ADVERTISEMENT

ആപ്പിളിന്റെ ഐപാഡ‌് ശ്രേണിയിലേക്ക് പുതിയ മോഡലുകൾ എത്തുന്നു. വൈ-ഫൈ 6ഇ, 5ജി സപ്പോര്‍ട്ട്, യുഎസ്ബി-സി കണക്‌ഷന്‍ തുടങ്ങിയവയാണ് ഇവയിലെ എടുത്തു പറയേണ്ട ഫീച്ചറുകള്‍. പ്രോ മോഡലിലുള്ള വൈ-ഫൈ 6ഇ ആദ്യമായാണ് ഒരു ആപ്പിള്‍ ഉപകരണത്തില്‍ എത്തുന്നത്. പക്ഷേ ഉപഭോക്താക്കളെ സംബന്ധിച്ച‌ുള്ള തിരിച്ചടി എല്ലാ മോഡലിനും വില വര്‍ധിപ്പിച്ചു എന്നതാണ്. ഐപാഡിന്റെ തുടക്ക ശ്രേണി അവതരിപ്പിച്ച കാലത്ത് ഇന്ത്യയില്‍ ഏകദേശം 27,000 രൂപയായിരുന്നു വിലയെങ്കിൽ പുതിയ ശ്രേണിയുടെ വില തുടങ്ങുന്നതു തന്നെ 44,900 രൂപയിലാണ്. 5ജി മോഡലിന് 59,900 രൂപ നല്‍കണം. വിദേശത്ത് താതരമ്യേന ‘താങ്ങാവുന്ന’ വിലയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇത് വലിയ വിലതന്നെയാണ്.

∙ ഐപാഡ് പ്രോ 2022

ആപ്പിള്‍ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ശക്തിയും ഫീച്ചറുകളും കൂടിയ ഐപാഡ് സീരീസ് ആണിത്. ശക്തി കൂടിയ എം2 പ്രോസസറാണ് ഇതിലുള്ളത്. പ്രോ മോഡലുകളിലാണ് വൈ-ഫൈ 6ഇ. ഇവ 11 ഇഞ്ച്, 12.9 ഇഞ്ച് സ്‌ക്രീന്‍ സൈസുകളില്‍ ലഭ്യമാക്കും. ഇരു മോഡലുകള്‍ക്കും പ്രോ മോഷന്‍ സപ്പോര്‍ട്ട് ഉണ്ട്. അവസാനം ഇറക്കിയ ഐപാഡ് പ്രോ മോഡലിൽ‍ എം1 പ്രോസസറായിരുന്നു. ഇതിനെ അപേക്ഷിച്ച് 15 ശതമാനം അധികം കരുത്താണ് 2022 മോഡലുകള്‍ക്ക് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

ഒപ്പമുള്ള 10-കോര്‍ ജിപിയുവിന് 35 ശതമാനം അധിക പ്രകടനമികവുണ്ടെന്നും കമ്പനി പറയുന്നു. എന്നാല്‍ കൂടുതല്‍ മികച്ച ഹാര്‍ഡ്‌വെയര്‍ ഏകീകരണം നടത്തിയിരിക്കുന്നതിനാല്‍ എം1 പ്രോസസറിനെ അപേക്ഷിച്ച്, സെക്കന്‍ഡില്‍ 40 ശതമാനം കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താനാകുമെന്നും കമ്പനി പറയുന്നു. പുതിയ മീഡിയ എൻജിനും ഇമേജ് സിഗ്നല്‍ പ്രോസസറും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിഡിയോ, ഫോട്ടോ എഡിറ്റിങ് ഒക്കെ പൂര്‍വാധികം മികവോടെ നിര്‍വഹിക്കാനാകുമെന്നും കമ്പനി പറയുന്നു.

പ്രൊറെസ് വിഡിയോ റെക്കോർഡ് ചെയ്യാമെന്നതും പുതിയ പ്രോ മോഡലുകളുടെ പ്രത്യേകതയാണ്. ഫുട്ടേജ് മുന്‍ മോഡലുകളെക്കാള്‍ മൂന്നു മടങ്ങ് വേഗത്തില്‍ ട്രാന്‍സ്‌കോഡ് ചെയ്യാനും സാധിക്കും. ഇതോടെ സിനിമാനിലവാരത്തിലുള്ള വിഡിയോ ഒരു ഉപകരണത്തിൽത്തന്നെ റെക്കോർഡും എഡിറ്റും പബ്ലിഷും ചെയ്യാൻ സാധിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. സ്റ്റുഡിയോ ക്വാളിറ്റി മൈക്കുകളും ഉള്ളതിനാല്‍ നിലവാരമുള്ള ഓഡിയോയും റെക്കോർഡ് ചെയ്യാം. നാലു സ്പീക്കറുകളാണ് ഉള്ളത്. ഐപാഡിന് ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടും ഉണ്ട്.

പ്രോ മോഡലുകള്‍ക്ക് 12 - എംപി അള്‍ട്രാ-വൈഡ് മുന്‍ ക്യാമറയാണ് ഉള്ളത്. സെന്റര്‍ സ്‌റ്റേജും ഉണ്ട്. പിന്നില്‍ 12 എംപി വൈഡ്, 10 എംപി അള്‍ട്രാ വൈഡ് ക്യാമറകളാണ് ഉള്ളത്. ഇവയ്ക്ക് 10 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ് പറയുന്നത്. കൂടുതല്‍ കൃത്യതയോടെ ഇടപെടാനാകുന്ന ടൂളായി ആപ്പിള്‍ പെന്‍സില്‍ മാറുന്നു. കൂടാതെ, നിരവധി പുതിയ ഫീച്ചറുകള്‍ ഐപാഡ് ഒഎസ് 16ല്‍ എത്തുന്നു, തുടങ്ങിയവയൊക്കെയാണ് പ്രോ മോഡലുകളെക്കുറിച്ചുള്ള പ്രധാന വിശേഷങ്ങള്‍. ഇവയ്ക്ക് 128 ജിബി മുതല്‍ 2 ടിബി വരെ സ്റ്റോറേജ് ശേഷിയുള്ള മോഡലുകള്‍ ഉണ്ട്. ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ 11 ഇഞ്ച് മോഡല്‍ വാങ്ങണമെങ്കില്‍ 81,900 രൂപ നല്‍കണം.

∙ ഐപാഡ് 2022

ഡിസൈനിലടക്കം പുതുമ ഉണ്ടെന്ന് ആപ്പിള്‍ പറയുന്നുണ്ടെങ്കിലും ഐപാഡ് 2022ന് ഇതിനൊപ്പം ഇറക്കിയ പ്രോ മോഡലിനെ അപേക്ഷിച്ച് ആകര്‍ഷണീയത കുറവാണ്. പുതിയ മോഡലിന് ബെസല്‍ കുറച്ചിട്ടുണ്ടെങ്കിലും ഐഫോണ്‍ എസ്ഇ മോഡലിനോട് ആപ്പിള്‍ ഇതുവരെ ചെയ്തു വന്നതുപോലെ പ്രീമിയം ലുക്ക് നല്‍കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ എടുത്തു പറയേണ്ട ഒരു ഹാര്‍ഡ്‌വെയര്‍ മാറ്റം 12 എംപി അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറയെ നീളം കൂടിയ വശത്തേക്കു (തിരശ്ചീനമായ രീതിയില്‍) മാറ്റി എന്നതാണ്. യുഎസ്ബി-സി പോര്‍ട്ട് എത്തുന്നതാണ് മറ്റൊരു പ്രധാന മാറ്റം. 10.9 ഇഞ്ച് വലുപ്പമുള്ള 2,360 x 1,640 റെസലൂഷനുള്ള സ്‌ക്രീനാണ്.

ആപ്പിളിന്റെ എ14 ബയോണിക് പ്രോസസറാണ് പുതിയ ഐപാഡിലുള്ളത്. (15,000 രൂപ വിലയുള്ള ആപ്പിള്‍ ടിവിക്കു പോലും ഇതിലും മികച്ച പ്രോസസര്‍ ആണ്.) ഇതിന് വൈ-ഫൈ 6 ആണ് നല്‍കിയിരക്കുന്നത്. ആദ്യ തലമുറയിലെ ആപ്പിള്‍ പെന്‍സിലാണ് ഈ ഐപാഡ് സപ്പോര്‍ട്ടു ചെയ്യുന്നത്. പിന്‍ ക്യാമറയുടെ റെസലൂഷന്‍ 12 എംപിയാണ്. വെറും 64 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡലിനായിരിക്കും 44,900 രൂപ വില നല്‍കേണ്ടത്. ഇതിന്റെ സെല്ലുലാര്‍ മോഡലിന് 59,900 രൂപയും നല്‍കണം.

∙ മാജിക് കീബോർഡ്

ഇരു മോഡലുകള്‍ക്കും കിക് സ്റ്റാന്‍ഡുകളും മാജിക് കീബോർർഡും ഉണ്ട്. ഇവയില്‍ 11 ഇഞ്ച് പ്രോ മോഡലിന്റെ മാജിക് കീബോർഡിന് വില 29,900 രൂപയാണ്. എന്നാല്‍, 12.9 ഇഞ്ചിന്റെ കീബോർഡിന് 33,900 രൂപ നല്‍കണം. കീബോർഡ് ഫോളിയോയും ലഭ്യമാണ്. ഇതാണ് വേണ്ടതെങ്കില്‍ 11 ഇഞ്ച് മോഡിന് 17,900 രൂപയും 12.9 ഇഞ്ച് മോഡലിന് 19,900 രൂപയും നല്‍കണം. കീബോർഡ് ഇല്ലാതെ സ്മാര്‍ട് ഫോളിയോ മാത്രം മതിയെങ്കില്‍ വില യഥാക്രമം 8,500 രൂപയും 10,900 രൂപയും ആയിരിക്കും.

കുറഞ്ഞ ഐപാഡ് 2022ന്റെ മാജിക് കീബോർഡിന് വില 24,900 രൂപയാണ്. അതേസമയം, ഐപാഡ് 2021 തുടര്‍ന്നും വില്‍ക്കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടക്ക വേരിയന്റിന്റെ വില 33,900 രൂപയായിരിക്കും.

∙ ഐപാഡ്ഒഎസ് 16

ഐപാഡുകളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐപാഡ്ഒഎസ് 16 ഒക്ടോബര്‍ 24ന് പുറത്തിറക്കും.

∙ പുതിയ ആപ്പിള്‍ ടിവി

ആപ്പിള്‍ കമ്പനിയുടെ സ്ട്രീമിങ് ബോക്‌സ് ആയ ആപ്പിള്‍ ടിവിയുടെ പുതിയ പതിപ്പും പുറത്തിറക്കി. ഇതിന് കരുത്തു പകരുന്നത് എ15 ബയോണിക് പ്രോസസറാണ്. 64 ജിബി മുതല്‍ സ്റ്റോറേജ് ശേഷി, 4കെ എച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ട് തുടങ്ങിയവയും ഉണ്ട്. ഒരു അപ്രതീക്ഷിത മാറ്റവും ഉണ്ട്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് വില കുറച്ചു! പുതിയ ആപ്പിള്‍ ടിവിയുടെ 64 ജിബി വേരിയന്റ് 14,900 രൂപയ്ക്കു വാങ്ങാം. ഐഫോണ്‍ 14 മോഡലിന് ശക്തി പകരുന്ന അതേ പ്രോസസര്‍ തന്നെയാണ് ഇതിലും എന്നതിനാല്‍, പ്രോസസറിന്റെ കരുത്തിനല്ല ഐഫോണുകള്‍ക്കു വിലയിടാന്‍ ആപ്പിള്‍ പ്രാധാന്യം നല്‍കുന്നതെന്നും ശ്രദ്ധിക്കാം.

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി ഡിജിറ്റല്‍ 7.1 ഡോള്‍ബി ഡിജിറ്റല്‍ 5.1 സറൗണ്ട് സൗണ്ട് തുടങ്ങിയവയും ഉണ്ട്. മികവാർന്ന ശബ്ദാനുഭവം ലഭിക്കാന്‍ ഇതു വഴിയൊരുക്കും. ആപ്പിള്‍ ടിവി ഉപയോഗിച്ച് കണ്ടെന്റ് സ്ട്രീം ചെയ്യാന്‍ ആപ്പിള്‍ടിവി സബ്‌സ്‌ക്രിപ്ഷനും വേണ്ടിവരും. ആപ്പ് വഴി 100,000 ലേറെ സിനിമകളും സീരിയലുകളും കാണുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. ഒപ്പം കിട്ടുന്ന സിരി റിമോട്ടിന് ടച്-കേന്ദ്രീകൃത നാവിഗേഷന്‍ സാധ്യമാണ്. റിമോട്ട് ടിവിഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. സിരിയുടെ വോയിസ് കേന്ദ്രീകൃത പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതായി എന്നും കമ്പനി പറയുന്നു.

English Summary: Apple announces new iPad Pro with M2 chip and Wi-Fi 6E

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com