ADVERTISEMENT

നാടകീയമായ നീക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വംശജനായ ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളിനെ പിരിച്ചുവിട്ടു. മസ്‌ക് 4400 കോടി ഡോളറാണ് ട്വിറ്റര്‍ ഏറ്റെടുക്കാനായി മുടക്കിയിരിക്കുന്നത്.

അഗ്രവാളിനു പുറമെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗാള്‍, ലീഗല്‍ അഫയേഴ്‌സ് മേധാവി വിജയ ഗാഡെ തുടങ്ങിയവരെയും പിരിച്ചുവിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്റര്‍ ഏറ്റെടുക്കലിനു മുൻപ് നടന്ന സംഭവവികാസങ്ങള്‍ എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.

∙ മസ്‌ക് പണി തുടങ്ങി

ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഇലോൺ മസ്കിനു കോടതി അനുവദിച്ച സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മസ്‌ക് കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഓഫിസിലേക്ക് നാടകീയമായി എത്തിയത്. സിങ്കും പിടിച്ച് താന്‍ ട്വിറ്ററിന്റെ ഓഫിസിലേക്ക് കടക്കുന്ന വിഡിയോ മസ്‌ക് തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. https://bit.ly/3NfUh6p

∙ ട്വിറ്ററിനെ മുക്കാനോ എന്ന് ഊഹാപോഹക്കാര്‍

വെള്ളം വീഴ്ത്താന്‍ ഉപയോഗിക്കുന്ന സിങ്ക് രണ്ടു കൈകൊണ്ടും എടുത്തായിരുന്നു മസ്‌കിന്റെ മാസ് എന്‍ട്രി. ‘ട്വിറ്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലേക്കു കടക്കുന്നു-ലെറ്റ് ദാറ്റ് സിങ്ക് ഇന്‍’ എന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. സിങ്ക് ഇന്‍ എന്ന പ്രയോഗത്തിന്റെ അർഥം ‘വ്യക്തമായി അറിഞ്ഞിരിക്കുക, സംശയലേശമന്യേ’ എന്നൊക്കെയാണ്. മസ്‌ക് ട്വിറ്ററില്‍ നിന്ന് 7500 ജോലിക്കാരെ വരെ പിരിച്ചു വിട്ടേക്കാമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിങ്കുമായി ഉള്ള രംഗപ്രവേശനം അത് ഒന്നുകൂടി ഓര്‍മപ്പെടുത്താനായിരിക്കാം, അതല്ലെങ്കില്‍, ട്വിറ്ററിന് അടിമുടി മാറ്റം വരുമെന്നു പറയാനായിരിക്കാം അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് വാദമുയര്‍ന്നു. എന്നാല്‍, സിങ്ക് എന്ന വാക്കിന് ‘മുക്കുക’ എന്ന അര്‍ഥവും ഉണ്ട്. ഉടനെ ട്വിറ്ററിനെ മുക്കിക്കളയും എന്നായിരിക്കും കോടീശ്വരന്‍ ഉദ്ദേശിച്ചതെന്നും മസ്‌കിന്റെ പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമന്റുകളില്‍ കാണാം.

∙ ചീഫ് ട്വിറ്റ്

സിങ്കുമെടുത്ത് ട്വിറ്ററിന്റെ ഓഫിസിലെത്തിയതു കൂടാതെ തന്റെ ട്വിറ്റര്‍ പ്രൊഫൈലിലും മസ്‌ക് മാറ്റം വരുത്തി. പുതിയ വിവരണ പ്രകാരം തന്റെ പേരിനൊപ്പം ചീഫ് ട്വിറ്റ് (Chief Twit) എന്നും ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് മസ്കിന്റെ ഉദ്ദേശ്യം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

∙ ട്വിറ്റര്‍ വാങ്ങുന്നത് മനുഷ്യരാശിയെ സഹായിക്കാനാണെന്ന് മസ്‌ക്

സിങ്കുമായി ഓഫിസിലെത്തുകയും ബയോ മാറ്റംവരുത്തുകയും ചെയ്ത് ഏകദേശം രണ്ടു മണിക്കൂറിനു ശേഷം ട്വിറ്ററിന്റെ പരസ്യ ദാതാക്കള്‍ക്കായി ഒരു സന്ദേശവും മസ്‌ക് പോസ്റ്റ് ചെയ്തു. ഇതില്‍ പറഞ്ഞിരിക്കുന്നത് താന്‍ ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്നും അത് മനുഷ്യരാശിയെ സഹായിക്കാനാണ് എന്നുമാണ്.

∙ മനുഷ്യ സംസ്‌കാരത്തിന് മൊത്തത്തില്‍ ഒരു 'ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍'

ഭാവിയിലെ മനുഷ്യരാശിക്കു വേണ്ടി ഇന്റര്‍നെറ്റില്‍ ഒരു ‘ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍’ സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് മസ്ക് നല്‍കുന്ന വിശദീകരണം.

∙ കൂടുതല്‍ പണം ഉണ്ടാക്കാനല്ല, ഉദ്ദേശ്യം ഉദാത്തം

താന്‍ കൂടുതല്‍ പണം ഉണ്ടാക്കാനാണ് ട്വിറ്റര്‍ വാങ്ങുന്നതെന്ന വാദത്തെ മസ്ക് തള്ളിക്കളഞ്ഞു. അക്രമം വെടിഞ്ഞ്, ആരോഗ്യകരമായി പല തലമുറകള്‍ക്ക് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദിയായി ട്വിറ്ററിനെ മാറ്റുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. നിലവിലുള്ള സമൂഹ മാധ്യമങ്ങള്‍ ഇടതു-വലതു ആശയങ്ങളില്‍ ഏതിന്റെയെങ്കിലും പ്രതിധ്വനികളായി കൊണ്ടിരിക്കുന്ന അപകടത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യംവഹിക്കുന്നതെന്നും ഇത്തരം ഇടങ്ങളില്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ വെറുപ്പും വിഭജനവും സൃഷ്ടിക്കുന്നുവെന്നുമാണ് മസ്‌ക് വാദിക്കുന്നത്.

∙ പരമ്പരാഗത മാധ്യമങ്ങള്‍ക്കും കൊട്ട്

സമൂഹ മാധ്യമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശേഷം മസ്‌ക് പരമ്പരാഗത മാധ്യമങ്ങളെയും വിമർശിച്ചു. പരമ്പരാഗത മാധ്യമങ്ങള്‍ കൂടുതല്‍ ക്ലിക്കുകള്‍ക്കുവേണ്ടി ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം. കൂടാതെ, സമൂഹ മാധ്യമങ്ങളാല്‍ വിഭജിക്കപ്പെട്ട ജനതയെ അവ കൂടുതല്‍ ഭിന്നിപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനു പകരം കൂടുതല്‍ വിഭാഗീയത സൃഷ്ടിക്കപ്പെടുന്നതിനെയും മസ്‌ക് വിമര്‍ശിച്ചു.

∙ ട്വിറ്റര്‍ നരകപ്രദേശമാകുമോ?

മസ്‌കിന്റെ ട്വിറ്റര്‍ തോന്നുന്നതെന്തും പറയാന്‍ സ്വാതന്ത്ര്യം നൽകുന്നതോടെ അത് ഒരു നരകതുല്യ മേഖലയാകുമെന്ന കടുത്ത വിമര്‍ശനവും ഉയരുന്നു. അതോടെ പരസ്യക്കാര്‍ പൂര്‍ണമായി ട്വിറ്റര്‍ ഉപേക്ഷിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാല്‍, അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ട്വീറ്റു ചെയ്യുന്നവര്‍ക്ക് അവരുടെ രാജ്യത്തെ നിയമം ബാധകമായിരിക്കുമെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട്.

∙ പരസ്യങ്ങള്‍ക്കു പോലും അവബോധം പകരാനാകുമെന്ന് മസ്‌ക്

കാമ്പുള്ള പരസ്യങ്ങള്‍ മാത്രം കാണിക്കുക വഴി ട്വിറ്ററിനെ ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വേദിയായി മാറാനുള്ള സാധ്യതയാണ് മസ്‌ക് കാണുന്നത്. ശരിയായ ഉദ്ദേശ്യത്തോടെ പുറത്തിറക്കുന്ന പരസ്യങ്ങള്‍ക്ക് ഉദ്‌ബോധനം പോലും നടത്താനാകുമെന്നും അദ്ദേഹം പറയുന്നു.

ഉദാഹരണത്തിന്, മുൻപില്ലാതിരുന്ന ഉപകാരപ്രദമായ ഒരു സേവനം, ഒരു ചികിത്സാരീതി തുടങ്ങിയവയെക്കുറിച്ചുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മസ്‌ക് പറയുന്നത്. പ്രാധാന്യമുള്ള പരസ്യങ്ങള്‍ ശരിക്കും കണ്ടെന്റ് തന്നെയാണ്. അതേസമയം, പ്രാധാന്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ സ്പാമുകള്‍ ആണെന്നും അദ്ദേഹം പറയുന്നു. മസ്‌കിന്റെ ലക്ഷ്യം ഉദാത്തമാണോ അതോ ട്വിറ്ററിനെ മുക്കുക എന്നതാണോ എന്ന് കാത്തിരുന്നു കാണുകയേ മാര്‍ഗമുള്ളു.

∙ അടുത്ത വര്‍ഷം 16 ഇഞ്ച് ഐപാഡ് പുറത്തിറക്കിയേക്കും

ആപ്പിൾ ഐപാഡിന് ഇതുവരെയുള്ള പരമാവധി വലുപ്പം 12.9 ഇഞ്ചാണ്. എന്നാല്‍, 2023 അവസാന പാദത്തില്‍ ആപ്പിള്‍ 16 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഐപാഡ് പുറത്തിറക്കിയേക്കുമെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിള്‍ ഒരു 16 ഇഞ്ച് ഐപാഡ് പ്രോ, ഒരു 14.1 ഇഞ്ച് ഐപാഡ് പ്രോ എന്നിവ പുറത്തിറക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആപ്പിളിന്റെ കംപ്യൂട്ടറുകളായ മാക്ബുക്കുകളെപ്പോലെ ശക്തമായിരിക്കും ഇവ എന്നാണ് സൂചന.

∙ ഐക്ലൗഡ് വെബ്‌സൈറ്റ് പുതുക്കി ആപ്പിള്‍

ആപ്പിളിന്റെ ക്ലൗഡ് സേവനമായി ഐക്ലൗഡിന്റെ വെബ്‌സൈറ്റ് ഇതുവരെ തീര്‍ത്തും ലളിതമായിരുന്നു. അത് നവീകരിച്ചിരിക്കുകയാണ് കമ്പനി എന്ന് കംപ്യൂട്ടര്‍ വേള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ആഗോള കംപ്യൂട്ടര്‍ കയറ്റുമതി 15.5 ശതമാനം ഇടിഞ്ഞു

ഈ വര്‍ഷം മൂന്നാം പാദത്തിലെ കംപ്യൂട്ടര്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.5 ശതമാനം ഇടിഞ്ഞു.

∙ ആന്‍ഡ്രോയിഡിന്റെ 'പിതാവ്' അടുത്ത സംരംഭം തുടങ്ങുന്നു

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിതാവായി അറിയപ്പെടുന്ന ആന്‍ഡി റൂബിന്‍ പുതിയൊരു സംരംഭം തുടങ്ങുന്നു എന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി. സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, സെന്‍സറുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരിക്കും പുതിയ കമ്പനി പ്രവര്‍ത്തിക്കുക. പേര് സിംപിള്‍ തിങ്‌സ് എന്നാണ്. റൂബിന്‍ 2003ല്‍ തുടക്കമിട്ട ആന്‍ഡ്രോയിഡ് പിന്നീട് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു.

Photo credit : thinkhubstudio/ Shutterstock.com
Photo credit : thinkhubstudio/ Shutterstock.com

∙ മെറ്റാവേഴ്‌സില്‍ കടിച്ചു തൂങ്ങി ഫെയ്‌സ്ബുക്

സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്, മെറ്റാവേഴ്സ് എന്ന പുതിയ സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ചെങ്കിലും കമ്പനി പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. അതോടെ, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മെറ്റാവേഴ്സ് എന്ന ആശയം ഉപേക്ഷിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, തങ്ങള്‍ മെറ്റാവേഴ്‌സില്‍ ഉപയോഗിക്കാനുള്ള പുതിയ ക്വെസ്റ്റ് വിആര്‍ ഹെഡ്‌സെറ്റ് അടുത്ത വര്‍ഷം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചതോടെ കമ്പനി തങ്ങളുടെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിച്ചു തന്നെ നീങ്ങുകയാണ് എന്ന് റോയിട്ടേഴ്‌സ് പറയുന്നു.

English Summary: ‘Chief Twit’ Elon Musk carries sink into Twitter HQ ahead of $44 billion buyout deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com