വരുന്നു മസ്‌കിന്റെ എക്‌സ് ആപ്! വാട്‌സാപും ഫെയ്‌സ്ബുക്കും പഴങ്കഥയായേക്കാം?

elon-musk-
Photo: AFP
SHARE

എക്‌സ് എന്ന പേരില്‍ 'എന്തും ചെയ്യാവുന്ന' ആപ് നിർമിക്കാനുള്ള പദ്ധതി ഉടന്‍ ത്വരിതപ്പെടുത്തുമെന്ന് സ്‌പേസ്എക്‌സ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ഈ എവരിതിങ് ആപ് നിലവിലുള്ള സമൂഹ മാധ്യമ സംസ്‌കാരത്തെ തകര്‍ത്തെറിഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട. പണത്തിനു പണം ഉള്ള, പരീക്ഷണം നടത്താന്‍ മടിയില്ലാത്ത വ്യക്തിയായാണ് മസ്‌ക് അറിയപ്പെടുന്നത്. ട്വിറ്റര്‍ വാങ്ങുന്നതോടെ എവരിതിങ് ആപ്പായ 'എക്‌സ്' ന്റെ പണി വേഗത്തിലാക്കും എന്നാണ് മസ്‌ക് ട്വീറ്റു ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാൽ, സമൂഹ മാധ്യമായ ട്വിറ്റര്‍ ഏറ്റെടുക്കാതിരുന്നത് അതില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായതുകൊണ്ടാണ് എന്നാണ് മസ്‌ക് ഔദ്യോഗികമായി പറയുന്നത്. അതേസമയം, ട്വിറ്റര്‍ വാങ്ങാന്‍ മുടക്കുന്ന പണമുണ്ടെങ്കല്‍ സ്വന്തമായി ആപ് ഉണ്ടാക്കാമെന്ന ചിന്ത തന്നെയായിരിക്കാം മസ്‌കിനെ ഇടപാടില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നുമുള്ള വാദവും സജീവമാണ്. നിലവിലുള്ള സമൂഹ മാധ്യമ സേവനങ്ങളുടെ ശേഷിയും പരിമിതിയും മനസിലാക്കി പുതിയ ആപ് ഒരുക്കാന്‍ മസ്‌കിന് സാധിച്ചേക്കും.

∙ ട്വിറ്റര്‍ ഇടപാട് ഉറപ്പിച്ചെന്ന് മസ്‌കും ട്വിറ്ററും

അതേസമയം, മസ്‌കിന്റെ ടീം അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ (എസ്ഇസി) സമര്‍പ്പിച്ച പുതിയ അപേക്ഷ പ്രകാരം ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ കരാര്‍ ഒപ്പിട്ട ശേഷം പിന്മാറിയ കേസ് കോടതിയില്‍ എത്തിയാല്‍ തിരിച്ചടി നേരിടുകയും അത് മാനഹാനി ഉണ്ടാക്കുയും ചെയ്‌തേക്കാമെന്ന തോന്നലാകാം മസ്‌ക് തീരുമാനം തിരുത്താനുണ്ടായ കാരണമെന്നു പറയുന്നു.

അമേരിക്കയിലെ ഡെലവെയര്‍ ചാന്‍സറി കോടതി കേസ് വിചാരണയ്ക്ക് എടുക്കാന്‍ ഏതാനും ദിവസം ശേഷിക്കെയാണ് മസ്‌കിന്റെ പുതിയ നീക്കം. ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് തത്കാലം അവധിക്കുവച്ചേക്കുമെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് മസ്‌കിന്റെ ഭാഗത്തു നിന്നു ലഭിച്ചുവെന്ന് ട്വിറ്ററും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപാട് പൂര്‍ത്തിയാക്കാന്‍ മസ്‌ക് ഉദ്ദേശിക്കുന്നു എന്നാണ് കത്തിന്റെ സാരാംശം. 

∙ എവരിതിങ് ആപ് എത്തുന്നത് വേഗത്തില്‍

അതേസമയം, ട്വിറ്റര്‍ വാങ്ങുന്നത് എവരിതിങ് ആപ് ആയ എക്‌സ് സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുമെന്നാണ് മസ്‌ക് കുറിച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ എക്‌സ് ആപ് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കാനായേക്കുമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. കാലയളവിന്റെ കാര്യത്തില്‍ തനിക്കു തെറ്റുപറ്റിയേക്കാമെന്നും മസ്‌ക് പറയുന്നു. അതായത്, എക്‌സ് ആപ് അത്ര കാലതാമസം എടുക്കാതെ പുറത്തിറക്കാനായേക്കാം, അല്ലെങ്കില്‍ അതിന് അല്‍പം കൂടുതല്‍ സമയം എടുത്തേക്കാം. എന്തായാലും, മസ്‌കിന്റെ പുതിയ നീക്കത്തോടെ ട്വിറ്ററിന്റെ ഓഹരി ഇപ്പോള്‍ 22 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.

