തന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയവരോടു ‘സംസാരിച്ച’ സ്ത്രീ! അദ്ഭുതപ്പെടുത്തും എഐ വിഡിയോ

Marina
Photo: Storyfile
SHARE

തന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയവരോട് ‘സംസാരിച്ച്’ മരിന സ്മിത് ആളുകളെ അമ്പരപ്പിച്ചപ്പോൾ തെളിയുന്നത് നിർമിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പുതിയ സാധ്യതകൾ. ഹോളോഗ്രാഫിക് വിഡിയോ ടെക്‌നോളജി ഉപയോഗിച്ചാണ് ഇതു സാധ്യമാക്കിയത്. നോട്ടിങ്ങാമിലെ ബാബ്‌വര്‍ത്തില്‍ ജൂലൈ 29ന് ആയിരുന്നു സംഭവമെന്ന് ഡെയ്‌ലിമെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേസമയത്ത് 20 ക്യാമറകള്‍ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇത്തരം ഹോളോഗ്രാഫിക് ഇമേജ് സൃഷ്ടിക്കുന്നത്. മരിനയുടെ മകന്‍ ഡോ. സ്റ്റീവന്‍ സ്മിത് ആണ് ഇതിനു പിന്നില്‍. ലൊസാഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറിഫയല്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുടെ സഹസ്ഥാപകനാണ് അദ്ദേഹം.

∙ കൊച്ചു പ്രസംഗം നടത്തി മരിന

ഹോളോകോസ്റ്റ് ആക്ടിവിസ്റ്റായിരുന്നു മരിന. സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയവരോട് തന്റെ ജീവിതത്തെയും ആത്മീയതയെയും പറ്റി ചെറിയൊരു പ്രസംഗം നടത്തുകയായിരുന്നു മരിനയുടെ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ. തുടര്‍ന്ന് തന്റെ കുടുംബാംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും മരിനയുടെ പ്രതിരൂപം മറുപടി നല്‍കി. അടുത്തിടെ മാത്രമാണ് ഈ ടെക്‌നോളജി യുകെയില്‍ അവതരിപ്പിച്ചത്.

അമ്മയുടെ ഹോളോഗ്രാം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെ ഞെട്ടിച്ചു എന്നാണ് ഡോ. സ്റ്റീവന്‍ സ്മിത് പറഞ്ഞത്. ഹോളോഗ്രാമിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വിശദവും സത്യസന്ധവുമായ മറുപടിയാണ് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. തന്റെ അമ്മ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിച്ചു എന്നാണ് ഡോ. സ്മിത് പറഞ്ഞത്.

∙ ഈ സാങ്കേതികവിദ്യ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ജീവിച്ചിരിക്കുമ്പോൾ ഒരാളെക്കൊണ്ട് തന്റെ ജീവിതത്തെക്കുറിച്ച് സംസാരിപ്പിക്കുന്നു. ഇത് പ്രത്യേക 3ഡി വിഡിയോ ടെക്‌നോളജി ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നു. ഡെപ്ത് കിറ്റുകള്‍, അതിനൂതന സൗണ്ട് റെക്കോഡിങ് സംവിധാനം തുടങ്ങിയവയാണ് ഈ സാങ്കേതികവിദ്യയ്ക്ക് പിന്‍ബലം നല്‍കുന്നത്. തുടര്‍ന്ന് വിദഗ്ധര്‍ ഈ ഫുട്ടേജ് പ്രോസസ് ചെയ്യുന്നു. ഇതിനോട് വിവിധ ക്ലിപ്പുകള്‍ ടാഗ് ചെയ്യുന്നു. ഇതുപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പരിശീലനം നല്‍കുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സ്വാഭാവികതയോടെ മറുപടി പറയാനും പരിശീലിപ്പിക്കുന്നു.

ഇങ്ങനെ തയാര്‍ ചെയ്ത പ്രോഡക്ട് പിന്നീട് സ്റ്റോറിഫയലിന്റെ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഈ സിനിമയോടാണ് യഥാര്‍ഥ ജിവിതത്തിലെന്നവണ്ണം ആളുകള്‍ സംഭാഷണം നടത്തുന്നത്. കണക്ടു ചെയ്യാവുന്ന എല്ലാ ഉപകരണങ്ങളുമായും 3ഡിയിലും ഓഗ‌്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ സിസ്റ്റങ്ങളിലും പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഇത്. ഒരു വ്യക്തിയുടെ മൂല്യങ്ങളും നിലപാടുകളും സംഘര്‍ഷങ്ങളും പാഠങ്ങളും ധാര്‍മിക മൂല്യങ്ങളും തീരുമാനങ്ങളും അടക്കം പലതും പിടിച്ചെടുക്കുകയാണ് സ്റ്റോറിഫയല്‍ ചെയ്യുന്നത്. നിലവില്‍ മറ്റൊരു സാങ്കേതികവിദ്യയ്ക്കും ഇത് ഇത്ര ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഭാവി തലമുറകളെ പോലും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് ഇതെന്ന് അവര്‍ അവകാശപ്പെടുന്നു.

ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും ഏറ്റവും സവിശേഷമായി തോന്നിയത് തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായും അതുവരെ കേട്ടിട്ടില്ലാത്ത വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും മരിന സംസാരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞ് റെക്കോർഡ് ചെയ്‌തെടുക്കുന്നത് ആളുകള്‍ക്ക് ധൈര്യം പകരുന്നു. ഇതു കൂടാതെ, അനുശോചിക്കാന്‍ എത്തുന്നവരോട് കൂടുതല്‍ സ്വതന്ത്രവും സത്യസന്ധവുമായി വിടപറഞ്ഞയാള്‍ ഇടപെടുന്നതും കാണാം.

∙ 20 ക്യാമറകള്‍ ഒരേസമയത്ത് ഷൂട്ടു ചെയ്യുന്നു

ഒരാളുടെ ഡിജിറ്റല്‍ പകര്‍പ്പ് സൃഷ്ടിക്കാനായി 20 ക്യാമറകള്‍ ഉപയോഗിച്ചാണ് ഷൂട്ടു ചെയ്യുന്നത്. ഇവയെല്ലാം ഒരേസമയത്ത് സിംക്രണൈസ് ചെയ്ത് റെക്കോർഡ് ചെയ്യും. ഈ സമയത്ത് നിരവധി ചോദ്യങ്ങള്‍ക്കായിരിക്കും വ്യക്തി ഉത്തരങ്ങള്‍ നല്‍കുക. മരിന തന്റെ മകന്റെ കമ്പനിക്കു വേണ്ടി റെക്കോർഡിങ്ങിനായി ഇരുന്നുകൊടുത്തത് ജനുവരിയിലാണ്. രണ്ടു ദിവസം മണിക്കൂറുകൾ നീണ്ട റെക്കോർഡിങ് ആയിരുന്നു ഇത്.

ഇന്ത്യയില്‍നിന്നു കുടിയേറി ബ്രിട്ടനില്‍ കഴിയേണ്ടിവന്നതിനെക്കുറിച്ചും തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഒക്കെ മരിന സംസാരിച്ചു. കേള്‍വിക്കാര്‍ക്ക് താത്പര്യമുണര്‍ത്തുന്ന വിഷയങ്ങളെക്കുറിച്ചു സംസാരിക്കാനും അവര്‍ മുന്നൊരുക്കം നടത്തിയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ തുടങ്ങിയവയൊക്കെ തന്റെ അമ്മ സംസാരിച്ചുവെന്നും അവയൊന്നും മുൻപ് സംസാരിച്ചു കേട്ടിട്ടില്ലാത്തവ ആയിരുന്നു എന്നും സ്റ്റീവന്‍ പറഞ്ഞു.

∙ ഇന്ത്യയിലെ കുട്ടിക്കാലത്തെക്കുറിച്ചും സംസാരിച്ചു

മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ ബന്ധുക്കളെ അദ്ഭുതപ്പെടുത്തുകയായിരുന്നു അമ്മ എന്ന് സ്റ്റീവന്‍ പറഞ്ഞു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മുൻപൊക്കെ തുറന്നു പറയാന്‍ അമ്മയ്ക്കു താത്പര്യമില്ലായിരുന്നു. എന്നാല്‍, സംസ്‌കാര ചടങ്ങിനെത്തിയവരോട് അതൊക്കെ അമ്മ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു എന്നും സ്മിത് പറയുന്നു.

