ഇന്ത്യയിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! ഡേറ്റയുടെ മേല്‍ നിയന്ത്രണം ലഭിച്ചേക്കും; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

data-server-room
Photo: Maximumm/ Shutterstock
SHARE

തന്നെക്കുറിച്ച് ശേഖരിച്ച ഡേറ്റ നശിപ്പിച്ചു കളയാന്‍ പറയാനുള്ള അവകാശം അടക്കം നല്‍കി ചരിത്രത്തിലാദ്യമായി രാജ്യത്തെ ഒരു പൗരന് അയാളുടെ ഡേറ്റയുടെ മേല്‍ അവകാശം സ്ഥാപിക്കാനുള്ള അവസരമായിരിക്കാം ഇനി ഒരുങ്ങുക. ഇതടക്കം പുതിയ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഡേറ്റാ സംരക്ഷണ ബില്‍ 2022നെ കുറിച്ചുള്ള വിവരങ്ങള്‍ ഐടി മന്ത്രാലയം പുറത്തുവിട്ടു. ഇനി ഇതിന്മേലുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. ഇക്കാര്യത്തില്‍ ആർക്കും അഭിപ്രായം പറയാനുള്ള അവകാശവും സർക്കാർ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ 'ഡിജിറ്റല്‍ നാഗരികര്‍ക്ക്' അല്ലെങ്കില്‍ പൗരന്മാര്‍ക്കുള്ള അവകാശങ്ങളും ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ വ്യക്തമായി വിവരിച്ചിട്ടിട്ടുണ്ട്.

∙ ശ്രദ്ധയോടെ ജീവിക്കേണ്ട കാലം

ഡേറ്റാ ശേഖരണത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ സംസാരിച്ചാല്‍ കേള്‍ക്കുന്ന പ്രതികരണം, 'ഓ, എനിക്കെന്തു ഡേറ്റാ. എടുത്തോണ്ടു പോട്ടെ' എന്ന രീതിയിലുളളതാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കേണ്ട കാലമായി എന്ന് വിളംബരം ചെയ്യുകയാണ് പുതിയ ബില്‍. ഒരാളുടെ ഇന്റര്‍നെറ്റ് ജീവിതത്തെപ്പറ്റി വിവിധ കമ്പനികളും മറ്റും ശേഖരിക്കുന്ന വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. മരിച്ച നമ്മുടെ പൂര്‍വികരുടെ ഓര്‍മയ്ക്കായി സ്മാരകങ്ങളും മറ്റുമാണ് ഉള്ളതെങ്കില്‍, ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുള്ളവര്‍ മരിക്കുമ്പോള്‍ അവരെക്കുറിച്ച് ഇന്റര്‍നെറ്റ് കമ്പനികളും മറ്റും ശേഖരിച്ചിരിക്കുന്ന ഡേറ്റ ആയിരിക്കാം നിലനില്‍ക്കുക. ഇതാകട്ടെ ഒരാളുടെ ഭാവി തലമുറകള്‍ക്കു വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും ഒരാള്‍ക്ക് സ്വയം അറിയാവുന്നതിനേക്കാള്‍ കാര്യങ്ങള്‍ അയാളുടെ ഡേറ്റാ സംസ്‌കരിക്കുന്നതു വഴി കമ്പനികളുടെയും മറ്റും കൈകളിലെത്തുകയും ചെയ്യുന്നു. ഇതൊക്കെ എത്ര പ്രാധാന്യത്തോടെയാണ് സര്‍ക്കാർ കാണുന്നതെന്ന് തുടര്‍ന്നു വായിച്ചാല്‍ മനസ്സിലാകും.

∙ താങ്കള്‍ ഒരു ഡേറ്റാ പ്രിന്‍സിപ്പൽ!

ഏഴോളം പ്രധാന കാര്യങ്ങളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെങ്കിലും ഇതുവരെ അധികം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പരിശോധിക്കാം. പുതിയ ബില്ലിന്റെ മുഴുവന്‍ പേര് ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ 2022 എന്നാണ്. പേര് അന്വര്‍ഥമാക്കുന്ന രീതിയില്‍ വ്യക്തിക്ക് പ്രാധാന്യം നല്‍കിയാണ് ബില്‍ ഒരുക്കിയിരിക്കുന്നത്. ബില്ലിലുളള ഒരു പ്രയോഗം 'ഡേറ്റാ പ്രിന്‍സിപ്പൽ' എന്നാണ്. ഡേറ്റ ശേഖരിക്കപ്പെടുന്ന വ്യക്തിയാണ് ഡേറ്റാ പ്രിന്‍സിപ്പൽ. ഡേറ്റ ശേഖരിക്കുന്ന കമ്പനികളെ വിളിക്കുന്നത് ഡേറ്റാ ഫിഡുഷ്യേറി (Fiduciary) എന്നാണ്. ഫിഡുഷ്യേറി മറ്റൊരു വ്യക്തിയാകാം, കമ്പനിയാകാം, സർക്കാർ ആകാം. ഫിഡുഷ്യേറി ആണ് ഒരു വ്യക്തിയുടെ ഡേറ്റ ശേഖരിക്കുന്നതും, സംസ്‌കരിച്ച് അതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതും.

∙ കുട്ടികളുടെ ഡേറ്റാ പ്രിന്‍സിപ്പൽമാര്‍ മാതാപിതാക്കള്‍

പ്രായപൂര്‍ത്തിയായവർ എല്ലാം ഡേറ്റാ പ്രിന്‍സിപ്പൽ ആണ്. എന്നാല്‍ 18 വയസില്‍ താഴെയുള്ള കുട്ടികളുടെ ഡേറ്റാ പ്രിന്‍സിപ്പൽമാര്‍ മാതാപിതാക്കള്‍ അല്ലെങ്കില്‍ നിയമപരമായ രക്ഷിതാക്കള്‍ ആയിരിക്കും. ഒരാളുടെ ഡേറ്റ പ്രധാനമായും രണ്ടു രീതിയിലാണ് ശേഖരിക്കുക. ഒന്ന് വ്യക്തിയെ അറിയാവുന്ന രീതിയില്‍, മറ്റൊന്ന് അനോണിമസായി, വ്യക്തിയെ അറിയാത്ത രീതിയില്‍. (രണ്ടാമത്തെ രീതിയിലുള്ള ഡേറ്റാ ശേഖരണം ഇന്ത്യ നിര്‍ബാധം അനുവദിച്ചേക്കും.) ഏതെങ്കിലും രീതിയില്‍ വ്യക്തിയെ അറിയാവുന്ന രീതിയില്‍ ശേഖരിക്കുന്ന ഡേറ്റ സംസ്‌കരിച്ചെടുക്കുന്നതിനെക്കുറിച്ചാണ് നിയമം ശ്രദ്ധപുലര്‍ത്തുന്നത്. വ്യക്തിയുടെ ഡേറ്റ എത്ര പരിവര്‍ത്തി സംസ്‌കരിച്ചെടുക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ ബില്‍ പരിഗണിക്കുന്നു. എന്നു പറഞ്ഞാല്‍ ഡേറ്റ എടുക്കുന്നതു മുതല്‍ അത് ശേഖരിച്ചു വയ്ക്കുന്നതും സംസ്‌കരിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ പുതിയ ബില്ലിന്റെ പരിധിയില്‍ വരുന്നു.

∙ നിങ്ങള്‍ക്ക് അറിയാം

ഡേറ്റ എങ്ങനെയാണ് സംസ്‌കരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വിവരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ (ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാഷകള്‍) ലഭ്യമാക്കണമെന്നും കരടു ബില്‍ പറയുന്നു. ഒരു വ്യക്തിയുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ അയാളുടെ ഡേറ്റ സംസ്‌കരിക്കാന്‍ സാധിക്കൂ എന്നും ബില്‍ പറയുന്നു. ഓരോ വ്യക്തിക്കും തന്നെക്കുറിച്ചു ശേഖരിക്കുന്ന ഡേറ്റയില്‍ നിന്ന് എന്താണ് ഡേറ്റാ ഫിഡുഷ്യേറി സംസ്‌കരിച്ചെടുക്കുന്നത് എന്നും അത് എന്ത് ആവശ്യത്തിനാണ് എന്നുള്ളതും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തിക്ക് അറിയാന്‍ അവകാശമുണ്ടായിരിക്കും. ഡേറ്റ എന്നു മുതല്‍ ശേഖരിക്കും തുടങ്ങിയ കാര്യങ്ങള്‍ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറയണം. ഇതിനു പുറമെ തന്റെ ഡേറ്റ ശേഖരിക്കുന്നതു നിർത്താന്‍ ഡേറ്റാ ഫിഡുഷ്യേറിയോടു പറയാനുള്ള അവകാശവും വ്യക്തിക്കുണ്ടായിരിക്കും. 

∙ ഡേറ്റാ ശേഖരണം സുതാര്യമായിരിക്കണം

സ്ഥാപനങ്ങളും മറ്റും ഒരാളുടെ ഡേറ്റാ ശേഖരിക്കുന്നത് ആ വ്യക്തിയ്ക്ക് ഡേറ്റാ ശേഖരണത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തതിനു ശേഷമായിരിക്കണം. അല്ലെങ്കില്‍ സുതാര്യമായ രീതിയിലായിരിക്കണമെന്നും ബില്‍ പറയുന്നു. ഒരാവശ്യം പറഞ്ഞ് ശേഖരിച്ച ഡേറ്റ അതിനു മാത്രമെ ഉപയോഗിക്കാവൂ എന്നും ബില്‍ അനുശാസിക്കുന്നുണ്ട്. ഡേറ്റ കുറച്ചു മാത്രമെ ശേഖരിക്കാവൂ എന്നും അതിനു കൃത്യത വേണമെന്നും ബില്ലിലുണ്ട്. വ്യക്തിയില്‍ നിന്നെടുത്ത ഡേറ്റ കാലാകാലത്തോളം ശേഖരിച്ചുവയ്ക്കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സംഭരിച്ചുവയ്ക്കല്‍ ഒരു നിശ്ചിത കാലത്തേക്കു മാത്രമാണ് അനുവദിക്കുക.

∙ ഡേറ്റ സുരക്ഷിതമായിരിക്കണം

ഡേറ്റാ ഫിഡുഷ്യേറി വേണ്ടത്ര സുരക്ഷ ഉണ്ടാക്കിയ ശേഷം മാത്രം ഡേറ്റ ശേഖരിക്കണമെന്നും അനുമതി നേടാതെ വ്യക്തിയുടെ ഡേറ്റ ശേഖരിക്കുകയോ, സംസ്‌കരിക്കുകയോ ചെയ്യരുതെന്നും ബില്‍ പറയുന്നു. ഒരാളുടെ ഡേറ്റ ഇത്തരത്തില്‍ സംസ്‌കരിക്കണമെന്ന് തീരുമാനിക്കുന്ന വ്യക്തി ആയിരിക്കും ഇത്തരം പ്രോസസിങ്ങിന് ഉത്തരവാദി. അതായത് ഡേറ്റാ പ്രോസസിങ് നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പനിക്ക് ഒരു ഉദ്യോഗസ്ഥനെ മുന്നില്‍ നിർത്തേണ്ടിവരും. പാളിച്ച പറ്റിയാല്‍ ഈ വ്യക്തിക്കെതിരെ നിയമ നടപടി ഉണ്ടാകാം.

∙ വന്‍തോതില്‍ ഡേറ്റ ശേഖരിക്കുന്ന ഡേറ്റാ ഫിഡുഷ്യേറികള്‍

എല്ലാ കമ്പനികളും ഒരേ തോതിലല്ല ഡേറ്റ ശേഖരിക്കുന്നത്. വന്‍തോതില്‍ വ്യക്തികളുടെ ഡേറ്റ ശേഖരിക്കുന്ന ഡേറ്റാ ഫിഡുഷ്യേറികള്‍ ആരൊക്കെയാണെന്നുള്ള കാര്യം കേന്ദ്രം തന്നെ പുറത്തുവിടും. വിവധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത്. ഇത്തരം കമ്പനികള്‍ ശേഖരിക്കുന്ന ഡേറ്റ രാജ്യത്തിന്റെ സ്വയംഭരണാവകാശത്തിനും അഖണ്ഡതയ്ക്കും പോലും ഭീഷണിയാകാം. ഇത്തരം കമ്പനികള്‍ക്ക് അധിക കടമകള്‍ ഉണ്ടായിരിക്കും. ഇത്തരം കമ്പനികള്‍ ഒരു ഡേറ്റാ പ്രൊട്ടക്ഷന്‍ ഓഫിസറെ നയമിച്ചിരിക്കണം. ഡേറ്റാ ഓഡിറ്ററെയും നിയമിക്കണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്.

∙ ഡേറ്റ നശിപ്പിച്ചു കളയാന്‍ ആവശ്യപ്പെടാനുള്ള അവകാശം

ഒരു ഡേറ്റാ പ്രിന്‍സിപ്പലിന് ഡേറ്റാ ഫിഡുഷ്യേറി ശേഖരിച്ചിരിക്കുന്ന ഡേറ്റ നശിപ്പിച്ചു കളയാന്‍ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടായിരിക്കും. മരിച്ചു പോയാലോ, വയ്യാതായാലോ തന്റെ ഡേറ്റായെക്കുറിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനായി ഒരു അവകാശിയേയും ഡേറ്റാ പ്രിന്‍സിപ്പലിന് വയ്ക്കാം. തന്റെ ഡേറ്റ നശിപ്പിച്ചു കളയാത്ത ഡേറ്റാ ഫിഡുഷ്യേറിക്കെതിരെ ഡേറ്റാ പ്രിന്‍സിപ്പലിന് കേസും കൊടുക്കാം. ഉടന്‍ നിലവില്‍ വരുന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡായിരിക്കും കേസ് പരിഗണിക്കുക. 

Data Protection | Representational image (Photo - istockphoto/abluecup)
പ്രതീകാത്മക ചിത്രം (Photo - istockphoto/abluecup)

∙ ഡേറ്റ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം

ഇന്ത്യക്കാരുടെ ഡേറ്റ ചില രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും. മുൻപ് പുറത്തിറക്കിയ കരടു ബില്ലില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ വിവാദ വിഷയങ്ങളിലൊന്ന് ഇതായിരുന്നു. ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനം വിഷമമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളിലേക്കാണ് ഡേറ്റ കൊണ്ടുപോകാന്‍ അനുവദിക്കുക എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കേന്ദ്രമായിരിക്കും. ഡേറ്റാ ചോര്‍ച്ചയ്ക്ക് കനത്ത പിഴയായിരിക്കും കമ്പനികള്‍ നല്‍കേണ്ടിവരിക. ഇത് ഡേറ്റാ ചോര്‍ച്ചയുടെ തോത് അനുസരിച്ചായിരിക്കും നിശ്ചയിക്കുക. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കരടു ബില്ലിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ തുടങ്ങുന്നത്. ചില കാര്യങ്ങളില്‍ മാറ്റം വന്നേക്കാം. ബില്‍ പാര്‍ലമെന്റില്‍ എത്തുന്നത് അടുത്ത വര്‍ഷം ആദ്യമായിരിക്കും.

English Summary: The Digital Personal Data Protection Bill, 2022 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA