ADVERTISEMENT

സ്മാര്‍ട് ഫോണിലെ സിം ട്രേ തുറന്ന് സിം പുറത്തെടുക്കാനായി സൂചി (സിം പിക്കര്‍) അന്വേഷിച്ചിരുന്ന കാലവും കഴിയുകയാണോ? ഇനി ഇസിം (eSIM എംബെഡഡ് സിം) വാഴുന്ന കാലമായിരിക്കുമോ? നിലവില്‍ ആപ്പിളും, സാംസങും, ഗൂഗിളും അടക്കം ചില കമ്പനികളുടെ ഏതാനും മോഡലുകളില്‍ മാത്രമാണ് ഇസിം സംവിധാനം ഉള്ളതെങ്കില്‍ താമസിക്കാതെ മറ്റ് നിര്‍മാതാക്കളും സേവനദാതാക്കളും ഇസിം പ്രോത്സാഹിപ്പിച്ചേക്കും എന്നാണ് ശ്രുതി. ഇസിം സാങ്കേതികവിദ്യ സാദാ സിം കാര്‍ഡുകളെ പൂര്‍ണമായും പുറത്താക്കുമോ? എന്തായാലും ഇസിമ്മിന്റെ ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് ഒരു അന്വേഷണം നടത്താനുള്ള ഉചിതമായ സമയമാണിത്.

 

∙ ഏതെല്ലാം ഫോണുകളിലാണ് ഇസിം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ?

 

ഇിസിം സാങ്കേതികവിദ്യ പുതിയതല്ല. അത് വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ അതിപ്പോള്‍ അതിവേഗം മുഖ്യാധാരയിലേക്ക് എത്തുകയാണ്. ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കുന്ന സ്മാര്‍ട് വാച്ചുകള്‍, ഗൂഗിളിന്റെ പിക്‌സല്‍ സീരീസ്, സാംസങിന്റെ ഗാലക്‌സി എസ്, സെഡ് സീരീസുകള്‍, ആപ്പിളിന്റെ ഐഫോണുകള്‍, പ്രത്യേകിച്ചും ഐഫോണ്‍ 14 സീരീസ് എന്നിവയാണ് ഇസിം പ്രധാനമായും പ്രയോജനപ്പെടുത്തുന്ന ഫോണുകള്‍. ആപ്പിള്‍ ഈ വര്‍ഷം അമേരിക്കയില്‍ ഐഫോണ്‍ 14 സീരീസിന് ഇസിം മാത്രമായി മാറ്റിയിരിക്കുന്നു.

 

∙ ഇസിം എന്നു പറഞ്ഞാല്‍ കൃത്യമായി എന്താണ്?

 

ഒരു സാധാരണ സിമ്മില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സാങ്കേതികവിദ്യ ഫോണ്‍ നിര്‍മാതാവ് തന്നെ പിടിപ്പിച്ചു വിടുന്ന രീതിയെ ആണ് ഇസിം എന്നു വിളിക്കുന്നത്. സിം കാര്‍ഡിലെ ചിപ്പ് ഫോണിന്റെയും വാച്ചിന്റെയും അകത്തു തന്നെ പിടിപ്പിക്കുന്നു. അങ്ങനെ അതും മദര്‍ബോര്‍ഡിന്റെ ഭാഗമാകുന്നു. പരമ്പരാഗത സിമ്മിന്റെ ഭാഗങ്ങളെ ഫോണിന്റെ അല്ലെങ്കില്‍ വാച്ചിന്റെ ആന്തരിക ഭാഗങ്ങളുമായി ലയിപ്പിക്കുകയാണ് നിര്‍മ‌ാണ കമ്പനികള്‍ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇസിം ഒരു ഡിജിറ്റല്‍ സിം കാര്‍ഡ് ആണ്. അതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടെലികോം ഓപ്പറേറ്ററുടെ നിങ്ങള്‍ക്ക് വേണ്ട പ്ലാന്‍ ആക്ടിവേറ്റ് ചെയ്‌തെടുക്കാം.

 

ഇസിമ്മുകളുടെ ചുമതലകളും പരമ്പരാഗത സിമ്മിന്റെ രീതിയില്‍ തന്നെ ആയിരിക്കും. ടെലികോം ഓപ്പറേറ്റര്‍ക്ക് ഇതിലേക്ക് സ്വന്തം സേവനങ്ങള്‍ നല്‍കാനാകും. ഉപയോക്താവ് ആരെയെങ്കിലും വിളിക്കുമ്പോഴും കോള്‍ ലഭിക്കുമ്പോഴും ഒക്കെ സിം അകത്തുണ്ട് എന്ന രീതിയില്‍ അത് പ്രവര്‍ത്തിക്കുന്നു. സാധാരണ സിം കാര്‍ഡിന്റെ കാര്യത്തിലെന്ന പോലെ ഒരു ടെലികോം സേവനദാതാവില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയും ചെയ്യാം.

 

ഇസിം സാങ്കേതികവിദ്യയ്ക്കു തുടക്കമിടുന്നത് ഏകദേശം 10 വര്‍ഷം മുൻപാണ് - 2012ല്‍. ഇവയ്ക്ക് ചില ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ചില ദോഷങ്ങളും ഉള്ളതിനാലാണ് ഇവ സാധാരണ സിംകാര്‍ഡുകളെ കാലഹരണപ്പെട്ടതാക്കാത്തത്.

 

∙ എന്താണ് ഇസിം കൊണ്ടുള്ള ഗുണങ്ങള്‍?

 

സാധാരണ സിമ്മിനെക്കാള്‍ കൂടുതല്‍ എളുപ്പമാണ് ഇസിമ്മിന്റെ ഉപയോഗമെന്നതാണ് പ്രധാന ഗുണം. ഇടയ്ക്കിടയ്ക്ക് ഫോണുകളും സിമ്മുകളും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമുള്ള ആളെങ്കില്‍ ഇത് വളരെ സൗകര്യപ്രദമാണ്. ഒറ്റത്തവണ സെറ്റ്-അപ് ചെയ്താല്‍ മതി. മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോഴും ടെലികോം ഓപ്പറേറ്ററെ സന്ദര്‍ശിച്ച് പുതിയ സിം എടുക്കേണ്ടി വരുന്നില്ല. ഒരു ഓപ്പറേറ്ററില്‍ നിന്ന് മറ്റൊന്നിലേക്കും മാറാം. ഒരു ഇസിമ്മില്‍ ഒന്നിലേറെ പ്രൊഫൈലുകളും സേവു ചെയ്യാം. ഈ പ്രൊഫൈലുകള്‍ മാറി മാറി ഉപയോഗിക്കാമെന്ന സൗകര്യവും ഉണ്ട്. അതുവഴി ആവര്‍ത്തിച്ചാവര്‍ത്തിച്ച് സിം ആക്ടിവേറ്റു ചെയ്യേണ്ട ആവശ്യം ഒഴിവാക്കാം. ഫോണ്‍ 'കുത്തിത്തുറന്ന്' സിം മാറിയിടുന്ന പണിയും ഒഴിവാക്കാം.

 

∙ ഒരാള്‍ക്ക് എത്ര ഇസിം ഇന്‍സ്‌റ്റാള്‍ ചെയ്യാം?

 

ആപ്പിള്‍ പറയുന്നത് ഐഫോണില്‍ എട്ടോ അതിലേറെയോ ഇസിമ്മുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാമെന്നാണ്. ഒരേസമയം രണ്ട് ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കാമെന്നും പറയുന്നു. എന്നു പറഞ്ഞാല്‍, സിം കാര്‍ഡ് ഇല്ലാതെ ഇരട്ട-കാര്‍ഡ് സിസ്റ്റം ഉപയോഗിക്കാം.

