ADVERTISEMENT

എങ്ങനെയാണ് റിവെഞ്ച് പോണ്‍ വിഡിയോ അപ്‌ലോഡ് ചെയ്യാനായി മാത്രം ഒരുക്കിയ ലോകത്തെ ആദ്യത്തെ വെബ്‌സൈറ്റ് തകര്‍ക്കാന്‍ സാധിച്ചത് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധന്‍. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ആണ് 2012ല്‍ ഈസ്എനിവണ്‍അപ്.കോം (IsAnyoneUp.com) എന്ന റിവെഞ്ച് പോണ്‍ സൈറ്റിനെയും അതിന്റെ സ്ഥാപകന്‍ ഹണ്ടര്‍ മൂറിനെയും തകര്‍ത്തത് എങ്ങനെയെന്ന വിവരങ്ങള്‍ നല്‍കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ദി മോസ്റ്റ് ഹെയ്റ്റഡ് മാന്‍ ക്രോണിക്കിൾസ് ആണ് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ജെയിംസ് മക്ഗിബ്‌നി എങ്ങനെയാണ് തന്റെ ദൗത്യം നിര്‍വഹിച്ചതെന്ന് വിവരിക്കുന്നത്.

 

∙ എന്താണ് റിവെഞ്ച് പോൺ വിഡിയോ?

 

പങ്കാളി തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി എന്നു തോന്നിയാല്‍ അതിനു പ്രതികാരമായി അവർ ഒരുമിച്ചു ചിലവിട്ട സ്വകാര്യ നിമിഷങ്ങളുടെയോ, പങ്കാളിയുടെ നഗ്ന ചിത്രങ്ങളോ എല്ലാം ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിക്കാണ് റിവെഞ്ച് പോണ്‍ എന്നു വിളിക്കുന്നത് എന്നുവേണമെങ്കില്‍ നിര്‍വചിക്കാം. എന്നാല്‍, സാഡിസ്റ്റുകളും (മറ്റുള്ളവരെ മനപ്പൂര്‍വ്വം വേദനിപ്പിച്ച് ആനന്ദിക്കുന്നവര്‍) ഇത്തരത്തില്‍ പങ്കാളികളുടെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റു ചെയ്ത് ആനന്ദിക്കുന്നു. 

 

ഫെയ്‌സ്ബുക്, ട്വിറ്റര്‍, തുടങ്ങിയ സമൂഹ മാധ്യമങ്ങളിലായിരുന്നു ഇത് ആദ്യം പോസ്റ്റു ചെയ്തിരുന്നത്. അവിടെ കണ്ടെന്റ് മോണിട്ടറിങ് ശക്തമാക്കിയതോടെ ഇത് മറ്റു വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തു രസിക്കുകയായിരുന്നു മാനസികവൈകൃതമുള്ളവര്‍. പൊതുവെ എല്ലാ രാജ്യത്തും കേസെടുക്കുന്ന കുറ്റമാണ് ഇത്തരം വെബ്‌സൈറ്റുകള്‍ നടത്തുക എന്നത്. പക്ഷേ, റിവെഞ്ച് പോണ്‍ ഷെയർ ചെയ്യാൻ മാത്രമായി ആദ്യം തുടങ്ങിയ വെബ്‌സൈറ്റായിരുന്നു ഈസ്എനിവണ്‍അപ്.കോം എന്ന് പറയുന്നു. വെബ്‌സൈറ്റില്‍ കുട്ടികളുടെ പോണ്‍ ഉണ്ടെന്നും ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്ത കണ്ടെന്റ് വഴി ആത്മഹത്യ നടന്നിട്ടുണ്ടെന്നും തോന്നിയതാണ് താന്‍ വെബ്‌സൈറ്റിനെതിരെ ഇറങ്ങിപ്പുറപ്പെടാനുണ്ടായ കാരണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ജെയിംസ് പറയുന്നു.

 

∙ ഈസ്എനിവണ്‍അപ്.കോം പ്രവര്‍ത്തിച്ചത് അതിക്രൂരമായി

 

ഇന്റര്‍നെറ്റിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍ എന്ന വിശേഷണം നേടിയെടുത്ത ഹണ്ടറുടെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത് അതിക്രൂരമായി ആയിരുന്നു. ഇരകളുടെ ചിത്രത്തിനൊപ്പം അവരുടെ പേരും അഡ്രസും ഫെയ്‌സ്ബുക് ലിങ്കും വരെ നല്‍കിയിരുന്നു. ഇതോടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. ഒരുസമയം സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രം 350,000 പേര്‍ ഉണ്ടായിരുന്നു. കൂടാതെ മൂന്ന് കോടി പേജ് വ്യൂസും കിട്ടിയിരുന്നു.

 

∙ ഡോക്യുമെന്ററിയുടെ കേന്ദ്രം ഷാലറ്റ് ലോസ്

 

ഷാലറ്റ് ലോസ് എന്ന സ്ത്രീയുടെ മകളായ കായ്‌ലയുടെ (Kayla) നഗ്ന ചിത്രങ്ങള്‍ ഈസ്എനിവണ്‍അപ്.കോമില്‍ അപ്‌ലോഡ് ചെയ്തു എന്ന കാര്യമാണ് ഡോക്യുമെന്ററിയുടെ കാതല്‍. ഈ ഡോക്യുമന്ററിയിലാണ് വെബ്‌സൈറ്റ് തകര്‍ക്കാന്‍ താന്‍ എങ്ങനെ ഇടപെട്ടു എന്നു പറഞ്ഞ് ജെയിംസ് എത്തുന്നത്. അമേരിക്കന്‍ നാവിക സേനയില്‍ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ജെയിംസ്. 

 

ലോകമെമ്പാടുമുള്ള 128 അമേരിക്കന്‍ എംബസികളുടെ സൈബര്‍ സുരക്ഷാ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. കംപ്യൂട്ടര്‍ സിസ്റ്റങ്ങളെക്കുറിച്ചുള്ള തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തിയാണ് ഈസ്എനിവണ്‍അപ്.കോമില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫൊട്ടോകള്‍ പോലും ഉണ്ടെന്ന് കണ്ടത്തിയത്. സൈറ്റില്‍ നടത്തിയ ചില സേര്‍ച്ചുകളില്‍ നിന്ന് സൈറ്റ് മൂലം അത്മഹത്യകളും നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലും ജെയിംസ് എത്തിച്ചേരുകയായിരുന്നു. 

 

∙ പൊലീസ് ഉടനെ പിടിക്കുമെന്ന് സൈറ്റ് ഉടമയെ ജെയിംസ് പേടിപ്പിച്ചു

 

ഈസ്എനിവണ്‍അപ്.കോം ഉടമ, അല്ലെങ്കില്‍ റിവെഞ്ച് പോണ്‍ രാജാവ് ഹണ്ടറോട് അടുത്തു കൂടുന്നത് തനിക്ക് വെബ്‌സൈറ്റില്‍ പരസ്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞാണ്. തുടര്‍ന്ന് ഡേറ്റ പരിശോധിച്ച ജെയിംസ് എപ്പോള്‍ വേണമെങ്കിലും താങ്കള്‍ അറസ്റ്റിലാകാമെന്നു പറഞ്ഞ് ഹണ്ടറെ ഭീഷണിപ്പെടുത്തി. വെബ്‌സേറ്റില്‍ ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരിക്കുന്നുവെന്ന് ലോകം അറിയും എന്നും ജെയിംസ് ഹണ്ടറോട് പറഞ്ഞു. ഈ സംഭാഷണം നടന്നതിനു ശേഷം അധികം താമസിയാതെ ഈസ്എനിവണ്‍അപ്.കോം ഹണ്ടര്‍ 12,000 ഡോളറില്‍ താഴെ വിലയ്ക്ക് വിറ്റു.

 

ഈസ്എനിവണ്‍അപ്.കോം വെബ്‌സൈറ്റ് തുടങ്ങിയത് 2010ല്‍ ആയിരുന്നു. ഈ സമയത്ത് ഒരാളുടെ നഗ്നചിത്രങ്ങളും മറ്റും അയാളുടെ അനുമതിയില്ലാതെ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ ലോകത്തൊരിടത്തും തന്നെ നിയമം ഇല്ലായിരുന്നു. ഇതിനാല്‍ ആര്‍ക്കും ആരാണ് അപ്‌ലോഡ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള സൂചന പോലും നല്‍കാതെ അശ്ലീല വിഡിയോയും ചിത്രങ്ങളും പോസ്റ്റു ചെയ്യാമായിരുന്നു. അമേരിക്കയുടെ കമ്മ്യൂണിക്കേഷന്‍സ് ഡീസന്‍സി ആക്ടിന്റെ സെക്ഷന്‍ 230 പ്രകാരം ഹണ്ടര്‍ക്ക് നിയമ പരിരക്ഷയും ലഭിച്ചിരുന്നു. ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റിന് വെബ്‌സൈറ്റ് ഉടമ ഉത്തരവാദിയല്ലെന്നായിരുന്നു നിയമം പറഞ്ഞിരുന്നത്. 

 

ഈസ്എനിവണ്‍അപ്.കോമില്‍ അശ്ലീല കണ്ടെന്റ് മാത്രമയിരുന്നില്ല ഉണ്ടായിരുന്നത്. വളരെ മോശപ്പെട്ടതും ശക്തവുമായ കമന്റുകള്‍ ഇരകള്‍ക്കെതിരെ പോസ്റ്റു ചെയ്യാനുള്ള പ്രോത്സാഹനവും വെബ്‌സൈറ്റ് നടത്തിയിരുന്നു. ഇത്തരം കമന്റുകളാണ് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുമെന്ററി പറയുന്നു.

 

∙ സ്വന്തം കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ജെയിംസിന് അധിക ദേഷ്യമുണ്ടാക്കി

 

ഈസ്എനിവണ്‍അപ്.കോമിലെത്തി ഡേറ്റ പരിശോധിച്ച ജെയിംസിന് ഇവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉണ്ടെന്ന് മനസിലായി. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തത് തങ്ങളുടെ ചിത്രങ്ങള്‍ പരസ്യമാക്കപ്പെട്ടതിനാലും അവയ്ക്കു ചുവടെ വന്ന നെറികെട്ട കമന്റുകളും കാരണമാണെന്ന് അദ്ദേഹത്തിനു മനസിലായി. ഇതേ തുടര്‍ന്ന് ജെയിംസ് ഹണ്ടറെ സമീപിച്ചത് തനിക്ക് ഈസ്എനിവണ്‍അപ്.കോമില്‍ പരസ്യം ചെയ്യാന്‍ താത്പര്യമുണ്ടെന്ന വ്യാജ ആവശ്യമുന്നയിച്ചാണ്. റിവെഞ്ച് പോണിന്റെ രാജാവ് എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഹണ്ടര്‍ 2012ല്‍ തകര്‍ച്ചയിലായിരുന്നു. അങ്ങനെയാണ് ഹണ്ടര്‍ക്ക് അറിയാതെ തന്റെ കുഴി തോണ്ടേണ്ടി വന്നത്. 

 

വെബ്‌സൈറ്റിലെ കണ്ടെന്റ് മുഴുവന്‍ പരിശോധിക്കാന്‍ സാധിച്ച ജെയിംസിന് സ്വന്തം കുട്ടിക്കാലം ഓര്‍മവന്നു. ന്യൂ യോര്‍ക് സിറ്റിയില്‍ 40 വര്‍ഷം മുൻപ് തന്നെയും ദത്തെടുത്ത പെങ്ങളെയും ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പെങ്ങളെ വളരെയധികം നേരം എല്ലാവര്‍ക്കും മുൻപില്‍ നഗ്നയായി നിർത്തി. അവളെക്കുറിച്ചോര്‍ത്തതോടെ തന്റെ രോഷം പിടിവിട്ടുവെന്നും ജെയിംസ് പറയുന്നു. ഹണ്ടറുടെ വെബ്‌സൈറ്റില്‍ 19 വയസെന്നു കൊടുത്തിരിക്കുന്ന കുട്ടിയുടെ സ്വന്തം ഫെയ്‌സ്ബുക് പേജില്‍ 15 വയസാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ജെയിംസ് കണ്ടെത്തി. അത്തരത്തിലുള്ള ഒരു പാട് പേരെ കണ്ടെത്തിയെന്നും ജെയിംസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും മറ്റുമുള്ള കാര്യം ഹണ്ടറുടെ ശ്രദ്ധിയില്‍ പെടുത്തി. എന്തായാലും വെബ്‌സൈറ്റില്‍ നിന്നുള്ള പല ഡേറ്റയും ഇതിനിടയില്‍ ജെയിംസ് പരിശോധിച്ചു.

 

∙ അനോണിമസ് കയറിപ്പിടിച്ചു

 

തുടര്‍ന്ന്, ഹണ്ടര്‍ കുട്ടികളെ ഉപദ്രവിക്കുന്ന ഒരാളാണെന്നു പറഞ്ഞ് ജെയിംസ് ട്വീറ്റു ചെയ്തു. ഇതോടെ ഹാക്ടിവിസ്റ്റുകളായ അനോണിമസ് കേസില്‍ ഇടപെട്ടു. സർക്കാരുകള്‍ക്കു നേരെ പോലും ആക്രമണം അഴിച്ചുവിടുന്ന ഇന്റര്‍നെറ്റിലെ 'കായംകുളം കൊച്ചുണ്ണിമാരായ' ഇവര്‍ ഈസ്എനിവണ്‍അപ്.കോം തകര്‍ക്കുക മാത്രമല്ല, ഹണ്ടറുടെ ബാങ്ക് അക്കൗണ്ടും ഹാക്കു ചെയ്തു. പക്ഷേ ഹണ്ടര്‍ 2015ല്‍ ജയിലിലായത് ഒരു ആള്‍മാറാട്ട കേസിലാണ്. അതേസമയം, താന്‍ ചെയ്തത് തെറ്റായി പോയി എന്ന് സമൂഹത്തോട് സമ്മതിച്ചാല്‍ ഹണ്ടറോട് ക്ഷമിക്കാമെന്ന് ജെയിംസ് പറയുന്നു. എന്നാല്‍, ഹണ്ടര്‍ പറയുന്നത് താന്‍ ഈസ്എനിവണ്‍അപ്.കോമുമായി പൂര്‍വാധികം ശക്തിയില്‍ പോകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാണ്. എന്തായാലും, ജെയിംസ് ഇപ്പോഴും തന്റെ സമയത്തില്‍ വലിയൊരു പങ്കും ചെലവിടുന്നത് റിവെഞ്ച് പോണ്‍ സൈറ്റുകളെ തകര്‍ക്കാനാണ്. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത തന്നാലാകും വിധംചെറുക്കാനാണ് ജെയിംസ് ഉദ്ദേശിക്കുന്നത്.

 

English Summary: Early revenge porn site fell when expert found evidence of pedophilia and suicide on the platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com