ADVERTISEMENT

എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്പനികൾക്കു പിന്നാലെ പ്രോട്ടോണ്‍ വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തി. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കാനാവില്ല എന്നതിനാലാണിത്. ഇന്ത്യ പ്രാബല്യത്തില്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം 180 ദിവസത്തേക്ക് ആളുകളുടെ ലോഗും അവരെക്കുറിച്ച് 5 വര്‍ഷത്തിലേറെയുള്ള ഡേറ്റയും സൂക്ഷിക്കണം.

 

വെർച്വൽ-പ്രൈവറ്റ്-നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്നതിന് പേരുകേട്ട സ്വിസ് ഇന്റർനെറ്റ് കമ്പനിയാണ് പ്രോട്ടോൺ. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി ഇന്ത്യയിൽ നിന്ന് കമ്പനിയുടെ സെർവറുകൾ നീക്കം ചെയ്യുകയാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ പ്രാദേശികമായി സൂക്ഷിക്കാൻ വിപിഎൻ ഓപ്പറേറ്റർമാരെ നിർബന്ധിക്കുന്ന വരാനിരിക്കുന്ന സൈബർ സുരക്ഷാ നിയമങ്ങളിൽ പ്രതിഷേധിച്ച് കൂടുതല്‍ കമ്പനികൾ രാജ്യത്തെ പ്രവർത്തനം നിർത്തിയേക്കും. ഇന്ത്യയിലും ആഗോളതലത്തിലും പ്രധാന വിപിഎൻ സേവന ദാതാക്കളിൽ ഒന്നാണ് പ്രോട്ടോൺ.

 

എന്നാൽ, പ്രോട്ടോൺ മറ്റു വിപിഎന്‍ കമ്പനികളെ പോലെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇപ്പോഴും അവരുടെ സേവനം ഉപയോഗിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. ഒരു ഇന്ത്യൻ ഐപി അഡ്രസ് നൽകുന്നതിനായി അവർ ‘സ്മാർട് റൂട്ടിങ് സെർവറുകൾ’ പുറത്തിറക്കുമെന്നും ട്വീറ്റിലൂടെ കമ്പനി അറിയിച്ചു.

 

പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ ജൂൺ 28ന് നടപ്പിലാക്കേണ്ടതായിരുന്നു. തുടർന്ന് സേർട്ട്-ഇൻ സമയപരിധി സെപ്റ്റംബർ 25 വരെ നീട്ടി. എന്നാൽ, പുതിയ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ കമ്പനികൾ മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു. വിപിഎന്നുകൾ ഇന്റർനെറ്റ് വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ മിക്ക കമ്പനികൾക്കും ഇന്ത്യയിൽ സെർവറുകൾ ആവശ്യമില്ല. പ്രാദേശിക നിയമങ്ങളെ മറികടക്കാൻ ഇതുവഴി ഈ കമ്പനികൾ ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണ്.

 

vpn

∙ വിപിഎന്‍ എന്നാല്‍ എന്ത്? എന്തിന്?

 

വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഉപയോക്താക്കള്‍ക്ക് ഒരു അധിക സുരക്ഷാപാളി സമ്മാനിക്കുന്നു. ഉപയോക്താക്കളെക്കുറിച്ച് അറിയാന്‍ വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുന്ന ട്രാക്കറുകളെ കബളിപ്പിക്കാനാണ് മിക്കവരും വിപിഎന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ ഏതു പ്രദേശത്തു നിന്നാണെന്നത് അടക്കമുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പല വെബ്‌സൈറ്റുകള്‍ക്കും സാധ്യമാണ്. പല വലിയ കമ്പനികളും ജോലിക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്തിരുന്നപ്പോള്‍ വിപിഎന്‍ നല്‍കിയിരുന്നു. തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാതിരിക്കാനുള്ള ഒരു സംവിധാനമായാണ് ആ സമയത്ത് കമ്പനികള്‍ വിപിഎന്‍ പ്രയോജനപ്പെടുത്തിയത്. എന്നാല്‍, വിപിഎന്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്ന വാദമാണ് സർക്കാർ ഉയര്‍ത്തുന്നത്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് സർക്കാർ കരുതുന്നത്.

 

∙ സർക്കാരിനു നല്‍കേണ്ട ഡേറ്റ

 

ഉപയോക്താക്കളുടെ ഇന്റര്‍നെറ്റിലെ പ്രവർത്തനങ്ങളെക്കുറിച്ച് 20 കാര്യങ്ങള്‍ വിപിഎന്‍ കമ്പനികള്‍ സർക്കാരിന് സമര്‍പ്പിക്കണം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത്, ഐടി സംവിധാനങ്ങളിലേക്ക് കടന്നുകയറുന്നത്, സെര്‍വറുകളെ ആക്രമിക്കുന്നത് തുടങ്ങിയവയാണ് ഇത്. പ്രത്യക്ഷത്തില്‍ സാധാരണ ബ്രൗസിങ് ഡേറ്റ സർക്കാരിനു വേണ്ട. എന്നാല്‍, വിപിഎന്‍ കമ്പനികള്‍ ഒരാളുടെ ബ്രൗസിങ്ങും ഡൗണ്‍ലോഡും എല്ലാം നോക്കിയിരിക്കുകയും അത് അഞ്ചു വര്‍ഷത്തിലേറെ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുമെന്നതിനാല്‍ വിപിഎന്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും ഗുണം കിട്ടാന്‍ സാധ്യതയില്ല.

 

∙ സർക്കാരിന് ഉപയോക്താവിനെക്കുറിച്ച് അറിയേണ്ടത് എന്തെല്ലാം?

 

ഫോസ്‌ബൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം വിപിഎന്‍ സേവനദാതാക്കള്‍ തങ്ങളുടെ കസ്റ്റമര്‍മാരുടെ പേരുകള്‍, അഡ്രസ്, ഇമെയില്‍ അഡ്രസ്, കോണ്ടാക്ട് നമ്പര്‍, എന്തിനുവേണ്ടി വിപിഎന്‍ ഉപയോഗിക്കുന്നു എന്ന വിവരം, തീയതി അടക്കം ഏതു സമയത്താണ് ഒരാള്‍ വിപിഎന്‍ ഉപയോഗിച്ചതെന്ന വിവരം, ശരിക്കുള്ള ഐപി അഡ്രസ് തുടങ്ങി പല കാര്യങ്ങളും സർക്കാരിനു നല്‍കണം. ഒരാള്‍ വിപിഎന്‍ സേവനം വേണ്ടെന്നുവച്ചാലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

 

∙ കര്‍ക്കശ നിയമം

 

പാശ്ചാത്യ രാജ്യങ്ങളില്‍ വിപിഎന്‍ ഉപയോഗം നിയമവിധേയമാണ്. ചൈന പോലെയുള്ള രാജ്യങ്ങള്‍ വിപിഎന്‍ ആപ്പുകള്‍ ഇടരുതെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ആപ് സ്റ്റോറുകളില്‍ ആപ്പുകള്‍ എത്താതിരിക്കാന്‍ മാത്രമാണ് ചൈന ശ്രമിക്കുന്നത്. എങ്കിലും പല വിപിഎന്‍ ഉപയോക്താക്കളും അവിടെയുണ്ട്. വിപിഎന്‍ കര്‍ശനമായി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, വിപിഎന്‍ കമ്പനിളോട് ഡേറ്റ ശേഖരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇന്ത്യയിലും പുതിയ നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 

English Summary: Proton VPN gets out of India due to govt's new cybersecurity rules, Nord and others left earlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com