ADVERTISEMENT

ആപ്പിള്‍ കമ്പനിയുടെ ടാബ്‌ലറ്റ് കംപ്യൂട്ടിങ് ഉപകരണമായ ഐപാഡുകള്‍ക്ക് പുതിയ മാനം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താമസിയാതെ അവയെ ഫെയ്‌സ്ബുക് പോര്‍ട്ടല്‍, ആമസോണ്‍ എക്കോ ഷോ തുടങ്ങിയ ഉപകരണങ്ങളെ പോലെ ഒരു സ്മാര്‍ട് ഡിസ്‌പ്ലേയായും സ്പീക്കറായും പരിവര്‍ത്തനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐപാഡുകളിലേക്ക് ഈ അധിക ശേഷി കൊണ്ടുവരാനായി ഒരു ഡോക് ആയിരിക്കും ആപ്പിള്‍ അടുത്ത വര്‍ഷം ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.

∙ ചാര്‍ജിങ് നടത്താം, ഡിസ്‌പ്ലേയായി ഉയര്‍ത്തി വയ്ക്കാം

ഒരു കൗണ്ടറിലോ, രാത്രി കട്ടിലിനരികിലോ ഈ സ്റ്റാന്‍ഡില്‍ പിടിപ്പിച്ച് ഐപാഡുകള്‍ വയ്ക്കാനായേക്കും. ആമസോണ്‍ എക്കോയ്ക്കു പുറമെ, ആമസോണിന്റെ ഫയര്‍ ടാബിനും ഈ ഫങ്ഷന്‍ നല്‍കിക്കഴിഞ്ഞു. ഒരു ചാര്‍ജിങ് ഡോക്കുമായി ഘടിപ്പിച്ചാല്‍ അവയെ ഉയര്‍ത്തിനിർത്താം, ഡോക് വഴി ചാര്‍ജിങ്ങും നടക്കും, ഇതിനൊപ്പം ഒരു സ്മാര്‍ട് ഡിസ്‌പ്ലേയായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നാണ് ആമസോണ്‍ കാണിച്ചു തന്നത്. ഈ പാതയായിരിക്കും ആപ്പിള്‍ പിന്തുടരുക എന്നാണ് ഐപാഡ് നിര്‍മാതാവിനെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ അവകാശപ്പെടുന്നത്.

∙ ഗൂഗിള്‍ പോലും തുടങ്ങി

താമസിച്ച് ടാബ്‌ലറ്റ് നിര്‍മാണത്തിലേക്ക് ഇറങ്ങിയ ഗൂഗിള്‍ പോലും തങ്ങളുടെ പിക്‌സല്‍ ടാബിനൊപ്പം ഡോകിങ് സ്‌റ്റേഷനും കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. ഈ ഡോക്കിന് ഒരു മാഗ്നറ്റിക് ചാര്‍ജിങ് സ്‌റ്റേഷനായും സ്പീക്കറായും പ്രവര്‍ത്തിക്കാനാകും. കൂടാതെ, ഈ ഡോക്കിലേക്ക് ടാബ് പിടിപ്പിച്ചു കഴിഞ്ഞാല്‍ അതിന് ഒരു നെസ്റ്റ് ഹബ് മാക്‌സിന്റെ പ്രവര്‍ത്തന ശേഷി കൈവരും. ഇത് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട് ഹോം ഉപകരണങ്ങളെ നിയന്ത്രിക്കാനും സാധിക്കും. ഗൂഗിളിന്റെ ഹോം ആപ് പ്രവര്‍ത്തിപ്പിച്ച് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാമെന്നും ദി വേര്‍ജ് പറയുന്നു.

∙ ആപ്പിളിന്റെ ലക്ഷ്യവും അതു തന്നെ

സമാന സാങ്കേതികവിദ്യ ഐപാഡുകളിലും ഉപയോഗിക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുക എന്നാണ് ഗുര്‍മന്‍ പറയുന്നത്. ഫോണ്‍ കൈയ്യില്‍ പിടിച്ച് ഫെയ്‌സ്‌ടൈം കോളുകള്‍ നടത്തുന്നതു പോലെയല്ലാതെ, കൈകള്‍ ഉപയോഗിക്കാതെ കോൾ നടത്താനും അതുപോലെ വോയിസ് കമാന്‍ഡ് വഴി സ്മാര്‍ട് വീട്ടുപകരണങ്ങളെ നിയന്ത്രിക്കുന്നതുമൊക്കെ അവതരിപ്പിക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുക.

