സ്വന്തമായി ഫോണ്‍ ഇറക്കുമെന്ന് മസ്‌ക്; ആന്‍ഡ്രോയിഡിനും ഐഒഎസിനും എതിരാളി ഉണ്ടാകുമോ?

elon-musk
SHARE

മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നാല്‍ താന്‍ പുതിയ ഫോണ്‍ ഇറക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് ട്വിറ്ററിന്റെ ഉടമ ഇലോണ്‍ മസ്‌ക്. അതിനുള്ള സാധ്യത എന്തുമാത്രമുണ്ടെന്ന് അന്വേഷിക്കാം:

മൊബൈല്‍ കംപ്യൂട്ടിങ് രംഗത്ത് ഒരു പൊളിച്ചെഴുത്ത്?

മസ്‌ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് പല കമ്പനികളുടെയും നെഞ്ചിടിപ്പു വര്‍ധിപ്പിച്ചു. മസ്‌ക് ട്വിറ്ററിനെ ഉടനെ ‘കൊല്ലും’ തുടങ്ങിയ പ്രചാരണങ്ങളില്‍ പലതും ഇത്തരം കമ്പനികള്‍ നടത്തുന്നതുമാണ്. ട്വിറ്റര്‍ ഒരു പരിധിയിലേറെ പ്രതിസന്ധിയിലായാല്‍ താന്‍ ഇട്ടിട്ടു പോകുമെന്ന് നല്ലൊരു ബിസിനസുകാരന്‍ കൂടിയായ മസ്‌ക് പറഞ്ഞിട്ടുണ്ടെങ്കിലും അത് ‘ഒരു കൈ നോക്കാതെ’ ആയിരിക്കില്ലെന്ന് വ്യക്തമാണ്. ഇതാകട്ടെ മൊത്തം മൊബൈല്‍ കംപ്യൂട്ടിങ് രംഗത്തെത്തന്നെ പൊളിച്ചെഴുതിയാലും അദ്ഭുതപ്പെടേണ്ട. ആപ്പിളും ഗൂഗിളുമാണ് ഇപ്പോള്‍ മാര്‍ക്കറ്റ് കയ്യടക്കി വച്ചിരിക്കുന്നത്. സാംസങ്, മൈക്രോസോഫ്റ്റ് തുടങ്ങി വാവെയ് വരെയുള്ള കമ്പനികള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇറക്കാന്‍ നോക്കിയെങ്കിലും ഇവര്‍ക്കെതിരെ വിജയിക്കാനായില്ല. അപ്പോള്‍ മസ്‌ക് വിജയിക്കുമോ?

Mass resignations and revolt greet Musk’s Twitter 2.0 plan

മസ്‌ക് ഫോണ്‍ ഇറക്കണമെന്ന് പോഡ്കാസ്റ്റര്‍

പോഡ്കാസ്റ്റര്‍ ലിസ് വീലര്‍ ആണ് ആപ്പിളും ഗൂഗിളും താമസിക്കാതെ ട്വിറ്റര്‍ ആപ്പിനെ തങ്ങളുടെ ആപ് സ്റ്റോറുകളില്‍നിന്നു പുറത്താക്കിയേക്കാം എന്ന് പറഞ്ഞത്. അത്തരം സാഹചര്യത്തില്‍ മസ്‌ക് സ്വന്തമായി ഒരു ഫോണ്‍ ഇറക്കണമെന്നു ലിസ് പറഞ്ഞു. പക്ഷപാതത്തോടെ പെരുമാറുന്ന, സദാ ഉപയോക്താവിനെ നിരീക്ഷിക്കുന്ന ഐഫോണും ആന്‍ഡ്രോയിഡും പകുതി അമേരിക്കക്കാരും സന്തോഷത്തോടെ ഉപേക്ഷിക്കുമെന്നും ലിസ് വ്യക്തമാക്കി. ചൊവ്വയിലേക്കു പോകാന്‍ റോക്കറ്റ് നിര്‍മിക്കുന്ന ഈ മനുഷ്യന്, കൊച്ചു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കുക എന്നത് എളുപ്പമായിരിക്കും എന്നാണ് ലിസ് കുറിച്ചത്.

