ADVERTISEMENT

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെ വെബ്‌ക്യാം ഓഫാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടതിന് കമ്പനിക്ക് 72,700 ഡോളർ ( ഏകദേശം 60 ലക്ഷം രൂപ) പിഴ ചുമത്തി. യുഎസ് കമ്പനിയാണ് ജോലിക്കിടെ വെബ്ക്യാം ഓഫാക്കിയ ജീവനക്കാരനെ വിചിത്രമായ കാരണത്താൽ പിരിച്ചുവിട്ടത്. ഇത് കമ്പനിക്ക് തന്നെ തിരിച്ചടിയായി. നെതർലൻഡ്‌സ് സ്വദേശിയാണ് ജീവനക്കാരൻ. തന്റെ സ്വകാര്യത അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ജോലിക്കിടെ വെബ്ക്യാം ഓഫാക്കിയതെന്ന് ജീവനക്കാരൻ കോടതിയെ അറിയിച്ചു. കേസ് പരിശോധിച്ച കോടതി 60 ലക്ഷം രൂപ പിഴ നൽകാൻ യുഎസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.

 

ഫ്ലോറിഡ ആസ്ഥാനമായുള്ള ടെലിമാർക്കറ്റിങ് കമ്പനിയായ ചേതു, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഒരു ദിവസം ഒൻപത് മണിക്കൂർ ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ലാപ്‌ടോപ്പിന്റെ സ്‌ക്രീനും ലൈവ് വിഡിയോയും ഷെയർ ചെയ്യാൻ ജീവനക്കാരന് ഇഷ്ടമല്ലായിരുന്നു. ഇതിനാലാണ് വെബ്ക്യാം ഓഫ് ചെയ്തത്.

 

കമ്പനി ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതോടെ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വെബ്‌ക്യാമിലൂടെ എല്ലായ്‌പ്പോഴും തന്നെ നിരീക്ഷിക്കുകയും ലാപ്‌ടോപ്പിന്റെ സ്‌ക്രീൻ ഷെയർ ചെയ്യാനും ആവശ്യപ്പെട്ട് കമ്പനി തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്ന് ജീവനക്കാരൻ കോടതിയിൽ വാദിച്ചു.

 

അനുസരണക്കേട്, ജോലി ചെയ്യാനുള്ള വിസമ്മതം എന്നീ കാരണങ്ങൾ ചുമത്തിയാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന് പറയുന്നു. ഇതേത്തുടർന്ന്, ഡച്ച് കോടതി ചേതു കമ്പനിക്ക് പിഴ ചുമത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ വെബ്‌ക്യാമിൽ നിരീക്ഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. 

 

എന്നാൽ, ജീവനക്കാരെ നിരീക്ഷിക്കാൻ മോണിറ്ററിങ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഒരേയൊരു കമ്പനി ചേതു മാത്രമല്ല. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആളുകളെ അനുവദിക്കുന്ന 60 ശതമാനം കമ്പനികളും തങ്ങളുടെ ജീവനക്കാരെ നിരീക്ഷിക്കാൻ ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഡിജിറ്റൽ.കോം റിപ്പോർട്ട് വെളിപ്പെടുത്തി. ഓഫിസ് ഇതര ജോലികൾ ചെയ്ത് ജീവനക്കാർ ദിവസവും മൂന്നോ നാലോ മണിക്കൂർ പാഴാക്കുന്നുവെന്ന് കണ്ടെത്താൻ ഇത് കമ്പനികളെ സഹായിച്ചതായും റിപ്പോർട്ടുണ്ട്.

 

English Summary: Company fined Rs 60 Lakhs for firing employee who switched off webcam while working from home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com