്ലെന്നു പറയുന്നവരും ഉണ്ട്. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും ഇപ്പോള്‍ വ്യക്തതതയില്ല.

 

പക്ഷേ, ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഒഎസ് ആപ് സ്റ്റോറിലും ഒരു പ്രശ്‌നവുമില്ലാതെ വിഎല്‍സി പ്ലെയര്‍ ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ഗാഡ്ജറ്റ്‌സ് നൗ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ കംപ്യൂട്ടറുകളില്‍ ഇപ്പോള്‍ വിഎല്‍സി ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ലെന്നും പറയുന്നു. 2021 ഫെബ്രുവരി 1 മുതല്‍ നിലവിലുള്ളതും പലര്‍ക്കും പരിചിതവുമായ ആപ്പുകളിലൊന്നാണ് വിഎല്‍സി. ടെക്‌നോളജി സംബന്ധമായ കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കേന്ദ്രം ഇക്കാര്യത്തില്‍ നേരിട്ട് അഭിപ്രായം പറയുമെന്നു കരുതുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

∙ ടെലഗ്രാം പ്രീമിയം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍

 

സുപ്രശസ്ത ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ ടെലഗ്രാമിന്റെ പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു പറ്റം പുതിയ ഫീച്ചറുകള്‍ കൂടി ലഭിക്കുന്നു. ടെലഗ്രാം ഇമോജി പ്ലാറ്റ്‌ഫോം, ആനിമേറ്റഡ് ഇമോജി, കസ്റ്റം ഇമോജി പാക്കുകള്‍, ടെലഗ്രാം പ്രീമിയം മറ്റുള്ളവര്‍ക്ക് ഗിഫ്റ്റായി നല്‍കാനുള്ള അവസരം തുടങ്ങിയവയാണ് ലഭിക്കുന്നത്.

 

∙ ഗൂഗിള്‍ ജോലിക്കാര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി

 

ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഗൂഗിളിലെ ജോലിക്കാര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ മുന്നറിയിപ്പു നല്‍കിയെന്ന് ഐഎഎന്‍എസ്. പ്രകടനം കൂടുതല്‍ മികച്ചതാക്കിയില്ലെങ്കില്‍ 'തെരുവില്‍ രക്തം കാണേണ്ടിവരും' എന്ന് കമ്പനിയുടെ എക്‌സിക്യൂട്ടിവുമാര്‍ ജോലിക്കാരോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. നടപ്പു പാദത്തില്‍ ഗൂഗിളിന് പ്രതീക്ഷിക്കുന്ന വരുമാനം കിട്ടിയില്ലെങ്കിലാണ് ഗൂഗിള്‍ ജോലിക്കാര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണിയുള്ളത്.

 

∙ 7 ശതമാനത്തിലേറെ ഇന്ത്യക്കാര്‍ 2021ല്‍ ക്രപ്‌റ്റോകറന്‍സി കൈവശംവച്ചു എന്ന്

 

രാജ്യത്ത് 7 ശതമാനത്തിലേറെ ആളുകള്‍ 2021ല്‍ ഡിജിറ്റല്‍ നാണയങ്ങള്‍, ക്രിപ്‌റ്റോകറന്‍സിയായി വാങ്ങി സൂക്ഷിച്ചു എന്ന് റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് (യുഎന്‍സിടിഎഡി) ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡ്-19 പ്രശ്‌നമുണ്ടാക്കിയ 2021ല്‍ ആഗോള തലതത്തില്‍ വികസ്വര രാജ്യങ്ങളിലടക്കം  ക്രിപ്‌റ്റോകറന്‍സിയുടെ വാങ്ങല്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

English Summary: These are the most searched iPhone problems in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com