ADVERTISEMENT

വര്‍ഷാവര്‍ഷം നടത്തുന്ന ഐഫോണ്‍ അവതരണത്തിനൊപ്പം, ഫോണ്‍ എന്ന് പ്രീഓര്‍ഡര്‍ ചെയ്യാമെന്നും പ്രഖ്യാപിക്കും. ടെകനോളജി സാമ്രാട്ട് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ റോബോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസമായി നിലനിന്നിരുന്ന ചില കേട്ടുകേള്‍വികള്‍ ശ്രദ്ധിച്ചവരൊക്കെ ഈ മാസം ടെസ്‌ല ബോട്ടിനെ പ്രീ ഓര്‍ഡര്‍ ചെയ്യാമെന്ന് കരുതിയിട്ടുണ്ടാകണം. എന്നാല്‍, അതൊന്നും ഉണ്ടായില്ലെന്നു തന്നയെല്ല, റോബോട്ട് വില്‍പ്പനയ്‌ക്കെത്തണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്ന കാര്യവും ഉറപ്പായി.

ടെസ്‌ലയുടെ 2022 'എഐ ഡേ'യിലാണ് മസ്‌ക് റോബോട്ട് സാങ്കേതികവിദ്യയുടെ പുരോഗതി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം മസ്‌ക് ഒരു നടനെ വേഷംകെട്ടിച്ച് അവതരിപ്പിക്കുകയായിരുന്നു ചെയ്തതെങ്കില്‍ (കടുത്ത വിമര്‍ശനങ്ങളും ഉണ്ടായി) ഈ വര്‍ഷം റോബോട്ടിനെ തന്നെ പരിചയപ്പെടുത്തി. എന്നാല്‍, മസ്‌ക് പരിചയപ്പെടുത്തിയ റോബോട്ട് അത്ര മതിപ്പു തോന്നിപ്പിക്കുന്ന ഒന്ന് അല്ലെന്ന് ബോസ്റ്റണ്‍ ഹെറള്‍ഡ് പറയുന്നു. അതേസമയം, ഭാവിയില്‍ തന്റെ കാര്‍ ബിസിനസിനെക്കാള്‍ റോബോട്ട് കച്ചവടം പൊലിക്കുമെന്നും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ പ്രവചിച്ചിട്ടുണ്ട്.

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കായി ടെസ്‌ല വികസിപ്പിക്കുന്ന അതേ ഓട്ടോപൈലറ്റ് സങ്കേതികവിദ്യ തന്നെയാണ് റോബോട്ടുകളിലും പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, റോബോട്ടിന് അധികം വിലയൊന്നും വരില്ല, ഒരു 20,000 ഡോളറിനൊക്കെ വില്‍ക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നാണ് കോടീശ്വരന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ, ദാരിദ്ര്യമില്ലാത്ത, സമൃദ്ധിയുടെ ഒരു ഭാവിയിലേക്ക് നയിക്കാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും മസ്‌ക് പറയുന്നു.

ഇനി ടെസ്‌ലയുടെ റോബോട്ട് നര്‍മ്മാണത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ പരിശോധിക്കാം

ടെസ്‌ല ബോട്ടൂകള്‍ പ്രവര്‍ത്തിക്കുക ടെസ്‌ല എഐ ചിപ്പ് ഉപയോഗിച്ചായിരിക്കും. അവയുടെ കൈകള്‍ക്ക് 11 ഡിഗ്രി സ്വാതന്ത്ര്യമായിരിക്കും ഉണ്ടായിരിക്കുക. മസിലുകള്‍ക്ക് 28 സ്ട്രക്ചറല്‍ ആക്ചുവേറ്ററുകള്‍ ഉണ്ടായിരിക്കും. ഇണക്കുകള്‍ അല്ലെങ്കില്‍ ജോയിന്റുകള്‍ ഉണ്ടാക്കുന്നത് മനുഷ്യരുടെ മുട്ടുകള്‍ അടക്കമുള്ള ജോയിന്റുകളുടെ പ്രവര്‍ത്തനത്തെ മാതൃകയാക്കിയാണ്. ക്യാമറകളാണ് കണ്ണുകള്‍. ചെവിക്കായി മൈക്രോഫോണ്‍ ഉപയോഗിക്കും, സ്വരത്തിന് സ്പീക്കറുകളും. ഇതിന്റെ ബാറ്ററി പാക്ക് 2.3കിലോവാട്ട് അവര്‍ (kWh) ശേഷിയുള്ളതായിരിക്കും (53v). നടക്കുമ്പോള്‍ 500 വാട്‌സും, ഇരിക്കുമ്പോള്‍ 100 വാട്‌സും ഊര്‍ജ്ജം വേണ്ടിവരും.

മണിക്കൂറില്‍ പരമാവധി 8 കിലോമീറ്റര്‍ വരെ സ്പീഡ് ആര്‍ജ്ജിക്കാന്‍ സാധിക്കും. വൈ-ഫൈ, എല്‍ടിഇ കണക്ടിവിറ്റികളാണ് ഉള്ളത്. ഭാരം 73 കിലോഗ്രാം ആയിരിക്കും. ഓരോ കൈയ്യിലും 9 കിലോ ഭാരം വരെ കൊണ്ടുനടക്കാനാകും. (അതേസമയം, പല തരം റോബോട്ടുകളെ പുറത്തിറക്കിയേക്കാം എന്നതിനാല്‍ പല കാര്യങ്ങളിലും വ്യത്യാസവും വരാം.) ഭാരം കുറച്ചു നിറുത്താനായി എവിടെയല്ലാം പ്ലാസ്റ്റിക് ഉപയോഗിക്കാമോ അവിടെയെല്ലാം അതു തന്നെയായിരിക്കും. അല്ലാത്തയിടത്തെല്ലാം ലോഹം ആയിരിക്കും.  

ചലനം എങ്ങനെയായിരിക്കും?

ടെസ്‌ല റോബോട്ടിക്‌സ് ടീം പരമാവധി വൈവിധ്യംകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുന്നോട്ടുള്ള നടപ്പ്. കുത്തിയിരിക്കുക, കുത്തിയിരുന്ന് മുന്നോട്ടു നടക്കുക. ഒരു വശത്തേക്കു മാറി നടക്കുക, നടക്കുമ്പോള്‍ ചെരിയുക, നിലത്തുള്ള വസ്തുവിനെ കണ്ണിന്റെ ഉയരം വരെ ഉയര്‍ത്തുക, ഒരു വസ്തുവിനെ ഞെക്കുകയും, അമര്‍ത്തിപ്പിടിക്കുകയും ചെയ്യുക, അത് ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു. അതിനു പുറമെ, ചെരിഞ്ഞ കുന്നിലേക്കും മറ്റും നടന്നു കയറാനും പഠിപ്പിക്കുന്നു, ഡ്രില്‍ ഉപയോഗിക്കാനും, സ്‌ക്രൂഡ്രൈവര്‍ ഉപയോഗിക്കാനും, വസ്തുക്കളെ തള്ളാനും വലിച്ചെടുക്കാനും ഒക്കെ പരിശീലിപ്പിക്കുന്നു. (ഇതില്‍ പല കാര്യങ്ങളും ഫാക്ടറികളിലേക്കും മറ്റും തോന്നിയെങ്കില്‍ അതില്‍ തെറ്റു പറയയാനാവില്ല. കാരണം പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പു വരുന്നതുവരെ ഇവ ടെസ്‌ലയുടെ ഫാക്ടറികളിലായിരിക്കും പണിയെടുക്കുക എന്നാണ് സൂചന.)

എന്നു പുറത്തിറക്കും?

ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബോട്ടിനെ എത്രയും വേഗം പുറത്തിറക്കുക എന്നതാണ് ടെസ്‌ലയുടെ  ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു. അദ്ദേഹത്തിന്റെ മറ്റു കാര്യങ്ങളിലെന്ന പോലെ ഇതിലും ധൃതി കാണാമെന്ന് ഫോര്‍ബ്‌സ് നിരീക്ഷിക്കുന്നു. ഇപ്പോള്‍ നടത്തിയ പ്രദര്‍ശനം ഈ വിഭാഗത്തിലേക്ക് കൂടുതല്‍ എഞ്ചിനിയര്‍മാരെ ആകര്‍ഷിക്കാനുള്ള ലക്ഷ്യത്തോടെയായിരിക്കും എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ദശലക്ഷക്കണക്കിന് റോബോട്ടുകളെ പുറത്തിറക്കാനാണ് ലക്ഷ്യമെന്നും, അവയ്ക്ക് ഒരു ടെസ്‌ല കാറിനോളം വില വന്നേക്കില്ലെന്നും മസ്‌ക് പറയുന്നു. ഒപ്ടിമസ് എന്നായിരിക്കും ഹ്യൂമനോയിഡ് റോബോട്ടിന്റെ പേര്.

ടെസ്‌ല പ്രദര്‍ശിപ്പിച്ച റോബോട്ട് വയര്‍ലെസ് ആയി ആണ് പ്രവര്‍ത്തിച്ചത്. പക്ഷെ, സ്റ്റേജില്‍ കാണിച്ചതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതിനു ചെയ്യാനാകും. എന്നാല്‍, അത് മൂക്കു കുത്തി വീഴാതിരിക്കാനാണ് കൂടുതല്‍ കാര്യങ്ങള്‍ കാണിക്കാത്തത് എന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍, തന്റെ കമ്പനി നടത്തിയ പ്രദര്‍ശനത്തില്‍ കാണിച്ചതിനേക്കാള്‍ ശേഷിയുള്ള റോബോട്ടുകളാണ് ബോസ്റ്റണ്‍ ഡൈനാമിക്‌സ് തുടങ്ങിയ കമ്പനികളുടെ കൈയ്യില്‍ ഇപ്പോഴുള്ളത് എന്ന് തുറന്നു സമ്മതിക്കാനും മസ്‌ക് മറന്നില്ല. പക്ഷെ, തന്റെ കമ്പനി ദശലക്ഷക്കണക്കിനു റോബോട്ടുകളെയാണ് നിര്‍മ്മിച്ചെടുക്കുക എന്നും അതിനാല്‍, മനുഷ്യരാശിക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ജെയിംസ് കാമറണ്‍ 1984ല്‍ പുറത്തിറക്കിയ ടെര്‍മിനേറ്റര്‍ സിനിമയില്‍ സ്‌കൈനെറ്റ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ആത്മാവബോധം ആര്‍ജ്ജിക്കുന്നതും മനുഷ്യരാശിക്കു ഭീഷണിയാകുന്നതും ചിത്രീകരിച്ചിരിക്കുന്നതു പോലെ റോബോട്ടുകള്‍ പ്രശ്‌നം വിതയ്ക്കുമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടങ്ങി.

ദാരിദ്ര്യരഹിതമായ ഭാവി; എന്തും ചെയ്യിക്കാവുന്ന കാലം

തന്റെ റോബോട്ടുകളെ എത്രയും വേഗം പുറത്തിറക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നു പറഞ്ഞ മസ്‌ക്, അവയുടെ സാധ്യതകളെക്കുറിച്ച് വാചാലനായി. സമ്പല്‍സമൃദ്ധിയുടെ ഒരു ഭാവിയാണ് അദ്ദേഹം മുന്നില്‍കാണുന്നത്. അവിടെ ദാരിദ്ര്യം തുടച്ചുനീക്കപ്പെടും. ആ ഭാവിയില്‍ നിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. ഉല്‍പ്പന്നങ്ങളായാലും സേവനങ്ങളായാലും, മസ്‌ക് പറയുന്നു. ദശലക്ഷക്കണക്കിന് റോബോട്ടുകളെ പുറത്തിറക്കുക എന്ന ലക്ഷ്യം സഫലീകരിക്കാനായാല്‍, അത് നാം ഇതുവരെ കണ്ട മനുഷ്യ സംസ്‌കാരത്തെ അടിസ്ഥാനപരമായി തന്നെ അട്ടിമറിക്കുമെന്നും മസ്‌ക് അവകാശപ്പെടുന്നു.

