ADVERTISEMENT

ആപ്പിള്‍ കമ്പനിക്കായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളിലൊന്നായ വിസ്ട്രൺ കോര്‍പുമായി ചര്‍ച്ച തുടങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ബിസിനസ് ഭീമന്‍ ടാറ്റാ എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ചര്‍ച്ച വിജയിച്ചാല്‍ ഇരു കമ്പനികളും സഹകരിച്ച് ഇന്ത്യയിലായിരിക്കും ഐഫോണ്‍ നിർമിക്കുക. ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി മാത്രമായിരിക്കും ഇതെങ്കിലും ചൈനയില്‍നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചുനടാന്‍ ആഗ്രഹിക്കുന്ന ആപ്പിളിനും അമേരിക്കയ്ക്കും സ്വീകാര്യവുമായിരിക്കും ഇത്. ഇതോടൊപ്പം, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ ഗ്രൂപ്പ് വിസ്ട്രണ്‍ കമ്പനിയില്‍ നേരിട്ട് പങ്കാളിത്തവും സ്വന്തമാക്കിയേക്കാം.

∙ ടാറ്റയുടെ പുതിയ നീക്കം

ഇന്ത്യന്‍ ബിസിനസ് രംഗത്ത് മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാവുന്ന നീക്കങ്ങളിലൊന്നായി ഇതിനെ കാണാം. പതിറ്റാണ്ടുകള്‍ക്കു മുൻപ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സംരംഭങ്ങളില്‍ ഒന്നായിരുന്ന ടാറ്റാ ഗ്രൂപ്പ് കാലോചിതമായ മാറ്റങ്ങള്‍ വരുത്താതിരുന്നതുകൊണ്ട് നേതൃസ്ഥാനം നിലനിര്‍ത്താന്‍ സാധിക്കാതെ പോയ കമ്പനികളിലൊന്നാണ്. ഒരു കമ്പനി തങ്ങള്‍ ചെയ്തുവരുന്ന ബിസിനസില്‍നിന്ന് മറ്റൊന്നിലേക്കു കടക്കുന്നതിനെ ഡൈവേഴ്‌സിഫിക്കേഷന്‍ എന്നാണ് വിളിക്കുന്നത്. ടാറ്റയുടെ പുതിയ ഡൈവേഴ്‌സിഫിക്കേഷന്‍ നീക്കം വിജയിച്ചാല്‍ അത് രാജ്യത്തെ മറ്റു കമ്പനികള്‍ക്കും പ്രചോദനമായേക്കാം.

∙ ഐഫോണ്‍ നിര്‍മാണ കമ്പനിയാകാന്‍ ടാറ്റ

ഇന്ത്യയില്‍ ഉപ്പു മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ നിര്‍മിച്ചു നല്‍കുന്ന കമ്പനി എന്ന വിശേഷണമുള്ള ടാറ്റാ ഗ്രൂപ്പ് വിസ്ട്രൺ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള കഴിവ്, ഘടകഭാഗങ്ങള്‍ എത്തിച്ചുനല്‍കുന്ന ശൃംഖല നടത്തിക്കൊണ്ടുപോകല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള കഴിവ് എന്നിവയില്‍ പങ്കാളിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചര്‍ച്ച വിജയിച്ചാല്‍ ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനി എന്ന പേര് ടാറ്റയ്ക്ക് സ്വന്തമാകും. ഐഫോണ്‍ ഇപ്പോള്‍ നിര്‍മിക്കുന്നതില്‍ പ്രമുഖര്‍ രണ്ടു തയ്‌വാനീസ് കമ്പനികളാണ് - ഫോക്‌സ്‌കോണ്‍ ടെക്‌നോജി ഗ്രൂപ്പും വിസ്ട്രണും. ഇരു കമ്പനികളും ചൈനയിലും ഇന്ത്യയിലും ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്നു.

∙ ചൈനയ്ക്ക് കടുത്ത വെല്ലുവിളി

‌ടാറ്റയുടെ നീക്കം ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മേഖലയിലെ അജയ്യ സാന്നിധ്യമായിരുന്ന ചൈന അടുത്തിടെയായി കോവിഡ് അനുബന്ധ ലോക്ഡൗണുകൾ മൂലവും അമേരിക്കയുമായുള്ള ബന്ധം അനുദിനമെന്നോണം വഷളാകുന്നതു കൊണ്ടും കടുത്ത പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഈ നീക്കം വിജയിച്ചാല്‍ മറ്റ് ആഗോള നിര്‍മാണ ഭീമന്മാരും ഇന്ത്യയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ മുന്നോട്ടു വന്നേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും സഖ്യകക്ഷികളും ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായി രൂപപ്പെടുന്ന പുതിയ സംഘര്‍ഷാവസ്ഥയുടെ സമയത്ത് ഇന്ത്യയായിരിക്കാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമെന്ന തോന്നല്‍ സൃഷ്ടിച്ചേക്കാം.

∙ ഘടന തീരുമാനിച്ചിട്ടില്ല

ടാറ്റയും വിസ്ട്രണും യോജിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇരു കമ്പനികളുടെയും ചുമതലകളും മറ്റും ഇനിയും കൃത്യമായി നിര്‍വചിട്ടില്ല. പുതിയ സംരംഭത്തില്‍ ഇരു കമ്പനികളും എന്തുമാത്രം ഓഹരിയാണ് കയ്യില്‍ വയ്ക്കുക, എന്തുതരം ഘടന ആയിരിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നുകില്‍ ടാറ്റ വിസ്ട്രണിന്റെ ഇന്ത്യയിലെ സംരംഭത്തില്‍ ഓഹരി വാങ്ങിയേക്കാം. അല്ലെങ്കില്‍ ഇരു കമ്പനികളും ചേര്‍ന്ന് ഐഫോണ്‍ നിര്‍മാണത്തിനായി പുതിയ കമ്പനി തുടങ്ങിയേക്കാം. ഈ രണ്ടു രീതിയും യോജിപ്പിച്ചും ഇരു കമ്പനികളും പ്രവര്‍ത്തിച്ചേക്കാമെന്നും പറയുന്നു.

∙ ആപ്പിളിന് നീക്കത്തെക്കുറിച്ച് അറിയാമോ എന്ന് സംശയം

പുതിയ നീക്കത്തെക്കുറിച്ച് ആപ്പിളിന് അറിയാമോ എന്ന കാര്യം തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. അതേസമയം, ഈ നീക്കം നടക്കുന്നത് ചൈനയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്ക് ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് പറിച്ചു നടാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്ന സമയത്താണ് എന്നതാണ് മറ്റൊരു വസ്തുത.

പ്രാദേശിക കമ്പനികളുമായി സഹകരിച്ചു പ്രവര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നതാണ്. എന്നാല്‍, തങ്ങള്‍ പറയുന്ന സമയത്ത് ഉപകരണങ്ങള്‍ നിർമിച്ചു നല്‍കണമെന്ന കാര്യത്തിലും നിര്‍മാണ വസ്തുക്കളുടെ ഗുണനിലവാരത്തിലും കടുകിട വിട്ടുവീഴ്ച ചെയ്യില്ല എന്നതിനാല്‍ ആപ്പിളുമായി ബസിനസ് നടത്തുന്നത് സങ്കീര്‍ണമാണെന്നാണ് പൊതുവെയുള്ള സംസാരം. പുതിയ നീക്കത്തെക്കുറിച്ച് വിസ്ട്രണ്‍ന്റെ പ്രതിനിധികള്‍ പ്രതികരിച്ചില്ല. ടാറ്റയും ആപ്പിളും ചോദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ പുതിയ നീക്കംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

ഇപ്പോള്‍ വിസ്ട്രണ്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകളുടെ എണ്ണം അഞ്ചു മടങ്ങു വര്‍ധിപ്പിക്കുക എന്നതായിരിക്കും പുതയി നീക്കത്തിന്റെ തുടക്കത്തിലെ ലക്ഷ്യം. ഇതു കൂടാതെ വിസ്ട്രണ്‍ന്റെ ആഗോള ഉപകരണ നിര്‍മ‌ാണ ബിസിനസില്‍ ടാറ്റ ഓഹരിയും സ്വന്തമാക്കിയേക്കാം. ഇത് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിന് അപ്പുറത്തുള്ള ഒരു കാര്യമായിരിക്കും.

∙ ടാറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കണ്ണുവയ്ക്കുന്നു

അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിർമിക്കുന്നതിനും മൊത്തം ഇലക്ട്രോണിക്‌സ് മേഖലയ്ക്കും പ്രാധാന്യം നല്‍കിയുള്ള മുന്നോട്ടുപോക്കാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. നിലവില്‍ സോഫ്റ്റ്‌വെയര്‍, സ്റ്റീല്‍, കാര്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് കമ്പനിക്ക് കൂടുതല്‍ ബിസിനസ് സാന്നിധ്യമുള്ളത്. അതേസമയം, കമ്പനി ഇപ്പോള്‍ത്തന്നെ ദക്ഷിണേന്ത്യയില്‍ ഐഫോണിനായി ഘടകഭാഗങ്ങള്‍ എത്തിക്കുന്ന ബിസിനസ് ആരംഭിച്ചു കഴിഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ വിസ്ട്രണ്‍ ഇന്ത്യ നഷ്ടത്തില്‍

അതേസമയം, ഫോക്‌സ്‌കോണിനെ പോലെ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനിയായ വിസ്ട്രണ്‍ന്റെ ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനിക്ക് നഷ്ടമാണെന്നും പറയുന്നു. ഈ സ്ഥിതിയില്‍ ധാരാളം പണമുള്ള കമ്പനിയായ ടാറ്റയുമായി ഒരു കരാറിലെത്തിയാല്‍ അത് വിസ്ട്രണും ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഉള്ളത്. ടാറ്റയ്ക്കാണെങ്കില്‍ ഇലട്രിക് വാഹനങ്ങളടക്കം മോട്ടര്‍ വാഹന നിര്‍മാണ ബിസിനസിലും നല്ല കരുത്തുമുണ്ട്. ഈ മേഖലയിലേക്ക് കടന്നു കയറാനാണ് ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനാല്‍ സഹകരണം ഇരു കമ്പനികള്‍ക്കും ഭാവിയില്‍ കൂടുതല്‍ ബിസിനസ് സാധ്യതകള്‍ നല്‍കിയേക്കും.

∙ വിസ്ട്രണ്‍ വരുന്നത് 2017ല്‍

തയ്‌വാനിലെ തയ്‌പെയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ വിസ്ട്രണ്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് എത്തുന്നത് 2017ല്‍ ആണ്. രാജ്യത്ത് ഐഫോണ്‍ നിര്‍മാണം തുടങ്ങാനുള്ള ആപ്പിളിന്റെ വര്‍ഷങ്ങളായുള്ള ശ്രമത്തിന്റെ ഫലമായാണ് വിസ്ട്രണ്‍ കര്‍ണാടകയില്‍ ആദ്യ ഐഫോണ്‍ പ്ലാന്റ് സ്ഥാപിച്ചത്.

∙ ബഹുവിധ സാധ്യതകള്‍

ഇന്ത്യയില്‍ 140 കോടി ജനങ്ങള്‍ ഉണ്ടെന്നുള്ളത് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതു കമ്പനിയെയും കൊതിപ്പിക്കും. കുറഞ്ഞ വേതനത്തിന് ജോലിയെടുക്കാന്‍ ആളെ കിട്ടുമെന്നത് ഫാക്ടറികളും മറ്റും തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കു മുന്നിലുള്ള മറ്റൊരു സാധ്യതയാണ്. ഇതെല്ലാം മനസില്‍വച്ചാണ് ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രോണ്‍ കോര്‍പ് എന്നീ നിര്‍മാണ കമ്പനികല്‍ ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

എന്നാല്‍, ആപ്പിള്‍ ആവശ്യപ്പെടുന്ന ഉന്നത നിലവാരത്തിലേക്ക് ഉയരാന്‍ ഇന്ത്യന്‍ പ്ലാന്റുകള്‍ക്ക് കഠിനമായി യത്‌നിക്കേണ്ടിവരുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തെ ഐഫോണ്‍ നിര്‍മാണ സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടു തവണ തൊഴിലാളി പ്രതിഷേധങ്ങൾ പോലും ഉണ്ടായി. ശമ്പളം നല്‍കുന്നില്ലെന്നും, തൊഴിലിടങ്ങള്‍ക്ക് വേണ്ട നിലവാരമില്ലെന്നും അടക്കമുള്ള കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധങ്ങൾ. ഇതിനാല്‍ തന്നെ ടാറ്റാ-വിസ്ട്രണ്‍ കൂട്ടുകെട്ടിനെക്കുറിച്ച് അമിത പ്രതീക്ഷകള്‍ വച്ചാല്‍ അത് അസ്ഥാനത്താകുമോ എന്ന സംശയവും ഉണ്ട്.

English Summary: Tata Group In Talks To Assemble iPhones In India: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com