ADVERTISEMENT

കുറച്ചു കാലമായി പറഞ്ഞു കേട്ടിരുന്ന ലാവാ ബ്ലെയ്‌സ് 5ജി യാഥാർഥ്യമായി. ഇന്ത്യയില്‍ പ്രസരണം തുടങ്ങിയ എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ കിട്ടുമെന്ന് ലാവ അവകാശപ്പെടുന്നു. എട്ടു കേന്ദ്രങ്ങളുള്ള മീഡിയടെക് ഡിമെന്‍സിറ്റി 700 പ്രൊസസറാണ് ഫോണിന് ശക്തി നല്‍കുന്നത്. ഒപ്പം 4ജിബി റാമും ഉണ്ട്. മൂന്നു ജിബി വെര്‍ച്വല്‍ റാമും കിട്ടുമെന്ന് കമ്പനി പറയുന്നു. അതായത്, വെര്‍ച്വല്‍ റാമും കൂട്ടിയാൽ 7ജിബി റാം. ഫോണിന് 6.51 ഇഞ്ച് വലുപ്പമുള്ള എച്ഡി പ്ലസ് സ്‌ക്രീനാണ് ഉള്ളത്. ഡിസ്‌പ്ലെയ്ക്ക് 90ഹെട്‌സ് ആണ് റിഫ്രെഷ്റേറ്റ്. ഫോണിന് 128 ജിബി സംഭരണശേഷിയാണ് ഉള്ളതെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കാം.

 

എഐ ട്രിപ്പിള്‍ ക്യാമറ

പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock

 

ഫോണിന് 50എംപി എഐ ട്രിപ്പിള്‍ ക്യാമറയാണ് ഉള്ളതെന്ന് കമ്പനി പറയുന്നു. ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഫോണിന് 50എംപി പ്രധാന ക്യാമറ, 2എംപി മാക്രോ ഷൂട്ടര്‍, വീജിയെ ക്യാമറ എന്നിവ ആയിരിക്കും ഉണ്ടായിരിക്കുക. വരികള്‍ക്കിടയിൽ വായിച്ചാല്‍ മനസ്സിലാകുക, പ്രധാന ക്യാമറയ്‌ക്കൊപ്പം ഉള്ള ക്യാമറകള്‍ അലങ്കാരത്തിനു വേണ്ടിയല്ല എന്നാണെങ്കിലും അവയില്‍ അധികം പ്രതീക്ഷ അര്‍പ്പിക്കാതിരിക്കുകയായിരിക്കും നല്ലത്. സെല്‍ഫിക്കായി 8എംപി ഷൂട്ടറാണ് ഉള്ളത്.

 

ക്യാമറാ ഫീച്ചറുകള്‍

 

ഫോണില്‍ 4കെ വിഡിയോ പകര്‍ത്താനാവില്ല. ഫുള്‍എച്ഡി റെസലൂഷന്‍ (2കെ എന്ന് കമ്പനിയുടെ വെബ്‌സൈറ്റ്) ആണ് ലഭിക്കുന്നത്. ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. എച്ഡിആര്‍, നൈറ്റ്, പോര്‍ട്രെയ്റ്റ്, എഐ സ്ലോ-മോ തുടങ്ങി വിവിധ മോഡുകളും ഉണ്ട്.

 

മറ്റു ചില സ്‌പെസിഫിക്കേഷന്‍സ്

 

ibm

ഏറ്റവും പുതിയ ബ്ലൂടൂത് അല്ല. ബ്ലൂടൂത് 5.0 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഎസ്ബി-സി 2.0 ഉണ്ട്. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്ന ലാവാ ബ്ലെയ്‌സ് 5ജിക്ക് 5000 എംഎഎച് ബാറ്ററിയും ഉണ്ട്. ആമസോണ്‍ വഴിയാണ് വില്‍പന എന്നു കമ്പനി പറഞ്ഞിട്ടുണ്ടെങ്കിലും ഇതെഴുതുന്ന സമയത്ത് ആമസോണില്‍ ഈ മോഡല്‍ ലഭ്യമല്ല.

 

എല്ലാ 5ജി ബാന്‍ഡും?

apple-event-farout

 

എല്ലാ ഇന്ത്യന്‍ 5ജി ബാന്‍ഡും കിട്ടുമെന്ന് കമ്പനി പറയുന്നു. ഇതേക്കുറിച്ച് കമ്പനി പറയുന്നത് ഇതാണ്: ഇന്ത്യന്‍ ടെലികോം സേവനദാതാക്കൾ ലേലത്തില്‍ വാങ്ങിയ എല്ലാ സബ് 6എംഎം ബാന്‍ഡുകളും തങ്ങളുടെ പുതിയ ഫോണില്‍ ലഭിക്കും.

amazon

 

ഇനി വില കുറഞ്ഞ 5ജി ഫോണുകളുടെ പ്രളയമോ?

 

ഇന്ത്യയില്‍ ഇനി 5ജിയുടെ കാലമാണ് എന്നു വിളിച്ചറിയിച്ച് വില കുറഞ്ഞ 5ജി ഫോണുകള്‍ വിപണിയിലെത്തുകയാണ്. ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി ആയിരിക്കും ഒരു കമ്പനി 5ജി ഫോണ്‍ 10000 രൂപയ്ക്ക് വില്‍പനയ്ക്ക് എത്തിക്കുന്നത്. എന്നാല്‍, പല കമ്പനികളും ഉടനെ ഈ വഴിക്കു തിരിഞ്ഞേക്കുമെന്ന വ്യക്തമായ സൂചനയാണ് ഇന്ത്യന്‍ കമ്പനിയായ ലാവ നല്‍കുന്നത്.

twitter

 

ലോകത്തെ ഏറ്റവും വലിയ 5ജി സേവന സജ്ജീകരണം ഒരുങ്ങുന്നത് ഇന്ത്യയിലെന്ന് ഐബിഎം

 

ലോകത്ത് ഏറ്റവും വിപുലമായി 5ജി പ്രസരണത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുങ്ങുന്നത് ഇന്ത്യയിലാണെന്ന് ഐബിഎം കണ്‍സൽറ്റിങ്ങിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടറിന്റെ മാനേജിങ് പാര്‍ട്ണര്‍ സെയ്ദ് ഷാഹിദ് ഹുസൈന്‍ പറയുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ എല്ലാ തട്ടിലുള്ളവര്‍ക്കും 5ജി ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രവര്‍ത്തിക്കുമെന്നും സിംഗപ്പൂർ ഫൈന്‍ടെക് ഫെസ്റ്റിവലില്‍ അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്ത് കൃഷി മുതല്‍ ബാങ്കിങ് വരെ എല്ലാ തട്ടിലും 5ജിയുടെ പ്രഭാവം താമസിയാതെ പ്രതിഫലിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ആപ്പിള്‍ മുതല്‍ ആമസോണ്‍ വരെ ജോലിക്കാരെ കുറയ്ക്കുന്നു

 

ലോകത്തെ ഏറ്റവും മോഹിപ്പിക്കുന്ന തൊഴില്‍ ദാതാക്കളായ ടെക്‌നോളജി ഭീമന്മാരായ ആപ്പിളും ആമസോണും അടക്കമുള്ള കമ്പനികള്‍ ജോലിക്കാരെ എടുക്കുന്നത് തൽക്കാലം കുറയ്ക്കുന്നു. സമ്പദ്‌വ്യവസ്ഥ ഇനി ഏതു ദിശയിലേക്ക് എന്നു മനസ്സിലാക്കിയ ശേഷമായിരിക്കും വികസന പദ്ധതികളുമായി കമ്പനികള്‍ മുന്നോട്ടു പോകുക. അതേസമയം, ട്വിറ്റര്‍ മുതല്‍ മെറ്റാ വരെ പല കമ്പനികളും ജീവനക്കാരെ പിരിച്ചു വിടാനും തുടങ്ങി. പുതിയ മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ജീവനക്കാരില്‍ പകുതിപ്പേരെ പിരിച്ചു വിടാനാണ് ഉദ്ദേശിക്കുന്നത്. മെറ്റാ കമ്പനിയുടെ സുവർണകാലം കഴിഞ്ഞോ, കമ്പനിക്ക് ദിശ തെറ്റിയോ തുടങ്ങിയ ചര്‍ച്ചകളും സജീവമായിരിക്കുന്ന സമയത്ത്, കമ്പനിയും ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടേക്കും.

 

മറ്റു കമ്പനികള്‍

 

സ്‌നാപില്‍ (Snap) ഇപ്പോള്‍ ഏകദേശം 6,400 ജീവനക്കാരാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ ഇവരില്‍ 20 ശതമാനം പേരെ ആയിരിക്കും പിരിച്ചു വിടുക. അതേസമയം, അടുത്തിടെ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് 1,000 ജോലിക്കാരെ വരെ പിരിച്ചു വിട്ടിരിക്കാമെന്ന് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്റല്‍ ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ആമസോണ്‍ ഇതുവരെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ജോലിക്കാരെ എടുക്കുന്നതു കുറയ്ക്കുന്നു എന്നറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയതായി 10,000 പേരെ എടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതു തൽക്കാലം വേണ്ടെന്നുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിളും പുതിയ ജോലിക്കാരെ എടുക്കുന്നതു നിർത്തുകയാണെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. അതേസമയം, ആപ്പിളിന്റെ ദീര്‍ഘകാല പ്രോജക്ടുകളിലേക്ക് ജോലിക്കാരെ എടുക്കും. 

 

90 ശതമാനം ജീവനക്കാരും ട്വിറ്റര്‍ ഇന്ത്യയില്‍നിന്നു പുറത്തായി

 

ആഗോള തലത്തില്‍ മില്യന്‍ കണക്കിനു ഡോളര്‍ നഷ്ടമുണ്ടാക്കുന്ന കമ്പനിയായ ട്വിറ്റര്‍, തങ്ങളുടെ ഇന്ത്യന്‍ ശാഖയിലും കൂട്ടപ്പിരിച്ചുവിടല്‍ നടത്തി. 200 ലേറെ പേര്‍ ജോലിയെടുത്തിരുന്ന ഇന്ത്യന്‍ വിഭാഗത്തില്‍ ഇനി 12 പേര്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. അതേസമയം, വളരെ കുറഞ്ഞ രീതിയിലാണെങ്കിലും ട്വിറ്ററിന് ലാഭമുണ്ടാക്കി നല്‍കിയിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

പിരിച്ചു വിട്ട ചില ജോലിക്കാരോട് തിരിച്ചുവരാന്‍ അഭ്യർഥിച്ച് ട്വിറ്റര്‍

 

മസ്‌ക് 44 ബില്യന്‍ ഡോളര്‍ നല്‍കിയാണ് ട്വിറ്റര്‍ സ്വന്തമാക്കിയത്. അതിനു പുറമേ, തനിക്ക് പ്രതിദിനം 4 ദശലക്ഷം ഡോളറാണ് കമ്പനി നഷ്ടമുണ്ടാക്കുന്നതെന്നും പുതിയ മുതലാളി വെളിപ്പെടുത്തിയിരുന്നു. ഇത് കുറയ്ക്കാനായി കൂട്ടപ്പിരിച്ചുവിടല്‍ ആണ് മസ്‌ക് നടത്തുന്നത്. ഗത്യന്തരമില്ലാത്തതിനാലാണ് പിരിച്ചുവിടുന്നതെന്നും മസ്‌ക് പറഞ്ഞു. പല ജോലിക്കാരും ജോലിക്കെത്തി കംപ്യൂട്ടര്‍ തുറക്കുമ്പോഴാണ് തങ്ങളുടെ ആക്സസ് ബ്ലോക് ചെയ്തെന്നു മനസ്സിലാക്കിയതു പോലും. ഇതെല്ലാം വളരെ തിടുക്കപ്പെട്ടു നടത്തിയതാണ്. ചിലരെ തെറ്റായി പിരിച്ചുവിട്ടു എന്നും അത്തരക്കാരോട് തിരിച്ചു ജോലിക്കെത്തണം എന്ന് കമ്പനി അഭ്യർഥിച്ചു തുടങ്ങിയെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.  

 

വ്യാജ ട്വിറ്റര്‍ ഉപയോക്താക്കളെ പുറത്താക്കും

 

വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉടമകളെ പുറത്താക്കുമെന്ന് പുതയ മേധാവി മസ്‌ക്. ഇതിന്റെ ഭാഗമായി, മസ്‌കിനെ പരിഹസിച്ച് കൊമേഡിയന്‍ കാതി ഗ്രിഫിൻ തുടങ്ങിയ അക്കൗണ്ട് റദ്ദാക്കി.

 

English Summary: Lava launches ‘cheapest’ 5G phone under ₹10,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com