ADVERTISEMENT

ഉപയോക്താക്കൾക്ക് അധിക സുരക്ഷ നൽകുന്നതിനായി ആൻഡ്രോയിഡ് ഉപകരണങ്ങൾക്കും ക്രോമിനുമായി ഗൂഗിൾ പുതിയ പാസ്‌കീ ഫീച്ചർ അവതരിപ്പിച്ചു. പാസ്‌വേഡ് ഉപയോഗിക്കുന്നതിന് പകരം ഏതെങ്കിലും വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ ലോഗിൻ ചെയ്യുന്നതിന് പിൻ അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ച് ആളുകൾക്ക് അവരുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ഉടൻ തന്നെ സാധിച്ചേക്കും. പരമ്പരാഗത ടു-ഫാക്ടർ ഓതന്റിക്കേഷൻ രീതിയേക്കാൾ ഉപയോക്താക്കൾക്ക് ഏറെ സുരക്ഷിതമാണിതെന്നും ഗൂഗിൾ അവകാശപ്പെടുന്നു.

 

ഈ വർഷം മേയിൽ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ ഉപയോക്താക്കൾക്ക് ഒരു പൊതു പാസ്‌വേഡ് ഇല്ലാത്ത സൈൻ ഇൻ ഓപ്‌ഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വേൾഡ് വൈഡ് വെബ് കൺസോർഷ്യവും (W3C) FIDO അലയൻസും ചേർന്ന് വികസിപ്പിച്ചെടുത്ത ‘പാസ്കീസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. സെർച്ച് ഭീമൻ ഗൂഗിൾ ഇപ്പോൾ തന്നെ അത് യാഥാർഥ്യമാക്കുകയാണ്.

 

എന്നാൽ, ഈ ഫീച്ചർ നിലവിൽ ഡവലപ്പർമാർക്ക് മാത്രമാണ് ലഭ്യമാകുക. ഈ വർഷാവസാനത്തോടെ സാധാരണ ഉപയോക്താക്കൾക്കും പാസ്‌കീ ഫീച്ചർ ലഭിച്ചേക്കും. ഒരിക്കൽ നിർമിച്ച പാസ്കീ ഗൂഗിൾ പാസ്‌വേഡ് മാനേജറിലേക്ക് ബാക്കപ്പ് ചെയ്യുന്നതിനാൽ മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഒരാൾക്ക് ആൻഡ്രോയിഡ് ഉപകരണങ്ങളിലെല്ലാം ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. 

 

ഡവലപ്പർമാർക്ക് അവരുടെ ആൻഡ്രോയിഡ് ആപ്പുകൾക്കായുള്ള പുതിയ പാസ്കീ ഫീച്ചർ പരിശോധിക്കാൻ ഗൂഗിൾ പ്ലേ സേവനങ്ങളുടെ ബീറ്റയിൽ ഇപ്പോൾ എൻറോൾ ചെയ്യാം. വരും ആഴ്ചകളിലോ മാസങ്ങളിലോ നേറ്റീവ് ആൻഡ്രോയിഡ് ആപ്പുകൾക്കായി ഗൂഗിൾ ഒരു എപിഐ  പുറത്തിറക്കും. വെബ് പാസ്കീകൾ ഉപയോഗിക്കാൻ മൊബൈൽ ആപ്ലിക്കേഷനുകളെ ഇത് അനുവദിച്ചേക്കും. ഒരു ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുത്ത്, റജിസ്‌റ്റർ ചെയ്‌ത ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് അൺലോക്ക് ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫൈ ചെയ്യുന്നതിലൂടെ ആൻഡ്രോയിഡ് ഫോണിൽ എളുപ്പത്തിൽ ഒരു പാസ്‌കീ സൃഷ്‌ടിക്കാൻ കഴിയും.

 

പാസ്‌കീ ഒരു ക്രിപ്‌റ്റോഗ്രാഫിക് പ്രൈവറ്റ് കീയാണ്. മിക്ക കേസുകളിലും ലാപ്‌ടോപ്പുകളോ മൊബൈൽ ഫോണുകളോ പോലുള്ള ഉപയോക്താവിന്റെ സ്വന്തം ഉപകരണങ്ങളിൽ മാത്രമാണ് ഈ സ്വകാര്യ കീ ഉപയോഗിക്കാനാകുക എന്ന് ഗൂഗിൾ പറയുന്നു. പുതിയ രീതിയിൽ ഗൂഗിൾ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമെന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 'pizza' 'password' '123456' എന്നീ പാസ്‌വേഡുകളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നാണ് ഗൂഗിൾ വക്താവ് സൂചിപ്പിച്ചത്.

 

അതേസമയം, പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുന്ന രീതിയും തുടരുക തന്നെ ചെയ്യും, ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള രീതി അവലംബിക്കാം. ഇനി ഫോണ്‍ നഷ്ടപ്പെട്ടാൽ പോലും പേടിക്കേണ്ടതില്ല. ഗൂഗിൾ അക്കൗണ്ട് തുറന്ന് 'മൈ അക്കൗണ്ട്' ഓപ്ഷൻ തുറന്ന് നഷ്ടപ്പെട്ട ഫോണിന്റെ ആക്സസ് എടുത്തുകളയുകയും ചെയ്യാം.

 

English Summary: Google unveils new way to login without passwords on Android and Chrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com