നിവൃത്തിയില്ലെങ്കില്‍ സ്വന്തം ഫോണ്‍

അത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിയേക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനെ വന്നാല്‍ ഉറപ്പായും ഒരു ഫോണ്‍ ഉണ്ടാക്കുമെന്നും മസ്‌ക് മറുപടി നല്‍കി. മസ്‌കിനും ട്വിറ്ററിനും എതിരെയുള്ള പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി, ട്വിറ്ററിന്റെ പ്രധാനപ്പെട്ട 100 പരസ്യ ദാതാക്കളില്‍ 50 പേരും കമ്പനിക്കു പരസ്യം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചു.

ഫോണ്‍ നിര്‍മിക്കാന്‍ മസ്‌കിനു സാധിക്കുമോ?

ലിസിന്റെ ട്വീറ്റിനെ തുടര്‍ന്ന്, മസ്‌കിന് ഫോണ്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പൊടിപൊടിച്ചു. മസ്‌കിനും ലിസിനും കൈയ്യടിയും കളിയാക്കലും കണക്കിനു കിട്ടുകയും ചെയ്തു. വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ് മസ്‌ക് ഒരു ഫോണ്‍ ഇറക്കുമെന്ന്. ചിലര്‍ അതിന് ടെസ്‌ല ഫോണ്‍ എന്ന് നാമകരണം പോലും ചെയ്തു. ഇത്രയധികം കാശുള്ള മസ്‌കിന് ഒരു ഫോണ്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം.

TWITTER-M-A-MUSK-FINANCING
An image of Elon Musk is seen on a smartphone placed on printed Twitter logos in this picture illustration taken April 28, 2022. Photo: Reuters/Dado Ruvic/Illustration

ഫോണ്‍ വിജയിപ്പിക്കുക എന്നത് ശ്രമകരം

എന്നാല്‍, ഐഒഎസും ആന്‍ഡ്രോയിഡും ഇന്ന് നല്‍കുന്ന പ്രകടന മികവ് ഒന്നര പതിറ്റാണ്ടോളം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. അവയോടായിരിക്കും പുതിയ ഫോൺ താരതമ്യം ചെയ്യപ്പെടുക. പുതിയ ഫോണിന്റെ അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മികവ് പെട്ടെന്നു ലഭിക്കണം എന്നതു പ്രായോഗികമല്ല. 5 വര്‍ഷം എങ്കിലും എടുക്കാതെ അതിന് മികവ് ആര്‍ജ്ജിക്കാന്‍ സാധിക്കണമെന്നില്ല.

മൂന്നാമതൊരു ഫോണ്‍ കൊതിച്ച് ലോകം

അത്ര എളുപ്പമല്ലെങ്കില്‍ പോലും നിശ്ചയമായും മൂന്നാമത് ഒരു ഓപ്പറേറ്റിങ് സിസ്റ്റവും പുതിയ ഫോണും വന്നിരുന്നെങ്കില്‍ എന്ന് ടെക്‌നോളജി ലോകം ആഗ്രഹിക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇറക്കി വിജയിപ്പിക്കാന്‍ സാധ്യതയുള്ള ഒരേ ഒരാള്‍ മസ്‌ക് മാത്രമായിരിക്കും. അത്തരം ഒരു ശ്രമമെങ്കിലും നടത്താന്‍ സാധ്യതയുള്ള ആളും 'ചീഫ് ട്വിറ്റ്' തന്നെയായിരിക്കും. ലിസ് തന്റെ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ് ട്വിറ്ററില്‍ നടത്തിയ വോട്ടെടുപ്പില്‍ ഏകദേശം 120,000 പേര്‍ വോട്ടു ചെയ്തു. ഇവരില്‍ 51 ശതമാനം പേര്‍ തങ്ങള്‍ മസ്‌ക് ഫോണ്‍ ഇറക്കിയാല്‍ അത് ഉപയോഗിക്കാന്‍ തയാറാണെന്നും പറഞ്ഞു.

ലിസിനെയും മസ്‌കിനെയും കണക്കിനു കളിയാക്കി ട്വിറ്ററാറ്റി

അതേസമയം, മസ്‌കിനെയും ലിസിനെയും കളിയാക്കാനും ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒരു മടിയും കാണിച്ചില്ല എന്ന് അപ്‌റോക്‌സ് (uproxx.com) റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്റര്‍ പോലും ഏതു നിമിഷവും പൂട്ടാവുന്ന അവസ്ഥയിലാണ്. അപ്പോഴാണ് മസ്‌ക് അതിനുവേണ്ടി പുതിയ ഫോണ്‍ ഉണ്ടാക്കാന്‍ പോകുന്നത്. അതിനായി മസ്‌ക് പണം പിന്‍വലിച്ചാല്‍ അദ്ദേഹത്തിന്റെ മറ്റു കമ്പനികളായ ടെസ്‌ലയുടെയും സ്‌പെയ്‌സ്എക്‌സിന്റെയും നിക്ഷേപകര്‍ ഇടയുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പല കാരണങ്ങളാല്‍ ട്വിറ്റര്‍ പുറത്താക്കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയുമാണ് മസ്‌ക്. ഇതൊന്നും ട്വിറ്ററിനു പരസ്യം നല്‍കുന്നവര്‍ക്ക് പിടിക്കുന്നില്ലെന്നുള്ള കാര്യവും സ്പഷ്ടമാണ്. വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന പോഡ്കാസ്റ്റര്‍ ആണ് ലിസ്. അതു പലരുടെയും രോഷത്തിനു കാരണമായിട്ടുണ്ട്.

മസ്‌കിന്റെ ഫോണ്‍ തീപിടിക്കുമെന്ന് 

ടെസ്‌ല കാറുകള്‍ക്കു തീപിടിച്ച പല സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതുപോലെ തീപിടിക്കുന്നതായിരിക്കും മസ്‌കിന്റെ ഫോണുമെന്ന് പരിഹാസമുയരുന്നുണ്ട്. ലിസിന്റെ ട്വീറ്റില്‍, മസ്‌ക് ആണ് റോക്കറ്റുകളും മറ്റും നിര്‍മിക്കുന്നത് എന്ന ധ്വനിയുണ്ട്. അതിനെയാണ് മിറ്റ്ച് കംസ്‌റ്റെയ്ന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ കളിയാക്കുന്നത്. (ട്വിറ്ററില്‍നിന്നു പുറത്താക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ എൻജിനിയറും മസ്‌കിന് ട്വിറ്ററിന്റെ കോഡിങിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കളിയാക്കിയിട്ടുണ്ട്.)

റോക്കറ്റും ഫോണും ഒന്നല്ല

റോക്കറ്റ് ഉണ്ടാക്കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കുന്നതും ഒരുപോലെയാണെന്നാണോ കരുതുന്നത് എന്നും ട്വിറ്ററാറ്റി ചോദിക്കുന്നു. റോക്കറ്റിനു പിന്നില്‍ ശാസ്ത്രവും ഗണിതശാത്രവും ആണ് ഉള്ളത്. ‘ഈ മനുഷ്യന് പൊട്ട ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു നീണ്ട ചരിത്രം തന്നെയുണ്ടെ’ന്നാണ് ബ്രിയാന്നാ വൂ എന്ന യൂസര്‍ മസ്‌കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പല ബാങ്കുകള്‍ക്കായി മസ്‌ക് 40 ബില്ല്യന്‍ ഡോളര്‍ നല്‍കാനുണ്ടെന്നാണ് മറ്റൊരു യൂസര്‍ ഓര്‍മപ്പെടുത്തുന്നത്. 

ട്വിറ്ററിലേക്ക് പുതിയ ആളുകള്‍ എത്തുന്നത് വർധിച്ചു എന്ന് 

മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ പുതിയ ഉപയോക്താക്കളെ ലഭിച്ചു തുടങ്ങിയെന്ന് ട്വിററര്‍ അവകാശപ്പെടുന്നു. അതോടൊപ്പം പുതിയ ഫീച്ചറുകളും ട്വിറ്ററില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മസ്‌കിന്റെ ടീം. ഡയറക്ട് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരാനാണ് ട്വിറ്റര്‍ നടത്തുന്ന ഒരു ശ്രമം. ഇതിന്റെ കോഡ് ട്വിറ്ററില്‍ കണ്ടെത്തിയിട്ടുണ്ട്.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS