ADVERTISEMENT

ഒക്ടോബര്‍ 1 ഇന്ത്യയുടെ 5ജി നിമിഷമാണ്! ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം 5ജിയുടെ കരുത്തിന്റെ പ്രകടനം 'എക്‌സിബിഷന്‍' വിഭാഗത്തിലെത്തി വീക്ഷിച്ചു. കൃഷി, വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി മേഖലകളില്‍ 5ജി കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളില്‍ ചിലതാണ് അദ്ദേഹം നേരിട്ടു കണ്ടത്.

4ജി വഴിമാറുമ്പോള്‍

കഴിഞ്ഞ ആറോളം വര്‍ഷമായി ഇന്ത്യയെ അടിമുടി മാറ്റിയ 4ജി സേവനം ഇനി ഘട്ടംഘട്ടമായി പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിമാറും. കൂടുതല്‍ ശക്തമായ 5ജി സേവനത്തിനായി ആയിരിക്കും 4ജി വഴിയൊരുക്കുക. തുടക്കത്തില്‍ അധികം നഗരങ്ങളില്‍ 5ജി എത്തിയേക്കില്ലെങ്കിലും വരുന്ന പല മാസങ്ങള്‍ക്കുള്ളില്‍ 5ജി കുടയ്ക്കു കീഴില്‍ ഇന്ത്യയെ എത്തിക്കുക എന്ന വന്‍ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ് ടെലകോം ബിസിനസ് ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍. മൂന്നു കമ്പനികളും തങ്ങളുടെ 5ജി ശേഷി പ്രധാനമന്ത്രിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും.

5g

രാജ്യത്ത് വിവിധ മേഖലകളില്‍ മാറ്റമെത്തും. ഡ്രോണ്‍ കേന്ദ്രീകൃത കൃഷി മുതല്‍ അടുത്ത തലമുറയിലെ അതിശക്തമായ സുരക്ഷാ റൂട്ടറുകള്‍, ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോം വരെ ഇനിനിലവില്‍ വരും. സ്മാര്‍ട്ട് ആംബുലന്‍സ്, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലടക്കം ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി/മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ സാന്നിധ്യം എത്തും. എന്തിന്, മലിനജല നിരീക്ഷണത്തിനു പോലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടും. സ്മാര്‍ട്ട്കൃഷി രീതികള്‍, സ്മാര്‍ട്ട് രോഗം തിരിച്ചറിയല്‍, തുടങ്ങി ഒട്ടനവധി മേഖലകളില്‍ 5ജി രാജ്യത്തിന് പുത്തനുണര്‍വു പകര്‍ന്നേക്കും.

റിലയന്‍സ് ജിയോ

Photo from Reliance Youtube
Photo from Reliance Youtube

മുംബൈയിലെ ഒരു സ്‌കൂളിലെ ടീച്ചറിനെ മഹാരാഷ്ട്രയിലും, ഗുജറാത്തിലും, ഒഡിഷയിലുമുള്ള വിദ്യാർഥികളുമായി 5ജി ഉപയോഗിച്ച് ബന്ധിപ്പിച്ചു കാണിക്കും. പുതിയ സാങ്കേതികവിദ്യ എങ്ങനെയാണ് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കൂടുതല്‍ അടുത്തിടപെടാൻ അനുവദിക്കുക എന്നതിനെക്കുറിച്ചായിരിക്കും പ്രദര്‍ശനം. എത്ര കിലോമീറ്റര്‍ അകലെ ആയിരുന്നാലും ഇവരെ തമ്മില്‍ അടുപ്പിക്കാം. ഒപ്പം പ്രദര്‍ശിപ്പിക്കുക ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ ശേഷിയായിരിക്കും. ഇതും എങ്ങനെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന രീതിയില്‍ പരവുപ്പെടുത്താം എന്നതിന്റെ പ്രകടനമായിരിക്കും നടക്കുക.

എയര്‍ടെല്‍

ഭാര്‍തി എയര്‍ടെല്ലും വിദ്യാഭ്യാസ മേഖലയ്ക്ക് ആര്‍ജ്ജിക്കാന്‍ സാധിക്കുന്ന കരുത്തിനെക്കുറിച്ചായിരിക്കും പ്രധാനമന്ത്രിയെ കാണിച്ചു കൊടുക്കുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി സൗരയൂഥത്തെക്കുറിച്ച് വെര്‍ച്വല്‍ റിയാലിറ്റിയുടെയുംഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ നിമഗ്മമായി പഠിക്കുന്നതായിരിക്കും പ്രദര്‍ശിപ്പിക്കുക. തന്റെ പുതിയ പഠനാനുഭവത്തെക്കുറിച്ച് കുട്ടി ഒരു ഹോളോഗ്രാം വഴി പ്രധാനമന്ത്രിയെ ധരിപ്പിക്കും.

വി

വൊഡാഫോണ്‍-ഐഡിയ (വി) വിദ്യാഭ്യാസത്തിലായിരിക്കില്ല പ്രദര്‍ശനം നടത്തുക. ഡല്‍ഹി മെട്രോ ടണല്‍ നിർമിക്കുന്ന തൊഴിലാളികള്‍ക്ക് അധിക സുരക്ഷ എങ്ങനെ നല്‍കാം എന്നതായിരിക്കും പ്രദര്‍ശിപ്പിക്കുക. ടണലിന്റെ ഒരു ഡിജിറ്റല്‍ ട്വിന്‍ (ഡിജിറ്റലായിടണല്‍ പുന:സൃഷ്ടിക്കുക) ഉണ്ടാക്കും. ഈ ഡിജിറ്റല്‍ ഇരട്ട തൊഴിലാളികള്‍ക്ക് തത്സമയ അപായ മുന്നറിയിപ്പു നല്‍കുന്നതിന്റെ പ്രകടനമായിരിക്കും വി പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രി ഇത് തത്സമയം വീക്ഷിക്കും.


5 ജിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍

സാധാരണക്കാര്‍ക്ക് പലവിധ ഗുണങ്ങളും കൊണ്ടുവരുന്ന ഒന്നായിരിക്കും 5ജി എന്നാണ് വിലയിരുത്തല്‍. ഇടതടവില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ഡേറ്റ ആളുകളിലേക്ക് എത്തുമെന്നതു തന്നെയായിരിക്കും പ്രധാന ഗുണം. പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തിപ്പിക്കാൻ കുറച്ചു ഊര്‍ജം മതിയായിരിക്കും എന്നു കരുതുന്നു. അതേസമയം, ഇത് സ്‌പെക്ട്രത്തിന്റെ കാര്യപ്രാപ്തിയും, നെറ്റ്‌വര്‍ക്കിന്റെ ശേഷിയും 4ജിയെക്കാള്‍ വര്‍ദ്ധിപ്പിക്കും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ കടന്നുകയറ്റമായിരിക്കും ഇന്ത്യ ഇനി കാണാന്‍ പോകുന്ന മറ്റൊരു വലിയ മാറ്റം. നൂറുകണക്കിനു കോടി ഉപകരണങ്ങള്‍ ഇന്റര്‍നെറ്റിനോട് ബന്ധപ്പെടുത്തപ്പെടും.


മികച്ച വിഡിയോ സ്ട്രീമിങ് അനുഭവം ലഭിക്കും. ടെലി സര്‍ജറി തുടങ്ങിയ മുമ്പ് അധികം പ്രചാരത്തിലില്ലാതിരുന്നു കാര്യങ്ങള്‍ നിലവില്‍ വന്നേക്കും. ദുരന്തങ്ങള്‍ സംഭവിച്ചാല്‍ സാഹചര്യം തത്സമയം വീക്ഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചേക്കും. കൃഷിയുടെ മേഖലയിലായിരിക്കും മറ്റൊരു മാറ്റം. അതി സൂക്ഷ്മമായുള്ള നിരീക്ഷണം സാധ്യമാകും. ഖനികള്‍ അടക്കമുള്ള വ്യാവസായിക ഇടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് പുതിയ സാങ്കേതികവിദ്യ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയേക്കും. ചുരുക്കിപ്പറഞ്ഞാല്‍ നിലവിലുള്ള 4ജി സാങ്കേതികവിദ്യയ്ക്ക്ചെയ്യാനാകാത്ത നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമായിരിക്കും 5ജി എന്നു കരുതുന്നു.

വിമര്‍ശനം

ബ്രിട്ടനില്‍ 5ജി ടവറുകള്‍ വിന്യസിച്ചപ്പോള്‍ അവ വ്യാപകമായി ജനങ്ങള്‍ കത്തിച്ചു. ഏകദേശം ഇരുനൂറോളം ടവറുകള്‍ കത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. കൊറോണാ വൈറസിന്റെ വ്യാപനത്തിന് അത് വ്യാപകമാകുന്നു, അധിക റേഡിയേഷന്‍ തുടങ്ങിയ ആരോപണങ്ങളുമായിആണ് ആളുകള്‍ അവയ്ക്ക് തീയിട്ടത്. ഇന്ത്യയില്‍ ബോളിവുഡ് താരം ജൂഹി ചൗള 5ജി വിന്യസിക്കുന്നതിനു മുമ്പ് അതിന്റെ അപകട സാധ്യതകളെക്കുറിച്ച് പഠിക്കണം എന്നു പറഞ്ഞു ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തള്ളി എന്നു മാത്രമല്ല നടിക്ക് 20 ലക്ഷം രൂപ പിഴയും ചുമത്തി. നടി പ്രശസ്തിക്കു വേണ്ടി ശ്രമിക്കുകയാണ് എന്നാണ് കോടതി നിരീക്ഷിച്ചത്.

ആളുകളുടെ ആരോഗ്യത്തിനു ഭീഷണിയാകാവുന്ന തരിത്തിലുള്ള റേഡിയേഷന്‍ 5ജി വഴി ഉണ്ടാകുമെന്നതിന് മതിയായ തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം, 2ജി, 3ജി, 4ജി പ്രക്ഷേപണങ്ങള്‍ ജനപ്പിച്ചിരുന്നതിനേക്കാളേറെ റേഡിയേഷന്‍ 5ജിയില്‍ ഉണ്ടായേക്കാം എന്നു കരുതുന്നവരും ഉണ്ട്. പക്ഷേ, ഇതൊന്നും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ ആര്‍എഫ് റേഡിയേഷന്‍ ഭീതി അസ്ഥാനത്താണെന്ന് പല വിദഗ്ധരും പറയുന്നു.

സാംസങ് എക്‌സ്‌പേര്‍ട്ട് റോ ഫീച്ചര്‍ കൂടുതല്‍ ഫോണുകള്‍ക്കു നല്‍കുന്നു

തങ്ങളുടെ കുറച്ചു പഴയ പ്രീമിയം ഫോണുകളില്‍ പോലും എക്‌സ്‌പേര്‍ട്ട് റോ ആപ്പ് പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ സാംസങ്. ഇതിപ്പോള്‍ ഗ്യാലക്‌സി എസ്20 അള്‍ട്രാ, ഗ്യാലക്‌സി നോട്ട് 20 അള്‍ട്രാ, ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 2 എന്നീഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

കൂടുതല്‍ മികവുറ്റ ഫോട്ടോകള്‍ പകര്‍ത്താനായിരിക്കും എക്‌സ്‌പേര്‍ട്ട് റോ ഗുണംചെയ്യുക. പുതിയ ആപ്പ് വഴി 16-ബിറ്റ് റോ ചിത്രങ്ങള്‍ വരെ ഷൂട്ടുചെയ്യാനും അവ ലൈറ്റ്‌റൂം ആപ്പില്‍ എഡിറ്റു ചെയ്ത് സാധാരണ ചിത്രങ്ങളെക്കാള്‍ മികവുറ്റതാക്കാനും സാധിക്കുമെന്നാണ്വാര്‍ത്തകള്‍ പറയുന്നത്.

ടെക്‌നോളജി മേഖലയ്ക്ക് ഫണ്ടിങ് 'വരള്‍ച്ച' വന്നോ?

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്തിന് കുതിപ്പു നല്‍കിയിരുന്ന ടെക്‌നോളജി മേഖലയ്ക്ക് 2024 വരെ കിപ്പായിരിക്കുമോ? ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന അതാണ്. ഫെയ്‌സ്ബുക്കിന്റെ സഹ സ്ഥാപകന്‍ എഡ്വാര്‍ഡോ സാവറിന്റെ (EduardoSaverin) പുതിയ കമ്പനിയായ ബി ക്യാപ്പിറ്റല്‍ ഗ്രൂപ്പാണ് ഇത്തരം ഒരു സൂചന നല്‍കുന്നത്. അടുത്ത 18 മാസത്തേക്ക് വരള്‍ച്ച പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം, പലിശ നിരക്കില്‍ വരുന്ന വര്‍ദ്ധന തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ടെക് മേഖലയെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com