ADVERTISEMENT

കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ മുഖ്യ പുരോഹിതനായിരുന്ന ആപ്പിള്‍ കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവൻ പോള്‍ ജോബ്‌സ്, അല്ലെങ്കില്‍ കൂടുതല്‍ പേര്‍ വിളിക്കുന്നതു പോലെ സ്റ്റീവ് ജോബ്‌സ്, വിടവാങ്ങിയിട്ട് 11 വര്‍ഷമായി. 2011 ഒക്ടോബര്‍ 5ന്, 56-ാം വയസില്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം മരിച്ചത്. ഫോണ്‍ എന്ന സങ്കല്‍പത്തെ എക്കാലത്തേക്കുമായി മാറ്റി മറിച്ച മാന്ത്രികന്‍ എന്നാകും അദ്ദേഹത്തെ പലരും ഓര്‍ക്കുക. ( ജോബ്‌സിനെ പുരോഹിതന്‍ എന്നു വിളിക്കുന്നതില്‍ തെറ്റില്ല. അത്രമാത്രം 'വിശ്വാസികളാണ്' ആപ്പിളിനുള്ളത്. പലരും ‘ആപ്പിള്‍ കള്‍ട്ട്’ എന്നു തന്നെയാണ് കമ്പനിയോടുള്ള ആരാധനയെ വിശേഷിപ്പിക്കുന്നതും.)

 

ഇതുവരെയുള്ള ചില ആപ്പിൾ ഉൽപന്നങ്ങളുടെ പിന്നിലെ തലച്ചോറ് തന്നെയാണ് ജോബ്സ്. ജോബ്‌സിന്റെ 11-ാം ചരമവാർഷികത്തിൽ നിലവിലെ ആപ്പിൾ സിഇഒ ടിം കുക്ക് ഇതിഹാസത്തെ ഓർമിക്കുകയും തന്റെ കുറിപ്പുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഒരു മികച്ച ആശയത്തിന് ലോകത്തെ മാറ്റാൻ കഴിയുമെന്ന് സ്റ്റീവ് ഞങ്ങളെ എല്ലാവരെയും കാണിച്ചു തന്നു. ഇന്നും എന്നും അവരെ ഓർക്കുന്നു.’ ഇതായിരുന്നു ടിം കുക്കിന്റെ ട്വീറ്റിന്റെ ചുരുക്കം.

 

ആപ്പിൾ ഐഫോൺ 4എസും സിരിയും അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റീവ് ജോബ്സ് മരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 56 വയസ്സായിരുന്നു. അന്ന് ജോബ്‌സ് ആപ്പിളിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവും ചെയർമാനുമായിരുന്നു.

 

‘സ്റ്റീവ് എനിക്കു കാണിച്ചു തന്നു- നമുക്കോരോരുത്തര്‍ക്കും, മനുഷ്യരാശിയെ സേവിക്കേണ്ടത് എങ്ങനെയാണെന്ന്, നമ്മള്‍ അദ്ദേഹത്തിന്റെ അഭാവം അറിയുന്നു, ഇന്നും എന്നും, അദ്ദേഹത്തിന്റെ മാതൃക നമുക്കൊരിക്കലും മറക്കാനുമാകില്ല’ എന്നായിരുന്നു മറ്റൊരു അവസരത്തിൽ ടിം കുക്ക് പറഞ്ഞത്. ('Steve showed me– and all of us–what it means to serve humanity. We miss him, today and every day, and we'll never forget the example he set for us.')

 

∙ ആരായിരുന്നു ജോബ്‌സ്?

 

ടെക്‌നോളജി ലോകത്തെ പരിപൂര്‍ണ്ണതാവാദികളില്‍, പെര്‍ഫെക്‌ഷണസ്റ്റുകളില്‍ ഒരാളായിരുന്നു സ്റ്റീവ് ജോബ്‌സ്. അദ്ദേഹത്തെ പോലെയുള്ളവരുടെ ഇടപെടലിലൂടെ ഉപകരണങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഒരു തരം പരിപൂര്‍ണ്ണത കൈവരിക്കാനാകും. നിങ്ങളുടെ കൈയ്യിലെ ആ സ്മാര്‍ട് ഫോണിന്റെ, ഏതു ബ്രാന്‍ഡിന്റെതുമാകട്ടെ, ഉള്ളുണര്‍വിന് നിങ്ങള്‍ പ്രധാനമായും നന്ദി പറയേണ്ട വ്യക്തി ജോബ്‌സാണ്.

 

കൂടാതെ, നിങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണവും ജോബ്‌സ് തന്നെയാണ്. ജോബ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നോ? ഉറപ്പായും സംഭവിക്കുമായിരിക്കും. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞേക്കും. പിന്നെ ഇപ്പോള്‍ ഫോണുകള്‍ക്കു മറ്റ് സ്മാര്‍ട് ഉപകരണങ്ങള്‍ക്കും അവയുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുമുള്ള സ്വാഭാവിക വഴക്കം കൈവരാനും വര്‍ഷങ്ങളെടുത്തേനെ. ആപ്പിള്‍ കമ്പനിക്ക് ഇത്രമാത്രം ആരാധകരെ സൃഷ്ടിച്ചതിനു പിന്നിലും ജോബ്‌സിന്റെ കരങ്ങളാണ്. 

 

∙ ജോബ്സിന്റെ ചില പ്രധാന നേട്ടങ്ങള്‍

 

∙ ആപ്പിള്‍ മക്കിന്റോഷ് 128K (Apple Macintosh 128K) 

 

ആപ്പിള്‍ മക്കികന്റോഷ് 128K അവതരിപ്പിച്ചത് 1984ല്‍ ആണ്. ഇന്ന് 1 ട്രില്യന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയായ ആപ്പിളിന്റെ തുടക്കം അവിടെയാണ്. ഈ കംപ്യൂട്ടറിനൊപ്പം നല്‍കിയത് ഒരു 9-ഇഞ്ച് സിആര്‍ടി മോണിട്ടറും കീബോഡും മൗസുമാണ്. ഇത് എടുത്തുകൊണ്ടു നടക്കാനായി മുകളില്‍ ഒരു ഹാന്‍ഡിലും ഉണ്ടായിരുന്നു. 

 

∙ ഐപോഡ് (M8541)

 

ഇതായിരുന്നു ആപ്പിളിന്റെ ആദ്യത്തെ കൊണ്ടുനടക്കാവുന്ന മ്യൂസിക് പ്ലെയര്‍. 'ആയിരം പാട്ടുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കൂ' എന്നായിരുന്നു ഈ ഐപോഡിന്റെ പരസ്യ വാചകം. ഇതിനൊരു മോണോക്രോം എല്‍സിഡി ഡിസ്‌പ്ലെയും ഉണ്ടായിരുന്നു. 5 ജിബി സ്റ്റോറേജാണ് ഈ മോഡലിന് ഉണ്ടായിരുന്നത്. ഇതിനെ എതിരാളികളുടെ പ്രൊഡക്ടുകളില്‍ നിന്ന് എടുത്തു കാട്ടിയത് അതിന്റെ വലുപ്പക്കുറവായിരുന്നു. 

 

∙ മാക്ബുക് പ്രോ

 

ലോകത്തെ ഏറ്റവും മികച്ച ലാപ്‌ടോപ്പുകളുടെ കൂടെയാണ് മാക്ബുക് പ്രോ കംപ്യൂട്ടറുകളുടെ സ്ഥാനം. ആദ്യ മാക്ബുക് പ്രോ അവതരിപ്പിച്ചത് 2006ല്‍ ആണ്. ഇരട്ട കോറുള്ള ഇന്റല്‍ പ്രൊസസര്‍ അരങ്ങേറ്റം കുറിച്ചതും ഇതിലൂടെയാണ്. നേരത്തെയുണ്ടായിരുന്ന ആപ്പിളിന്റെ പവര്‍ബുക്ക് (PowerBook G4)ന്റെ പിന്തുടര്‍ച്ചയായിട്ടാണ് ഇതു വരുന്നത്.

 

∙ ഐഫോണ്‍! ഐഒഎസ്!

 

കംപ്യൂട്ടര്‍ നിര്‍മാണ കമ്പനി ഫോണുണ്ടാക്കുന്നോ? അതിനു സാധ്യതയുണ്ടോ? ആപ്പിള്‍ ഒരു ഫോണ്‍ നിര്‍മിക്കുന്നുണ്ടെന്ന വാര്‍ത്ത പരന്നു തുടങ്ങിയപ്പോള്‍ ടെക് പ്രേമികള്‍ ചോദിച്ച ചോദ്യമിതാണ്. (എന്നാല്‍, ഫോണ്‍ ഇറങ്ങുന്നതിനു മുൻപു തന്നെ ഫോണിനെക്കിറിച്ചുള്ള മിക്ക വിവരങ്ങളും അവര്‍ക്ക് 'ചോര്‍ന്നു കിട്ടി'. ഇതിനെ ആപ്പിളിന്റെ മാര്‍ക്കറ്റിങ് തന്ത്രമായിട്ടാണ് പലരും കാണുന്നത്. ഫീച്ചറുകളും മറ്റും വിശദീകരിക്കാന്‍ പൈസ ചെലവിടേണ്ട.) ഈ ഫോണ്‍ അവതരിപ്പിച്ചത് 2007 ജാനുവരിയിലാണ്. ജൂണില്‍ ഇത് അമേരിക്കയിലെ കടകളിലെത്തി. ആപ്പിള്‍ ആരാധകര്‍ ക്യൂ നിന്നും മറ്റും അവരുടെ ഫോണ്‍ കരസ്ഥമാക്കി. ടച്‌സ്‌ക്രീന്‍, ജിഎസ്എം, ജിപിആര്‍എസ്, എഡ്ജ് തുടങ്ങിയവ ആയിരുന്നു പ്രധാന ഫീച്ചറുകള്‍. ഫോണ്‍ വ്യവസായത്തിന്റെ ഗതിമാറ്റിയത് ഈ ഉപകരണമാണ്. ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ സുഗമമായ പ്രവര്‍ത്തനം പിന്നീട് പലരും കോപ്പിയടിക്കുകയായിരുന്നു.

 

∙ ആപ്‌സ്റ്റോര്‍

 

പലരും കരുതുന്നതു പോലെ ഐഫോണിനൊപ്പം അവതരിപ്പിച്ചതല്ല ആപ് സ്റ്റോര്‍. 2008ല്‍ 500 ആപ്പുകളുമായാണ് ഇത് തുടങ്ങുന്നത്. ഇന്ന് ഏകദേശം 2 ദശലക്ഷം ആപ്പുകളാണ് സ്റ്റോറിലുള്ളത്. എത്രയാണെങ്കിലെന്താ, അവയിലൂടെ ആപ്പിളിന് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ലഭിച്ചത് 22 ബില്യന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

∙ ഐപാഡ്

 

സ്റ്റെറോയിഡ് കഴിച്ച ഐഫോണായ, ഐപാഡ് 2010ലാണ് സ്റ്റീവ് ജോബ്‌സ് അവതരിപ്പിക്കുന്നത്. 9.7-ഇഞ്ച് വലുപ്പത്തിലുള്ള ഈ ടാബ് മറ്റൊരു തുടക്കം കുറിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് ഏകദേശം ഇത്ര വലിപ്പമുള്ള ഒരു ടാബ് 2000ല്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. ഐപാഡിന്റെ സാന്നിധ്യത്തില്‍ ടാബ് വിപണിയും കുതിച്ചു.

 

English Summary: Apple CEO Tim Cook remembers Steve Jobs on his death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com