∙ മസ്‌ക് എത്തുന്നതോടെ ഞെട്ടാന്‍ തയാറായി ട്വിറ്റര്‍ ജോലിക്കാര്‍

മസ്‌ക് - ട്വിറ്റര്‍ ഇടപാട് ആദ്യം മുതല്‍ ശ്രദ്ധിച്ചവര്‍ക്ക് ഒരു കാര്യം അറിയാം, ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാള്‍ അടക്കം അധികമാര്‍ക്കും കോടീശ്വരന്‍ ഈ സമൂഹ മാധ്യമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് അത്രമേല്‍ സ്വാഗതാര്‍ഹമായിരുന്നില്ലെന്ന്. ട്വിറ്റര്‍ സ്ഥാപകനും, മേധാവിയുമായിരുന്ന ജാക് ഡോര്‍സിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് അഗ്രവാളിനെ മസ്‌ക് പരസ്യമായി വിമര്‍ശിക്കുക പോലും ചെയ്തിട്ടുണ്ട്.

ഇതെല്ലാം കഴിഞ്ഞ് മസ്‌ക് ട്വിറ്ററിന്റെ നേതൃത്വം ഏറ്റെടുക്കുന്നെങ്കില്‍ ജോലിക്കാര്‍ക്ക് ഒരു ഷോക് തന്നെ പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. തന്നിഷ്ടക്കാരനായ മസ്‌ക് ആരുടെയും ചൊല്‍പ്പടിക്കു നിന്നേക്കില്ല. അടുത്തിടെ വരെ മസ്‌കും ട്വിറ്ററും തമ്മില്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. ഈ വാക്‌പോരു മുഴുവന്‍ ഇപ്പോള്‍ ചവറ്റുകുട്ടിയിലിട്ടാണ് ഇരു കൂട്ടരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതും.

∙ പൗരാവകാശ സംഘടനകള്‍ക്കും മസ്‌ക് പേടി

മസ്‌ക് എത്തിയാല്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ സമൂഹ മാധ്യമ സേവനങ്ങളിലൊന്നായ ട്വിറ്ററിന്റെ നടത്തിപ്പില്‍ വന്‍ മാറ്റങ്ങളാണ് പലരും പ്രതീക്ഷിക്കുന്നത്. ജോലിക്കാരില്‍ ചിലര്‍ക്കെങ്കിലും മസ്‌കിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടേക്കില്ലെന്നു പറയുന്നു. ഇതിനു പുറമെ, പൗരാവകാശ സംഘടനകള്‍ക്കും മസ്‌കിന്റെ കടന്നു വരവിനേക്കുറിച്ച് പേടിയുണ്ട്. സംഭാഷണ സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിചിത്രമായ കാഴ്ചപ്പാടാണ് ഈ ഭീതിക്കു പിന്നില്‍.

ട്വിറ്റര്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഒന്നും വേണ്ടെന്നൊരു വാദം അദ്ദേഹം നേരത്തേ ഉയര്‍ത്തിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ യഥേഷ്ടം വ്യാപിക്കാമെന്നാണ് സംഘടനകള്‍ ഭയക്കുന്നത്. അതേസമയം, വിമര്‍ശനം ഉയര്‍ന്നതോടെ മസ്‌ക് തന്റെ വാദം തിരുത്തയിരുന്നു - ഓരോ രാജ്യത്തെയും നിയമം അനുസരിച്ചായിരിക്കണം പോസ്റ്റുകള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. (ആളുകള്‍ സ്വാതന്ത്ര്യത്തോടെ ട്വിറ്റര്‍ പോസ്റ്റുകള്‍ ഇടട്ടെ, തന്നെ വിമര്‍ശിക്കുമ്പോള്‍ ഒഴികെ എന്നാണ് മസ്‌കിന്റെ വാദത്തിന്റെ സാരാംശമെന്ന് ബ്ലൂംബര്‍ഗ്.) 

∙ ട്വിറ്ററിന്റെ സ്ഥായിഭാവം അനിശ്ചിതത്വം

ഇതുവരെയുള്ള ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് - ട്വിറ്ററിന്റെ ജോലിക്കാര്‍ക്കിടയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. പല പുതിയ കാര്യങ്ങളും നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നത് ഇതിനാലാണ്. കമ്പനി മേധാവികള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അങ്ങന വരുമ്പോള്‍ എല്ലാക്കാര്യങ്ങളും മന്ദഗതിയിലാകുന്നു. മസ്‌ക് എത്തിയാല്‍ ഈ സംസ്‌കാരം പാടേ തകരും. അസാധ്യമാണെങ്കില്‍ പോലും ഒരോ കാര്യവും അതിവേഗം നടത്തണമെന്ന് മസ്‌ക് ശാഠ്യം പിടിക്കും.

∙ എല്ലാം വേഗം നടക്കണമെന്ന ശാഠ്യമുള്ളയാളാണ് മസ്‌ക്

ഉദാഹരണത്തിന് ട്വിറ്ററില്‍ 5 ശതമാനം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നു കരുതുക. ഇത് 1 ശതമാനത്തില്‍ താഴെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. ട്വിറ്റര്‍ മേധാവി ഇതു നടപ്പാക്കാനായി ഏതാനും വര്‍ഷമായിരിക്കും നീക്കിവയ്ക്കുക. അതേസമയം, മസ്‌ക് പറയും ഇത് മാസങ്ങള്‍ക്കുള്ളില്‍ ചെയ്യണമെന്ന്. തന്റെ കമ്പനികള്‍ അസാധ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കാറുള്ള ആളാണ് മസ്‌ക്.

ഇത്തരം സാഹചര്യങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. മസ്‌ക് 2019ല്‍ തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌ല കമ്പനിയുടെ നിക്ഷേപകരുടെ സമ്മേളനത്തില്‍ പറഞ്ഞത് 2020ല്‍ കമ്പനി 10 ലക്ഷം ഡ്രൈവറില്ലാ റോബോ-ടാക്‌സികള്‍ പുറത്തിറക്കുമെന്നായിരുന്നു. അതു പോരെങ്കില്‍ ഇവ ലോകത്തെ ഏതു റോഡുകളിലും, ഏതു സാഹചര്യത്തിലും ഒാടിക്കാന്‍ സാധിക്കുന്നവ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതെങ്ങും സംഭവിച്ചില്ല. അതുപോലെ തന്നെ മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് സംവിധാനം 2020ല്‍ പിടിപ്പിക്കാനാകുമെന്നും പറഞ്ഞിരുന്നു. അതും ഇതുവരെ സാധ്യമായിട്ടില്ല. 

∙ അത് മസ്‌കിന്റെ സ്വതസിദ്ധ രീതി

പക്ഷേ, ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതും മസ്‌കിന്റെ രീതികളിലൊന്നാണ്. അടുത്തിടെ അദ്ദേഹത്തിന്റെ കമ്പനികളിലൊന്ന് പരിചയപ്പെടുത്തിയ ഒപ്ടിമസ് എന്ന റോബോട്ട് വാസ്തവത്തില്‍ മറ്റു പല കമ്പനികളുടെയും കൈവശമുള്ള സാങ്കേതികവിദ്യയേക്കാള്‍ മോശം ശേഷി ഉള്ളതാണെന്നും വിമര്‍ശനം ഉണ്ട്. തന്റെ കമ്പനി ഉണ്ടാക്കുന്ന റോബോട്ടിനെ 20,000 ഡോളറിനു വില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ഇന്നത്തെ നിലയില്‍ ഏറ്റവും വില കുറഞ്ഞ ഹ്യൂമനോയിഡ് റോബോട്ടിന് 150,000 ഡോളര്‍ വില വരുമെന്നാണ് സൂചന. ഇത്തരത്തിലുള്ള പല വിചിത്ര അവകാശവാദങ്ങളും ആവശ്യങ്ങളും ട്വിറ്റര്‍ ജോലിക്കാരും ഇനി നേരിടേണ്ടി വന്നേക്കും. 

എൻജിനീയറിങ്ങിന്റെ കാര്യത്തില്‍ ചില അമിതപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് തെറ്റല്ലെന്നു പറഞ്ഞാല്‍ പോലും സാമൂഹിക ആഘാതം ഉണ്ടാക്കിയേക്കാവുന്ന, സംഭാഷണ സ്വാതന്ത്ര്യം പോലെയുള്ള വിഷയങ്ങളില്‍ മസ്‌കിന്റെ നീക്കങ്ങള്‍ എന്ത് ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും കാത്തിരുന്നു കാണേണ്ടി വരും.

Elon Musk Vs Twitter (Photo by Olivier DOULIERY / AFP)
(Photo by Olivier DOULIERY / AFP)

∙ ഈ വര്‍ഷത്തെ ഏറ്റവും വലിയ യു-ടേണ്‍

എന്തായാലും, ഈ വര്‍ഷം രാജ്യാന്തര സമൂഹം കണ്ട ഏറ്റവും നാടകീയമായ യു-ടേണ്‍ എടുത്തിരിക്കുകയാണ് മസ്‌ക്. വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍. കേസ് വിചാരണ തുടങ്ങിയാല്‍ തന്റെ സ്വകാര്യ സന്ദേശങ്ങള്‍ കോടതിക്കു മുന്നില്‍ വന്നേക്കാമെന്നും ഇവ തന്നെ നാണം കെടുത്തിയേക്കാമെന്നും മസ്‌ക് ഭയക്കുന്നുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും എക്‌സ് ആപ് പ്രതീക്ഷിക്കുന്നിതിനേക്കാല്‍ വേഗത്തിലെത്തുക തന്നെ ചെയ്യാനുള്ള സാധ്യതയാണ് പലരും കാണുന്നത്.

English Summary: Elon Musk may want a WeChat for the world. It won't be easy to build

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}