 

∙ കൂടുതല്‍ സുരക്ഷിതം

 

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടു എന്നിരിക്കട്ടെ. ബയൊമെട്രിക് ലോക്കുകള്‍ അടക്കം പല സോഫ്റ്റ്‌വെയര്‍ പൂട്ടുകളും ഉള്ളതിനാല്‍ ഫോണ്‍ തുറക്കാന്‍ അതു ലഭിക്കുന്നയാള്‍ക്ക് സാധിക്കില്ല. പക്ഷേ, ഫോണ്‍ കിട്ടുന്നയാള്‍ക്ക് സിം ഊരിയെടുക്കാനാകും. അത് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്കു മുതല്‍ ബാങ്ക് അക്കൗണ്ടിലേക്കു വരെ കടന്നു കയറാന്‍ സാധ്യതയുണ്ട്. നിങ്ങളായി ഭാവിച്ച് കോളുകള്‍ നടത്തുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്‌തേക്കാം. ഇത്തരം ആക്രമണങ്ങള്‍ നടത്തി ശീലമുള്ളവര്‍ക്ക് ഇത് വളരെ എളുപ്പമാണ്. ഇസിം ഉപയോഗിക്കുകയാണെങ്കില്‍ അത് ഊരിയെടുക്കാനോ ദുരുപയോഗം ചെയ്യാനോ സാധ്യമല്ല. 

 

∙ ഫോണിന്റെ സീലിങ് കൂടുതല്‍ ബലവത്താക്കാം

 

സിം കാര്‍ഡ് ഇടാനും ഊരാനുമായി ട്രേ തുറക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുക വഴി ഫോണിലേക്ക് വെള്ളവും പൊടിയുമൊക്കെ കയറുന്ന ഒരു പഴുതും അടയ്ക്കാം.

 

∙ ഇസിം ദുരിതമാകുന്നത് എപ്പോള്‍?

 

നിങ്ങളുടെ ഫോണ്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാതായാല്‍, അല്ലെങ്കില്‍ ബാറ്ററി തീര്‍ന്നാല്‍, അല്ലെങ്കില്‍ താഴെ വീണ് സ്‌ക്രീനും മറ്റും തകര്‍ന്നാല്‍ നിങ്ങളുടെ സിം പുറത്തെടുത്ത് മറ്റൊരു ഫോണിലിടാമെന്നു കരുതേണ്ട. പണി മൊത്തം പാളും. 

 

∙ ഇസിം സപ്പോര്‍ട്ട് ഇല്ലാത്ത രാജ്യങ്ങളുണ്ട്

 

ഇസിം സപ്പോര്‍ട്ടു ചെയ്യാത്ത രാജ്യങ്ങളിലേക്ക് ഇസിം മാത്രമുള്ള ഫോണുമായി പോയിട്ട് ഒരു കാര്യവുമില്ല. അതേസമയം, ഇസിമ്മും സാധാരണ സിമ്മും സപ്പോര്‍ട്ടു ചെയ്യുന്ന ഫോണാണെങ്കില്‍ ആ പ്രശ്‌നം വരില്ല. ഐഫോണ്‍ 14 സീരീസ് അടക്കം ഇന്ത്യയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ സ്മാര്‍ട് ഫോണുകള്‍ക്ക് രണ്ടു സിമ്മും സ്വീകരിക്കാം. അതേസമയം, അമേരിക്കയില്‍ നിന്നു വാങ്ങി ഇന്ത്യയില്‍ കൊണ്ടുവന്ന് ഉപയോഗിക്കുന്ന ഐഫോണ്‍ 14 സീരീസിന് സാധാരണ സിം സ്വീകരിക്കാനാവില്ല. 

 

∙ ഇസിം പ്രീമിയം ഫോണുകളില്‍ മാത്രം

 

നിലവില്‍ ഇസിം സപ്പോര്‍ട്ട്, മുകളില്‍ കണ്ടതു പോലെ പ്രീമിയം ഫോണുകളില്‍ മാത്രമേയുള്ളു. ഈ ഫോണുകളെല്ലാം വളരെ വിലയുള്ളവയാണ്. ഇസിം മതിയെന്നു വച്ചാല്‍ ഫോണ്‍ മാറണമങ്കില്‍ നല്ല പണം മുടക്കേണ്ടിവരും.

 

∙ ടെലികോം, ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നിങ്ങളുടെ മേല്‍ നിയന്ത്രണം

 

ഇസിം വാങ്ങിയാല്‍ ടെലികോം കമ്പനികള്‍ക്കും ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും നിങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം നേടാനാകും. പുതിയ സിം എടുക്കാനായുള്ള പോക്ക് ഒഴിവാക്കാനാകുമെങ്കിലും നിങ്ങള്‍ ഒരോ തവണയും ഫോണ്‍ മാറുമ്പോള്‍ സിം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ടെലകോം ഓപ്പറേറ്ററുടെ സഹായം വേണ്ടിവരും. ഭാവിയില്‍ ഓരോ തവണയും സിം മാറുന്നതിന് പണം നല്‍കേണ്ട സ്ഥിതി വന്നേക്കാം. ഇസിമ്മിന് മാസവാടക ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ട്. പല ഫോണുകളും മാറി മാറി ഉപയോഗിക്കുന്നവര്‍ക്ക് ടെലികോം ഓപ്പറേറ്ററെ വിളിച്ചു കൊണ്ടേ ഇരിക്കേണ്ടി വരും. ഇതിനെല്ലാം പുറമെ, ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ തങ്ങളുടെ ഫോണുകള്‍ അല്ലാതെ മറ്റു കമ്പനികളുടെ ഫോണുകള്‍ വാങ്ങിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഇസിം മതിയെന്നു വച്ചതെന്ന് അമേരിക്കയില്‍ ആരോപണമുയര്‍ന്നു കഴിഞ്ഞു. 

 

∙ ട്രാക്കിങ്

 

നിങ്ങളുടെ ഫോണ്‍ നമ്പര്‍ മനസിലാക്കി ആരോ പിന്നാലെ കൂടിയിട്ടുണ്ടെന്നിരിക്കട്ടെ. സാധാരണ സിമ്മാണെങ്കില്‍ അത് എടുത്തു കളഞ്ഞ് തത്കാലത്തേക്ക് പ്രശ്‌നം പരിഹരിക്കാം. ഇസിമ്മിന്റെ കാര്യത്തില്‍ അതു നടക്കില്ല. 

 

∙ എങ്ങനെ ആക്ടിവേറ്റു ചെയ്യാം?

 

ഇസിം ഇന്‍സ്‌റ്റാള്‍ ചെയ്യാനായി സേവനദാതാവിന്റെ സ്‌റ്റോറിലേക്കു പോകേണ്ട. ഫോണില്‍ നിന്നു നേരിട്ടോ, ഫോള്‍ കോള്‍ വഴിയോ ഇസിം ആക്ടിവേറ്റു ചെയ്യാം.

 

∙ ഒരു ഫോണിലെ ഇസിം എങ്ങനെ മറ്റൊരു ഫോണില്‍ ഉപയോഗിക്കാം?

 

ഇസിം സപ്പോര്‍ട്ടുളള പുതിയ ഫോണാണെങ്കില്‍ ഓപ്പറേറ്റര്‍ നല്‍കുന്ന ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി. 

 

∙ ഇസിമ്മിലേക്ക് മാറണോ വേണ്ടയോ?

 

തങ്ങളുടെ സിം ആരും ഊരിയെടുക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇസിമ്മിലേക്ക് മാറുന്നത് പരിഗണിക്കാം. പക്ഷേ, അല്ലാത്തവര്‍ക്ക് ഇസിം ഒരു പുതുമയും കൊണ്ടുവരില്ല. നിലവില്‍ ഇസിം പ്രീമിയം ഫോണുകളിലാണ് മാത്രമാണുള്ളത്. ഇതിനാല്‍ അതു വാങ്ങാനായി നല്ല പണം മുടക്കേണ്ടതായി വരും. ഇന്ത്യയില്‍ വില്‍ക്കാന്‍ പോകുന്ന ഐഫോണ്‍ 14 സീരീസില്‍ പോലും പരമ്പരാഗത സിമ്മും ഇസിമ്മും ഉപയോഗിക്കാം. പരമ്പരാഗത സിം എന്ന ആശയം ഇപ്പോള്‍ ഉപേക്ഷിക്കാന്‍ പലരും തയാറായേക്കില്ല. കാരണം ഫോണിന് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ മൊത്തം പണിമുടക്ക് ആകുമല്ലോ. ഇതിന് ഫോണ്‍ നിര്‍മാണ കമ്പനികള്‍ പരിഹാരം കാണുന്നതു വരെ സാധാരണ സിമ്മിന് പ്രസക്തിയുണ്ടാകും.

 

English Summary: What is eSIM? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com