മരിന ബ്രിട്ടന്റെയും ലോകത്തിന്റെയും അവകസിത പ്രദേശങ്ങളിലുള്ള പാവപ്പെട്ടവരെ സഹായിക്കുന്ന സേവനമാണ് ചെയ്തുവന്നത്. ഇതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയും സ്ഥാപിച്ചിരുന്നു. നോട്ടിങാം‌ംഷെറിലെ ഒരു ഉപേക്ഷിക്കപ്പെട്ട കൃഷിസ്ഥലം മരിനയും ഭര്‍ത്താവും 1978ല്‍ വാങ്ങി. അവിടെയൊരു ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമാണ് ആദ്യം തുടങ്ങിയത്. എന്നാല്‍, 1995ല്‍ ഇത് കൂട്ടക്കൊലയെക്കുറിച്ചു ക്ലാസുകളെടുക്കുന്ന ഇടമായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു. ബ്രിട്ടനില്‍ ഇത്തരത്തിലുള്ള ഏക ഹോളോകോസ്റ്റ് വിദ്യാഭ്യാസ കേന്ദ്രമാണിത്. മരിനയുടെ പ്രവര്‍ത്തനത്തെ ആദരിച്ച് 2005ല്‍ രാജ്ഞി എംബിഇ പദവി നല്‍കി.

Marina-
Photo: Storyfile

∙ സ്‌റ്റോറിഫയല്‍ സ്ഥാപിച്ചത് 2017ല്‍

കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവരുടെ കഥകള്‍ പിടിച്ചെടുത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ ആണ് സ്‌റ്റോറിഫയല്‍ തുടങ്ങിയത്. തുടര്‍ന്നാണ് അതിനെ പുതിയ രീതിയിലേക്ക് പരിവര്‍ത്തനം ചെയ്തത്.

∙ ഒരു സ്‌റ്റോറിഫയല്‍ തയാറാക്കുന്നത് എങ്ങനെ?

തന്റെ സ്റ്റോറിഫയല്‍ സൃഷ്ടിച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ തന്റെ ബന്ധുക്കളും കൂട്ടുകാരും മറ്റും തന്നോട് ചോദിക്കാന്‍ ഇടയുള്ള ചോദ്യങ്ങള്‍ ആലോചിച്ചു കണ്ടുപിടിക്കണം. താനും മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍, കുട്ടിക്കാല രഹസ്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒരാളോട് ചോദിക്കാനിടയുള്ള 250,000 ത്തോളം ചോദ്യങ്ങളില്‍ നിന്ന് 75 എണ്ണം തിരഞ്ഞെടുത്തായിരിക്കും ഉത്തരങ്ങള്‍ നല്‍കേണ്ടിവരിക. ഓരോ വിഡിയോ ഉത്തരത്തിനും 2 മനിറ്റ് ആയിരിക്കും ദൈര്‍ഘ്യം. ഇതെല്ലാം ആ വ്യക്തിയുടെ ഡിജിറ്റല്‍ ഇരട്ടയെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഡീപ്‌ഫെയ്ക് വിഡിയോകളെ പോലെ ഇത് തെറ്റായ ഉത്തരങ്ങള്‍ നല്‍കില്ല. തനിക്ക് അറിയാത്ത ഒരു ചോദ്യം കിട്ടിയാല്‍ ചോദ്യകര്‍ത്താവിനോട് മറ്റെന്തെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.

സ്റ്റാര്‍ ട്രെക്കില്‍ അഭിനയിച്ച വില്യം ഷാന്ററുമായി ചേര്‍ന്ന് ഒരു ഹോളോഗ്രാം സൃഷ്ടിക്കാന്‍ സ്‌റ്റോറിഫയല്‍ ശ്രമിച്ചിട്ടുണ്ട്. ഭാവി തലമുറയ്ക്ക് വില്യവുമായി ഇടപെടാന്‍ ഇത് സഹായിക്കും. ഈ ഹോളോഗ്രാം ഒരു ഡീപ് ഫെയ്ക് അല്ല. അവതാറും അല്ല. ഒരാളുടെ ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചൊക്കെ സംസാരിക്കാന്‍ സാധിക്കുമെന്നും സ്റ്റോറിഫയല്‍ പ്രതിനിധികള്‍ പറയുന്നു. ഈ ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന സാങ്കേതികവിദ്യയ്ക്ക് വിലയിട്ടിരിക്കുന്നത് 39.99 പൗണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Dead woman talks to mourners at her own Funeral thanks to AI

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}