ഡിഎന്‍പിഎ ചര്‍ച്ച: ‘വമ്പന്‍ ടെക് കമ്പനികളും വാര്‍ത്താ മാധ്യമങ്ങളും’, രാജ്യത്തെ സുപ്രധാന സമ്മേളനം നവംബര്‍ 25ന്

dnpa
SHARE

മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ളതും കാലികമായതുമായ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നവംബര്‍ 25ന് നടക്കുന്ന, വമ്പന്‍ ടെക്‌നോളജി കമ്പനികളും വാര്‍ത്താ മാധ്യമങ്ങളും എന്ന വിഷയത്തെത്തുറിച്ചുള്ള വട്ടമേശ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ (ഡിഎന്‍പിഎ) ആണ്. വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ കടന്നു വരവ് വാര്‍ത്താ മാധ്യമരംഗത്ത് വന്‍ ചലനങ്ങള്‍ക്കാണ് വഴിവച്ചത്. ഇത്തരം കമ്പനികളുടെ ആന്റിട്രസ്റ്റ് നടപടികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിവിധ ആശയങ്ങൾ കൈമാറ്റപ്പെടും. കമ്പനികള്‍ക്കെതിരെ വാര്‍ത്താ മാധ്യമ കമ്പനികള്‍ എന്തു സുരക്ഷാ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യമടക്കം ചര്‍ച്ചാ വിഷയമാകും.

∙ റോഡ് സിംസ് മുഖ്യാഥിതി

ലോകമെമ്പാടുമുള്ള ആന്റിട്രസ്റ്റ് കമ്മിറ്റികളാണ് ടെക്‌നോളജി കമ്പനികള്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അതികായന്‍ റോഡ് സിംസ് ആയിരിക്കും ഇന്ത്യയില്‍ ഡിഎന്‍പിഎ നടത്തുന്ന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്റെ മുന്‍ മേധാവിയായിരുന്നു റോഡ്. ടെക്‌നോളജി കമ്പനികള്‍ വാര്‍ത്താ മാധ്യമങ്ങളുമായി വരുമാനം പങ്കുവയ്ക്കണമെന്ന സർക്കാർ മുന്നോട്ടുവച്ച ആശയം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായത്. ഓസ്‌ട്രേലിയയിലെ വാര്‍ത്താ മാധ്യമങ്ങളും വമ്പന്‍ ടെക് കമ്പനികളുമായുള്ള വരുമാനം പങ്കുവയ്ക്കല്‍ ചര്‍ച്ചയ്ക്കാണ് അദ്ദേഹം മുന്‍കൈ എടുത്തത്. ഇന്ത്യയില്‍ ഇതേ ആവശ്യവുമായി ഡിഎന്‍പിഎ നടത്തുന്ന ഈ സമ്മേളനം ഒരു വെബിനാര്‍ ആയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡിഎന്‍പിഎ ഡയലോഗ്‌സ് എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട വാര്‍ത്താ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിഭാഗങ്ങള്‍ ഒത്തു ചേരുകയാണ്. സര്‍ക്കാർ, അക്കാദമിക് കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍, വ്യവസായ മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങിയവരായിരിക്കും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുക. വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളോട് ന്യായമായും സുതാര്യമായും പെരുമാറുന്നുവെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യമാണ് സമ്മേളനത്തിനുള്ളത്.

∙ ഇത്തരത്തിലൊരു ചര്‍ച്ച ഇന്ത്യയില്‍ ആദ്യം

രാജ്യത്തെ ഡിജിറ്റല്‍ വാര്‍ത്താ വ്യവസായം നേരിടുന്ന വെല്ലുവിളികളെക്കുറച്ചുള്ള ചര്‍ച്ചയായിരിക്കും ഡിഎന്‍പിഎ നടത്തുന്നത്. ഇത്തരത്തിലൊരു ചര്‍ച്ച ഇന്ത്യയില്‍ മുൻപ് നടന്നിട്ടില്ല. ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ പ്രസിദ്ധീകരണ മേഖലയും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യാനായിരിക്കും ഈ വേദി പ്രയോജനപ്പെടുത്തുക. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും പരമ്പരാഗത വാര്‍ത്താ പ്രസിദ്ധീകരണ വ്യവസായം വന്‍കിട കുത്തക ടെക്‌നോളജി കമ്പനികളുടെ കടന്നു കയറ്റം മൂലം ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍. വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ച ഇന്ത്യന്‍ പ്രസാധകര്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള പ്രസാധകര്‍ സമാനമായ സാഹചര്യത്തില്‍ എന്താണ് ചെയ്തതെന്ന് നേരിട്ടു മനസ്സിലാക്കിയെടുക്കാനുളള വേദിയായി തീരും. എങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ സർക്കാരുകളും നിമയനിര്‍മാണസഭകളും വാര്‍ത്താ വ്യവസായത്തെ സഹായിക്കാനായി മുന്നോട്ടിറങ്ങിയതെന്ന് ഇന്ത്യയിലെ പ്രസാധകര്‍ക്ക് നേരിട്ടു മനസ്സിലാക്കാനാകും.

അക്ഷരാര്‍ഥത്തില്‍ നാനാ തുറകളില്‍ നിന്നുള്ള പ്രമുഖരായിരിക്കും ചര്‍ച്ചയ്‌ക്കെത്തുക. വിവിധ സമൂഹങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും, സംഘടനകളില്‍ നിന്നുമുളള ആളുകള്‍ പങ്കെടുക്കും. നിയമജ്ഞര്‍, മീഡിയ സ്‌കൂളുകളില്‍ നിന്നുള്ളവര്‍, ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നയരൂപികരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഡിഎന്‍പിഎ അംഗങ്ങളായ ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടവര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിവിധ വാണിജ്യ വ്യവസായ മേഖലകളില്‍ നിന്നുള്ളവര്‍, മാധ്യമ സംഘടനകളുടെ പ്രതിനിധികള്‍, പരസ്യദാതാക്കള്‍ തുടങ്ങിയവരുടെ പ്രതിനിധികളാല്‍ സമ്പന്നമായിരിക്കും വെള്ളിയാഴ്ച നടത്താനിരിക്കുന്ന സമ്മേളനം.

∙ ഡിജിറ്റല്‍ മാധ്യമങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാൻ ഡിഎന്‍പിഎ

മാധ്യമ കമ്പനികളുടെ ഡിജിറ്റല്‍ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സംഘടനയാണ് ഡിഎന്‍പിഎ. എല്ലാ വാര്‍ത്താ പ്രസാധകരും തമ്മിലുള്ള ഇടപെടലുകളില്‍ സമത്വം കൊണ്ടുവരനുള്ള ശ്രമവുമായി മുന്നോട്ടിറങ്ങിയത് ഡിഎന്‍പിഎ ആണ്. ഈ സംഘടനയില്‍ 17 പ്രസിദ്ധീകരണ കമ്പനികളാണ് ഉള്ളത് - ദൈനിക് ജാര്‍ഗണ്‍, ദൈനിക് ഭാസ്‌കര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, മലയാള മനോരമ, ഇടിവി, ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, അമര്‍ ഉജാല, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ മീഡിയ, എബിപി നെറ്റ്‌വര്‍ക്ക്, ലോക്മത്, എന്‍ഡിടിവി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മാതൃഭൂമി, ദി ഹിന്ദു, നെറ്റ്‌വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളെയാണ് ഡിഎന്‍പിഎ പ്രതിനിധീകരിക്കുന്നത്.

ആദ്യ ഡിഎന്‍പിഎ ഡയലോഗ്‌സ് മീറ്റിങ് നടക്കുന്ന നവംബര്‍ 25 കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം രണ്ടാമത്തെ മീറ്റിങ് നടത്തുന്നത് ഡിസംബര്‍ 9ന് ആയിരിക്കും. അതും വെബിനാര്‍ ആയിരിക്കും. യൂറോപ്യന്‍ യൂണിയന്‍, നോര്‍ത് അമേരിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും എത്തും. രാജ്യത്ത് ഡിഎന്‍പിഎ ഡയലോഗ്‌സ് സ്ഥിരമായി നടത്താന്‍ തന്നെയാണ് സംഘാടകരുടെ ഉദ്ദേശം.

പ്രസാധകരും, പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ മാധ്യമ പ്രതിനിധികള്‍ നടത്തുന്നത് നമ്മള്‍ ആദ്യമായി കാണാന്‍ പോകുകയാണ് എന്നാണ് ഡിഎന്‍പിഎ ചെയര്‍മാനും അമര്‍ ഉജാലയുടെ മാനേജിങ് ഡയറക്ടറുമായ തന്മയ് മഹേശ്വരി പറഞ്ഞത്. ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുക വഴി ഡിജിറ്റല്‍ വാര്‍ത്താ പ്രസിദ്ധീകരണ പരിസ്ഥിതിക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ പാത തെളിക്കനാണ് ഉദ്ദേശമെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ വാര്‍ത്താ മേഖല മെച്ചപ്പെടുത്താനുള്ള അന്വേഷണത്തിന്റെ പാതയിലെ പ്രധാന സംഭവമായി മാറാന്‍ പോകുകയാണ് ഡിഎന്‍പിഎ ഡയലോഗ്‌സ് എന്നാണ് സംഘടനയുടെ സെക്രട്ടറി ജനറലായ സുജാത ഗുപ്ത പറഞ്ഞത്. ഈ ചര്‍ച്ചകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും വമ്പന്‍ ടെക്‌നോളജി കമ്പനികളും സ്വദേശീയ മാധ്യമങ്ങളും സഹവര്‍ത്തിത്തത്തോടെ നിലനില്‍ക്കുന്നതിന് വേണ്ട ആശയക്കൈമാറ്റം ആസ്വദിക്കാന്‍ ക്ഷണിക്കുന്നുവെന്നും സുജാത പറയുന്നു.

English Summary: DNPA Dialogues to kick off on Friday, talks to focus emerging changes in Big Tech and Digital Media relationship

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA