ADVERTISEMENT

സിനിമകള്‍ അടക്കമുളള വിനോദ പരിപാടികൾ കാണാനും ടൈപ്പിങ് അടക്കമുള്ള ജോലികള്‍ ചെയ്യാനും സാധിക്കുന്ന, മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കിയിരിക്കുകയാണ് ലെനോവോ. മുൻപ് ഒരു ടെക്‌നോളജി ഷോയില്‍ കമ്പനി ഇതു പരിചയപ്പെടുത്തിയിരുന്നു. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക് ഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇതിനെ വേറിട്ടതാക്കുന്നത്. ലെനോവോ ഗ്ലാസസ് ടി1 എന്നായിരിക്കും രാജ്യാന്തര വിപണിയിൽ ഇത് അറിയപ്പെടുക. ലെനോവോ യോഗാ ഗ്ലാസസ് എന്നായിരിക്കും ചൈനയില്‍ ഇതിന്റെ പേര്.

 

യാത്രയില്‍ മറ്റാരും കാണാതെ കണ്ടെന്റ് കാണാം, ജോലിയെടുക്കാം

 

ലെനോവോ ഗ്ലാസസ് ടി1ന് പല തരത്തിലുള്ള ഉപയോഗം ഉണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. ലാപ്‌ടോപ്പുകളോ കംപ്യൂട്ടറുകളോ ഒക്കെയായി ബന്ധിപ്പിച്ചാല്‍ ‘മുഖത്തൊരു മോണിട്ടര്‍’ എന്ന രീതിയില്‍ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണുകളും ടാബുകളുമായി ബന്ധിപ്പിച്ചാല്‍ യാത്രകളില്‍ പോലും അടുത്തിരിക്കുന്നവര്‍ കാണാതെ കണ്ടെന്റ് കാണുകയോ ടൈപ്പു ചെയ്യുകയോ ആവാം. യാത്രയില്‍ ഒരു ലാപ്‌ടോപ് തുറന്നുവച്ച് എന്തെങ്കിലും ടൈപ്പു ചെയ്യാനും മറ്റും ശ്രമിച്ചാല്‍ അത് മറ്റുള്ളവര്‍ക്കും കാണാനാകുമല്ലോ. സ്മാര്‍ട്ട്‌ഫോണിലെയും ടാബിലെയും കണ്ടെന്റും ഗ്ലാസിലെത്തിക്കാം. 

Lenovo-lasses-T1-01

 

സ്വരം

മാസങ്ങള്‍ക്കു മുമ്പ് ഇതിന്റെ പ്രോട്ടോചൈപ്പ് പുറത്തിറക്കിയ സമയത്ത് ശബ്ദം ഒരു പ്രശ്‌നമായിരുന്നു. അത് ടി1 ധരിക്കുന്ന ആളിന്റെ അടുത്തിരിക്കുന്നവര്‍ക്കും കേള്‍ക്കാമെന്നൊരു പ്രശ്‌നമുണ്ടായിരുന്നു. അതും ലെനോവോ പരിഹരിച്ചു. ഹെഡ്‌ഫോണോ ബ്ലൂടൂത് ഇയര്‍ഫോണുകളോ ഉപയോഗിച്ച് ശബ്ദം ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിനു മാത്രം കേള്‍ക്കാവുന്ന രീതിയില്‍ ക്രമീകരിക്കാം. 

 

Lenovo-lasses-T1-02

ആരെങ്കിലും ഒളിഞ്ഞു നോക്കിയാലോ?

യാത്രയിലും മറ്റും അടുത്തിരിക്കുന്ന ആളിന് ഗ്ലാസില്‍ എന്താണ് നടക്കുന്നതെന്നു പാളിനോക്കിക്കൂടേ? അങ്ങനെ ചെയ്താലും കണ്ടെന്റ് അവ്യക്തമായിരിക്കും എന്നാണ് പറയുന്നത്. 

 

ബാറ്ററിയോ?

യുഎസ്ബി-സി പോര്‍ട്ട് വഴി ഏത് ഉപകരണവുമായി കണക്ട് ചെയ്തിരിക്കുന്നോ അതില്‍നിന്ന് ചാര്‍ജ് വലിക്കുകയാണ് ചെയ്യുന്നത്. ഉപകരണത്തില്‍ ബാറ്ററി ഇല്ല. അതിനാല്‍, ലെനോവോ ടി1 ചാര്‍ജ് ചെയ്യേണ്ട ആവശ്യമല്ല. ചാർജ് അധികം വേണ്ടാത്ത രീതിയിലാണ് സ്‌ക്രീന്‍ ടെക്‌നോളജിയെന്ന് ലെനോവോ പറയുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

ധരിച്ചുകൊണ്ടു നടക്കാമോ?

ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ഇറക്കാനൊരുങ്ങുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി വിഭാഗത്തിലാണ് പെടുന്നത്. ഇവ ധരിച്ചുകൊണ്ടു നടന്നാല്‍ കുഴപ്പമുണ്ടായേക്കില്ല. യഥാര്‌ഥ ലോകവും സ്‌ക്രീനിലെ കണ്ടെന്റും ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിന് ഒരേ സമയം കാണാനാകും. എന്നാല്‍, അതായിരിക്കില്ല ലെനോവോ ഗ്ലാസസ് ടി1ന്റെ കാര്യം. അത് എആര്‍ ഗ്ലാസ് അല്ല. ധരിച്ചുകൊണ്ടു നടന്നാല്‍ അപകടം ഉണ്ടാകാം. 

 

ടി1 ഫീച്ചറുകള്‍

ലെനോവോ ഗ്ലാസസ് ടി1ന് ഓരോ കണ്ണിനും ഫുള്‍ എച്ഡി റെസലൂഷനുള്ള മൈക്രോ ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഇതിന്റെ ഫ്രെയിം റെയ്റ്റ് 60ഹെട്‌സ് ആണ്. കോൺട്രാസ്റ്റ് റേഷ്യോ 10,000:1 ആണ്. മികച്ച സ്പീക്കറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 

സ്വന്തം മൂക്കിന് ചേരുന്ന തരത്തിലുള്ള നോസ് ക്ലിപ്പുകള്‍ തിരഞ്ഞെടുക്കാം. ഗ്ലാസസ് ടി1ന് ഭാരം കുറവാണെന്നും മികച്ച സ്‌ക്രീനാണ് ഉള്ളതെന്നും ലെനോവോ പറയുന്നു. ഇത് ഒരു സ്വകര്യ ജോലി സ്ഥലമായി ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു. മറ്റ് ഉപകരണങ്ങളുമായി യുഎസ്ബി-സി ഉപയോഗിച്ച് കണക്ടു ചെയ്യാമെങ്കില്‍, ഐഫോണുമായി ലൈറ്റ്‌നിങ് പോര്‍ട്ട് ഉപയോഗിച്ചു കണക്ടു ചെയ്യാം. വിഡിയോകള്‍ സ്ട്രീം ചെയ്താലും ഗെയിം കളിച്ചാലും മണിക്കൂറുകളോളം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

 

എതിരാളികള്‍

ഇതാദ്യമായല്ല ഇത്തരം ഡിസ്‌പ്ലെ പുറത്തിറക്കപ്പെടുന്നത്. ടിസിഎല്‍ കമ്പനി പുറത്തിറക്കിയ നെക്‌സ്റ്റ്‌വെയര്‍ എയര്‍ (NxtWear Air), എൻറിയല്‍ കമ്പനി പുറത്തിറക്കിയ എൻറിയല്‍ എയര്‍ (Nreal Air) തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്. 

 

എൻറിയല്‍ എയറിന് ചിത്രങ്ങള്‍ 130-ഇഞ്ച് എച്ഡി സ്‌ക്രീനില്‍ എന്നപോലെ കാണിക്കാനാകുമെന്ന് ടെക്‌റഡാറിന്റെ റിവ്യൂവില്‍ പറയുന്നു. ഇതിന് 600 ഡോളറാണ് വില. അത് വളരെ കൂടുതലാണെന്നു പറയുന്നു. മുഖത്തു നിന്ന് 4 മില്ലിമിറ്റര്‍ മാത്രം അകലെ ഇത്ര വലിയൊരു സ്‌ക്രീന്‍ വേറിട്ടൊരു അനുഭവം നല്‍കുന്നു എന്നും അത് ഫോണ്‍ സ്‌ക്രീനിനേക്കാള്‍ നല്ലതാണെന്നും പറയുന്നു. പക്ഷേ ഈ ഉപകരണം സാംസങിന്റേതടക്കം ചുരുക്കം ചില പ്രീമിയം ഫോണുകളുമായി മാത്രമേ കണക്ടു ചെയ്യാനാകൂ. 

 

ലെനോവോ ഗ്ലാസസ് ടി1 ന് വിലയെത്ര? എന്നു ലഭിക്കും?

ലെനോവോ ഗ്ലാസസ് ടി1 അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചൈനയില്‍ വില്‍പന തുടങ്ങും. മറ്റു രാജ്യങ്ങളിലേക്ക് എത്താന്‍ മാസങ്ങള്‍ എടുത്തേക്കും. ഓരോ മാര്‍ക്കറ്റിലും എത്തുമ്പോള്‍ മാത്രമേ വില പ്രഖ്യാപിക്കൂ എന്നാണ് കമ്പനി പറയുന്നത്. 

 

ഒടിടി, ഡിടിഎച് സേവനങ്ങളെ ഒരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന്

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി (ആപ്), ഡിടിഎച്, കണ്ടെന്റ് സേവനങ്ങളെ ഒരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ടെലകോം കമ്പനികള്‍ കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ്.  

 

ആക്ടിവ് നോയിസ് ക്യാന്‍സലേഷനുള്ള ജാബ്ര എലൈറ്റ് 5 ഇയര്‍ബഡ്‌സ് പുറത്തിറക്കി

പ്രശസ്ത ഹെഡ്‌ഫോണ്‍ നിര്‍മാതാവായ ജാബ്ര, എലൈറ്റ് 5 ഇയര്‍ബഡ്‌സ് എന്ന പേരില്‍ പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കി. ആക്ടിവ് നോയിസ് ക്യാന്‍സലേഷനാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ക്വാല്‍കമിന്റെ ക്യൂസിസി3050 ആണ് പ്രൊസസര്‍. വില 12,000 രൂപയോളം വന്നേക്കും.

 

ആമസോണ്‍ യുകെയിലും യൂണിയന്‍ ഇടപെടല്‍, തൊഴില്‍ പ്രശ്‌നങ്ങള്‍

കവന്‍ട്രിയിലുള്ള ആമസോണ്‍ വെയര്‍ഹൗസിലെ ജോലിക്കാര്‍ സമരം നടത്തുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വേതനം വര്‍ധിപ്പിക്കുക എന്ന ആവശ്യമായിരിക്കും യുകെയിലെ ഈ വെയര്‍ഹൗസിലെ ജോലിക്കാര്‍ ഉന്നയിക്കുക. ഈ യൂണിറ്റിലെ 97 ശതമാനം ജോലിക്കാരും സമരത്തിന് അനുകൂലമാണെന്ന് പറയുന്നു. 

 

യുഎസിലെ തിരഞ്ഞെടുപ്പു വിഡിയോകള്‍ക്ക് വിവരണങ്ങള്‍ നല്‍കാന്‍ യൂട്യൂബ്

യുഎസിലെ തിരഞ്ഞെടുപ്പു സംബന്ധിയായ വിഡിയോകള്‍ക്ക് വിവരണങ്ങള്‍ നല്‍കാന്‍ യൂട്യൂബ് തീരുമാനിച്ചു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏതു സന്ദര്‍ഭത്തിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത് എന്നത് അടക്കമായിരിക്കും വിവരണം. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാനുളള മുന്‍കരുതലാണിത്. വരുന്ന ആഴ്ചകളില്‍ യുഎസ് മിഡ് ടേം തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ്. 

 

English Summary: Lenovo Glasses T1 Brings a Lot to Table, What You Should Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com