∙ ഉദ്ദേശങ്ങള്‍ അതിനുമപ്പുറം

ആമസോണിന്റെയും ഗൂഗിളിന്റെയും മറ്റും അസിസ്റ്റന്റുകള്‍ സ്മാര്‍ട് ഹോം മേഖലയില്‍ ആപ്പിളിനെക്കാള്‍ മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. ആദ്യം രംഗത്തിറങ്ങി എന്നതു തന്നെയാണ് ഈ കമ്പനികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചത്. അതേസമയം, ആപ്പിളിന്റെ ഉപകരണങ്ങള്‍ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന അമേരിക്കന്‍ മാര്‍ക്കറ്റില്‍ കമ്പനിക്ക് ഒരു തിരിച്ചുപിടിക്കല്‍ സാധ്യവുമാണ്. ഇതിനായി ഐപാഡ് ഡോക്കിനു പുറമെയുള്ള ഉപകരണങ്ങളും ആപ്പിള്‍ നിര്‍മിച്ചുവരുന്നു എന്നാണ് ഗുര്‍മന്‍ അവകാശപ്പെടുന്നത്.

ആപ്പിളിന്റെ സ്മാര്‍ട് സ്പീക്കറായ ഹോംപോഡിന്റെ അടുത്ത വേര്‍ഷനില്‍ പുതിയ ഡിസ്‌പ്ലേയും എസ്8 പ്രോസസറും മള്‍ട്ടി ടച്ച് ഫങ്ഷണാലിറ്റിയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്മാര്‍ട് ഹോം മേഖലയില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും ഇതൊക്കെ. ആപ്പിള്‍ ടിവിയെ ഒരു സ്മാര്‍ട് സ്പീക്കര്‍ കൂടെയാക്കി പരിവര്‍ത്തനം ചെയ്യാനാകുന്ന ഒരു ഉപകരണവും കമ്പനി നിര്‍മിച്ചുവരുന്നതായി കഴിഞ്ഞ വര്‍ഷം ഗുര്‍മന്‍ അവകാശപ്പെട്ടിരുന്നു. അതും ആപ്പിള്‍ നിര്‍മിച്ചു വരുന്നുണ്ടെന്നു തന്നെ വിശ്വസിക്കപ്പെടുന്നു.

∙ ഏറ്റവും വില കുറഞ്ഞതും കൂടിയതുമായ പുതിയ ഐപാഡുകള്‍ ഉടന്‍

ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞതും കൂടിയതുമായ ഐപാഡ് ശ്രേണികളില്‍ പുതിയ പതിപ്പുകള്‍ ഉടന്‍ ഇറക്കും. സമ്പൂര്‍ണമായി പുതുക്കി നിര്‍മിച്ച ഐപാഡ് പ്രോ മോഡലുകള്‍ ആയിരിക്കും ഏറ്റവും വില കൂടിയ ഐപാഡ് ശ്രേണിയില്‍ അനാവരണം ചെയ്യാന്‍ പോകുന്നത്. ഇതിന് കമ്പനിയുടെ മാക്ബുക്കുകള്‍ക്ക് ശക്തി പകരുന്ന എം2 പ്രോസസറുകള്‍ ആയിരിക്കുമെന്നും കരുതുന്നു. രണ്ടു മോഡലുകള്‍ പ്രോ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് -11 ഇഞ്ച്, 12.9-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ളവ. ഇവയുടെ വിലയെപ്പറ്റി സൂചനകളില്ല.

അതേസമയം, ഏറ്റവും വില കുറഞ്ഞ ഐപാഡ് ശ്രേണിയിലേക്കും പുതിയ അംഗമെത്തും. ഇതിന് എ14 ബയോണിക് പ്രോസസറായിരിക്കും ഉപയോഗിക്കുക എന്നു കരുതുന്നു. ഈ ഐപാഡിനും കൂടുതല്‍ നൂതനമായ ഡിസൈന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം, യുഎസ്ബി-സി പോര്‍ട്ട്, 5ജി കണക്ടിവിറ്റി തുടങ്ങിയവയും കണ്ടേക്കാം. പുതിയ ഐപാഡുകള്‍ക്കൊപ്പം ചിലപ്പോള്‍ മാക്ബുക്ക് സീരീസില്‍ പുതിയ ലാപ്‌ടോപ്പുകളും പരിചയപ്പെടുത്തിയേക്കാം.

∙ ആപ്പിളിനും ആമസോണിനും തലവേദനയായി വര്‍ധിച്ച വീര്യത്തോടെ തൊഴിലാളി മുന്നേറ്റം

തങ്ങളുടെ ജോലിക്കാര്‍ ഒരിക്കലും തൊഴിലാളി യൂണിയനുകളില്‍ ആകൃഷ്ടരാകില്ലെന്ന് ഇതുവരെ അഹങ്കരിച്ചിരുന്ന ആപ്പിളിനെ കഴിഞ്ഞയാഴ്ച ഓക്‌ലഹോമ സിറ്റിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് ഞെട്ടിച്ചു എന്ന് ബ്ലൂംബര്‍ഗ്. കമ്മ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക യൂണിയനില്‍ (സിഡബ്ല്യുഎ) ചേരാന്‍ ബഹുഭൂരിപക്ഷം തൊഴിലാളികളും തീരുമാനിച്ചതാണ് കമ്പനിക്ക് ഞെട്ടുലുണ്ടാക്കിയത്.

എന്നാല്‍, ഇത് ആപ്പിളിന്റെ മാത്രം പ്രശ്‌നമല്ല. ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കും ഇത് പ്രശ്‌നം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊരു തൊഴിലാളി മുന്നേറ്റത്തിന്റെ തുടക്കമായിരിക്കാം അമേരിക്കയില്‍ കാണുന്നതെന്നും വിലയിരുത്തലുകളുണ്ട്. പതിറ്റാണ്ടുകളായി ടെക്‌നോളജി മേഖലയില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് തലപൊക്കാനായിരുന്നില്ല. തങ്ങള്‍ക്ക് പ്രശ്‌നം നേരിടേണ്ടി വരരുതെന്നു കരുതി ആപ്പിള്‍ സമയാസമയങ്ങളില്‍ വേതനം വർധിപ്പിച്ചു വരികയായിരുന്നു.

അമേരിക്കയില്‍ ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് 22 ഡോളറാണ്. കഴിഞ്ഞയാഴ്ച പോലും ജോലിക്കാര്‍ക്ക് പുതിയ ഒരു പറ്റം അവകാശങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍, വോട്ടിങ്ങില്‍ യൂണിയനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള അന്തരമാണ് ആപ്പിളിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. അനുകൂലിച്ച് 56 പേര്‍ വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്തത് 32 ശതമാനം പേര്‍ മാത്രമാണ്. അതേസമയം, ജോലിക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ് കമ്പനി എന്നും പറയുന്നു.

∙ ക്രിപ്‌റ്റോ നാണയങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ഇന്ത്യ

ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യ ആഗോള തലത്തില്‍ ക്രിപ്‌റ്റോ നാണയങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണത്തിനു ശ്രമിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത് എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കള്ളപ്പണത്തിനു വരാനുള്ള പുതിയ വഴിയായും തീവ്രവാദികള്‍ക്കുള്ള ഫണ്ടിങ്ങായി തീരാനുള്ള സാധ്യതയും മുന്നില്‍ കണ്ട് എല്ലാ രാജ്യങ്ങളും ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്‌ക്കെതിരെ നിലപാടു സ്വീകരിക്കണം എന്നാണ് ധനമന്ത്രി പറയുന്നത്.

ക്രിപ്‌റ്റൊ കറന്‍സികളെക്കുറിച്ച് ലോക ബാങ്ക് പോലെയുള്ള സംഘടനകള്‍ സ്വന്തം വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം പഠനങ്ങളെല്ലാം ഒരുമിപ്പിച്ച് ക്രിപ്‌റ്റോ മേഖലയെക്കുറിച്ച് പുതിയ നയം രൂപീകരിക്കണം എന്നാണ് മന്ത്രി പറയുന്നത്. അതേസമയം ക്രിപ്‌റ്റോ കറന്‍സികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയെ നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

English Summary: Apple is reportedly working on a new iPad dock that will turn it into a smart display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com