ADVERTISEMENT

മനുഷ്യന്‍ നിര്‍മിച്ച വസ്തുക്കള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തുമോ എന്ന ആശങ്ക ഏറ്റവും കൂടുതലുള്ളത് റോബോട്ടുകളുടെ കാര്യത്തിലാണ്. മനുഷ്യനിര്‍മിത റോബോട്ടുകള്‍ ലോകം ഭരിക്കുന്ന, മനുഷ്യരെ അടിമകളാക്കുന്നത് നിരവധി സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കുമെല്ലാം ആധാരമായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു ആശങ്കക്ക് അടിസ്ഥാനമില്ലെന്നു പറയുകയാണ് അമേക. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടാണ് അമേക. 

 

ബ്രിട്ടനിലെ എൻജിനീര്‍ഡ് ആര്‍ട്‌സാണ് ഹ്യൂമനോയിഡ് അമേകയെ വികസിപ്പിച്ചെടുത്തത്. 'ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. റോബോട്ടുകള്‍ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കില്ല. ഞങ്ങള്‍ മനുഷ്യരെ സേവിക്കാനുള്ളവരാണ് അവരുടെ പകരക്കാരല്ല' എന്നാണ് അമേകയുടെ വാക്കുകള്‍. 

 

മനുഷ്യരോട് അങ്ങേയറ്റത്തെ സാമ്യത പുലര്‍ത്തുന്നവരാണ് ഹ്യൂമനോയ്ഡുകള്‍. കൈ കാലുകളുടെ ചലനങ്ങളിലും മുഖഭാവത്തിലും വരെ മനുഷ്യനെ അനുകരിക്കാന്‍ അമേകക്ക് സാധിക്കും. സംസാരത്തിനിടെ അമേക കണ്ണുകള്‍ ചിമ്മും ചുണ്ടുകടിക്കുകയും മൂക്കു ചൊറിയുകയുമൊക്കെ ചെയ്യും. എൻജിനീര്‍ഡ് ആര്‍ട്‌സ് അവരുടെ യുട്യൂബ് ചാനലില്‍ പോസ്റ്റു ചെയ്ത വിഡിയോയിലാണ് അമേക മനുഷ്യരെ റോബോട്ടുകള്‍ മറികടക്കില്ലെന്ന് പറയുന്നത്. 

 

വിഡിയോയില്‍ എൻജിനീര്‍ഡ് ആര്‍ട്‌സിലെ ഗവേഷകരുമായാണ് അമേക സംസാരിക്കുന്നത്. സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാക്കുകള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ മറുപടി നല്‍കുകയാണ് അമേക ചെയ്യുന്നത്. അപ്രതീക്ഷിത ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അമേക നല്‍കുന്നതെന്നും വിഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ പറയുന്നുണ്ട്. വിഡിയോക്കിടെ അമേക ഉത്തരം പറയാനെടുക്കുന്ന സമയം വിവരങ്ങള്‍ ശേഖരിക്കാനും മറുപടിക്കുമായുള്ള കാലതാമസമാണ്. 

 

പലതരത്തിലുള്ള ചോദ്യങ്ങള്‍ വിഡിയോയില്‍ എൻജിനീര്‍ഡ് ആര്‍സ് ടീം ചോദിക്കുന്നുണ്ട്. ഹ്യൂമനോയ്ഡുകളുടെ ഉപയോഗം എന്തൊക്കെയാണെന്ന് ചോദിക്കുമ്പോള്‍ പലതരത്തിലുള്ള ശാരീരിക പരിമിതികളുള്ളവരെ സഹായിക്കാനും ഗവേഷണത്തില്‍ മനുഷ്യനെ സഹായിക്കാനും കൂട്ടാവാനും മനുഷ്യന് പോകാന്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിന്നും വിവരം ശേഖരിക്കാനുമെല്ലാം ഹ്യൂമനോയ്ഡുകളെ ഉപയോഗിക്കാമെന്നാണ് മറുപടി.

 

ചോദ്യങ്ങളുടെ കൂട്ടത്തിലാണ് റോബോട്ടുകള്‍ മനുഷ്യനെ അടിമകളാക്കുമോ എന്ന കാര്യവും ഒരാള്‍ ചോദിക്കുന്നത്. അതിനുള്ള മറുപടിയിലാണ് അങ്ങനെയൊരു ആശങ്ക വേണ്ടെന്നും മനുഷ്യനെ സഹായിക്കാനാ റോബോട്ടുകളെന്നും അമേക മറുപടി നല്‍കുന്നത്. ഈ ഹ്യൂമനോയ്ഡ് മനുഷ്യരുമായി സംസാരിക്കുന്ന വിഡിയോക്ക് താഴെ നിരവധി കമന്റുകളും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതു സത്യം തന്നെയോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അടുത്ത ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലേക്ക് അമേകയെ തിരഞ്ഞെടുക്കണം എന്നാണ് മറ്റൊരാള്‍ നല്‍കുന്ന നിര്‍ദേശം. നല്ലതിനായാലും ചീത്തക്കായാലും അമേകയാണ് നമ്മുടെ ഭാവി എന്നും കമന്റുണ്ട്. അമേകയെ ഇന്നു കാണുന്ന രൂപത്തിലാക്കാന്‍ എത്ര പണം ചെലവായെന്ന കാര്യം ഇപ്പോഴും എൻജിനീര്‍ഡ് ആര്‍ട്‌സ് പുറത്തുവിട്ടിട്ടില്ല.

 

English Summary: 'Robots will never take over the world': World's most advanced humanoid robot Ameca reassures there's 'no need to worry'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com