അദ്ദേഹത്തിന്റെ നിരീക്ഷണം തെറ്റല്ലെന്ന് ഫോര്‍ബ്‌സ് വാദിക്കുന്നു. ടെസ്‌ലയ്‌ക്കോ മറ്റേതെങ്കിലും കമ്പനിക്കോ പ്രവര്‍ത്തനസജ്ജമായ ഫോബോട്ടുകളെ ചിലവു കുറച്ച് നിര്‍മ്മിക്കാനായാല്‍, ആധൂനിക സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും പല മേഖലകളെയും ഇപ്പോള്‍ സ്പ്‌നം കാണാന്‍ പോലും സാധിക്കാന്‍ പറ്റാത്ത രീതിയില്‍ മാറ്റമറിക്കാനാകുമെന്ന് ഫോര്‍ബ്‌സ് പറയുന്നു. വെയര്‍ഹൗസ്, ഫാസ്റ്റ്ഫുഡ് മേഖലകളും, ഗാര്‍ഡുകള്‍, ഫാക്ടറി ജോലിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, സ്‌റ്റോക്കിങ് ക്ലാര്‍ക്കുമാര്‍, വേലക്കാരികള്‍, പ്രകൃതി മോടിപിടിപ്പിക്കല്‍ വേലകള്‍ ചെയ്യുന്നവര്‍, ഷിപ്പിങ് മേഖലയില്‍ ജോലിയെടുക്കുന്നവര്‍ തുടങ്ങി ഒരു പറ്റം ജോലികള്‍ മികച്ച രീതിയില്‍ നിര്‍മ്മിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടുകളെ ഏല്‍പ്പിക്കാം.

അതേസമയം, ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതും അവ യാഥാര്‍ത്ഥ്യമാക്കുന്നതും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടുതാനും. ടെസ്‌ലയ്‌ക്കോ മറ്റേതെങ്കിലും കമ്പനിക്കൊ പെട്ടെന്ന് ഇത്തരം റോബോട്ടുകളെ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കണമെന്നില്ല എന്നാണ് റോബോട്ടിക്‌സ് മേഖലയെക്കുറിച്ചു പഠിക്കുന്നവര്‍ പറയുന്നത്. അതേസമയം, ഇത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കാനും മനുഷ്യരാശിക്കാവില്ല. വിവിധ രീതിയില്‍ ക്രമീകരിക്കാവുന്ന തരത്തിലുള്ള റോബോട്ട് സെല്ലുകള്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമായിരിക്കും പ്രായോഗികം എന്നൊരു വാദമുണ്ട്. ഇതിനെയാണ് മോഡ്യുലര്‍, സെല്‍ഫ്-റീകോണ്‍ഫിഗറിങ് റോബോട്ട് സിസ്റ്റം എന്നു വിളിക്കുന്നത്. മസ്‌കിന്റേതോ അല്ലാത്തതോ ആയ ഏതെങ്കിലും തരത്തിലുള്ള റോബോട്ടുകള്‍ പ്രവര്‍ത്തന മികവു കാട്ടുമൊ എന്ന കാര്യം ഇപ്പോള്‍ അപ്രവചനീയമാണെന്ന് വിദഗ്ധര്‍ പറയുന്നു.

 

English Summary: Making future awesome: Tesla robot walks out onstage, waves at Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com