എങ്ങും ക്യാമറ... ദോഹയിലെ ആ ഒറ്റ മുറിയിലിരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്

doha-ai-room
Representative Image, Photo: Image credit: MOI NCC
SHARE

കാണികള്‍ക്കിടയിലെ കുഴപ്പക്കാരുടെ മുഖത്തേക്കു സൂം ചെയ്‌തെത്താവുന്ന ക്യാമറക്കണ്ണുകള്‍, ഓരോ സ്‌റ്റേഡിയവും, കളി നടക്കുന്ന സമയത്തും അതിനു മുൻപും ശേഷവും എങ്ങനെയാണെന്ന് ഓരോ മുക്കിലും മൂലയിലും ക്യാമറ വച്ച് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കല്‍, സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ മുതലുള്ള എല്ലാ ഭാഗങ്ങളിലും നിയന്ത്രണം, എല്ലാ പൈപ്പിലും വെളളമുണ്ടോ, ഏതെങ്കിലും എസി പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ സദാ ശ്രദ്ധ, ഇതെല്ലാം നിയന്ത്രിക്കുന്നത് ഒരു മുറിയിലിരുന്നാണ്; സഹായത്തിന് നിർമിത ബുദ്ധിയും.

cctv
Photo: alice-photo/ Shutterstock

∙ ദോഹയിലെ ആ ഒറ്റ മുറി

കണക്ടഡ് സ്റ്റേഡിയം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന ആദ്യ ലോകകപ്പാണിത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ വലിയൊരു ഹാളില്‍ നൂറിലേറെ വിദഗ്ധരാണ് അത്യാധുനിക നിയന്ത്രണ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ മുറി രാത്രിയും പകലും പ്രവര്‍ത്തിക്കും. ഇവരുടെ മുന്നിലെ സ്‌ക്രീനിലേക്ക് 200,000 ഇന്റഗ്രേറ്റഡ് യൂണിറ്റുകള്‍ വഴിയാണ് എട്ടു ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ സൂക്ഷ്മ നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്ന 22,000 സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എത്തുന്നത്.

ai-room-doha-visit-1
Photo: twitter/AmiriDiwan

∙ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ

ഈ മുറിയിലിരുന്ന്, സ്റ്റേഡിയത്തിന്റെ ഗേറ്റില്‍ എന്തു നടക്കുന്നുവെന്നു തുടങ്ങി, എയര്‍ കണ്ടിഷണറുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു വരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടാം. ഫൈനല്‍ അടക്കം 10 മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ കാര്യം എടുക്കാം. ഇവിടെ 80,000 സീറ്റുകള്‍ ആണ്. കണ്‍ട്രോള്‍ റൂമിലിരിക്കുന്നവര്‍ക്ക് ഓരോ സീറ്റില്‍ ഇരിക്കുന്നവരുടെയും മുഖം സൂം ചെയ്യാം. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും കുഴപ്പക്കാരെ കണ്ടെത്തി തിരിച്ചറിയുക.

Hindu God Krishna on blue background

∙ മിഷന്‍ കണ്‍ട്രോള്‍

സൈബര്‍ സുരക്ഷാ വിദഗ്ധര്‍, തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ തുടങ്ങിയവർ സ്റ്റേഡിയങ്ങളില്‍ ജാഗരൂകരായിരിക്കും. ഇവര്‍ക്കൊപ്പം ഖത്തറിന്റെയും ഫിഫയുടെയും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. എന്നാല്‍, നേരത്തേ പറഞ്ഞ കണ്‍ട്രോള്‍ റൂം, അല്ലെങ്കില്‍ മിഷന്‍ കണ്‍ട്രോളിന്റെ വെര്‍ച്വല്‍ മേല്‍നോട്ടത്തിലായിരിക്കും കളിക്കളങ്ങളും കാണികളും സ്‌റ്റേഡിയത്തിലെ സംവിധാനങ്ങളുമൊക്കെ എന്നതാണ് ഈ വര്‍ഷത്തെ ലോകകപ്പിനെ വേറിട്ടതാക്കുന്നത്.

ai-room-doha-visit-
Photo: twitter/AmiriDiwan

∙ എല്ലാം ഒറ്റ ക്ലിക്കില്‍

മിഷന്‍ കണ്‍ട്രോളില്‍ ഉള്ളവര്‍ക്ക് ഒറ്റ ക്ലിക്കില്‍ ഒരു സ്‌റ്റേഡിയത്തില്‍നിന്നു മറ്റൊരു സ്‌റ്റേഡിയത്തിലെ കാഴ്ചകളിലേക്കു പോകാനാകും. സ്‌റ്റേഡിയങ്ങളിലുള്ളവരുടെ സുരക്ഷ, ആരോഗ്യപരിപാലനം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളെല്ലാം ഒരു കേന്ദ്രീകൃത സിസ്റ്റത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് ഈ കേന്ദ്രത്തിന്റെ ഡയറക്ടറായ ഹമദ് അഹമദ് അല്‍-മൊഹന്നദി പറഞ്ഞത്.

∙ സ്‌പോര്‍ട്‌സ് നടത്തിപ്പിന്റെ ഭാവി

ഭാവിയില്‍ കായിക മത്സരങ്ങള്‍ നടത്തുമ്പോള്‍ മിക്കയിടത്തും ഇത്തരം സംവിധാനങ്ങള്‍ എത്തിയേക്കുമെന്നാണ് പറയുന്നത്. മുൻപൊരിക്കലും ഇല്ലാതിരുന്നത്ര യന്ത്ര സജ്ജീകരണങ്ങളാണ് ഖത്തറില്‍ ഒരുങ്ങിയിരിക്കുന്നത്. കണക്ടഡ് സ്‌റ്റേഡിയം എന്ന സങ്കല്‍പം ഇതിനു മുൻപ് പ്രാവര്‍ത്തികമാക്കിയിരുന്നില്ലെന്ന് സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നു.

ai-room-doha-visit-2
Photo: twitter/AmiriDiwan

∙ കാണികളുടെ പെരുമാറ്റം മുന്‍കൂട്ടി കാണാം

സ്‌റ്റേഡിയത്തിന്റെ ഓരോ ഭാഗത്തും ഇരിക്കുന്ന കാണികള്‍ എങ്ങനെ പെരുമാറുമെന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുന്‍കൂട്ടി അറിയാമെന്നതും അതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നതുമാണ് ഈ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന മാറ്റം. ഇത് 2022 മേയിൽ, പാരിസിലെ സ്റ്റഡെ ഡെ ഫ്രാന്‍സില്‍ ഉണ്ടായ തരം കലാപങ്ങളും മറ്റും തടയാന്‍ സഹായിക്കും. റിലയന്‍സ് മേധാവി മുകേഷ് അംബാനി വാങ്ങാന്‍ സാധ്യതയുള്ള ബ്രിട്ടിഷ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂളിന്റെയും റിയല്‍ മഡ്രിഡിന്റെയും ആരാധകരായിരുന്നു അന്ന് പാരിസില്‍ ഏറ്റുമുട്ടിയത്. കണ്ണീര്‍ വാതകവും കുരുമുളകു സ്‌പ്രേയും അടിച്ചാണ് കാണികളെ സുരക്ഷാ സേന ഒതുക്കിയത്.

qatar-fans
Photo: AFP

∙ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ കാണികള്‍ അക്രമാസക്തരാകാം

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ കാണികള്‍ ഏതുസമയത്തും അക്രമാസക്തരാകാമെന്നത് ഒരു പ്രശ്‌നമാണ്. ഇന്തൊനീഷ്യയില്‍ 2022 ഒക്ടോബറില്‍ നടന്ന മത്സരത്തിനിടെ നടന്ന അക്രമത്തിൽ 130 കാണികളാണ് കൊല്ലപ്പെട്ടത്. ഇത്തരം ദുരന്തങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിനിടയില്‍ സംഭവിക്കാതിരിക്കാനുള്ള കനത്ത മുന്‍കരുതലുകളാണ് ഒരുങ്ങുന്നത്.

ai-room-doha
Photo: Twitter/Qatar News agency

∙ കുന്നുകണക്കിനു ഡേറ്റ വിശകലനം ചെയ്യും

കാണികളുടെ പെരുമാറ്റം മുന്‍കൂട്ടി കാണുന്നത് ഡേറ്റ വിശകലനം ചെയ്താണ്. ഇതിനായി ഓരോ സ്‌റ്റേഡിയത്തിലും കൃത്യം എത്ര കാണികളാണ് കയറിപ്പറ്റിയിരിക്കുന്നതെന്ന് വിറ്റ ടിക്കറ്റിന്റെ കണക്കുകള്‍ അടക്കം പരിശോധിച്ച് മനസ്സിലാക്കും. ഏതു സമയത്ത് ഏതു ഗേറ്റിലൂടെയാണ് കാണികള്‍ പ്രവേശിക്കുന്നത്, അവരുടെ സഞ്ചാരം എതു ദിശയിലാണ് തുടങ്ങിയ കാര്യങ്ങളും വിശകലനം ചെയ്യും. സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്തും അധികം ആളുകള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാനും പുതിയ സംവിധാനങ്ങള്‍ ഉപകരിക്കും. ഒരു ഭാഗത്ത് ആളുകള്‍ കൂടുതലാണെങ്കില്‍ മറ്റു ഭാഗത്തേക്ക് കാണികളെ കയറ്റിവിടാനും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.

doha-fifa-stadium
Photo: twitter/fifa

∙ എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റേഡിയം

കളി നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളും എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. ഇവയ്ക്കുള്ളിലെ താപവ്യതിയാനം സെന്‍സറുകള്‍ ഉപയോഗിച്ച് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. ഇതെല്ലാം കണ്‍ട്രോള്‍ സെന്ററില്‍ നിന്നായിരിക്കും കണ്ടെത്തുക. കണ്ടെത്തലുകള്‍ക്ക് അനുസൃതമായി വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ സ്‌റ്റേഡിയത്തിലുള്ള സ്റ്റാഫിനും സാധിക്കും. മറ്റൊരു സൗകര്യം, ഇതെല്ലാം നടത്താന്‍ കുറച്ച് ആളുകളുടെ ആവശ്യമേയുള്ളൂ എന്നതാണ്.

cyber-fraud

∙ സൈബര്‍ സുരക്ഷാ ഭീഷണി ഭയക്കാതെ ഖത്തര്‍

അപ്പോള്‍ സൈബര്‍ സുരക്ഷ പാളിയാലോ? അത്തരം സാധ്യതകളെ ഭയക്കാതെയാണ് ഖത്തര്‍ മുന്നേറുന്നത്. തങ്ങള്‍ ഒരുക്കിയ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിവുള്ളവയാണെന്ന് ഖത്തര്‍ പറയുന്നു.

English Summary: AI at World Cup 2022 to check crowds, control climate

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS