ADVERTISEMENT

മെറ്റാവേഴ്‌സ് എന്ന സ്വപ്‌നവുമായി ഇറങ്ങിയ ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്ത വര്‍ഷം മേധാവി സ്ഥാനം രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സിനായി മെറ്റാ കമ്പനിയുടെ പണം ഇറക്കിയത് നിക്ഷേപകരുടെ കടുത്ത രോഷത്തിന് ഇടവരുത്തിയിരുന്നു. ഇതുവരെ 3600 കോടി ഡോളറാണ് മെറ്റാവേഴ്‌സിനായി ചെലവിട്ടത്. അടുത്ത ഓരോ വര്‍ഷവും 1000 കോടി ഡോളർ വീതം വേണമെന്നാണ് കണക്കുകൂട്ടല്‍. ഇത് മെറ്റാ കമ്പനിയിലെ നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നതു വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ സക്കര്‍ബര്‍ഗ് 2023ല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ് ലീക്ക് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, റിപ്പോര്‍ട്ട് നിഷേധിച്ച് മെറ്റാ കമ്പനിയും രംഗത്തെത്തി.

∙ വരുമാനം ഇടിഞ്ഞതും കാരണം

സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന വാര്‍ത്ത വന്നതോടെ മെറ്റാ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നു. മെറ്റാവേഴ്‌സുമായി മുന്നോട്ടു പോകുന്നതു കൂടാതെ, കമ്പനിയുടെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടായതും നിക്ഷേപകരുടെ അപ്രീതിക്കു കാരണമായിട്ടുണ്ട്. അതേസമയം, സക്കര്‍ബര്‍ഗ് രാജിവച്ചാലും മെറ്റാവേഴ്‌സുമായി മുന്നോട്ടുപോകുമെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി പ്രതിവര്‍ഷം ചെലവിടുന്നത് 500 കോടി ഡോളറായി കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറിലെ മീറ്റിങ്ങിലാണ് നിക്ഷേപകര്‍ സക്കര്‍ബര്‍ഗിനു നേരെ തിരിഞ്ഞത്. കമ്പനിയുടെ കൂടുതൽ ഓഹരികള്‍ കൈവശമുള്ള ബ്രാഡ് ഗെര്‍സ്റ്റ്ണര്‍ ആണ് സക്കര്‍ബര്‍ഗിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. മെറ്റാ കമ്പനിയുടെ ഓഹരി വില 70 ശതമാനം ഇടിഞ്ഞു എന്നതും നിക്ഷേപകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ച കാരണമാണ്.

∙ തെറ്റായ പ്രചാരണം

സക്കര്‍ബര്‍ഗിന് രാജിവയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മെറ്റാ കമ്പനി രംഗത്തെത്തിയതോടെ ദ് ലീക്ക് അതിന്റെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി. മുൻപും സമ്മര്‍ദങ്ങളുണ്ടായ സമയങ്ങളിലെല്ലാം, താന്‍ രാജിവയ്ക്കില്ലെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. നിക്ഷേപക രോഷം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മെറ്റാ കമ്പനി തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാകാം തങ്ങള്‍ക്കു കിട്ടിയ വിവരമെന്നും ലീക്കിന്റെ പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടുകയാണ് മെറ്റാ ഇപ്പോള്‍. സക്കര്‍ബര്‍ഗിന്റെ സ്വന്തം ആസ്തിയില്‍ ഇതുവരെ ഇടിവു വന്നിരിക്കുന്നത് 10,000 കോടി ഡോളറാണെന്ന് ഫോബ്സ് പറയുന്നു.

∙ കടുത്ത സമ്മര്‍ദം നേരിടുന്നുവെന്ന് സക്കര്‍ബര്‍ഗ്

ഓഗസ്റ്റില്‍ ജോ റോഗന്‍ പോഡ്കാസ്റ്റില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദത്തെക്കുറിച്ചും ദിവസവും രാവിലെ തന്റെ ഫോണിലേക്ക് 10 ലക്ഷം സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. കമ്പനിയുടെ മൊത്തം നിയന്ത്രണം കയ്യില്‍ വച്ചിരിക്കുന്ന ആള്‍ എന്ന നിലയിലും ഏറ്റവുമധികം ഓഹരി സ്വന്തമായ വ്യക്തി എന്ന നിലയിലും സക്കര്‍ബര്‍ഗ് ഉടനെ രാജിവച്ചേക്കില്ലെന്നാണ് ഫോര്‍ബ്‌സ് വിലയിരുത്തുന്നത്.

∙ മസ്‌കും സക്കര്‍ബര്‍ഗും പിരിച്ചുവിട്ടവരെ പഴയ സമ്പദ്‌വ്യവസ്ഥ സ്വാഗതം ചെയ്യുന്നു

ടെക്‌നോളജി കമ്പനികളുടെ ആധിപത്യമായിരുന്നു വര്‍ഷങ്ങളായി ലോകം കണ്ടുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്കാണ് ടെക്‌നോളജി മേഖലയില്‍ തൊഴില്‍നഷ്ടം വരുന്നത്. ഇത്തരം കമ്പനികള്‍ ആധിപത്യം നേടുന്നതിനു മുൻപുണ്ടായിരുന്ന ബിസിനസുകാര്‍ക്ക് ഇപ്പോള്‍ ജോലിക്കാരെ വേണമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഉദാഹരണത്തിന് ആഡംബര കാര്‍ നിര്‍മാതാവായ ജാഗ്വര്‍ (Jaguar) ലാന്‍ഡ് റോവര്‍ 800 ജോലിക്കാരെ എടുക്കാന്‍ തയാറാണെന്ന് അറിയിച്ചു.

∙ ടാറ്റാ മോട്ടോഴ്‌സും

ബ്രിട്ടിഷ് കമ്പനിയായ ബാര്‍ക്‌ലിസും പിരിച്ചുവിടപ്പെട്ട ജോലിക്കാരോട് തങ്ങളുടെ കമ്പനിയിലേക്ക് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഏകദേശം 3,000 പേരെ ആയിരിക്കും ബാര്‍ക്‌ലിസ് എടുക്കുക. പിരിച്ചുവിടപ്പെട്ട ജോലിക്കാര്‍ക്ക് അഭയം നല്‍കാന്‍ സാധ്യതയുള്ള മറ്റൊരു കമ്പനി ടാറ്റാ മോട്ടോഴ്‌സ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ടെക്‌നോളജി കമ്പനികള്‍ക്കു തിരിച്ചടി കിട്ടുന്നത് ഒരു പക്ഷേ നല്ലതിനായിരിക്കുമെന്നും വാദമുണ്ട്. പല പരമ്പരാഗത വ്യവസായങ്ങള്‍ക്കും തലപൊക്കാന്‍ ഇത് അവസരം ഒരുക്കിയേക്കുമെന്നാണ് ഇങ്ങനെ വാദിക്കുന്നവര്‍ പറയുന്നത്.

∙ തൊഴിലാളി സമരം: സാങ്കേതികപിഴവ് പറ്റിയെന്ന് ഫോക്‌സ്‌കോണ്‍

ആപ്പിളിനും കമ്പനിയുടെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാവായ ഫോക്‌സ്‌കോണിനും കടുത്ത നാണക്കേടുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ അരങ്ങേറിയത്. ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണശാലയിലേക്ക് ജോലിക്കാരെ എടുത്തപ്പോള്‍ തങ്ങള്‍ക്ക് സാങ്കേതികപ്പിഴവ് പറ്റി എന്നാണ് ഇതേക്കുറിച്ച് ഫോക്‌സ്‌കോണ്‍ നല്‍കിയ ഏറ്റവും പുതിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.

∙ ജോലിക്കാര്‍ പിരിഞ്ഞു പോയിത്തുടങ്ങി

ഈ ഫാക്ടറിയില്‍ കലാപം അഴിച്ചുവിട്ടവര്‍ക്ക് ജോലി വേണ്ടെങ്കില്‍ 1400 ഡോളറാണ് പിരിഞ്ഞു പോകാനായി കമ്പനി നല്‍കുന്നത്. ഇതു വാങ്ങി പല ജോലിക്കാരും പിരിഞ്ഞുപോയിത്തുടങ്ങിയെന്നും എഎഫ്പിയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് നല്‍കിയ കരാറില്‍ പൊടുന്നനെ മാറ്റംവരുത്തിയതാണ് പ്രശ്നമായത്. ഇത് ജോലിക്കാരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. അതാണ് അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് നയിച്ചത്.

∙ 160 എംപി ക്യാമറയുമായി ഓണര്‍ 80, 80പ്രോ അവതരിപ്പിച്ചു

സ്‌നാപ്ഡ്രാഗണ്‍ 782ജി പ്രോസസറുമായി ഇറക്കിയ ഓണര്‍ 80, 80പ്രോ സ്മാര്‍ട് ഫോണുകള്‍ക്ക് 160 എംപി പ്രധാന ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഓണര്‍ 80 ക്ക് 8 എംപി അള്‍ട്രാ വൈഡ് ആണ് ഉള്ളതെങ്കില്‍ 80 പ്രോയ്ക്ക് 50 എംപി അള്‍ട്രാ വൈഡ് ക്യാമറ നല്‍കിയിരിക്കുന്നു. ഇരു ഫോണുകള്‍ക്കും 2 എംപി ഡെപ്ത് സെന്‍സറും ഉണ്ട്. ഓണര്‍ 80 ഫോണിന് ഏകദേശം 30,900 രൂപ വില വന്നേക്കും. ഓണര്‍ 80 പ്രോയ്ക്ക് 40,100 രൂപ വരെ വില വരാം. ഇരു മോഡലുകളും ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

∙ ട്വിറ്ററിന്റെ സേര്‍ച് ശരിയാക്കാന്‍, ഐഫോണ്‍ ഹാക്ക് ചെയ്ത ആളെ ക്ഷണിച്ച് മസ്‌ക്

ട്വിറ്ററില്‍ സേര്‍ച്ചു ചെയ്ത് എന്തെങ്കിലും കണ്ടുപിടിക്കുക എന്നതിന് സാധ്യത തീരെ കുറവാണ്. കാരണം 1990കളില്‍ നിലനിന്നിരുന്ന തരം സാങ്കേതികവിദ്യയാണ് അതിലുള്ളതെന്നു പറയുന്നു. എന്തായാലും, ദ് വേര്‍ജില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, സേര്‍ച്ച് സംവിധാനം ശരിയാക്കിയെടുക്കാനും ട്വിറ്ററിന്റെ പുതിയ ഉടമയായ ഇലോണ്‍ മസ്‌ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി മസ്‌ക് കമ്പനിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് ഐഫോണ്‍ ജെയില്‍ ബ്രെയ്ക് ചെയ്ത് പേരെടുത്ത ജോര്‍ജ് ഹൊട്‌സിനെയാണ്. സേര്‍ച്ച് ശരിയാക്കാന്‍ അദ്ദേഹത്തിന് മസ്‌ക് നല്‍കിയിരിക്കുന്നത് 12 ആഴ്ചത്തെ ഇന്റേണ്‍ഷിപ് ആണ്.

Photo: REUTERS/Dado Ruvic/Illustration
Photo: REUTERS/Dado Ruvic/Illustration

∙ ഡോള്‍ബി അറ്റ്‌മോസ് 5.1.2 ചാനല്‍ സൗണ്ട്ബാറുമായി സെബ്രോണിക്‌സ്

സെബ് ജ്യൂക് ബാര്‍ 9750 എന്ന പേരില്‍ പുതിയ ഡോള്‍ബി അറ്റ്‌മോസ് 5.1.2 ചാനല്‍ സൗണ്ട്ബാര്‍ പുറത്തിറക്കിയിരിക്കുകയാണ് സെബ്രോണിക്‌സ് കമ്പനി. ഇതിന് 525w ഔട്ട്പുട്ട് ആണുള്ളത്. വില 22,999 രൂപ.

∙ ഷഓമിയുടെ വരുമാനത്തില്‍ ഇടിവ്

ആഗോള തലത്തില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമിയുടെ വരുമാനത്തില്‍ ഇടിവുണ്ടായി. കഴിഞ്ഞ പാദത്തിലാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനിക്ക് 7,050 കോടി യുവാന്‍ (985 കോടി ഡോളര്‍) ആണ് വരുമാനം ലഭിച്ചത്. മുന്‍ പാദത്തെ അപേക്ഷിച്ച് നഷ്ടം 150 കോടി യുവാനാണ്. കമ്പനി 180 കോടി യുവാന്‍ അറ്റാദായം ഉണ്ടാക്കുമെന്നായിരുന്നു വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

English Summary: Meta CEO Mark Zuckerberg to Resign According to an Insider Leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com