ADVERTISEMENT

ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസൽ ജനറൽ ടി.വി. നാഗേന്ദ്ര പ്രസാദിൽ നിന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഏറ്റുവാങ്ങി. ഈ വർഷം അവാർഡ് നേടിയ 17 പേരിൽ ഒരാളായി നദെല്ലയെ തിരഞ്ഞെടുത്തിരുന്നു.

 

മൂന്ന് വർഷത്തിന് ശേഷം 2023 ജനുവരിയിൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നു എന്നും നദെല്ല പറഞ്ഞു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതും നിരവധി പ്രമുഖ വ്യക്തികൾക്കൊപ്പം അംഗീകരിക്കപ്പെട്ടതും അഭിമാനകരമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് ഞാൻ നന്ദിയുള്ളവനാണ്, സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അവരെ സഹായിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള ആളുകളുമായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും അവാർഡ് സ്വീകരിച്ച ശേഷം നദെല്ല പറഞ്ഞു.

 

റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വർഷം തോറും പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ അവാർഡുകൾ. മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്: പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ. ഇന്ത്യയിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ ശാക്തീകരിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ചും പ്രസാദുമായുള്ള കൂടിക്കാഴ്ചയിൽ നദെല്ല ചർച്ച ചെയ്തു.

 

ചരിത്രപരമായ സാമ്പത്തിക, സാമൂഹിക, സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് നദെല്ല പറഞ്ഞു. അടുത്ത ദശകം ഡിജിറ്റൽ സാങ്കേതികവിദ്യയാൽ നിർവചിക്കപ്പെടും. ഇന്ത്യൻ വ്യവസായങ്ങളും ഓർഗനൈസേഷനുകളും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ സഹായിക്കുന്നതിന് സാങ്കേതികവിദ്യയിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

2014 ഫെബ്രുവരിയിലാണ് 55 കാരനായ നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് കോർപ്പറേഷന്റെ വിപണി മൂലധനം ഏകദേശം 31,100 കോടി ഡോളറായിരുന്നു. മൈക്രോസോഫ്റ്റിന് ഇപ്പോൾ 2.26 ലക്ഷം കോടി ഡോളറിലധികം മൂല്യമുണ്ട്. 2019 ഏപ്രിലിലാണ് 1 ലക്ഷം കോടി ഡോളർ മൂലധനത്തിലേക്ക് മൈക്രോസോഫ്റ്റ് എത്തിയത്.

 

2022 ജനുവരിയിൽ പ്രഖ്യാപിച്ച 6,900 കോടി ഡോളറിന്റെ ആക്ടിവിഷൻ ഡീൽ, 2016-ൽ ലിങ്ക്ഡ്ഇന്നിനായുള്ള 2,600 കോടി ഡോളറിന്റെ ഇടപാട്, 2021-ൽ ന്യൂയൻസ് കമ്മ്യൂണിക്കേഷൻസിന്റെ 2,000 കോടി ഡോളർ വാങ്ങൽ എന്നിവയുൾപ്പെടെ നാദെല്ലയുടെ ഭരണകാലത്ത് ചില വലിയ ഡീലുകൾ ഉണ്ടായി. 2021 ജൂണിൽ നാദെല്ലയെ കമ്പനിയുടെ ചെയർമാനായി നിയമിക്കുകയും ചെയ്തു. ബോർഡിന്റെ അജണ്ട നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകാനും തുടങ്ങി.

 

കൂടാതെ നാദെല്ല സിഇഒ ആയി ചുമതലയേൽക്കുന്നതിന് മുൻപ് മൈക്രോസോഫ്റ്റിന്റെ വാണിജ്യ ക്ലൗഡ് ബിസിനസ്സ് കമ്പനിയുടെ പ്രധാന ബിസിനസിന്റെ ഭാഗമല്ലായിരുന്നു. ഇന്ന് ക്ലൗഡ് ബിസിനസ്സ് മൈക്രോസോഫ്റ്റ് അസ്യൂറിന് 21 ശതമാനം ക്ലൗഡ് മാർക്കറ്റ് ഷെയർ ഉണ്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ 2022 മെയ് മാസത്തിലെ റിപ്പോർട്ടുകൾ പ്രകാരം മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 50 ശതമാനം വർധിച്ചിട്ടുണ്ട്.

 

English Summary: Microsoft CEO Satya Nadella receives Padma Bhushan, plans to visit India in Jan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com