ADVERTISEMENT

ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആൽഫബെറ്റിന്റെ ഏകദേശം 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. മെറ്റാ, ട്വിറ്റർ, ആമസോൺ എന്നിവയുൾപ്പെടെ മൂന്ന് മുൻനിര ടെക് കമ്പനികൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണിത്.

 

ദി ഇൻഫർമേഷനിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പുതിയ റാങ്കിങ്, പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ പദ്ധതിയിടുകയാണ്. 2023 ന്റെ തുടക്കത്തോടെ, മോശം പ്രകടനം കാഴ്ചവെക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കിയേക്കും. ഇതിനായി പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം സഹായിക്കുമെന്ന് കരുതുന്നു.

 

പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ റേറ്റിങ് ഓപ്ഷൻ വഴി മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റുചെയ്യാനും അതനുസരിച്ച് അവർക്ക് ബോണസും മറ്റു ഗ്രാന്റുകളും നൽകുന്നത് ആസൂത്രണം ചെയ്യാനും സഹായിക്കും. ഇതിനാൽ പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ആരെങ്കിലും ജോലിയിൽ അലസത കാണിച്ചാൽ മാനേജർമാർക്ക് അവരെ പെട്ടെന്ന് റേറ്റിങ് ചെയ്യാൻ സാധിക്കും.

 

ഗൂഗിൾ ആൽഫബെറ്റ് പിരിച്ചുവിടൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുൻപ് സിഇഒ സുന്ദർ പിച്ചൈ വരാനിരിക്കുന്ന പിരിച്ചുവിടലുകളെ കുറിച്ച് സൂചന നൽകിയിരുന്നു. പല ജീവനക്കാരുടെയും പ്രകടനത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സന്തുഷ്ടനല്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ ഇക്കാര്യം സൂചന നൽകുകയും ചെയ്തിരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കാനും ഉൽപന്നങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഉപഭോക്താക്കളെ എങ്ങനെ സഹായിക്കാമെന്നും കാര്യമായി ആലോചിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ഉൽപാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ സൂചിപ്പിച്ചിരുന്നു.

 

ജോലിയിലും കമ്പനിയുടെ ഉൽപന്നങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പിച്ചൈ ആവശ്യപ്പെട്ടു. കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സംസ്കാരം സൃഷ്ടിക്കാൻ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. 2022 രണ്ടാം പാദം വരുമാനത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിലും വൻ നഷ്ടമാണ് നേരിട്ടത്. ആ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് പിരിച്ചുവിടൽ വാർത്ത വന്നതെന്നും ശ്രദ്ധേയമാണ്.

 

English Summary: Google starts performance review, plans to fire 10000 employees who score low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com