ADVERTISEMENT

ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റില്‍ 1990ല്‍ ജോലി തുടങ്ങി, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, വിന്‍ഡോസ് എക്‌സ്പി, മൈക്രോസോഫ്റ്റ് ഇഹോം, എന്റർടെയ്ന്‍‌മെന്റ് ആന്‍ഡ് ഡിവൈസസ് തുടങ്ങിയ പ്രോജക്ടുകളില്‍ സജീവമായി പ്രവര്‍ത്തിച്ച്, വിന്‍ഡോസ് 10ലും മൈക്രോസോഫ്റ്റ് ഓഫിസ് ഗ്രൂപ്പിലും വരെ എത്തിയ സുദീര്‍ഘമായ കരിയറിനു ശേഷം ഒരാള്‍ വിരമിച്ചു എന്നു കേള്‍ക്കുമ്പോള്‍ എന്തു തോന്നും? ചെറിയൊരു അവിശ്വസനീയത? എന്തിനാണ് ഇപ്പോള്‍ രാജിവച്ചത് എന്നറിയാനുള്ള ആകാംക്ഷ?

എന്നാല്‍ കേട്ടോളൂ, ഇനി വിശ്രമ ജീവിതമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് രാജിവച്ചയാള്‍ പറഞ്ഞിരിക്കുന്നത്. മൈക്രോസോഫ്റ്റില്‍ 32 വര്‍ഷത്തോളം വിവിധ തസ്തികകളില്‍ ജോലി ചെയ്ത, കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബെല്‍ഫിയോറിയാണ് രാജിവച്ചത്. https://bit.ly/3TMlAb5

∙ വിരമിക്കാന്‍ വ്യക്തമായ പ്ലാന്‍

അമേരിക്കയിലെ ശരാശരി വിരമിക്കല്‍ പ്രായം പുരുഷന്മാര്‍ക്ക് 65 ഉം സ്ത്രീകള്‍ക്ക് 63 വയസ്സുമാണ് എന്നാണ് ‘ദ് ബാലന്‍സ് മണി’ പറയുന്നത്. എന്നാല്‍, തനിക്ക് 54-55 വയസ്സാകുമ്പോള്‍ വിരമിക്കണം എന്നായിരുന്നു ജോയുടെ തീരുമാനം. തന്റെ വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത് എന്നാണ് ജോ പറഞ്ഞിരിക്കുന്നത്. രണ്ടു മക്കള്‍ക്കൊപ്പം സമയം ചെലവിടാനാണ് ഉദ്ദേശ്യമെന്നും ജോ പറയുന്നു. മൂത്തയാള്‍ ഇപ്പോള്‍ കോളജിലാണ് പഠിക്കുന്നത്. 2023 ല്‍ ആയിരിക്കും അദ്ദേഹം മൈക്രോസോഫ്റ്റിലെ ജോലി നിർത്തുന്നത്.

∙ സുദീര്‍ഘമായ കരിയര്‍

1968 ല്‍ ഫ്‌ളോറിഡയില്‍ ജനിച്ച അദ്ദേഹം മൈക്രോസോഫ്റ്റില്‍ ഒഎസ്/2ന്റെ പ്രോഗ്രാം മാനേജരായാണ് കരിയര്‍ തുടങ്ങിയത്. എന്നാല്‍ അത് പെട്ടെന്ന് അവസാനിച്ചു. മൈക്രോസോഫ്റ്റും ഐബിഎം കമ്പനിയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചതായിരുന്നു കാരണം. തുടര്‍ന്ന് ജോ വിന്‍ഡോസ് എന്‍ടി ടീമിന്റെ ഇന്റര്‍ഫെയ്‌സ് മാനേജരായി പ്രവര്‍ത്തിച്ചു.

ഇതിനുശേഷം ‘ഷിക്കാഗോ പ്രോജക്ട്’ എന്ന പേരില്‍ കമ്പനിക്കുള്ളില്‍ അറിയപ്പെടുകയും തുടര്‍ന്ന് വിന്‍ഡോസ് 95 എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ടീമിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 3, 4 തുടങ്ങിയ പ്രൊജക്ടുകളിലായിരുന്നു പിന്നീട് അദ്ദേഹം പ്രവര്‍ത്തിച്ചത്. അടുത്തതായി വിന്‍ഡോസ് 2000, വിന്‍ഡോസ് എക്‌സ്പി എന്നിവയുടെ യൂസര്‍ എക്‌സ്പീരിയന്‍സ് മാനേജരായി പ്രവര്‍ത്തിച്ചു. ഒപ്പം വിന്‍ഡോസ് എക്‌സ്പി യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ എൻജിനീയറിങ്, ഡിസൈന്‍ ടീമുകളുടെയും ഭാഗമായിരുന്നു ജോ.

തുടര്‍ന്ന് 2002ല്‍ ആയിരുന്നു അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ഇഹോം (eHome) ഡിജിറ്റല്‍ ഹോം മീഡിയ വിഭാഗത്തിലെത്തിയത്. ഇവിടെ അദ്ദേഹം വിന്‍ഡോസ് എക്‌സ്പി മീഡിയാ സെന്റര്‍ എഡിഷന്‍ വികസിപ്പിക്കാന്‍ സഹായിച്ചു. പിന്നീട് ഈ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തി. പിന്നെ, 2008ല്‍ സ്യൂണ്‍ (Zune) വിഭാഗത്തിന്റെ കോര്‍പറേറ്റ് വൈസ് പ്രസിഡന്റുമായി.

∙ ഏറ്റവും വലിയ വെല്ലുവിളി വിന്‍ഡോസ് ഫോണ്‍

സ്മാര്‍ട് ഫോണ്‍ എന്ന ഉപകരണത്തിന് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് മനസ്സിലാകാതെ പോയതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് എന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനും മേധാവിയുമായിരുന്ന ബില്‍ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. കാശിനു കാശും ടെക്‌നോളജിക്കു ടെക്‌നോളജിയും ഉണ്ടായിരുന്ന മൈക്രോസോഫ്റ്റ് ‘ആടിത്തൂങ്ങി വന്നപ്പോഴേക്കും വിട്ടുപോയ ബസാണ്’ സ്മാര്‍ട് ഫോണ്‍ ബിസിനസ്.

ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഐഒഎസും വിന്‍ഡോസ് ഒഎസും ആയിരുന്നു ലോകത്ത് ഇന്നു കാണുക എന്നു വാദിക്കുന്നവരുണ്ട്. കുറഞ്ഞത് ഇപ്പോഴത്തെ രണ്ടു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള ഒന്നായി വിന്‍ഡോസ് ഫോണ്‍ മാറുകയെങ്കിലും ചെയ്യുമായിരുന്നു. എന്തായാലും, വിന്‍ഡോസ് മൊബൈല്‍ കമ്യൂണിക്കേഷന്‍സ് ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയായിരുന്നു 2009ല്‍ ജോയ്ക്ക് ലഭിച്ചത്. ഡയറക്ടര്‍ ഓഫ് പ്രോഗ്രാം മാനേജ്‌മെന്റ് എന്ന തസ്തികയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വിന്‍ഡോസ് ഫോണ്‍ 7നു വേണ്ടി മെട്രോ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് ജോയും അദ്ദേഹത്തിന്റെ ടീമും വികസിപ്പിച്ചെടുത്തത്.

ഇതിനായി വിന്‍ഡോസ് മീഡിയാ സെന്റര്‍ മുതല്‍ എക്‌സ്‌ബോക്‌സ് 360, വിന്‍ഡോസ് 8 തുടങ്ങി പല വിന്‍ഡോസ് പ്രോഡക്ടുകളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ യോജിപ്പിക്കുകയായിരുന്നു. സ്മാര്‍ട് ഫോണുകളെക്കുറിച്ച് മൈക്രോസോഫ്റ്റില്‍ പൊതുവെയുണ്ടായിരുന്ന തണുപ്പന്‍ പ്രതികരണമായിരിക്കാം ഇത് വിജയിക്കാതിരിക്കാന്‍ കാരണം. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ വോയിസ് അസിസ്റ്റന്റ് കോര്‍ട്ടാന വികസിപ്പിച്ച ടീമിനെ നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. മറ്റെന്തിനേക്കാളും ഏറെ ജോ വിന്‍ഡോസ് ഫോണിന്റെ മുഖമായിരുന്നു എന്ന് ടെക്‌നോളജി ലേഖകര്‍ വിലയിരുത്തുന്നു.

അടുത്ത ഘട്ടത്തില്‍, കമ്പനിക്കുള്ളിലെ ഓപ്പറേറ്റിങ് സിസ്റ്റം ഗ്രൂപ്പിന്റെ, പിസി/ടാബ്‌ലറ്റ്/ഫോണ്‍ വിഭാഗത്തിന്റെ മേധാവി എന്ന പദവിയാണ് ജോയെ തേടിയെത്തിയത്. വിന്‍ഡോസ് 10 കംപ്യൂട്ടറുകളിലും ടാബുകളിലും ഫോണുകളിലും എത്തിക്കുകയാണ് അദ്ദേഹം ഈഘട്ടത്തില്‍ ചെയ്തത്. അടുത്തതായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രകടനം മെച്ചപ്പെടുത്താനായിരുന്നു അദ്ദേഹത്തെ ഏല്‍പ്പിച്ചത്. എന്നാല്‍, ഈ ജോലികളെല്ലാം ചത്ത കുതിരയെ തല്ലി എഴുന്നേല്‍പ്പിക്കാനുളള ശ്രമം പോലെ പരിഹാസ്യമായിരുന്നു എന്നതാണ് വസ്തുത.

ഈ ഘട്ടത്തിലാണ് ജോലി വിടുന്ന കാര്യം ആദ്യം ജോ പരിഗണിച്ചത്. ഇതിന്റെ ഭാഗമായി 2015 ല്‍ 9 മാസം അവധിയെടുത്ത് കുടുംബത്തോടൊപ്പം ലോകം കാണാനിറങ്ങി. എംവി വേള്‍ഡ് ഒഡിസി എന്ന പാസഞ്ചര്‍ ക്രൂസ് ഷിപ്പിലാണ് കറങ്ങാന്‍ പോയത്. ഈ സമയത്ത് അദ്ദേഹം ഒരു ഐഫോണും ഗാലക്‌സി എസ്7നും ആണ് ഉപയോഗിച്ചത്. അവധി കഴിഞ്ഞെത്തിയ ജോ 2016 മുതല്‍ വിന്‍ഡോസ് 10നുള്ള ജോലിയിലേര്‍പ്പെട്ടു. തുടര്‍ന്ന് 2018ല്‍ വിന്‍ഡോസ് ക്ലൈന്റ് എക്‌സ്പീരിയന്‍സ് വിഭാഗത്തെ അദ്ദേഹം നയിച്ചു. ഇതിലാണ് വിന്‍ഡോസ് ഷെല്‍, മൈക്രോസോഫ്റ്റ് എജ് ബ്രൗസര്‍, മൈക്രസോസോഫ്റ്റ് ലോഞ്ചര്‍ എന്നിവ ഉള്‍പ്പെട്ടത്.

Photo: Microsoft
Photo: Wikimedia

തുടര്‍ന്ന്, 2020ലാണ് അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്ന മൈക്രോസോഫ്റ്റ് ഓഫിസ് എക്‌സ്പീരിയന്‍സ് ഗ്രൂപ്പിലേക്കു മാറുന്നത്. ഒപ്പം ഐഒഎസിലും ആന്‍ഡ്രോയിഡിലും ഉള്ള മൈക്രോസോഫ്റ്റ് മൊബൈല്‍ ആപ്പുകളുടെ വികസിപ്പിക്കലിനും നേതൃത്വം നല്‍കി.

2023 ഒക്ടോബര്‍ 27നാണ് അദ്ദേഹം മൈക്രോസോഫ്റ്റിനോട് വിടപറയുക. തുടര്‍ന്ന് താന്‍ കുടുംബത്തോടൊപ്പം കഴിയുമെന്നാണ് പറയുന്നത്. കൃത്യ സമയത്ത് ജോലിയില്‍ നിന്ന് വിരമിച്ച ഒരാളായി ഇരിക്കുമോ അതോ മറ്റേതെങ്കിലും കമ്പനിയുടെ ഭാഗമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English Summary: Microsoft veteran Joe Belfiore to step down after 32 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com